പാടിയ പാട്ടുകള്‍ എണ്ണത്തില്‍ കുറവെങ്കിലും, ആ പാട്ടുകളിലൂടെ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഗായകന്‍.ഗായകൻ മാത്രമല്ല വി ടി മുരളി.കേരളീയ സംഗീതത്തെ കുറിച്ച് ആഴത്തിൽ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നു.രാഗമലയാളം,സംഗീതത്തിന്റെ കേരളീയ പാഠങ്ങൾ,നീലക്കുയിലേ നിന്റെ പാട്ട് എന്നിങ്ങനെ നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്.
1955 നവംബർ 18 നു കോഴിക്കോട്ടു വടകരയിൽ ജനനം.പ്രശസ്ത കവി വി ടി കുമാരൻ മാസ്റ്റർ ആണ് അച്ഛൻ.അമ്മ എ ശാന്തട്ടീച്ചർ..
കാരക്കാട് എൽ പി സ്കൂൾ മടപ്പള്ളി ഹൈസ്കൂൾ ,മടപ്പള്ളി ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നു ഗാനഭൂഷണം . മദ്രാസ് ഗവ: സംഗീത കോളേജില്‍നിന്നു വിദ്വാന്‍ കോഴ്സ് പാസ്സായി.ആദ്യമായി കോഴിക്കോട് ആകാശവാണിക്കു വേണ്ടി പാല സി കെ രാമചന്ദ്രൻ സംഗീതം നൽകിയ കണ്ണാന്തളിപ്പൂ എന്ന ഗാനം ആലപിച്ചു,തുടർന്ന് രാഘവൻ മാസ്റ്റർ ഉൾപ്പടെയുള്ളവരുടെ ധാരാളം ഗാനങ്ങൾ ആലപിച്ചു.
കെ പി എ സി യില്‍ ഗായകന്‍ ആയിരുന്നു.നിരവധി പ്രൊഫഷണൽ നാടകങ്ങൾക്കു വേണ്ടി പാടിയിട്ടുണ്ട്. നിരവധി കവിതകൾ സംഗീതം നൽകി പുറത്തിറക്കിയിട്ടുണ്ട്. കെ രാഘവൻ മാസ്റ്റർ സംഗീതം നൽകിയ തേൻതുള്ളി എന്ന ചിത്രത്തിലൂടെ പിന്നണി ഗായകൻ ആയി.2003 ലെ നല്ല നാടക ഗായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.. 2007 ലെ ലളിത ഗാന ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ്. മാപ്പിളപ്പാട്ടു മേഖലയെ ഗൌരവമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ കേരള മാപ്പിള കലാ അക്കാദമിയുടെ ചാന്ദ് പാഷ പുരസ്കാരം ,2008ലെ ഗ്രാമദീപം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
2013 ൽ ഉറവ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകൻ ആയി.
ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മറ്റിയിൽ അംഗമായിരുന്നിട്ടുണ്ട്.
കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു.
ഭാര്യ ശശികല.. മക്കൾ..ഇന്ദു,നീത