ഗായകൻ-സംഗീതജ്ഞൻ. ഗസലിലൂടെ വന്ന് ഇൻഡിപോപ്പിലൂടെ വളർന്ന് സിനിമ ഗാനങ്ങളിലൂടെ തിളങ്ങി നിൽക്കുന്ന ഹരിഹരൻ കൈവെച്ച എല്ലാ ഗാനശാഖകളിലും വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ പ്രതിഭയാണ്.
പ്രശസ്ത കർണാടക സംഗീതജ്ഞരായ ശ്രീ അനന്തസുബ്രമണിയുടെയും ശ്രീമതി അലമേലുവിന്റെയും മകനായി തിരുവനന്തപുരത്ത് ജനനം. കർണാടക സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അമ്മയിൽ നിന്ന് പഠിച്ചു. യൗവ്വനത്തിൽ മെഹ്ദി ഹസ്സന്റെ ഗസലുകളിൽ ആകൃഷ്ടനായ ഹരിഹരൻ ഉസ്താദ് ഗുലാം മുസ്തഫ ഖാനിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു.
ഗസൽ ഗായകനാവാനായി അദ്ദേഹം ഉർദ്ദു ഭാഷ ഹൃദ്യസ്ഥമാക്കി. മ്യൂസിക് കൺസേർട്ടുകളിലൂടെയും ടിവിലൂടെയുമായിരുന്നു സംഗീതസപര്യയുടെ തുടക്കം.
1978ൽ പുറത്തിറങ്ങിയ ഗമൻ എന്ന ഹിന്ദി ചിത്രത്തിൽ ജയ്‌ദേവ് സംഗീതം നൽകിയ അജീബ് സാനേ ഹെ മുജ് പർ ഖരാർ എന്ന ഗാനത്തിലൂടെയായിരിന്നു സിനിമപ്രവേശം. ആ ഗാനം അദ്ദേഹത്തെ ഉത്തർപ്രദേശ് സംസ്ഥാന അവാർഡിനർഹനാക്കി. പിന്നീട് വർഷങ്ങൾക്ക് ശേഷം, 1992ൽ മണിരത്നത്തിന്റെ റോജയിലെ തമിഴാ തമിഴാ എന്നഗാനത്തിലൂടെ തമിഴിലേക്ക്.
മണിരത്നം-ഏ ആർ റഹ്മാൻ ടീമിന്റെ പിന്നീടുള്ള ചിത്രങ്ങളിലെല്ലാം ഹരിഹരനും ഭാഗമായിരുന്നു. 1995ൽ ബോംബെ എന്ന ചിത്രത്തിലെ ഉയിരെ ഉയിരെ എന്ന ഗാനത്തിലൂടെ തമിഴ്നാട് സംസ്ഥാന അവാർഡും ഹരിഹരനെ തേടിയെത്തി.
ബോർഡറിലെ മേരേ ദുശ്മൻ മേരേ ഭായ് എന്ന ഗാനത്തിന് 1998ലും ജോഗ്‌വ എന്ന മറാത്തിച്ചിത്രത്തിലെ ജീവ് രംഗ്‌ലാ എന്ന ഗാനത്തിന് 2009ലും ദേശീയ അവാർഡ് ലഭിച്ചു.
സിനിമാ ഗാനങ്ങളേക്കാൾ ഹരിഹരനെ ശ്രദ്ധേയനാക്കിയത് അദ്ദേഹത്തിന്റെ ഗസലുകളും പോപ്പ് സംഗീതവുമായിരുന്നു.
ആബ്ഷർ-ഇ-ഗസൽ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗസൽ ആൽബം. 1985ൽ പുറത്തിറങ്ങിയ ഇത് വമ്പൻ വിജയം കൈവരിച്ചു. ഹാസിർ (1992), ജഷ്ന് (1996), ഹൽക്ക നഷാ (1996), പൈഘം (1997), കാഷ് (2000), ലാഹോർ കേ രംഗ് ഹരി കേ സംഘ് (2005) തുടങ്ങി മുപ്പതോളം ഗസൽ ആൽബങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.
ലെസ്ലി ലൂയിസിനൊപ്പം ചേർന്ന് കൊളോണിയൽ കസിൻസ് എന്ന ബാന്റ് ഉണ്ടാക്കിയത് ഹരിഹരന്റെ സംഗീതജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇന്ത്യൻ-പാശ്ചാത്യ സംഗീതങ്ങളുടെ ഫ്യൂഷനിലൂടെ ജനപ്രീതി നേടിയ ഇവരുടെ പേരിൽ ഏതാനും ആൽബങ്ങൾ പുറത്തിറങ്ങി. ഒപ്പം മോധി വിളയാട് (2009), ചിക്ക് ബുക്ക് (2010) തുടങ്ങി രണ്ട് തമിഴ് ചിത്രങ്ങളുടെ സംഗീതസംവിധാനവും നിർവഹിച്ചു.
ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി തുടങ്ങി നിരവധി ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്.
അംഗീകാരങ്ങൾ
- പദ്മശ്രീ - 2004
- മികച്ച ഗായകൻ (ദേശീയ അവാർഡ്) - 1998 & 2009
- മികച്ച ഗായകൻ (ഉത്തർപ്രദേശ് സംസ്ഥാന അവാർഡ്) - 1978
- മികച്ച ഗായകൻ (തമിഴ്നാട് സംസ്ഥാന അവാർഡ്) - 1995 & 2004
- ഇന്ത്യൻ സിനിമാഗാന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള സ്വരലയ-കൈരളി-യേശുദാസ് അവാർഡ് - 2004
കൗതുകങ്ങൾ
- 2005ൽ പുറത്തിറങ്ങിയ പവർ ഓഫ് വിമെൻ എന്ന ചിത്രത്തിൽ ഖുഷ്ബുവിനൊപ്പം അഭിനയിച്ച അദ്ദേഹം ബോയ്സ് (തമിഴ്), മില്ലേനിയം സ്റ്റാർസ് (മലയാളം) എന്നീ ചിത്രങ്ങളിൽ അതിഥിവേഷങ്ങൾ ചെയ്തിട്ടുണ്ട്.
ചിത്രം: രാകേഷ് കോന്നി