എറണാകുളം കത്രിക്കടവ് പുത്തൻ വീട്ടിൽ ജോൺ ത്രേസ്യാമ്മ ദമ്പതികളുടെ മക്കളായി ജനനം. അഞ്ച് മക്കളിൽ ഇഗ്നേഷ്യസ് മൂന്നാമനും ബേർണി ഏറ്റവും ഇളയവനായും ജനിച്ചു. ജോൺ പുത്തൻവീട്ടിൽ എന്ന പിതാവ് ഗായകനും നാടകനടനുമായിരുന്നെങ്കിലും സർക്കാർ ജോലിയിൽ പ്രവേശിച്ചതിനാൽ സംഗീതം പ്രൊഫഷണലായി സ്വീകരിക്കുവാൻ അവസരം ലഭിച്ചിരുന്നില്ല. പിതാവിന്റെ സംഗീത പാരമ്പര്യമായിരുന്നു മക്കൾക്ക് ലഭിച്ചതെങ്കിലും ഒരു കപ്പൂച്ചിൻ ആശ്രമത്തിൽ നിന്ന് കിട്ടിയ പ്രോത്സാഹനമാണ് ഇഗ്നേഷ്യസിന് സംഗീതം ചിട്ടയോടെ പഠിക്കുവാൻ പ്രേരണയായത്. ജേഷ്ഠനോടൊപ്പം തന്നെ അനുജൻ ബേർണിയും സംഗീത ഉപകരണങ്ങളിലും മറ്റും പരിശീലനം നേടിയതോടെ അവർ പള്ളികളിലും ബന്ധുഗൃഹങ്ങളിലും മറ്റ് സൗഹൃദവേദികളിലുമൊക്കെ സംഗീത സംഘമായി ഗാനങ്ങൾ അവതരിപ്പിച്ചു. ക്രിസ്ത്യൻ ഡിവോഷണൽ രംഗത്ത് ഒരു എൽപി റെക്കോർഡുമായി തുടങ്ങിയ അവർ പിന്നീട് ആ രംഗത്ത് പ്രശസ്തരാവുകയും കാസറ്റുകൾക്ക് തുടർച്ചയായി സംഗീതം പകരുവാനും ആരംഭിച്ചു. രഞ്ജിനി കാസറ്റ്സിന്റെ സ്ഥിരം സംഗീത സംവിധായകരായി മാറിയ ഇവർ ഷിബു ചക്രവർത്തിയുടെ രചനയിൽ ഏറെ രഞ്ജിനി കാസറ്റുകൾ പുറത്തിറക്കി.രഞ്ജിനിയുടെ ഉസ്മാൻ വഴിയാണ് പ്രിയദർശനെ പരിചയപ്പെടുന്നത്.
1992 കാഴ്ച്ചക്കപ്പുറം എന്ന ചലച്ചിത്രത്തിലാണ് മലയാള സിനിമാ സംഗീത രംഗത്ത് സംഗീത സംവിധായകരായി തുടക്കം കുറിച്ചതെങ്കിലും പ്രിയദർശൻ പുറത്തിറക്കിയ “തേന്മാവിൻ കൊമ്പത്ത്” എന്ന സിനിമയുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ചെറുതല്ലാത്ത പങ്ക് വഹിച്ച ഗാനങ്ങളും സംഗീതം ചെയ്തതോടെയാണ് ബേണി-ഇഗ്നേഷ്യസ് എന്ന സംഗീതപ്രതിഭകൾ ഏറെ പ്രശസ്തരായി മാറുന്നത്. ആ ചിത്രത്തിലെ ഗാനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡും ലഭ്യമായി. തുടർന്ന് മലയാള സിനിമയിലെ നിരവധിയനവധി സിനിമകൾക്ക് സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കി മലയാളത്തിലെ ഏറ്റവും വിജയകരമായ സംഗീതജോഡിയായി മാറിയ ബേണി- ഇഗ്നേഷ്യസ് ഏകദേശം തൊണ്ണൂറിനടുത്ത് സിനിമകൾക്ക് വ്യത്യസ്തമായ സംഗീതമൊരുക്കിയിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥരായിത്തന്നെ തുടരുന്ന സംഗീതജ്ഞരിൽ ബേർണി കെ എസ് എഫ് എ ഉദ്യോഗസ്ഥനും ഇഗ്നേഷ്യസ് കെ എസ് ആർ ടി സി ജോലിക്കാരനുമാണ്. സംഗീതം പിൻ തലമുറയിലേക്ക് കൂടി പകർന്നു നൽകുന്ന ഇവരുടെ മക്കളും സിനിമകളിൽ പാടിയിട്ടുണ്ട്. ഇഗ്നേഷ്യസിന്റെ മകൻ “കാര്യസ്ഥനിലെ” ഹിറ്റ് ഗാനമുൾപ്പടെ ഗാനരംഗത്ത് സജീവമാണ്. ബേർണിയുടെ മക്കളിൽ താൻസൻ ശൃംഗാരവേലനുൾപ്പടെ മൂന്നോളം സിനിമകൾക്ക് പാടി. ഐഡ ഇഗ്നേഷ്യസിന്റെയും, ജൂഡി ബേണിയുടെയും ഭാര്യയാണ്.
- 14188 views