പശ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ശ്രേയയുടെ ജനനം. നാലാമത്തെ വയസു മുതല്‍ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു തുടങ്ങി. അമ്മയോടൊപ്പം ഹര്‍മോണിയത്തിലായിരുന്നു തുടക്കം. രാജസ്ഥാനിലെ കോട്ടായില്‍ നിന്നാണ് ശ്രേയ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ സീ ടിവിയിലെ സരിഗമ എന്ന പരിപാടിയില്‍ വിജയിയായി. പ്രശസ്ത സംഗിത സംവിധായകനായിരുന്ന കല്യാണ്‍ജിയായിരുന്നു ഈ പരിപാടിയുടെ വിധികര്‍ത്താവ്. പിന്നീട് മുംബയിലേക്ക് താമസം മാറിയ ശ്രേയ അദ്ദേഹത്തിന്റെ കീഴിലും സംഗീതം അഭ്യസിച്ചു. സരിഗമയില്‍ രണ്ടാം തവണ പങ്കെടുക്കുമ്പോഴാണ് ശ്രേയ സംവിധായകനായ സംഞ്ജയ്ലീലാ ബന്‍സാലിയുടെ ശ്രദ്ധയില്‍ പെടുന്നത്. അദ്ദേഹം തന്റെ ചിത്രമായ ദേവദാസില്‍ ശ്രേയയ്ക്ക് പാടാന്‍ അവസരം നല്‍കി. ഇസ്മയില്‍ ദര്‍ബാറിന്റെ സംഗീതത്തില്‍ ശ്രേയ അഞ്ച് ഗാനങ്ങളാണ് ഈ ചിത്രത്തില്‍ ആലപിച്ചത്. ആ വര്‍ഷത്തെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നവാഗത ഗായികക്കുള്ള അവാര്‍ഡും ശ്രേയക്ക് ലഭിച്ചു. ബായിരി പിയാ എന്ന ഗാനത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു. ദേവദാസിന് ശേഷം അവസരങ്ങളുടെ ഘോഷയാത്രയായിരുന്നു ശ്രേയാ ഘോഷാല്‍ എന്ന ഗായികക്കു പുറകെ. എ.ആര്‍ റഹ്മാന്‍, അനുമാലിക്, ഹിമേഷ് റഷ്മാനിയ, മണി ശര്‍മ, നദിം ശ്രവണ്‍, ഇളയ രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവരുടെ സംഗിതത്തില്‍ ശ്രേയ നിരവധി ഹിറ്റു ഗാനങ്ങള്‍ ആലപിച്ചു. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഗായികയെന്ന പദവിയും ഒട്ടും വൈകാതെ തന്നെ ശ്രേയയെ തേടിയെത്തി.
മലയാളിയല്ലെങ്കിലും തന്റെ പാട്ടുകളിലെ മലയാളിത്തമാണ് ശ്രേയ ഘോഷാല്‍ എന്ന മറുനാടന്‍ പാട്ടുകാരിക്ക് 2009 ലെ മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്. ബനാറസ് എന്ന ചിത്രത്തിലെ ഗാനമാണു ഈ ബഹുമതി ശ്രേയക്കു നൽകിയത്
സംഗീത സംവിധായകനായ അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കിയ ബിഗ്ബിയിലെ ഗാനങ്ങളിലൂടെയാണ് ശ്രേയ മലയാളത്തിന് ആദ്യമായി ശബ്ദം നല്‍കുന്നത്. ആ പാട്ടുകൾ പാടിയത് ഒരു മലയാളിപ്പെൺകുട്ടി അല്ലെന്ന് ആരും പറയില്ല.അത്രയ്ക്കും തനിമയോടെയാണു ശ്രേയ ബിഗ് ബീ യിലെ ഗാനങ്ങൾ ആലപിച്ചത്. തുടർന്ന് നീലത്താമര,ആഗതൻ,ബനാറസ്, സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ ചിത്രങ്ങളിൽ ശ്രേയ തന്റെ സാന്നിദ്ധ്യം അറിയിച്ചു