നിശ്ചല ഛായാഗ്രാഹകൻ. ‘ഒരിടത്തൊരു പോസ്റ്റുമാൻ’ എന്ന സിനിമയിലൂടെ സ്വതന്ത്ര നിശ്ചല ഛായാഗ്രാഹകനായി. തുടർന്ന് ‘അർജ്ജുനൻ സാക്ഷി, ട്രാഫിക്, ഡോക്ടർ ലൌ, ഓർഡിനറി, ഉന്നം, സീനിയേഴ്സ്, മല്ലുസിങ്ങ്, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, അയാളും ഞാനും തമ്മിൽ, ചാപ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണം നിർവ്വഹിച്ചു.
വിഭ്യാഭ്യാസത്തിനു ശേഷം വിദേശത്ത് ജോലി ചെയ്യണമെന്ന ആഗ്രഹത്താൽ ഫോട്ടോഗ്രാഫി തിരഞ്ഞെടുക്കുകയായിരുന്നു സിനറ്റ്. ഒരു സ്വകാര്യ ഇൻസ്റ്റിട്യൂട്ടിൽ ഫോട്ടോഗ്രാഫിയെ സംബന്ധിച്ചുള്ള ടെക്നിക്കൽ കാര്യങ്ങളും പ്രിന്റിങ്ങിനെക്കുറിച്ചും പഠിച്ചു. തുടർന്ന് എറണാകുളം ‘അരുൺസ് സ്റ്റുഡിയോയിൽ ജോലി ചെയ്തു. അവിടെ വെച്ചാണ് നിരവധി സിനിമാ ഫോട്ടോഗ്രാഫർമാരെ പരിചയപ്പെടുന്നത്. സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂരുമായുള്ള അടുപ്പം അദ്ദേഹത്തിന്റെ അസിസ്റ്റന്റാകാൻ സഹായിച്ചു. ‘പെരുമഴക്കാല’മായിരുന്നു ആദ്യം അസിസ്റ്റ് ചെയ്ത സിനിമ. തുടർന്ന് ഇരുപത്തഞ്ചോളം സിനിമകളിൽ ജയപ്രകാശിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. അതോടൊപ്പം ദുബായിലെ ഒരു പരസ്യക്കമ്പനിക്കുവേണ്ടി ജോലി ചെയ്യാനുള്ള അവസരവും ലഭിച്ചു. ഒരു വർഷത്തോളം ദുബായിലെ പരസ്യക്കമ്പനിയിൽ ജോലി ചെയ്യവേ സ്വതന്ത്ര നിശ്ചല ഛായാഗ്രാഹകനാകാനുള്ള അവസരങ്ങൾ സിനിമയിൽ നിന്നും വന്നുതുടങ്ങി.
അസോ. ഡയറക്ടറായിരുന്ന ഷാജി അസീസുമായുള്ള സൌഹൃദം ഷാജിയുടെ ആദ്യ ചിത്രത്തിലേക്കുള്ള അവസരമായി. അങ്ങിനെ ‘ഒരിടത്തൊരു പോസ്റ്റുമാൻ’ എന്ന സിനിമയിലൂടെ സ്വതന്ത്ര നിശ്ചല ഛായാഗ്രാഹകനായി.
‘മണപ്പുറം ഗോൾഡ് ലോൺ’ കമ്പനിക്കുവേണ്ടി എട്ട് ഭാഷാ സിനിമകളിലെ എട്ട് സൂപ്പർ സ്റ്റാറുകളെ അണിനിരത്തി ചെയ്ത പരസ്യചിത്രത്തിനും സ്റ്റിൽ ക്യാമറ ചെയ്തത് സിനറ്റാണ്.
തൃശൂർ ജില്ലയിലെ കൊടകര സ്വദേശിയാണ് സിനറ്റ് സേവ്യർ.
- 1686 views