Image : Nandan
ചലച്ചിത്ര പിന്നണി ഗായിക. ഡോക്ടർ വിജയേന്ദ്രന്റെയും, ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31 ന് കൊച്ചിയിൽ ജനിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം തിരു - കൊച്ചിയുടെ ആദ്യമുഖ്യമന്ത്രിയായിരുന്ന പറവൂർ ടി കെ നാരായണപ്പിള്ളയുടെ പൗത്രിയാണ് സുജാത. എട്ടാം വയസ്സിൽ കലാഭവനിൽ ചേർന്നതോടെയാണ് സുജാത ശ്രദ്ധിയ്ക്കപ്പെട്ടുതുടങ്ങിയത്. അക്കാലത്ത് കലാഭവന്റെ ആബേലച്ചന്റെ രചനയിൽ ഇറങ്ങിയ നിരവധി കൃസ്തീയ ഭക്തിഗാന കസറ്റുകളിൽ സുജാത പാടിയിട്ടുണ്ട്. പത്താമത്തെ വയസ്സുമുതൽക്കാണ് സുജാത ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയത്. നെയ്യാറ്റിൻകര വാസുദേവൻ,കല്യാണസുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരായിരുന്നു സംഗീതത്തിലെ ഗുരുക്കന്മാർ. സുജാത തന്റെ പന്ത്രണ്ടാമത്തെവയസ്സിലാണ് സിനിമയിൽ ആദ്യമായിപാടുന്നത്. ഒ എൻ വി ക്കുറുപ്പിന്റെ വരികൾക്ക് എം കെ അർജ്ജുനൻ സംഗീതം നൽകിയ "കണ്ണെഴുതി പൊട്ടുതൊട്ട്..." എന്ന ഗാനമായിരുന്നു പാടിയത്. ടൂറിസ്റ്റ് ബംഗ്ലാവ് ആയിരുന്നു ആ സിനിമ. അതേ വർഷം തന്നെ ശ്യാമിന്റെ സംഗീതത്തിൽ "കാമം ക്രോധം മോഹം" എന്ന സിനിമയിലെ "സ്വപ്നം കാണും പെണ്ണേ..." എന്ന ഗാനം യേശുദാസിനോടൊപ്പം പാടി. പിന്നീട് സലിൽ ചൗധരിയുടെ സംഗീതത്തിൽ അപരാധി എന്ന ചിത്രത്തിലും പാടി. എഴുപതുകളിൽ ബേബി സുജാത എന്ന പേരിൽ പ്രശസ്തയായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ യേശുദാസിനോടൊപ്പം നിരവധി ഗാനമേളകളിൽ സുജാത പങ്കെടുത്തിരുന്നു.
ഇളയരാജയുടെ സംഗീതത്തിൽ 1977ൽ കാവിക്കുയിൽ എന്ന സിനിമയ്ക്കുവേണ്ടിയാണ് സുജാത ആദ്യമായി തമിഴിൽ പാടുന്നത്. എന്നാൽ ആ ഗാനം സിനിമയിൽ ഉണ്ടായിരുന്നില്ല. സുജാതയുടെതായി ആദ്യം തമിൾ സിനിമയിൽ വന്നത് ഇളയരാജയുടെ തന്നെ സംഗീതത്തിൽ 1978 ൽ റിലീസ് ചെയ്ത ഗായത്രി എന്നസിനിമയിലെ "കാലൈ പാനിയിൽ..." എന്നഗാനമായിരുന്നു.
എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ധാരാളം ലളിതഗാനങ്ങൾ സുജാത പാടിയിട്ടുണ്ട്. അവയിൽ "ഓടക്കുഴൽ വിളി ഒഴുകിവരും.." എന്ന ഗാനം വളരെ പോപ്പുലറായിരുന്നു. 1981ൽ സുജാത ഡോക്ടർ കൃഷ്ണമോഹനെ വിവാഹംചെയ്തു. വിവാഹത്തിനുശേഷം സുജാതമോഹൻ കുറച്ചുകാലം പിന്നണി ഗാനരംഗത്തുനിന്ന് വിട്ടുനിന്നു. പിന്നീട് പ്രിയദർശൻ ചിത്രമായ കടത്തനാടൻ അമ്പാടിയിൽ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. തുടർന്ന് പ്രിയദർശൻ ചിത്രങ്ങളായ ചിത്രം, വന്ദനം എന്നീ സിനിമകളിൽ പാടുകയും അവയെല്ലാം ഹിറ്റാവുകയും ചെയ്തതോടെ, തൊണ്ണൂറുകളിൽ സുജാത മോഹൻ മലയാളത്തിലെ മുന്നണി ഗായകരുടെ നിരയിലേയ്ക്കുയർന്നു.
1992ൽ എ ആർ റഹ്മാന്റെ സംഗീതത്തിൽ പാടിയ റോജയിലെ "പുതുവെള്ളൈ മഴൈ.. എന്ന ഗാനം വലിയ ഹിറ്റായതോടെ സുജാതമോഹൻ തമിഴിലും പ്രശസ്തയായി. തുടർന്ന് തമിഴിൽ ധാരാളം ഗാനങ്ങൾ സുജാതയുടെതായി പുറത്തിറങ്ങി അവയിൽ കൂടുതൽ ഹിറ്റുകളും എ ആർ റഹ്മാനോടൊപ്പമുള്ളവയായിരുന്നു. മലയാളം,തമിഴ് എന്നിവകൂടാതെ തെലുങ്കു, കന്നഡ, ഹിന്ദി സിനിമകളിലും സുജാതമോഹൻ പാടിയിട്ടുണ്ട്. 10000 ൽ അധികം ഗാനങ്ങൾ വിവിധ ഭാഷകളിലായി സുജാത പാടിയിട്ടുണ്ട്.
സുജാത മോഹന് ലഭിച്ച പുരസ്ക്കാരങ്ങൾ..
1996 }
1998 } -- മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം.
2006 }
--------------------------
1993 }
1996 } - മികച്ച പിന്നണി ഗായികയ്ക്കുള്ള തമിൾനാട് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം.
2001 }
സുജാതമോഹന്റെ മകൾ ശ്വേതമോഹൻ പ്രശസ്ത പിന്നണി ഗായികയാണ്. പല ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ വിധികർത്താവായും സുജാത മോഹൻ പങ്കെടുക്കാറുണ്ട്.