ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവർ എന്ന ചിത്രത്തിലെ അഭിനയത്തിനു 2014 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാവ്.
തിരുവനന്തപുരം വെഞ്ഞാറന്മൂട് സ്വദേശി. വെഞ്ഞാറന്മൂട് വാസുദേവൻ നായർ,വിലാസിനി എന്നിവരാണ് മാതാപിതാക്കൾ.പട്ടാള ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. ജേഷ്ഠസഹോദരനും പട്ടാള ഉദ്യോഗസ്ഥനായിരുന്നതിനാൽ എസ് എസ് എൽ സി പാസായതിനു ശേഷം സുരാജും പട്ടാളത്തിൽ ചേരുവാനായി തയ്യാറെടുത്തെങ്കിലും ആ സമയത്തുണ്ടായ ഒരു അപകടം മൂലം അതു സാധിച്ചില്ല. തുടർന്ന് ആറ്റിങ്ങൽ ഗവണ്മെന്റ് ഐടിഐയിൽ നിന്ന് മെക്കാനിക്കൽ കോഴ്സ് പൂർത്തിയാക്കിയെങ്കിലും മിമിക്രി ട്രൂപ്പുകളിലേക്ക് ആകർഷിതനാവുകയായിരുന്നു. മിമിക്രിയും കോമഡി സ്കിറ്റുകളുമായി ധാരാളം സ്റ്റേജുകളിൽ സജീവമായ സുരാജിന്റെ കൈരളി ടിവിയിലെ "ജഗപൊക" എന്ന കോമഡി പ്രോഗ്രാമാണ് അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കുന്നത്.
തിരുവനന്തപുരം ഭാഷാശൈലിയെ ഹാസ്യാത്മകമായി അവതരിപ്പിച്ച് വിവിധ വേദികളിൽ ശ്രദ്ധേയനായിരുന്നു. സിനിമകളിൽ കോമഡി വേഷങ്ങളവതരിപ്പിച്ച് തുടങ്ങിയിരുന്നെങ്കിലും 2005ൽ പുറത്തിറങ്ങിയ "രാജമാണിക്യത്തിൽ" മമ്മൂട്ടിക്ക് തിരുവനന്തപുരം ഭാഷാപ്രയോഗം പരിശീലിപ്പിച്ചതാണ് സിനിമാവേദികളിൽ സുരാജിനെ കൂടുതൽ ശ്രദ്ധേയനാക്കിയതെന്നത് വാർത്തയായിരുന്നു. സുരാജ് 2006 നു ശേഷം മലയാള സിനിമയിലെ തിരക്കുള്ള ഹാസ്യതാരങ്ങളിലൊന്നായി മാറി.
സ്വഭാവ റോളുകളിലും അഭിനയിച്ച് തുടങ്ങിയ സുരാജിന്റെ ആദ്യ നായകവേഷം "തസ്ക്കര ലഹള" എന്ന ചിത്രത്തിലായിരുന്നു. കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് 2009ലും 2010ലും തുടർച്ചയായി നേടി.
ഭാര്യ സുപ്രിയ. കാശിനാഥൻ,വാസുദേവ്, ഹൃദ്യ എന്നിവരാണ് മക്കൾ.
സുരാജിന്റെ മകൻ കാശിനാഥൻ "അണ്ണൻ തമ്പി ", "തേജാഭായി&ഫാമിലി" എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.