കടവേലിൽ ഫിലിംസിന്റെ ബാനറിൽ ആന്റോ കടവേലിൽ നിർമ്മിച്ച് സതീഷ് അനന്തപുരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോർ സെയിൽ.സ്ത്രീകൾ മദ്യപാനത്തിന് അടിമകളാകുന്നതും മക്കൾ വിൽപ്പനച്ചരക്കുകളാകുന്നതും ചിത്രം അവതരിപ്പിക്കുന്നു.
കച്ചവട കണ്ണുകൾ എവിടെയും ആധിപത്യം സ്ഥാപിക്കുമ്പോൾ നഷ്ട്ടമാകുന്നത് മാനുഷികമൂല്ല്യങ്ങളാണ്. കച്ചവടലക്ഷ്യം പെണ്ണിനുമേൽ പിടിമുറുക്കുമ്പോൾ വിൽപ്പനച്ചരക്കായി മാറേണ്ടിവന്ന ഒരു പെണ്‍ജന്മം അവതരിപ്പിക്കയാണ് ഫോർ സെയിൽ എന്ന ചിത്രം.അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്ന് ചിത്രം ബോധ്യപെടുത്തും.പരസ്യ കമ്പനികളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ വികാസം.ലോകം തന്നെ വലിയൊരു സൂപ്പർ മാർക്കറ്റായി ചിത്രം അവതരിപ്പിക്കുന്നു.ഇവിടെ എല്ലാം വിൽപ്പനയ്ക്കാണ്.അറിഞ്ഞോ അറിയാതെയോ വിൽപ്പന ചരക്കാകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥാ സഞ്ചാരം.കുടുംബത്തിലെ താളം തെറ്റുമ്പോൾ അവിടുത്തെ പെണ്‍കുട്ടികൾക്കുണ്ടാകുന്ന അരക്ഷിതാവസ്ഥ തിരിച്ചറിയേണ്ടുന്ന മാതാപിതാക്കൾ അതൊന്നും ശ്രദ്ധിക്കാതെ വഴിതെറ്റി നടക്കുമ്പോൾ പെണ്‍കുട്ടികൾക്കുണ്ടാകുന്ന ദുരന്തം തീവ്രതയോടെ അവതരിപ്പിക്കയാണ് ഫോർ സെയിൽ ചിത്രം.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് കാഞ്ചി.നവാഗതനായ ജി എൻ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.പ്രശസ്ഥ തമിഴ് മലയാളം സാഹിത്യകാരനും തിരക്കഥാകൃത്തുമായ ജയമോഹനാണ് ചിത്രത്തിന്റെ തിരക്കഥ.ഷൈൻ ടോം.സത്താർ.പി ബാലചന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.റെഡ് റോസ് ക്രിയേഷൻസ്സിന്റെ ബാനറിൽ ഹനീഫ് മുഹമ്മദ് ആണ് ചിത്രം നിർമ്മിക്കുന്നത്.
തോക്കിനെ പ്രധാന കഥാപാത്രമാക്കികൊണ്ട് പുതുമയുള്ള കാഴ്ച്ച ഒരുക്കുകയാണ് കാഞ്ചി എന്ന ചിത്രം.വിധിയുടെ അത്ഭുതകരങ്ങളായ രഹസ്യങ്ങൾ തേടിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.താരങ്ങൾക്കൊപ്പം തോക്കും താരമാകുന്നു.ഭയത്തിൽ നിന്നും രൂപം കൊള്ളുന്ന കഥയുമായാണ് കാഞ്ചി പ്രേക്ഷരുടെ മുന്നിൽ എത്തുന്നത്.ആ കഥ വിധിയുമായി ഇണക്കി ചേർത്തിരിക്കുന്നു കുടുംമ്പക്കാരെ സ്നേഹിച്ച സ്വന്തം കാര്യം നോക്കി ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോർ നടത്തുന്ന മാധവനാണ് ചിത്രത്തിലെ പ്രാധാന്യമേറിയ കഥാപാത്രം.ഇന്ദ്രജിത്ത് മാധവനെ അവതരിപ്പിക്കുന്നു
ഡാ തടിയ എന്ന സിനിമയ്ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയുന്ന ചിത്രം. സന്തോഷ് എച്ചിക്കാനത്തിന്റെ കഥയെ ആസ്പദമാക്കി രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രമാണ് ഇടുക്കി ഗോൾഡ്. ചിത്രത്തിൽ മണിയൻപിള്ള രാജു,ബാബു ആന്റണി,വിജയരാഘവൻ,രവീന്ദ്രൻ,പ്രതാപ് പോത്തൻ എന്നിവരാണ് പ്രധാന താരങ്ങൾ. ഇടുക്കി ഗോൾഡ് 2013 ഒക്ടോബർ 11 ന് തീയറ്ററുകളിൽ എത്തി
സ്കൂൾ പഠനകാലത്ത് ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തുക്കൾ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒത്തുചേരുന്നതും അതിനോടനുബന്ധിച്ച് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇടുക്കി ഗോൾഡ് എന്ന ചിത്രം പറയുന്നത്
സ്ക്കൂൾ പഠനകാലത്തെ ആത്മാർത്ഥരായ നാലു കൂട്ടുകാരെ കാണാനും അവരുമൊത്ത് കുറച്ച് ദിവസം ചിലവഴിക്കാനുമാണ് മൈക്കിൾ(പ്രതാപ് പോത്തൻ) ചെക്കൊസ്ലോവാക്യയിൽ നിന്നും നാട്ടിൽ അവധിക്ക് വന്നത്. വിവാഹിതനും വിദേശത്ത് കുടുംബത്തോടൊപ്പം സ്ഥിരതാമസമെങ്കിലും ഗൃഹാതുരത്വം വളരെയധികമുള്ള മൈക്കിൾ നാട്ടിൽ വന്ന് തന്റെ കൂട്ടുകാരായ മദൻ, രവി, രാമൻ, ആന്റണി എന്നിവരെ ബന്ധപ്പെടുവാൻ പത്രത്തിൽ ഒരു പരസ്യം നൽകുന്നു. തൃശൂർ നഗരത്തിൽ സ്റ്റുഡിയോ നടത്തുന്ന അവിവാഹിതനായ രവി(രവീന്ദ്രൻ) ഈ പരസ്യം കാണുന്നു. അയാൾ ഉടനെ ഇപ്പോഴും സൌഹൃദബന്ധം തുടരുന്ന സുഹൃത്ത് മദനെ(മണിയൻ പിള്ള രാജു) വിവരം അറിയിക്കുന്നു. തൃശൂരിൽ ഫാം ഹൌസ് നടത്തുന്ന പ്ലാന്ററായ മദൻ ഭാര്യ ശ്യാമളയുമായി വിവാഹ മോചന ശ്രമത്തിലാണ്.
രവിയും മദനും കൂടി കൊച്ചിയിലെ മൈക്കിളിന്റെ ഫ്ലാറ്റിലെത്തുന്നു. പഴയ സ്ക്കൂൾ വിശേഷങ്ങൾ പങ്കു വെയ്ക്കുന്നു. മധ്യവയസ്സിലെത്തിനിൽക്കുന്ന അവർ ബാക്കി രണ്ടുപേരെക്കൂടി കണ്ടെത്തുകയും ഇടുക്കി ചെറുതോണിയിൽ തങ്ങൾ പഠിച്ച സ്ക്കൂൾ സന്ദർശിക്കുകയും പണ്ട് ആസ്വദിച്ച ഇടുക്കി ഗോൾഡ് എന്ന അപര നാമത്തിലുള്ള കഞ്ചാവ് വലിക്കുക എന്നതുമാണ് മൂവരുടെയും പ്ലാൻ. വർഷങ്ങളായി ബന്ധമില്ലാതിരുന്ന ആന്റണിയേയും രാമനേയും കണ്ടെത്താൻ അവർ ശ്രമം നടത്തുന്നു. ഫോർട്ട് കൊച്ചിയിൽ ആന്റണിയുണ്ടെന്നറിഞ്ഞ് അവിടെയെത്തിയ മൂവർക്കും ആന്റണിയെ കണ്ടെത്താനയില്ല. യാദൃശ്ചികമായി ഫോർട്ട് കൊച്ചിയിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് അവർ ആന്റണിയെ (ബാബു ആന്റണി) കണ്ടുമുട്ടുന്നു. ഹോട്ടലിൽ ജോലിക്കാരനായ ആന്റണി ഹോട്ടലുടമ കൂടിയായ ഭാര്യയുടെ ചൊൽപ്പടിയിലാണെന്നത് സുഹൃത്തുക്കളെ വിഷമിപ്പിക്കുന്നു. നാലു പേരും ചേർന്ന് രാമനെ അന്വേഷിച്ചിറങ്ങുന്നു.
എഴുപതുകളിൽ ചെറുതോണിയിലെ ഒരു ഹോസ്റ്റൽ സ്ക്കൂളിൽ പഠിക്കുമ്പോൾ ആത്മാർത്ഥ സൌഹൃദത്തിലായിരുന്നു അഞ്ചുപേരും. നല്ല വികൃതികളും. അടുത്ത പറമ്പിൽ നിന്ന് ജാതിക്ക പറിക്കുകയും, പൊതിബീഡി പങ്കിട്ട് വലിക്കുകയും പുഴയിലെ സ്ത്രീകളുടെ കുളി ഒളിഞ്ഞുനോക്കുകയും ചെയ്യുന്ന വികൃതി സംഘം. അതിനിടയിൽ ക്ലാസ്സിലെ ജലജ എന്ന സഹപാഠിയോട് മദനു ഒരു ഇഷ്ടം തോന്നുകയും അത് ഒരു കത്തിലെഴുതി ജലജക്കു കൊടുക്കാനും തീരുമാനിക്കുന്നു. ആ ദൌത്യം രവി ഏറ്റെടുത്തെങ്കിലും പാളിപ്പോകുന്നു.
അങ്ങിനെ നാൽ വർ സംഘത്തിന്റെ ഓർമ്മകളിൽ പഴയ പഠനകാലവും കുസൃതികളും നിറഞ്ഞു നിൽക്കുന്നു.
ആലപ്പുഴയിലെ ഒരു സഖാവായ രാമനെ കണ്ടെത്താൻ നാലു പേരും ആലപ്പുഴയിലും പരിസരത്തും അന്വേഷിക്കുന്നു. യാദൃശ്ചികമായി ഒരു പെട്രോൾ പമ്പിൽ വെച്ച് അവർ രാമനെ (വിജയരാഘവൻ) കണ്ടെത്തുന്നു. രാമന്റെ കാർ പിന്തുടർന്നു പോയ അവർക്ക് വിഭാര്യനായ രാമന്റെ മറ്റൊരു പ്രണയത്തിനും വധുവുമൊത്തുള്ള ഒളിച്ചോട്ടത്തിനും കൂട്ടു നിൽക്കേണ്ടിവരുന്നു.
ഒരുമിച്ചു കൂടിയ ഐവർ സംഘം ഇടുക്കിയിലേക്ക് യാത്ര തിരിക്കുന്നു. എന്നാൽ ഇടുക്കി മലനിരയിലെ കഞ്ചാവ് തോട്ടത്തിൽ അവർ പ്രതീക്ഷിക്കാത്ത ഒരു അപകടം ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.
മുഖ്യധാരയിലെ താരങ്ങളേയോ പ്രമുഖ നായകന്മാരേയോ അണിനിരത്താതെ സ്വഭാവ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്ച് പ്രമുഖ നടന്മാരാണ് ഈ സിനിമയിലെ നായകന്മാർ. ഈ അഞ്ച് പേരും ഒരുകാലത്ത് മലയാള സിനിമയിൽ നായകന്മാരായിരുന്നു എന്നതും കൌതുകകരമായ സംഗതിയാണ്.
റിലീസിനു മുൻപ് ഈ സിനിമയുടെ പോസ്റ്റർ ഡിസൈനുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായിരുന്നു. പോസ്റ്ററിൽ ഹിന്ദു ദൈവമായ ശിവനും വിപ്ലവകാരി ചെഗുവേരയും കഞ്ചാവ് വലിക്കുന്ന ചിത്രം (ഇല്ലസ്ട്രേഷൻ) ഉപയോഗിച്ചു എന്നും അത് ഹൈന്ദവ സംഘടനകളെ പ്രകോപിതരാക്കി എന്നുമാണ് ഓൺലൈനുകളിൽ ഉണ്ടായ വിവാദം. എന്നാൽ സംവിധായകൻ ‘ഇത് ഒഫീഷ്യൽ പോസ്റ്ററല്ല, ഫാൻ പോസ്റ്ററാണ്’ എന്നു വെളിപ്പെടൂത്തിയതോടെ വിവാദം അവസാനിച്ചു.
ഒരു കാതം 16 കിലോമീറ്റർ. 24 കാതമുള്ള ഒരു യാത്രയുടെ രസകരമായ കഥ പറയുന്ന ചിത്രമാണ് നോർത്ത് 24 കാതം. നാവഗതനായ അനിൽ രാധാകൃഷ്ണ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ,സ്വാതി റെഡി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം നെടുമുടി വേണു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
അപരിചിതരായ മൂന്നു പേർ. ഹരികൃഷ്ണൻ ഐ ടി പ്രോഫഷണൽ,ഗോപാലൻ ആദ്യകാല മാർക്സിസ്റ്റ് പൊതുപ്രവർത്തകൻ നാരായണി സമൂഹ്യപ്രവർത്തക. ഇവരുടെ ഒരു ദിവസത്തെ യാത്ര. ഈ യാത്രക്കിടയിലെ അനുഭവങ്ങളാണ് നർമ്മത്തോടെ നോർത്ത് 24 കാതം എന്ന ചിത്രത്തിൽ ദ്രിശ്യവൽക്കരിക്കുന്നത്
ഒരു പ്രദേശത്തെ കരുത്തനും സ്വാധീനശക്തിയുമുള്ള ഗോപി മുതലാളി എന്ന പരുക്കന്‍ കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തില്‍ ഭാവന എത്തുന്നു. കഥയില്‍ ഏറെ വഴിത്തിരിവുണ്ടാക്കുന്ന ചരിത്ര ഗവേഷകന്റെ വേഷമാണ് വിനീതിന്. പകയുടെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ മനുഷ്യബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്കുന്നുണ്ട്. കാട് വെട്ടിവെളുപ്പിക്കുമ്പോള്‍ സ്വസ്ഥമായ ഗ്രാമീണ ജീവിതത്തിന് ഭീഷണിയായി നാട്ടില്‍ പുലിറയിറങ്ങുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് പ്രധാനമായും പറയുന്നത്.
എം ടി യും ഹരിഹരനും ഒന്നിക്കുന്ന പതിനാലാമത്തെ ചിത്രം. ഗായത്രി സിനിമയുടെ ബാനറില്‍ ഹരിഹരന്‍തന്നെ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിര്‍വഹിച്ചതും ഹരിഹരന്‍തന്നെയാണ്. കര്‍ണാട്ടിക് രാഗങ്ങളിലധിഷ്ഠിതമായ നാല് ഗാനങ്ങളുണ്ട് ചിത്രത്തില്‍. ഹരിഹരന്‍ ആദ്യമായി സംഗീതസംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രംകൂടിയാണ് ഇത്.ഓസ്‌ട്രേലിയയില്‍ പ്രത്യേകം പരിശീലനം നല്കിയ ഒരു പുലിയും ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രമാണ്. ഇന്ത്യയില്‍ പുലിയെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് വിലക്കുള്ളതിനാല്‍ ഓസ്‌ട്രേലിയയിലാണ് പുലിയുള്‍പ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഇതിനായി സംവിധായകനും സംഘവും മാസങ്ങള്‍ക്കു മുമ്പ് ഓസ്‌ട്രേലിയയിലേക്ക് പോയിരുന്നു. പുലി ഉള്‍പ്പെട്ട ഭാഗങ്ങളുടെ വിശദമായ സ്റ്റോറി ബോര്‍ഡ് തയ്യാറാക്കിയായിരുന്നു ചിത്രീകരണം. സ്റ്റോറി ബോര്‍ഡ് ഓസ്‌ട്രേലിയയിലേക്കയച്ചുകൊടുത്തിരുന്നു. ഇതുവെച്ചാണ് അവിടെ ചിത്രീകരണം നടന്നത്. ഇതെല്ലാം മലയാള സിനിമയെ സംബന്ധിച്ച് പുതുമയുള്ളതാണെന്ന് സംവിധായകന്‍ പറഞ്ഞു.ഇന്ദ്രജിത്ത്, ഭാവന എന്നിവര്‍ ആദ്യമായാണ് ഹരിഹരന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
മദ്യപാനിയായ ചന്ദ്രബോസിന്റെ(മോഹൻലാൽ) ഉപദേശത്താലും ബുദ്ധിയിലും സഹായത്താലും വലിയ ബിസിനസ്സ് കമ്പനി പടുത്തുയർത്തുന്ന മൂന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയും. ഏറെ ദു:ഖം നിറഞ്ഞ സ്വകാര്യജീവിതം നയിക്കുന്ന ചന്ദ്രബോസിന്റെ പൂർവ്വകാല ജീവിതം തിരയുകയും മദ്യപാനം മാറ്റി നല്ല ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു ചന്ദ്രബൊസ് സഹായിച്ച മൂന്നു പെൺകുട്ടികൾ.
മദ്യപിച്ച് ബോധം നശിച്ച് കായൽക്കരയിൽ ഇരിക്കുമ്പോഴാണ് ശരത് (കൃഷ് ജെ സത്താർ) എന്ന ചെറുപ്പക്കാരനെ ചന്ദ്രബോസ് (മോഹൻലാൽ) പരിചയപ്പെടുന്നത്. എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായിരുന്ന ശരത് പരീക്ഷയിൽ തോറ്റ വിഷമം കൊണ്ടും തന്നെ വളർത്തുന്ന ചേച്ചി ജ്യോതി(പത്മപ്രിയ)യെ അഭിമൂഖീകരിക്കാനുള്ള വിഷമം കൊണ്ടും കായലിൽ ആത്മഹത്യക്ക് വന്നതായിരുന്നു. ചന്ദ്രബോസ് ജീവിതത്തെക്കുറിച്ചും വിജയത്തെക്കുറിച്ചുമൊക്കെ ശരതിനോട് വാചാലനാകുന്നു. ഒടുവിൽ ചന്ദ്രബോസും സഹായി മണിയും (കലാഭവൻ ഷാജോൺ) ശരതിനെ വീട്ടിലേക്ക് കൊണ്ടു വിടുന്നു. ശരത് ആത്മഹത്യക്കൊരുങ്ങിയെന്നറിഞ്ഞ സഹോദരി ജ്യോതി തൂങ്ങിമരിക്കാൻ ഒരുങ്ങുന്നു. അതിൽ നിന്നും അവരെ രക്ഷിച്ച് ചന്ദ്രബോസ് ശരതിനു ഒരാഴ്ചക്കുള്ളിൽ പുതിയ ജീവിതം തുടങ്ങാൻ സഹായിക്കാമെന്നേൽക്കുന്നു. ശരത് തോറ്റതല്ല മനപൂർവ്വം യൂണിവേഴ്സിറ്റി ഓഫീസർ (ചാലിപാല) തോൽപ്പിച്ചതാണെന്നും അതിനാൽ കാമ്പസ് റിക്രൂട്ട് മെന്റിൽ നിന്നും ഒഴിവാക്കാൻ പ്രമുഖ ബിസിനസ്സ് മാൻ ശിവശങ്കര മേനോൻ (ഗണേഷ് കുമാർ) ഒരുക്കിയ ആസൂത്രിത നാടകമാണെന്നും ചന്ദ്രബോസ് മനസ്സിലാക്കുന്നു. ചന്ദ്രബോസ് ഇരുവരേയും കണ്ട് ഭീഷണിപ്പെടുത്തുന്നു. ശിവശങ്കര മേനോന്റെ കമ്പനിയിൽ ചെന്ന് സി ഇ ഒ ആയ മകൾ അനു മേനോനെയും (മംത മോഹന്ദാസ്) സഹപ്രവർത്തകരായ ചിന്നു(മിത്ര കുര്യൻ)അടക്കം കുറച്ചു പേരേയും ഒരു കമ്പനി തുടങ്ങാൻ വിളിക്കുന്നു. ചന്ദ്രബോസിൽ വിശ്വാസിതരായ ഇവർ ഒരു സോഫ്റ്റ് വെയർ കമ്പനി തുടങ്ങാൻ പ്ലാൻ ചെയ്യുന്നു. ചിന്നുവിന്റെ അച്ഛൻ (ശിവജി ഗുരുവായൂർ) അവർക്ക് പണം നൽകുന്നു. കമ്പനി തുടങ്ങി വലിയൊരു വിദേശ ക്ലൈന്റിനെ ലഭിക്കുകയും കമ്പനി ലാഭത്തിലേക്ക് വരികയും ചെയ്യുന്നു.
മുഴുവൻ സമയം മദ്യപാനിയായ ചന്ദ്രബോസ് തന്റെ സഹായി മണിക്കൊപ്പമാണ് താമസം. മദ്യലഹരിയിൽ അയാൾ തന്റെ ഭാര്യയെ കാണാറുണ്ട്. ഭാര്യ അച്ചു അശ്വതി(മീരാ ജാസ്മിൻ)യുമായി സംസാരിക്കാറുണ്ട്. ഫോണിൽ വിളിച്ച് വിലപ്പെട്ട ഉപദേശങ്ങൾ ഭാര്യയിൽ നിന്നാണ് സ്വീകരിക്കുന്നത്. എന്നാൽ ഭാര്യയുമായി വിവാഹ മോചനത്തിനു കാത്തിരിക്കുകയാണയാൾ. ഈ പുതിയ സുഹൃത്തുക്കൾക്കു വേണ്ടിയും അവരുടെ കമ്പനി തുടങ്ങുന്നതിനും ഭാര്യ അശ്വതിയുടെ ഉപദേശം തേടുന്നു.
ഇതിനിടയിൽ കമ്പനി വളരുകയും ശരതിന്റെ സ്വഭാവത്തിൽ സാരമായ മാറ്റം ഉണ്ടാകുകയും ചെയ്യുന്നു. തന്റെ സഹോദരി ജ്യോതി ചന്ദ്രബോസിനോട് കൂടുതൽ അടുക്കുന്നത് ശരതിനു ഇഷ്ടപ്പെടുന്നില്ല. ശരതും ജ്യോതിയുമായി വഴക്കുണ്ടാകുകയും ജ്യോതി മലേഷ്യൻ എയർലൈൻസിൽ എയർ ഹോസ്റ്റസ് ജോലി തരപ്പെടുത്തി ട്രെയിനിങ്ങിനു പോകുകയും ചെയ്യുന്നു. ഇതിനിടയിൽ ശിവശങ്കര മേനോന്റെ കമ്പനി നഷ്ടത്തിലാകുകയും ബ്ലാക്ക് ലിസ്റ്റിൽ പെടുകയും ചെയ്യുന്നു. ചന്ദ്രബോസ് തന്റെ മദ്യപാന ജീവിതവുമായി പോകുമ്പോഴാണ് അനുമേനോൻ ചന്ദ്രബോസിന്റെ വീട്ടിലേക്ക് താമസം മാറി വരുന്നത്. അനു ചന്ദ്രബോസിന്റെ പൂർവ്വകാല ജീവിതത്തെപ്പറ്റി ആരായുന്നു. ഭാര്യയെക്കുറീച്ചും വിവാഹ ജീവിതത്തെക്കുറിച്ചും അറിയണമെന്ന് വാശിപിടിക്കുന്നു. അവളുടെ നിർബന്ധത്തിനു വഴങ്ങി ചന്ദ്രബോസ് തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ഭാര്യ അശ്വതിയെക്കുറിച്ചും പറയുന്നു. സത്യങ്ങൾ കേട്ട അനു സ്തംഭിച്ചു പോകുന്നു.
കുട്ടിക്കാലം മുതലേ പേടിത്തൊണ്ടനായ രാജീവന്റെ മാനസിക പ്രശ്നങ്ങളും അതുമൂലം ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളും ഒടുവിൽ അതിനെ മറികടക്കുന്നതുമാണ് മുഖ്യപ്രമേയം. ഉത്തര കേരളത്തിന്റെ തെയ്യവും നാട്ടുഭംഗിയും പശ്ചാത്തലമാക്കി നർമ്മ മധുരമായ രീതിയിലാണ് അവതരണം.
മലയാള സിനിമയിൽ തിരുവനന്തപുരം സ്ലാങ്ങ് പ്രചാരമാക്കിയ സുരാജ് വെഞ്ഞാറമൂട് ആദ്യമായി കണ്ണൂർ ഭാഷയിൽ സംസാരിക്കുന്ന നായക കഥാപാത്രമാകുന്നു.
പരിസ്ഥിതി സ്നേഹം മുഖ്യവിഷയമായി ആവിഷ്കരിച്ച ഈ സിനിമയുടെ സാമൂഹ്യ പ്രസക്തി മുന്നിൽ കണ്ട് കേരള സർക്കാർ ഈ സിനിമയെ ആദരിക്കുകയും റിലീസിനു മുൻപ് തന്നെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ചിത്രം ടാക്സ് ഫ്രീയായിട്ടാണു റിലീസ് ചെയ്യുന്നത്
പ്രദക്ഷിണം, ഇംഗ്ലീഷ് മീഡിയം എന്നീ സിനിമകളുടെ സംവിധായകനായ പ്രദീപ് (പ്രദീപ് ചൊക്ലി) നീണ്ട ഇടവേളക്കു ശേഷം സംവിധാനം ചെയ്യുന്നു.
ഈ സിനിമയിൽ തെയ്യം കനലാട്ടത്തിനു വേണ്ടി ഡ്യൂപ്പിന്റെ സഹായമില്ലാതെ സുരാജ് തീക്കുമ്പാരത്തിനു മുകളിലൂടെ നടന്ന് കനലാട്ടം ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ഈ ചിത്രത്തിലെ ഒരു ഗാനവും സുരാജ് വെഞ്ഞാറമൂട് പാടിയിരിക്കുന്നു.
കോമഡി റിയാലിറ്റി ഷോയിലൂടെ ചിരി തരംഗമായ ബിനു അടിമാലി, ഉല്ലാസ് പന്തളം എന്നിവരും, അശ്വമേധം എന്ന റിവേഴ്സ് ക്വിസിലൂടെ പ്രസിദ്ധനായ ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ്, നടനും സംവിധായകനുമായ മധുപാൽ, പഴയ കാല നാടക-സിനിമാ നടി നിലമ്പൂർ അയിഷ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.
വട്ടണാത്ര ഗ്രാമത്തിലെ സ്ക്കൂൾ അദ്ധ്യാപകനായ മാധവൻ കുട്ടി മാഷി ശ്രീനിവാസൻ) ന്റെ ഇടത്തരം ജീവിതവും ഒരു മോഷണക്കേസിൽ സാക്ഷിപറയാൻ അധികാരികളിൽ നിന്ന് നിർബന്ധിതനാവുകയും അതിനെത്തുടർന്നുള്ള പ്രശ്നങ്ങളുമാണ് മുഖ്യപ്രമേയം.
യാതൊരു പരിഷ്കാരവും എത്തിച്ചേരാത്തൊരു ഗ്രാമമാണ് വട്ടണാത്ര. ആ ഗ്രാമത്തിലെ ഒരു സ്ക്കൂൾ അദ്ധ്യാപകനാണ് മാധവൻ കുട്ടി മാഷ് (ശ്രീനിവാസൻ) ഗ്രാമത്തിൽ നിന്നും ഒരുപാടകലെയാണ് മാഷിന്റെ വീട്. ഭാര്യ വിമലയും (രാജശ്രീ നായർ) രണ്ടു മക്കളുമായി സാധാരണ ജീവിതം നയിക്കുന്ന മാഷ് ഈ ഗ്രാമത്തിലെത്തിയിട്ട് എട്ടു വർഷത്തോളമായി. ഗ്രാമത്തിലെ പ്രധാന ജംഗ്ഷനിൽ ഉള്ള ഒരു ലോഡ്ജ് മുറിയിലാണ് താമസം. നാട്ടിലെ ഗ്രാമീണരുമായി മാഷ് നല്ല ബന്ധത്തിലുമാണ്. ജോലിയൊന്നുമില്ലാത്ത മുരളി (നിവിൻ പോളി) എന്ന ചെറുപ്പക്കാരനുമായി മാഷ് നല്ല സൌഹൃദമാണ്. വീടിനു തൊട്ടകലെയുള്ള ഒരു ദരിദ്ര കുടുംബത്തിലെ ഭാമ എന്ന പെൺകുട്ടിയാണ് മാധവൻ കുട്ടി മാഷിന് അടുക്കളയിൽ പാചകം ചെയ്തു കൊടുക്കുന്നത്. ഭാമയും മുരളിയും പരസ്പരം പ്രണയത്തിലാണ്. ഭാമയെ സ്വന്തമാക്കണമെന്ന ആഗ്രമാണ് മുരളിക്ക്. പലയിടത്തും ജോലി ചെയ്ത് വളരെ കഷ്ടപ്പെട്ടാണ് ഭാമ തന്റെ കുടുംബം പുലർത്തുന്നത്. വട്ടണാത്ര ഗ്രാമത്തിലെ പഞ്ചായത്ത് ഭരണം വർഷങ്ങളായി എഴുത്തച്ഛനും (നെടുമുടി വേണു) അദ്ദേഹത്തിന്റെ പാർട്ടിയുമാണ്. അവരെ എതിർക്കുന്ന സഖാവ് സുഗുണനും (സുരാജ് വെഞ്ഞാറമൂട്) എഴുത്തച്ഛനെ സഹായിക്കുന്ന സബ് ഇൻസ്പെക്ടർ ഇടക്കുളയും (ഇന്നസെന്റ്) ഗ്രാമത്തിലെ കഥാപാത്രങ്ങളാണ്.
ഒരിക്കൽ നാട്ടിൽ നിന്നും വട്ടണാത്രയിലെത്തിയ മാധവൻ കുട്ടി മാഷിന് അറിയാൻ കഴിഞ്ഞത് തന്റെ ലോഡ്ജിന്റെ എതിരെ സ്വർണ്ണപ്പണയം കച്ചവടം നടത്തുന്ന സേഠി(സുനിൽ സുഖദ) ന്റെ കടയിൽ നിന്ന് സ്വർണ്ണം മോഷണം പോയ വിവരമാണ്. മോഷ്ടാവിനെ അറസ്റ്റ് ചെയ്യാൻ കഴിയാഞ്ഞാൽ തന്റെ പഞ്ചായത്തിനും തന്റെ ഭരണത്തിനും ചീത്തപ്പേര് ഉണ്ടാകുമെന്ന് ഭയന്ന് എഴുത്തച്ഛൻ ഇടിക്കുളയുമായി ചേർന്ന് ഒരു പദ്ധതി തയ്യാറാക്കുന്നു. ഏതെങ്കിലും മോഷ്ടാവിനെ അറസ്റ്റ് ചെയ്യാമെന്നും, കോടതിയിൽ സാക്ഷി പറയാൻ ക്രെഡിബിലിറ്റിയുള്ള ഒരു വ്യക്തി വേണമെന്നും അതിനു മാധവൻ കുട്ടി മാഷ് തന്നെ ആകുമെന്നും അവർ പദ്ധതിയിടുന്നു. ഈ മോഷണത്തിനു സാക്ഷി പറയാൻ ഇരുവരും മാധവൻ കുട്ടി മാഷെ നിർബന്ധിക്കുന്നു. അല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഭയപ്പെടുത്തുന്നു. അതുകേട്ട് മാഷ് ആകെ പരിഭ്രമത്തിലാകുന്നു. താൻ കാണാത്തൊരു കാര്യത്തെക്കുറിച്ച് കള്ളസാക്ഷി പറയാൻ മാഷിന്റെ മനസാക്ഷി അനുവദിക്കുന്നില്ല. പറഞ്ഞില്ലെങ്കിൽ തന്നെ കള്ളക്കേസിൽ കുടുക്കുമെന്നും ഭയന്ന് മാഷ് കുറച്ച് ദിവസത്തേക്ക് മാറി നിൽക്കാൻ വേണ്ടി നാട്ടിലേക്ക് പുറപ്പെടുന്നു. എങ്കിലും ഇടിക്കുള മാഷിനെ പിടികൂടി രണ്ടു ദിവസം കൂടി അനുവദിക്കുന്നു. രണ്ടു ദിവസം വീട്ടിൽ താമസിക്കുന്ന മാഷ്, ഭാര്യ വിമലയോട് ഈ കാര്യം പറയുന്നുവെങ്കിലും സാക്ഷി പറയാം എന്നൊരു നിലപാടായിരുന്നു വിമലക്ക്. കള്ള സാക്ഷിയാണെന്ന് കോടതി അറിഞ്ഞാൽ ഏഴു വർഷം ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഭയന്ന മാഷ് കള്ള സാക്ഷി പറയില്ല എന്നൊരു തീരുമാനത്തിലെത്തുകയും വട്ടണാത്ര ഗ്രാമത്തിലേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുകയും ചെയ്യുന്നു.
എന്നാൽ അടുത്തദിവസം അപ്രതീക്ഷിതമായ ഞെട്ടിക്കുന്നൊരു വാർത്തയാണ് മാധവൻ കുട്ടിയുടെ ഭാര്യ വിമലക്ക് ഫോൺ വഴി എത്തിയത്. മാധവൻ കുട്ടിയെ ആ വിവരം അറിയിക്കുന്നതിനു മുൻപ് മാഷ് വീട്ടിൽ നിന്നും വട്ടണാത്ര ഗ്രാമത്തിലേക്ക് യാത്ര പുറപ്പെട്ടു കഴിഞ്ഞു.