സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ വിവിധ സംഗീതോപകരണങ്ങളിൽ പരിശീലനം നേടിയ സന്തോഷ് ഏകദേശം പത്ത് വർഷക്കാലം സ്കൂളിൽ സംഗീത അധ്യാപകനായി ജോലി നോക്കി. ആകാശവാണിയിലൂടെയും ടി വി സീരിയലുകളിലൂടെയുമാണ് ഒരു ഗാനരചയിതാവ് എന്ന നിലയിലേക്ക് എത്തിച്ചേരുന്നത്. ആകാശവാണിയിലെ യുവവാണിയിൽ പാട്ടുകൾക്ക് സംഗീതവും നിർവ്വഹിച്ചിരുന്നു. സ്കൂൾ കാലഘട്ടത്തിൽത്തന്നെ നാടകങ്ങൾ എഴുതിപ്പരിചയിച്ചു. മലയാളസിനിമയിലെ ആദ്യ ഗാനരചന തമ്പി കണ്ണന്താനം സംവിധാനം ചെയ്ത “ഫ്രീഡം” എന്ന ചിത്രത്തിലാണെങ്കിലും മൂന്നാമതെഴുതിയ “ചതിക്കാത്ത ചന്തുവിലെ” ഗാനമാണ് സന്തോഷിന്റെതായി ആദ്യമായി പുറത്തിറങ്ങിയ സിനിമ. സംഗീത സംവിധായകൻ അലക്സ് പോളുമൊത്താണ് ഏറെ ഹിറ്റ്ഗാനങ്ങൾ ഉണ്ടാക്കിയെടുത്തത്. ഡോക്ടർ ഇന്നസെന്റാണ് എന്ന ചിത്രത്തിന് സംഗീത സംവിധാനവും നിർവ്വഹിച്ചു. സാൾട്ട് & പെപ്പറിൽ ശ്രേയ ഘോഷാൽ ആലപിച്ച “കാണാമുള്ളാൽ" എന്ന ഗാനമുളപ്പടെ പല ഗാനങ്ങളും ഹിറ്റായി മാറിയിരുന്നു. “ ബിഗ്ബി”യിലെ വിട പറയുകയാണോ എന്ന ശ്രേയയുടെ ആദ്യ മലയാള ഗാനവും സന്തോഷിന്റെ രചന തന്നെയായിരുന്നു. സിനിമാ ഗാനങ്ങൾക്ക് പുറമേ ഏറെ ഭക്തിഗാനങ്ങളും രചിച്ചു.
തൃപ്പൂണിത്തുറ സംഗീത കോളേജിന്റെ ആദ്യ ബാച്ചിലെ ഗാനഭൂഷണം ബിരുദവിദ്യാർത്ഥികളിലൊരാളും പിന്നീട് സംഗീത അധ്യാപികയുമായിരുന്നു സന്തോഷിന്റെ അമ്മ. ഭാര്യ പ്രവിത രണ്ട് കുട്ടികൾ സാമജ, ശ്രീലയ. ഇതേ കാലഘട്ടത്തിൽ പ്രശസ്തനായ ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മയും സന്തോഷ് വർമ്മയും സഹോദര പുത്രർ ആണെന്ന കൗതുകവുമുണ്ട്. ശരത്തിന്റെ അമ്മയും സന്തോഷിന്റെ അച്ഛനുമാണ് അവർ. ( ഈ വിവരത്തിന് കടപ്പാട് - എം3ഡിബിയുടെ ഫേസ്ബുക്ക് ക്വിസിൽ ഈ ചോദ്യവും ഉത്തരവുമെത്തിച്ച സന്ദീപിന് )
- 8099 views