ഭൂപടത്തിൽ ഇല്ലാത്ത ഒരിടം
വട്ടണാത്ര ഗ്രാമത്തിലെ സ്ക്കൂൾ അദ്ധ്യാപകനായ മാധവൻ കുട്ടി മാഷി ശ്രീനിവാസൻ) ന്റെ ഇടത്തരം ജീവിതവും ഒരു മോഷണക്കേസിൽ സാക്ഷിപറയാൻ അധികാരികളിൽ നിന്ന് നിർബന്ധിതനാവുകയും അതിനെത്തുടർന്നുള്ള പ്രശ്നങ്ങളുമാണ് മുഖ്യപ്രമേയം.
യാതൊരു പരിഷ്കാരവും എത്തിച്ചേരാത്തൊരു ഗ്രാമമാണ് വട്ടണാത്ര. ആ ഗ്രാമത്തിലെ ഒരു സ്ക്കൂൾ അദ്ധ്യാപകനാണ് മാധവൻ കുട്ടി മാഷ് (ശ്രീനിവാസൻ) ഗ്രാമത്തിൽ നിന്നും ഒരുപാടകലെയാണ് മാഷിന്റെ വീട്. ഭാര്യ വിമലയും (രാജശ്രീ നായർ) രണ്ടു മക്കളുമായി സാധാരണ ജീവിതം നയിക്കുന്ന മാഷ് ഈ ഗ്രാമത്തിലെത്തിയിട്ട് എട്ടു വർഷത്തോളമായി. ഗ്രാമത്തിലെ പ്രധാന ജംഗ്ഷനിൽ ഉള്ള ഒരു ലോഡ്ജ് മുറിയിലാണ് താമസം. നാട്ടിലെ ഗ്രാമീണരുമായി മാഷ് നല്ല ബന്ധത്തിലുമാണ്. ജോലിയൊന്നുമില്ലാത്ത മുരളി (നിവിൻ പോളി) എന്ന ചെറുപ്പക്കാരനുമായി മാഷ് നല്ല സൌഹൃദമാണ്. വീടിനു തൊട്ടകലെയുള്ള ഒരു ദരിദ്ര കുടുംബത്തിലെ ഭാമ എന്ന പെൺകുട്ടിയാണ് മാധവൻ കുട്ടി മാഷിന് അടുക്കളയിൽ പാചകം ചെയ്തു കൊടുക്കുന്നത്. ഭാമയും മുരളിയും പരസ്പരം പ്രണയത്തിലാണ്. ഭാമയെ സ്വന്തമാക്കണമെന്ന ആഗ്രമാണ് മുരളിക്ക്. പലയിടത്തും ജോലി ചെയ്ത് വളരെ കഷ്ടപ്പെട്ടാണ് ഭാമ തന്റെ കുടുംബം പുലർത്തുന്നത്. വട്ടണാത്ര ഗ്രാമത്തിലെ പഞ്ചായത്ത് ഭരണം വർഷങ്ങളായി എഴുത്തച്ഛനും (നെടുമുടി വേണു) അദ്ദേഹത്തിന്റെ പാർട്ടിയുമാണ്. അവരെ എതിർക്കുന്ന സഖാവ് സുഗുണനും (സുരാജ് വെഞ്ഞാറമൂട്) എഴുത്തച്ഛനെ സഹായിക്കുന്ന സബ് ഇൻസ്പെക്ടർ ഇടക്കുളയും (ഇന്നസെന്റ്) ഗ്രാമത്തിലെ കഥാപാത്രങ്ങളാണ്.
ഒരിക്കൽ നാട്ടിൽ നിന്നും വട്ടണാത്രയിലെത്തിയ മാധവൻ കുട്ടി മാഷിന് അറിയാൻ കഴിഞ്ഞത് തന്റെ ലോഡ്ജിന്റെ എതിരെ സ്വർണ്ണപ്പണയം കച്ചവടം നടത്തുന്ന സേഠി(സുനിൽ സുഖദ) ന്റെ കടയിൽ നിന്ന് സ്വർണ്ണം മോഷണം പോയ വിവരമാണ്. മോഷ്ടാവിനെ അറസ്റ്റ് ചെയ്യാൻ കഴിയാഞ്ഞാൽ തന്റെ പഞ്ചായത്തിനും തന്റെ ഭരണത്തിനും ചീത്തപ്പേര് ഉണ്ടാകുമെന്ന് ഭയന്ന് എഴുത്തച്ഛൻ ഇടിക്കുളയുമായി ചേർന്ന് ഒരു പദ്ധതി തയ്യാറാക്കുന്നു. ഏതെങ്കിലും മോഷ്ടാവിനെ അറസ്റ്റ് ചെയ്യാമെന്നും, കോടതിയിൽ സാക്ഷി പറയാൻ ക്രെഡിബിലിറ്റിയുള്ള ഒരു വ്യക്തി വേണമെന്നും അതിനു മാധവൻ കുട്ടി മാഷ് തന്നെ ആകുമെന്നും അവർ പദ്ധതിയിടുന്നു. ഈ മോഷണത്തിനു സാക്ഷി പറയാൻ ഇരുവരും മാധവൻ കുട്ടി മാഷെ നിർബന്ധിക്കുന്നു. അല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഭയപ്പെടുത്തുന്നു. അതുകേട്ട് മാഷ് ആകെ പരിഭ്രമത്തിലാകുന്നു. താൻ കാണാത്തൊരു കാര്യത്തെക്കുറിച്ച് കള്ളസാക്ഷി പറയാൻ മാഷിന്റെ മനസാക്ഷി അനുവദിക്കുന്നില്ല. പറഞ്ഞില്ലെങ്കിൽ തന്നെ കള്ളക്കേസിൽ കുടുക്കുമെന്നും ഭയന്ന് മാഷ് കുറച്ച് ദിവസത്തേക്ക് മാറി നിൽക്കാൻ വേണ്ടി നാട്ടിലേക്ക് പുറപ്പെടുന്നു. എങ്കിലും ഇടിക്കുള മാഷിനെ പിടികൂടി രണ്ടു ദിവസം കൂടി അനുവദിക്കുന്നു. രണ്ടു ദിവസം വീട്ടിൽ താമസിക്കുന്ന മാഷ്, ഭാര്യ വിമലയോട് ഈ കാര്യം പറയുന്നുവെങ്കിലും സാക്ഷി പറയാം എന്നൊരു നിലപാടായിരുന്നു വിമലക്ക്. കള്ള സാക്ഷിയാണെന്ന് കോടതി അറിഞ്ഞാൽ ഏഴു വർഷം ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഭയന്ന മാഷ് കള്ള സാക്ഷി പറയില്ല എന്നൊരു തീരുമാനത്തിലെത്തുകയും വട്ടണാത്ര ഗ്രാമത്തിലേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുകയും ചെയ്യുന്നു.
എന്നാൽ അടുത്തദിവസം അപ്രതീക്ഷിതമായ ഞെട്ടിക്കുന്നൊരു വാർത്തയാണ് മാധവൻ കുട്ടിയുടെ ഭാര്യ വിമലക്ക് ഫോൺ വഴി എത്തിയത്. മാധവൻ കുട്ടിയെ ആ വിവരം അറിയിക്കുന്നതിനു മുൻപ് മാഷ് വീട്ടിൽ നിന്നും വട്ടണാത്ര ഗ്രാമത്തിലേക്ക് യാത്ര പുറപ്പെട്ടു കഴിഞ്ഞു.
ജോ ചാലിശ്ശേരി എന്ന സംവിധായകന്റെ ആദ്യ സിനിമ.
- Read more about ഭൂപടത്തിൽ ഇല്ലാത്ത ഒരിടം
- 1631 views