സിദ്ധാർത്ഥ് ഭരതൻ 'നിദ്ര' സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന 'ചന്ദ്രേട്ടൻ എവിടെയാ'. ഹാൻഡ് മെയ്‌ഡ് ഫിലിംസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ഛായാഗ്രാഹകരായ സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ വേദിക, അനുശ്രീ , കെ പി എ സി ലളിത, പ്രതാപ് പോത്തൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
ചന്ദ്രമോഹന്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ പെറ്റീഷന്‍ കമ്മിറ്റിയിലെ ജോലിക്കാരനാണ്. ഭാര്യ സുഷമ തൃശ്ശൂരില്‍ ബി.എസ്.എന്‍.എല്ലില്‍ ഉദ്യോഗസ്ഥ. ഏക മകന്‍ അച്ചു. സുഷമ തൃശ്ശൂരായതിനാൽ ചന്ദ്രമോഹന്‍ തിരുവനന്തപുരത്ത് ബാച്ചിലര്‍ ലൈഫ് ആഘോഷിക്കുകയാണ്. എപ്പോഴും പ്രണയമനസ്സുമായി കഴിയുന്ന പ്രായമുള്ള ശേഖരേട്ടന്‍, ജ്യോതിഷി ബ്രഹ്മശ്രീ നാരായണ ഇളയത്, സുമേഷ് എന്നിവരാണ് ചന്ദ്രമോഹന്റെ സുഹ്രുത്തുക്കൾ. നാട്ടിലെത്തുന്ന ചന്ദ്രേട്ടൻ കുടുംബമായി തഞ്ചാവൂരിലേക്ക് ഒരു യാത്ര പോകുന്നു. ആ യാത്രക്കിടയിൽ ഒരു നാഡീ ജോതിഷിയുടെ അടുത്തെത്തുന്ന അവർ ചന്ദ്രന്റെ പൂർവ്വ ജന്മത്തെക്കുറിച്ച് അയാളുടെ ഓലയിൽ നിന്നും അറിയുന്നു. കഴിഞ്ഞ ജന്മത്തിൽ ചോളരാജ്യത്തെ വേൽക്കൊഴുപ്പൊട്ടുവൻ എന്ന കവിയായിരുന്ന ചന്ദ്രമോഹനെ തേടി ആ ജന്മത്തിലെ കാമുകി വസന്തമല്ലിക എത്തുമെന്ന് അയാൾ പറയുന്നു. അത് കേൾക്കുന്നതോടെ സുഷമക്ക് ചന്ദ്രനെ സംശയമാകുന്നു. ഈ കഥ സുഹ്രുത്തുക്കളോട് പറയുന്ന ചന്ദ്രനെ അവർ ആശയക്കുഴപ്പത്തിലാക്കുന്നു. പിന്നീട് ഒരിക്കല്‍ ഒരു പരാതിയെ സംബന്ധിച്ച സംസാരിക്കാനായി ഗീതാഞ്ജലി എന്നൊരു ഒരു പെണ്‍കുട്ടി ചന്ദ്രമോഹന്റെ അടുക്കലെത്തുന്നു. ആ വരവ് ചന്ദ്രമോഹന്റെ വ്യക്തിജീവിതത്തില്‍ മാത്രമല്ല, ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
കാളിദാസ ഇന്റര്‍നാഷണലിന്റെ ബാനറില്‍ സന്ധ്യ രാജേന്ദ്രനാണ് കാരണവർ നിര്‍മ്മിച്ചിരിക്കുന്നത്. ദിവ്യദര്‍ശന്‍ നായകനായ ഹൈഡന്‍ സീക്കിനു ശേഷം കാളിദാസ നിര്‍മ്മിക്കുന്ന ഈ ചിത്രം ടീന്‍സ് എന്ന ചിത്രത്തിലൂടെ സംവിധായകനിരയിലെത്തിയ ജഹാംഗീര്‍ ഷംസുദീന്‍ സംവിധാനം ചെയ്യുന്നു. മധ്യവേനല്‍, ഭക്‌തജനങ്ങളുടെ ശ്രദ്ധയ്‌ക്ക് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവു കൂടിയാണ് ജഹാംഗീര്‍ ഷംസുദ്ദീന്‍. ദിവ്യദര്‍ശന്‍ ടൈറ്റില്‍ കഥാപാത്രമായ കാരണവരെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്‌മിയാണ് നായിക. ഹ്യൂമറിനു പ്രാധാന്യം നല്‍കി ശക്‌തമായ കഥയുടെ പിന്‍ബലത്തിലാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ.
ഒരു ഗ്രാമത്തിലെ പ്രമാണിയാണ് സുകുമാരൻ. സുകുമാരന്റെ കൂട്ടുകാരനാണ് പ്രഭാകരനും,പങ്കജാക്ഷനും ,ആലിക്കോയയും,അപ്പു പണിക്കരും. മൂത്ത മകൻ സത്യനും ഇളയ സഹോദരി നന്ദിനിയും മകൻ മണിയും അടങ്ങുന്നതാണ് സുകുമാരന്റെ കുടുംബം. സുകുമാരൻ ഹൃദയാഘാതത്തോടെ മരിക്കുന്നതോടെ കുടുംബം അനാഥമാകുന്നു. പക്ഷേ സുകുമാരൻ മരിച്ചെങ്കിലും അദേഹത്തിന്റെ സുഹുത്തുക്കൾ ആ കുടുംബവുമായി സൗഹൃദം തുടർന്നു. ഒരുനാൾ വളരെ പ്രയാസകരമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ 8 വയസുകാരനായ മണി ആരും ചിന്തിക്കാത്തൊരു ഉപായം പറയുന്നു. മണിയുടെ അഭിപ്രായത്തിലൂടെ കുടുംബത്തിന് നന്മയിലേയ്ക്കുള്ള വഴി തുറക്കുകയാണ്. തദവസരത്തിൽ വീട്ടിലെ മുത്തശ്ശി 8 വയസുകാരനായ മണി ഇനിമേൽ കാരണവരാണെന്ന് പ്രഖ്യാപിക്കുന്നു. അച്ഛൻ സുകുമാരന്റെ കൂട്ടുകാരും മണിയുടെ ചങ്ങാതിമാരാകുന്നു. ഗ്രാമവാസികൾക്കും പ്രിയങ്കരനാകുന്ന മണി എല്ലായിടത്തും അങ്ങനെ കാരണവരായി മാറുകയാണ്. മണിയുടെ മുന്നോട്ടുള്ള പ്രയാണമാണ് ചിത്രം പിന്നീട് പറയുന്നത്
നാടക കുലപതി ഒ. മാധവന്‍ തുടങ്ങിവച്ച കാളിദാസ കലാകേന്ദ്രം നാടക സമിതിയിലൂടെ അഭിനയകലയില്‍ നാലാം തലമുറയിലെത്തിയ ഒരു കലാകുടുംബം മലയാള സിനിമയില്‍ നിറസാന്നിധ്യമാകുന്നു. ഒ.മാധവന്റെ ഭാര്യ വിജയകുമാരി, മകന്‍ മുകേഷ്, സഹോദരി സന്ധ്യ, ഭര്‍ത്താവ് ഇ.എ. രാജേന്ദ്രന്‍, മകന്‍ ദിവ്യദര്‍ശന്‍, ഇവരുടെ ഒത്തുചേരലില്‍ പിറവി കൊണ്ടതാണ് കാരണവർ
1962 ല്‍ 'ജനനി ജന്മഭൂമി' എന്ന നാടകത്തില്‍ ഉപയോഗിച്ച ''മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ'' എന്ന ഗാനം പുതിയ ഈണത്തിലും താളത്തിലും ഈ ചിത്രത്തിലൂടെ പ്രേക്ഷകരില്‍ എത്തുന്നു
ഡാ തടിയ എന്ന സിനിമയ്ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയുന്ന ചിത്രം. സന്തോഷ് എച്ചിക്കാനത്തിന്റെ കഥയെ ആസ്പദമാക്കി രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രമാണ് ഇടുക്കി ഗോൾഡ്. ചിത്രത്തിൽ മണിയൻപിള്ള രാജു,ബാബു ആന്റണി,വിജയരാഘവൻ,രവീന്ദ്രൻ,പ്രതാപ് പോത്തൻ എന്നിവരാണ് പ്രധാന താരങ്ങൾ. ഇടുക്കി ഗോൾഡ് 2013 ഒക്ടോബർ 11 ന് തീയറ്ററുകളിൽ എത്തി
സ്കൂൾ പഠനകാലത്ത് ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തുക്കൾ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒത്തുചേരുന്നതും അതിനോടനുബന്ധിച്ച് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇടുക്കി ഗോൾഡ് എന്ന ചിത്രം പറയുന്നത്
സ്ക്കൂൾ പഠനകാലത്തെ ആത്മാർത്ഥരായ നാലു കൂട്ടുകാരെ കാണാനും അവരുമൊത്ത് കുറച്ച് ദിവസം ചിലവഴിക്കാനുമാണ് മൈക്കിൾ(പ്രതാപ് പോത്തൻ) ചെക്കൊസ്ലോവാക്യയിൽ നിന്നും നാട്ടിൽ അവധിക്ക് വന്നത്. വിവാഹിതനും വിദേശത്ത് കുടുംബത്തോടൊപ്പം സ്ഥിരതാമസമെങ്കിലും ഗൃഹാതുരത്വം വളരെയധികമുള്ള മൈക്കിൾ നാട്ടിൽ വന്ന് തന്റെ കൂട്ടുകാരായ മദൻ, രവി, രാമൻ, ആന്റണി എന്നിവരെ ബന്ധപ്പെടുവാൻ പത്രത്തിൽ ഒരു പരസ്യം നൽകുന്നു. തൃശൂർ നഗരത്തിൽ സ്റ്റുഡിയോ നടത്തുന്ന അവിവാഹിതനായ രവി(രവീന്ദ്രൻ) ഈ പരസ്യം കാണുന്നു. അയാൾ ഉടനെ ഇപ്പോഴും സൌഹൃദബന്ധം തുടരുന്ന സുഹൃത്ത് മദനെ(മണിയൻ പിള്ള രാജു) വിവരം അറിയിക്കുന്നു. തൃശൂരിൽ ഫാം ഹൌസ് നടത്തുന്ന പ്ലാന്ററായ മദൻ ഭാര്യ ശ്യാമളയുമായി വിവാഹ മോചന ശ്രമത്തിലാണ്.
രവിയും മദനും കൂടി കൊച്ചിയിലെ മൈക്കിളിന്റെ ഫ്ലാറ്റിലെത്തുന്നു. പഴയ സ്ക്കൂൾ വിശേഷങ്ങൾ പങ്കു വെയ്ക്കുന്നു. മധ്യവയസ്സിലെത്തിനിൽക്കുന്ന അവർ ബാക്കി രണ്ടുപേരെക്കൂടി കണ്ടെത്തുകയും ഇടുക്കി ചെറുതോണിയിൽ തങ്ങൾ പഠിച്ച സ്ക്കൂൾ സന്ദർശിക്കുകയും പണ്ട് ആസ്വദിച്ച ഇടുക്കി ഗോൾഡ് എന്ന അപര നാമത്തിലുള്ള കഞ്ചാവ് വലിക്കുക എന്നതുമാണ് മൂവരുടെയും പ്ലാൻ. വർഷങ്ങളായി ബന്ധമില്ലാതിരുന്ന ആന്റണിയേയും രാമനേയും കണ്ടെത്താൻ അവർ ശ്രമം നടത്തുന്നു. ഫോർട്ട് കൊച്ചിയിൽ ആന്റണിയുണ്ടെന്നറിഞ്ഞ് അവിടെയെത്തിയ മൂവർക്കും ആന്റണിയെ കണ്ടെത്താനയില്ല. യാദൃശ്ചികമായി ഫോർട്ട് കൊച്ചിയിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് അവർ ആന്റണിയെ (ബാബു ആന്റണി) കണ്ടുമുട്ടുന്നു. ഹോട്ടലിൽ ജോലിക്കാരനായ ആന്റണി ഹോട്ടലുടമ കൂടിയായ ഭാര്യയുടെ ചൊൽപ്പടിയിലാണെന്നത് സുഹൃത്തുക്കളെ വിഷമിപ്പിക്കുന്നു. നാലു പേരും ചേർന്ന് രാമനെ അന്വേഷിച്ചിറങ്ങുന്നു.
എഴുപതുകളിൽ ചെറുതോണിയിലെ ഒരു ഹോസ്റ്റൽ സ്ക്കൂളിൽ പഠിക്കുമ്പോൾ ആത്മാർത്ഥ സൌഹൃദത്തിലായിരുന്നു അഞ്ചുപേരും. നല്ല വികൃതികളും. അടുത്ത പറമ്പിൽ നിന്ന് ജാതിക്ക പറിക്കുകയും, പൊതിബീഡി പങ്കിട്ട് വലിക്കുകയും പുഴയിലെ സ്ത്രീകളുടെ കുളി ഒളിഞ്ഞുനോക്കുകയും ചെയ്യുന്ന വികൃതി സംഘം. അതിനിടയിൽ ക്ലാസ്സിലെ ജലജ എന്ന സഹപാഠിയോട് മദനു ഒരു ഇഷ്ടം തോന്നുകയും അത് ഒരു കത്തിലെഴുതി ജലജക്കു കൊടുക്കാനും തീരുമാനിക്കുന്നു. ആ ദൌത്യം രവി ഏറ്റെടുത്തെങ്കിലും പാളിപ്പോകുന്നു.
അങ്ങിനെ നാൽ വർ സംഘത്തിന്റെ ഓർമ്മകളിൽ പഴയ പഠനകാലവും കുസൃതികളും നിറഞ്ഞു നിൽക്കുന്നു.
ആലപ്പുഴയിലെ ഒരു സഖാവായ രാമനെ കണ്ടെത്താൻ നാലു പേരും ആലപ്പുഴയിലും പരിസരത്തും അന്വേഷിക്കുന്നു. യാദൃശ്ചികമായി ഒരു പെട്രോൾ പമ്പിൽ വെച്ച് അവർ രാമനെ (വിജയരാഘവൻ) കണ്ടെത്തുന്നു. രാമന്റെ കാർ പിന്തുടർന്നു പോയ അവർക്ക് വിഭാര്യനായ രാമന്റെ മറ്റൊരു പ്രണയത്തിനും വധുവുമൊത്തുള്ള ഒളിച്ചോട്ടത്തിനും കൂട്ടു നിൽക്കേണ്ടിവരുന്നു.
ഒരുമിച്ചു കൂടിയ ഐവർ സംഘം ഇടുക്കിയിലേക്ക് യാത്ര തിരിക്കുന്നു. എന്നാൽ ഇടുക്കി മലനിരയിലെ കഞ്ചാവ് തോട്ടത്തിൽ അവർ പ്രതീക്ഷിക്കാത്ത ഒരു അപകടം ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.
മുഖ്യധാരയിലെ താരങ്ങളേയോ പ്രമുഖ നായകന്മാരേയോ അണിനിരത്താതെ സ്വഭാവ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്ച് പ്രമുഖ നടന്മാരാണ് ഈ സിനിമയിലെ നായകന്മാർ. ഈ അഞ്ച് പേരും ഒരുകാലത്ത് മലയാള സിനിമയിൽ നായകന്മാരായിരുന്നു എന്നതും കൌതുകകരമായ സംഗതിയാണ്.
റിലീസിനു മുൻപ് ഈ സിനിമയുടെ പോസ്റ്റർ ഡിസൈനുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായിരുന്നു. പോസ്റ്ററിൽ ഹിന്ദു ദൈവമായ ശിവനും വിപ്ലവകാരി ചെഗുവേരയും കഞ്ചാവ് വലിക്കുന്ന ചിത്രം (ഇല്ലസ്ട്രേഷൻ) ഉപയോഗിച്ചു എന്നും അത് ഹൈന്ദവ സംഘടനകളെ പ്രകോപിതരാക്കി എന്നുമാണ് ഓൺലൈനുകളിൽ ഉണ്ടായ വിവാദം. എന്നാൽ സംവിധായകൻ ‘ഇത് ഒഫീഷ്യൽ പോസ്റ്ററല്ല, ഫാൻ പോസ്റ്ററാണ്’ എന്നു വെളിപ്പെടൂത്തിയതോടെ വിവാദം അവസാനിച്ചു.
കുട്ടിക്കാലം മുതലേ പേടിത്തൊണ്ടനായ രാജീവന്റെ മാനസിക പ്രശ്നങ്ങളും അതുമൂലം ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളും ഒടുവിൽ അതിനെ മറികടക്കുന്നതുമാണ് മുഖ്യപ്രമേയം. ഉത്തര കേരളത്തിന്റെ തെയ്യവും നാട്ടുഭംഗിയും പശ്ചാത്തലമാക്കി നർമ്മ മധുരമായ രീതിയിലാണ് അവതരണം.
മലയാള സിനിമയിൽ തിരുവനന്തപുരം സ്ലാങ്ങ് പ്രചാരമാക്കിയ സുരാജ് വെഞ്ഞാറമൂട് ആദ്യമായി കണ്ണൂർ ഭാഷയിൽ സംസാരിക്കുന്ന നായക കഥാപാത്രമാകുന്നു.
പരിസ്ഥിതി സ്നേഹം മുഖ്യവിഷയമായി ആവിഷ്കരിച്ച ഈ സിനിമയുടെ സാമൂഹ്യ പ്രസക്തി മുന്നിൽ കണ്ട് കേരള സർക്കാർ ഈ സിനിമയെ ആദരിക്കുകയും റിലീസിനു മുൻപ് തന്നെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ചിത്രം ടാക്സ് ഫ്രീയായിട്ടാണു റിലീസ് ചെയ്യുന്നത്
പ്രദക്ഷിണം, ഇംഗ്ലീഷ് മീഡിയം എന്നീ സിനിമകളുടെ സംവിധായകനായ പ്രദീപ് (പ്രദീപ് ചൊക്ലി) നീണ്ട ഇടവേളക്കു ശേഷം സംവിധാനം ചെയ്യുന്നു.
ഈ സിനിമയിൽ തെയ്യം കനലാട്ടത്തിനു വേണ്ടി ഡ്യൂപ്പിന്റെ സഹായമില്ലാതെ സുരാജ് തീക്കുമ്പാരത്തിനു മുകളിലൂടെ നടന്ന് കനലാട്ടം ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ഈ ചിത്രത്തിലെ ഒരു ഗാനവും സുരാജ് വെഞ്ഞാറമൂട് പാടിയിരിക്കുന്നു.
കോമഡി റിയാലിറ്റി ഷോയിലൂടെ ചിരി തരംഗമായ ബിനു അടിമാലി, ഉല്ലാസ് പന്തളം എന്നിവരും, അശ്വമേധം എന്ന റിവേഴ്സ് ക്വിസിലൂടെ പ്രസിദ്ധനായ ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ്, നടനും സംവിധായകനുമായ മധുപാൽ, പഴയ കാല നാടക-സിനിമാ നടി നിലമ്പൂർ അയിഷ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ദിവസം, ഭാര്യമാരുടെ അഭാവത്തിൽ മൂന്നു സുഹൃത്തുകൾ അഘോഷിക്കാൻ രഹസ്യമായി പദ്ധതിയിടുകയും അതിനെ തുടർന്നു 24 മണിക്കൂറിനുള്ളിലുണ്ടാകുന്ന സംഭവങ്ങളെ രസകരമായി അവതരിപ്പിക്കുകയും ചെയ്യുന്നു ഈ സെക്ഷുൽ കോമഡി ചിത്രം.
ഗെയിം ടെസ്റ്ററായ രാഹുൽ (മുരളി ഗോപി), ബാങ്ക് ജീവനക്കാരനായ സഞ്ജയ് (സൈജു കുറുപ്പ്), ഇൻവെസ്റ്ററായ പ്രദീപ് (ശ്രീജിത്ത് രവി) എന്നിവർ സുഹൃത്തുക്കളാണു. രാഹുലിന്റെ ഭാര്യയാണു രാധിക (അഞ്ജന ഹരിദാസ്). സഞ്ജയിന്റെ ഭാര്യ, രെശ്മി (അനുശ്രീ) ടിവി ആങ്കറെന്ന രീതിയിൽ പ്രശസ്തയും സഞ്ജയിനെ കുറച്ചൊക്കെ അടക്കിഭരിക്കുകയും ചെയ്യുന്ന ഒരാളാണു. പ്രദീപിന്റെ ഭാര്യ, വിദ്യ (മൈഥിലി) ഒരു ഫ്രഞ്ച് അദ്ധ്യാപികയാണു. അവരുടെ ദാമ്പത്യം അത്ര സുഖകരമായല്ല പോകുന്നതു. പ്രദീപിന്റെ സുഹൃത്തായ ജോസഫ് (ഇന്ദ്രജിത്ത്) ഒരു സ്റ്റോക്ക് ബ്രോക്കറാണു, പ്രദീപിനു ഇൻവെസ്റ്റ്മെന്റുമായി ബന്ധപ്പെട്ട ഉപദേശങ്ങളും നൽകാറുണ്ട്.
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ദിവസം ഭാര്യമാർ വീട്ടിലുണ്ടാവില്ലെന്നു മനസ്സിലാക്കിയ രാഹുലും സഞ്ജയും പ്രദീപും അന്നത്തെ ദിവസം രാഹുലിന്റെ വീട്ടിൽ അഘോഷിക്കാൻ പദ്ധതിയിടുന്നു. ജോലി ചെയ്യുന്ന ടിവി ചാനലിനു വേണ്ടി ആറ്റുകാൽ പൊങ്കാല കവർ ചെയ്യുന്നതു രെശ്മിയാണു. രാധിക കൂടെ ജോലി ചെയ്യുന്ന പത്മയുടെ (പാർവ്വതി ടി) വീട്ടിൽ പൊങ്കാലയിടാൻ പോകുന്നു. പൊങ്കാലയിടുന്നതിൽ താത്പര്യമില്ലെങ്കിലും പ്രദീപിന്റെ അമ്മ ആവശ്യപ്പെട്ടിട്ടുള്ളതു കൊണ്ടു പോകേണ്ടി വരുന്ന വിദ്യ അന്നത്തെ ദിവസം ചിലവഴിക്കാൻ ജോസഫിന്റെ വീട്ടിലും പോകുന്നു. ജോസഫിന്റെ ഫ്രഞ്ചുകാരിയായ ഭാര്യ ഐറീൻ വിദേശത്തായതു കൊണ്ടു ജോസഫ് ഒറ്റക്കാണു താമസം.
സുഹൃത്തുക്കളുമൊത്തു ആഘോഷിക്കാൻ രാഹുൽ ലൈംഗിക തൊഴിലാളിയായ സുമിത്രയേയും (അനു മോൾ) വീട്ടിലെത്തിക്കുന്നു. പക്ഷേ, അവരുടെ ഇടയിലേക്കു രസം കൊല്ലിയായി പലപ്പോഴും ഫ്ലാറ്റിലെ അസോസിയേഷൻ സെക്രട്ടറിയായ മത്തായിക്കുഞ്ഞു (സുനിൽ സുഖദ) കയറി വരുന്നു. ജോസഫിന്റെ മാന്യവും സൗമ്യവും സ്ത്രീകളോടുള്ള ബഹുമാനം കലർന്നതുമായ പെരുമാറ്റം വിദ്യയെ ആകർഷിക്കുന്നു. രെശ്മിയുടെ ചാനലിലെ പുതിയ ബോസായ പ്രണവ് പ്രഭാകറെന്ന പിപിക്കു (അശ്വിൻ മാത്യു) രെശ്മിയിൽ താത്പര്യം തോന്നുകയും ബിബിസിയുടെ ട്രെയിനിങ്ങിനും പ്രമോഷനും രെശ്മിയെ പരിഗണിക്കാമെന്നു വാഗ്ദാനം നൽകുകയും ചെയ്യുന്നു.
സിനിമ, രചിച്ചു സംവിധാനം ചെയ്ത ശംഭു പുരുഷോത്തമന്റെ ആദ്യ സിനിമയാണു വെടി വഴിപാട്. കോൽക്കത്തയിലെ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള ബിരുദധാരിയാണു ശംഭു.
സിനിമയുടെ നിർമ്മാതാവ് അരുൺ കുമാർ അരവിന്ദ് കോക്ടെയിൽ, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും ഹിന്ദിയിലുൾപ്പെടെ നിരവിധ സിനിമകൾക്കു വേണ്ടി എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുള്ള ആളുമാണു. സിനിമയുടെ കഥ മുരളി ഗോപിയിൽ നിന്നറിഞ്ഞ അരുൺ കുമാർ നിരമ്മാതാവാൻ തയ്യാറാവുകയായിരുന്നു. അരുൺ കുമാർ നിർമ്മിച്ച ആദ്യ സിനിമയാണിതു.
സിനിമയുടെ ഛായാഗ്രഹകൻ ഷഹ്നാദ് ജലാൽ, ശംഭുവിന്റെ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസ്സ്മേറ്റാണു.
സെക്ഷുൽ കോമഡി എന്ന കാറ്റഗറിയിൽ പെടുത്താവുന്ന മലയാളത്തിലെ ആദ്യ സിനിമയാണിതെന്നു പറയാം.
സിനിമയിലെ രംഗങ്ങളും സംഭാഷണങ്ങളും മതവിശ്വാസികളുടെ വികാരങ്ങൾ വ്രണപ്പെടുത്താമെന്ന കാരണത്താൽ സെൻസർ ബോർഡ് സിനിമ നിരോധിച്ചേക്കുമെന്നു വാർത്തകളുണ്ടായിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയെങ്കിലും ഒടുവിൽ A സർട്ടിഫിക്കറ്റോടെ സിനിമ റിലീസ് ചെയ്തു.
"സദാചാരവാദികൾ പൊറുക്കുക" എന്നതായിരുന്നു സിനിമയുടെ ടാഗ് ലൈൻ.
2013-ലെ ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തിലെ പല ദൃശ്യങ്ങളും സിനിമക്കായി ഷൂട്ടു ചെയ്തു ഉപയോഗിച്ചു. ടൈറ്റിൽ രംഗത്തിൽ ഉപയോഗിച്ചിരിക്കുന്നതും ആറ്റുകാൽ പൊങ്കാലയുടെ ദൃശ്യങ്ങളാണു.
കാർട്ടൂൺ മാതൃകയിൽ ചെയ്ത സിനിമയുടെ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടു.
സിനിമയുടെ തുടക്കത്തിൽ ആറ്റുകാൽ ക്ഷേത്രത്തിന്റെ ഐതിഹ്യമായ കണ്ണകിയുടെ ചരിത്രം വിവരിക്കുന്നുണ്ട്.
പിപി പല വാഗ്ദാനങ്ങൾ നൽകി രെശ്മിയെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നെങ്കിലും രെശ്മി അയാളെ ഭീഷണിപ്പെടുത്തി ഒഴിവാക്കുന്നു. ജോസഫും വിദ്യയും തമ്മിലുള്ള അടുപ്പം ലൈംഗിക ബന്ധത്തിലേക്കെത്താറാകുമ്പോഴേക്കും ഒരു ഫോൺ കോൾ കാരണം ജോസഫിനു വീട്ടിൽ നിന്നും പോകേണ്ടി വരുന്നു. രാഹുലിനും സുഹൃത്തുക്കൾക്കും ഓരോ കാരണങ്ങൾ മൂലം സുമിത്രയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുന്നില്ല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞു എല്ലാവരും തിരികെ പോകുമ്പോൾ സുമിത്ര മകളുടെ അടുത്തേക്കു പോകുന്നു.
രണ്ട് മിനിസ്ക്രീൻ റിയാലിറ്റി ഷോ താരങ്ങളുടെ ആദ്യസിനിമ. മിടുക്കി റിയാലിറ്റി ഷോ വിജയി സ്നേഹ ഉണ്ണികൃഷ്ണനും ഇൻഡ്യൻ വോയ്സ് സീസൺ2 റണ്ണർ അപ് ജിതിൻ രാജും ആദ്യമായി അഭിനയിയ്ക്കുന്നു.
ഒരു ദിവസത്തിലെ 24 മണിക്കുറും ഒരു ക്ലീഷെ പോലെയാണെന്നു വിശ്വസിക്കുന്ന രണ്ടു പേർ; അതാണ് ടോണിയും അജ്മലും. കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ബാങ്കിങ്ങ് സ്ഥാപനത്തിൽ മാർക്കറ്റിങ്ങ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് ഇരുവരും. ഉറങ്ങുക, എഷുന്നേൽക്കുക, കുളിക്കുക ,ഭക്ഷണം കഷിക്കുക ,ജോലി ചെയ്യുക ,ശമ്പളം വാങ്ങുക ,കള്ളു കുടിക്കുക,പ്രണയിക്കുക,സിനിമ കാണുക അങ്ങനെ ഒരു പാട് ക്ലീഷെകളിലൂടെ ഇവരുടെ ജീവിതം കടന്നു പോകുന്നു.
പഠനകാലം മുതൽ ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു ഇരുവരും. പരസ്പരം പിരിയാൻ കഴിയാത്തതിനാലാണ് രണ്ടു പേരും ഒരേ സ്ഥാപനത്തിൽ ജോലി നേടിയതും ഒരിടത്ത് തന്നെ താമസിച്ചതും. ടോണി, ആതിര എന്ന പെൺകുട്ടിയെ ആത്മാർത്ഥമായി പ്രണയിച്ചു. അജ്മൽ ആണെങ്കിൽ ഒന്നിലേറേ പെൺകുട്ടികളെ ഒരേ സമയം പ്രണയിച്ചു. സ്വന്തമായി അധ്വാനിക്കുന്ന പണത്തിലാണ് മൂല്യമെന്ന് വിശ്വസിക്കുന്നവനാണ് ടോണി. അജ്മലാണെങ്കിൽ മറ്റുള്ളവരെ പറ്റിച്ച് പണമുണ്ടാക്കുന്നതാണ് കൂടുതൽ മിടുക്കെന്ന് സ്വയം കരുതുന്നു. സ്വഭാവത്തിൽ ഏറെ വൈരുദ്ധ്യങ്ങൾ ഉള്ള ഈ സുഹൃത്തുക്കളുടെ ക്ലീഷേ കലർന്ന ജീവിതത്തിലെ ഒരു വൈകുന്നേരം നടന്ന സംഭവം ടോണിയുടെയും അജ്മലിന്റെയും ജീവിതത്തെ മാറ്റിമറിക്കുന്നു. അടുത്ത കുറച്ച് മണിക്കുരിനുള്ളിൽ ചെയ്തു തീർക്കേണ്ട പുതിയ ദൗത്യങ്ങൾ അവരെ തേടി വരുന്നു. അവരുടെ തീരുമാനങ്ങൾ, മാനസികാവസ്ഥ ,യാത്രകൾ തുടങ്ങിയവയിലൂടെ സഞ്ചരിക്കുകയാണ് അതെല്ലം ചില ഓർമ പെടുത്തലായിരുന്നു... ചിലതെല്ലാം ക്ലീഷെകൾ അല്ലെന്നും............
* മലബാറിലെ ഒരു നഗരത്തിൽ നടക്കുന്ന കഥയായതിനാൽ മലബാറിലെ സൌഹൃദസംഭാഷണങ്ങൾക്കിടയിൽ കടന്നു വരുന്ന ‘ഒരു സോപ്പെട്ടിക്കഥ’ എന്ന പ്രയോഗമാണ് ഈ സിനിമയുടെ ടൈറ്റിൽ ആയി തിരഞ്ഞെടുക്കാൻ കാരണം.
തൃശൂർക്കാരനായ ജോയ് താക്കോൽക്കാരനു (ജയസൂര്യ) ചന്ദനത്തിരി ബിസിനസ്സാണ്. തൃശൂർ ദേവസ്വത്തിൽ നിന്ന് ആനപ്പിണ്ഡം സംഘടിപ്പിച്ച് ചന്ദനത്തിരിയുണ്ടാക്കി ‘പുണ്യാളൻ അഗർബത്തീസ്’ എന്ന പേരിൽ ബിസിനസ്സ് നടത്തി പച്ചപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോയ് താക്കോൽക്കാരൻ. ജീവിതം ആഘോഷമാക്കി മാറ്റുന്ന ചെറുപ്പക്കാരനും കൂടിയാണ് ജോയ്. കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ മുന്നിൽ ജോയ് താക്കോൽക്കാരൻ രണ്ടു കാര്യങ്ങൾ വെളിപ്പെടുത്തുന്നു. അഗർബത്തീസ് ബിസിനസ്സ് വിജയിച്ചാൽ അംബാനിയുടെ ഭാര്യയെപ്പോലെ ജീവിക്കാം അതല്ലെങ്കിൽ ഒരു ഭ്രാന്തന്റെ ഭാര്യയെപ്പോലെ ജീവിക്കാം.
ജോയ് താക്കോൽക്കാരന്റെ ചന്ദനത്തിരി ബിസിനസ്സിന്റേയും പ്രതിബന്ധങ്ങളുടെയും രസകരമായ ആവിഷ്കാരമാണ് സിനിമ
* നടൻ ജയസൂര്യ ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാകുന്നു.
* നായക കഥാപാത്രത്തിനു പുറമേ ജയസൂര്യ ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നു.
* പ്രാഞ്ചിയേട്ടൻ & സെയ്ന്റ് എന്ന ചിത്രത്തിനു ശേഷം തൃശ്ശൂർ പട്ടണവും തൃശ്ശൂർ ഭാഷയും ഈ ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നു.
എളുപ്പ വഴികളും സൂത്രപ്പണികളുമല്ല ഒരു മനുഷ്യന്റെ ശരിയായ ജീവിത വിജയത്തെ സൃഷ്ടിക്കുന്നതെന്ന് ഒരു സ്ക്കൂൾ കുട്ടിയുടെ കൊച്ചു ജീവിതാനുഭവങ്ങളിലൂടെ പറയുന്നു. ദൈവം മനുഷ്യനെ എന്തുകൊണ്ടാണ് മനുഷ്യനായി സൃഷ്ടിച്ചതെന്ന കൌതുകം കലർന്നൊരു കുട്ടിചോദ്യത്തിന്റെ മറുപടിയുമാണ് ഈ സിനിമയുടെ പ്രമേയം.
വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചു മിശ്രവിവാഹിതരായ റോയ് ഫിലിപ്പിന്റേയും (ജയസൂര്യ) സമീരയുടേയും (രമ്യ നമ്പീശൻ) ഏകമകനാണു സ്ക്കൂൾ വിദ്ധ്യാർത്ഥിയായ റയാൻ ഫിലിപ്പ് (സനൂപ് സന്തോഷ്). റയാന്റെ ക്ലാസ്സിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണു ജുഗ്രു, രാമൻ, ഇന്നസെന്റ് എന്നിവർ. അവരുടെ പേടി സ്വപ്നമാണു കണക്ക് അദ്ധ്യാപകനായ പപ്പൻ (വിജയ് ബാബു). ഹോംവർക്ക് ചെയ്യാത്തതിനും പരീക്ഷയിൽ മാർക്കു ലഭിക്കാത്തതിനുമെല്ലാം പപ്പന്റെ കയ്യിൽ നിന്നും ശിക്ഷയും അവനു പതിവായി കിട്ടാറുണ്ട്. ഇടക്കിടെ അവനെ കാണാൻ വരുന്ന ഗോഡിനോടു (ഇന്നസെന്റ്) പരാതി പറഞ്ഞിട്ടും ഇതിൽ നിന്നൊന്നും റയാനു മോചനം കിട്ടുന്നില്ല. ഹോം വർക്ക് ചെയ്തു കിട്ടാനായി റയാൻ തന്റെ ക്ലാസ്സിലെ ജുവാനെ "ലൈനടിക്കാൻ" ശ്രമിക്കുന്നെങ്കിലും അവൾ താത്പര്യം കാണിക്കുന്നില്ല.
അതിനിടെ റോയ് ഫിലിപ്പിന്റെ പിതാവ് ക്യാപ്റ്റൻ റിച്ചാർഡ് ഫിലിപ്പ് (ജോയ് മാത്യു) നാട്ടിലെത്തുന്നു. പുരാവസ്തുക്കളുടെ ശേഖരമുള്ള റിച്ചാർഡ് ഫിലിപ്പിന്റെ വീട്ടിൽ നിന്നും പ്രത്യേക കഴിവുകളുള്ള മങ്കി പെൻ റയാനു ലഭിക്കുന്നു. കൊച്ചിതുറമുഖം നിർമ്മിക്കുന്നതിനു റോബർട്ട് ബ്രിസ്റ്റോയെ (ഡീൻ റോളിൻസ്) വരെ സഹായിച്ചിട്ടുള്ളതാണു മങ്കി പെൻ. റയാന്റെ ഹോം വർക്കുകളെല്ലാം മങ്കി പെൻ ചെയ്തു കൊടുക്കുന്നു. അതോടെ റയാൻ പപ്പനു വരെ പ്രിയപ്പെട്ടവനാകുന്നു.
സ്ക്കൂളിൽ നടക്കാൻ പോകുന്ന മാത്‌സ് എക്സിബിഷനു ക്യാപ്റ്റനായി റയാനെ പപ്പൻ തിരഞ്ഞെടുക്കുന്നു. എക്സിബിഷനുള്ള തീം ലഭിക്കാനായി അടുത്ത ഏഴു ദിവസവും മങ്കി പെൻ ആവശ്യപ്പെടുന്ന കാര്യം ചെയ്യാമെന്നു റയാൻ മങ്കിപെന്നിനു വാക്കു കൊടൂക്കുന്നു. മങ്കിപെന്നാവശ്യപ്പെടുന്ന ചെറിയ ചെറിയ കാര്യങ്ങൾ റയാൻ സ്വയം ചെയ്യുന്നതു കൂടാതെ സ്ക്കൂൾ റേഡിയോയിലൂടെ എല്ലാവരേയും അറിയിക്കുകയും ചെയ്യുന്നു. റയാന്റെ ഐഡിയകൾ അവനെ ജുവാനടക്കം സ്ക്കൂളിലെ എല്ലാവരുടേയും പ്രിയപ്പെട്ടവനാക്കുന്നു.
സ്കൂൾ ബസ് അപകടത്തിൽ ജുവാൻ മരിക്കുന്നു. ആ സംഭവം റയാനു താൻ ചെയ്തിട്ടുള്ള തെറ്റുകളെയോർത്തു കുറ്റബോധം തോന്നാൻ കാരണമാകുന്നു. മാത്‌സ് എക്സിബിഷനു വിജയിക്കുന്നില്ലെങ്കിലും അവരുടെ പരിശ്രമങ്ങളെ പപ്പൻ അഭിനന്ദിക്കുന്നു. മങ്കിപെന്നിന്റെ പേരിൽ തന്റെ ഹോം വർക്കുകളെല്ലാം ചെയ്തു തന്നിരുന്നതും സന്ദേശങ്ങളെഴുതിയിരുന്നതുമെല്ലാം തന്റെ അപ്പനാണെന്നു തിരിച്ചറിയുന്ന റയാൻ, ഇതെല്ലാം സ്വന്തമായി ചെയ്യേണ്ട കാര്യങ്ങളാണെന്നു മനസ്സിലാക്കി മങ്കി പെൻ കടലിലേക്കു വലിച്ചെറിയുന്നു.