ഗായിക-ചലച്ചിത്ര പിന്നണിഗാനരംഗത്ത് ദേശീയാസാന്നിധ്യമുറപ്പിച്ച ഗായിക. അയ്യായിരത്തിലധികം പാട്ടുകൾ പലഭാഷകളിലായി പാടിയ ദക്ഷിണേന്ത്യൻ ചലച്ചിത്രഗാന ശാഖയുടെ വാനമ്പാടി.1963ൽ തിരുവനന്തപുരത്ത് കരമനയിൽ ജനിച്ച ചിത്രയെ സിനിമാസംഗീത മേഖലയിലേക്ക് കൈപിടിച്ചുയർത്തിയത് സംഗീത സംവിധായകനായ എംജി രാധാകൃഷ്ണൻ ആയിരുന്നു.
കേരളത്തില്‍ തിരുവനന്തപുരത്ത് വളരെ പ്രശസ്തമായ ഒരു സംഗീതകുടുംബത്തില്‍ 1963 ജൂലൈ 27 നാണ് ചിത്രയുടെ ജനനം. പിതാവ് കൃഷ്ണന്‍നായരാണ് ചിത്രയുടെ ആദ്യഗുരു. പിന്നീട് ഡോ.കെ ഓമനക്കുട്ടിയുടെ കീഴില്‍ സംഗീതം അഭ്യസിച്ചു.
നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലൂടെ ചലച്ചിത്രസംഗീതലോകത്തേക്ക് കടന്നു വന്നു. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ രജനീ പറയൂ.. , പ്രണയവസന്തം തളിരണിയുമ്പോള്‍ എന്നീ ഗാനങ്ങളാണ് ചിത്രയെന്ന ഗായികയെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രമായിരുന്നു ചിത്രയെ മലയാളികള്‍ക്കെല്ലാം പ്രിയങ്കരിയാക്കിയത്. 'ആളൊരുങ്ങി, അരങ്ങൊരുങ്ങി എന്ന ഗാനം മലയാളികൾ നെഞ്ചേറ്റി ലാളിച്ചു. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിലെ കണ്ണോടു കണ്ണായ, ആരാന്റെ മുല്ല കൊച്ചു മുല്ലയിലെ പൊന്‍താമരകള്‍, അടുത്തടുത്ത് എന്ന ചിത്രത്തിലെ ആലോലം ചാഞ്ചാടും, പുന്നാരം ചൊല്ലി ചൊല്ലിയിലെ അത്തപ്പൂവും നുള്ളി, അരയരയരയോ കിന്നരയോ കിളി തുടങ്ങിയ ഗാനങ്ങളിലൂടെ ചിത്ര മലയാളത്തിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
പിന്നണിഗായികയ്ക്കുള്ള ആറു ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച ഏക ഗായികയാണ് ചിത്ര .മികച്ച ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്കാരം ചിത്രയെ തേടിയെത്തിയത് 15 തവണയാണ്. 1985- 95 കാലത്ത് ചിത്ര മാത്രമാണ് ഈ പുരസ്കാരത്തിന് അര്‍ഹയായതും.
നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങള്‍ പലവട്ടം നേടിയ ഏക ഗായികയും ചിത്ര ആണ്. ഏഴു തവണ ആന്ധ്ര സര്‍ക്കാരും നാലു തവണ തമിഴ്നാട് സര്‍ക്കാരും മൂന്നു തവണ കര്‍ണാടക സര്‍ക്കാരും മികച്ച ഗായികയ്ക്കുളള പുരസ്കാരം ചിത്രയ്ക്ക് സമ്മാനിച്ചു. 1997 ല്‍ കലൈമാമണി പുരസ്കാരം നല്‍കിയാണ് തമിഴ്നാട് സര്‍ക്കാര്‍ ചിത്രയെ ആദരിച്ചത്. 2005 ല്‍ പദ്മശ്രീ ലഭിച്ചു. ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ നന്ദനയ്ക്കുമൊപ്പം ചെന്നൈയിലെ സാലിഗ്രാമില്‍ താമസിക്കുകയായിരുന്ന ചിത്രയ്ക്ക് 2010 ഒരു ദുരന്തവർഷമായിരുന്നു. ദുബായിൽ ഒരു സംഗീതപ്രോഗ്രാമിനിടെ ചിത്രയുടെ മകൾ നന്ദന നീന്തൽക്കുളത്തിൽ മരണപ്പെട്ടു. തുടർന്ന് സംഗീതരംഗത്തു നിന്നും ഏകദേശം ഒരു വർഷക്കാലം അകന്നു നിന്നിരുന്നെങ്കിലും സഹപ്രവർത്തകരുടെ നിർബന്ധം മൂലം വീണ്ടും സംഗീതരംഗത്തേക്ക് മടങ്ങി വന്നു.