കെ ജെ യേശുദാസ്

Submitted by admin on Mon, 01/26/2009 - 20:05
Name in English
K J Yesudas
Date of Birth
Alias
ദാസേട്ടൻ

ഒരോ ശരാശരിമലയാളിയുടേയും ഒരോ ദിവങ്ങളും കടന്നു പോവുന്നത് കൊച്ചിക്കാരൻ കാട്ടാശ്ശേരി ജോസഫ് യേശുദാസന്റെ ശബ്ദം കേട്ടുകൊണ്ടാവും.ജനറേഷൻ ഗ്യാപ്പെന്നോ പ്രായഭേദമെന്നോ നോക്കാതെ ആബാലവൃദ്ധം മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരു പാട്ടുകാരൻ ഇനി മലയാളത്തിലുണ്ടാവുമോ എന്ന് സംശയമുണ്ട്.

"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന  വാഴുന്ന
മാതൃകാ സ്ഥാനമാണിത്"

എന്ന ഗുരുവിന്റെ നാലു വരി യേശുദാസിന്റെ വശ്യമായ ശബ്ദത്തിൽ ആദ്യമായി റെക്കോഡ് ചെയ്തപ്പോൾ ആ മഹാഗായകൻ മലയാളികളുടെ ജീവന്റെ സംഗീതവും ആത്മാവിന്റെ തുടിപ്പുമായി.ആ ഹൃദയത്തുടുപ്പിനെയാണു ലോകമെങ്ങും ഉള്ള മലയാളികൾ  ഗാന ഗന്ധർവ്വൻ എന്നു സ്നേഹാദരപൂർവ്വം സംബോധന ചെയ്യുന്നത്.

1940 ജനുവരി 10 നു ഫോർട്ട് കൊച്ചിയിൽ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും 5 മക്കളിൽ മൂത്ത പുത്രനായി യേശുദാസ് ജനിച്ചു.ചെറുപ്രായത്തിൽ തന്നെ യേശുദാസിനെ സംഗീതം അഭ്യസിപ്പിച്ചു. പിതാവ് തന്നെയായിരുന്നു ഗുരുനാഥനും.എട്ടു വയസ്സുള്ളപ്പോൾ പ്രാദേശികാടിസ്ഥാനത്തിൽ ഉള്ള ഒരു സംഗീത മത്സരത്തിൽ പങ്കെടുത്ത് സ്വർണ്ണ മെഡൽ സ്വന്തമാക്കി.1958ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കരുവേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാന്റെ കീഴിൽ ഒരു വർഷത്തെ സംഗീതാഭ്യസനം.തുടർന്ന് പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെ കീഴിൽ ആറു മാസവും എറണാകുളം ശിവരാമൻ ഭാഗവതരുടെ കീഴിൽ മൂന്നു വർഷവും സംഗീതം പഠിച്ചു.

എസ് എസ് എൽ സി പാസ്സായതിനു ശേഷം ശാസ്ത്രീയ സംഗീതാഭ്യസനത്തിനു തൃപ്പൂണിത്തുറ ആർ എൽ വി അക്കാദമിയിൽ ചേർന്നു.1960 ൽ ഗാന ഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായ യേശുദാസ് സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ ചേർന്നു.പ്രശസ്ത സംഗീതഞ്ജനായ ശെമ്മാങ്കുടി ആയിരുന്നു അന്നു അക്കാദമിയുടെ പ്രിൻസിപ്പൽ. യേശുദാസിലെ സംഗീത പ്രതിഭ തിരിച്ചറിഞ്ഞ ശെമ്മാങ്കുടി യേശുദാസിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.

കർണാടക സംഗീത ലോകത്തെ ആചാര്യനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാകാനും കച്ചേരിക്ക് അകമ്പടി പാടാനും സാധിച്ചത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായി.

എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തിൽ കാല്പാടുകൾ എന്ന ചിത്രത്തിൽ ആണു ആദ്യം പാടിയതെങ്കിലും ആദ്യം റിലീസ് ചെയ്ത സിനിമ " ശ്രീ കോവിൽ"ആയിരുന്നു. മലയാളത്തിലും മറ്റു ഇൻഡ്യൻ ഭാഷകളിലുമായി 30000 ൽ പരം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഈ പ്രതിഭ ഏതാനും ചിത്രങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കാവ്യ മേള,കായംകുളം കൊച്ചുണ്ണി, അനാർക്കലി, പഠിച്ച കള്ളൻ, അച്ചാണി, ഹർഷ ബാഷ്പം, നിറകുടം, കതിർ മണ്ഡപം, പാതിരാ സൂര്യൻ, നന്ദനം, ബോയ് ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളിലാണു അദ്ദേഹം പാടി അഭിനയിച്ചത്.

ഏറ്റവും മികച്ച ഗായകനുള്ള ദേശീയപുരസ്കാരവും സംസ്ഥാന സർക്കാർ പുരസ്കാരവും ഏറ്റവും കൂടുതൽ തവണ ലഭിച്ചത് ഈ അനുഗ്രഹീത ഗായകനാണ്.

Profile photo drawing by : നന്ദൻ