ത്യാഗരാജൻ

Submitted by m3admin on Thu, 11/25/2010 - 08:30
Name in English
Thyagarajan
Artist's field

തെന്നിന്ത്യൻ ഫൈറ്റ്മാസ്റ്റർ, സ്റ്റണ്ട് കൊറിയോഗ്രാഫറാണ് ത്യാഗരാജൻ. തമിഴ്നാട്ടിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ത്യാഗരാജന്റെ ജനനം. വളരെ കഷ്ടപ്പാടു നിറഞ്ഞ ജീവിതമായിരുന്നു അദ്ധേഹത്തിന്റേത്. ഒരു സിനിമാ നടനാകുക എന്നതായിരുന്നു ത്യാഗരാജന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനുവേണ്ടി 1958-ൽ അദ്ദേഹം മദ്രാസിലേയ്ക്ക് പുറപ്പെട്ടു. വളരെ ശ്രമിച്ചെങ്കിലും അദ്ധേഹത്തിന് തന്റെ ആഗ്രഹം പോലെ നടനാകാൻ കഴിഞ്ഞില്ല, നടനാകാനുള്ള മോഹം ഉപേക്ഷിച്ചെങ്കിലും, സിനിമാമോഹം ത്യാഗരാജൻ ഉപേക്ഷിച്ചില്ല.  സിനിമയിലെ മറ്റേതെങ്കിലും മേഖലയിൽ പ്രവർത്തിയ്ക്കുവാൻ അദ്ധേഹം തീരുമാനിച്ചു. അങ്ങിനെ ത്യാഗരാജൻ തിരഞ്ഞെടുത്ത മേഖലയാണ് സ്റ്റണ്ട്.

  ആ കാലത്തെ പ്രധാന സ്റ്റൻണ്ട് ഡയറക്ടറായിരുന്നു പുരുഷോത്തമനെന്ന പുലികേശി. പുലികേശിയ്ക്കു കീഴിൽ ത്യാഗരാജൻ പ്രവർത്തിയ്ക്കാൻ തുടങ്ങി. നായകൻ മാരുടെ ഡ്യൂപ്പായും സംഘട്ടന സഹായിയായും അദ്ധേഹം പ്രവർത്തിച്ചു. 1966-ൽ ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ അപകടത്തിൽ സ്റ്റൻണ്ട്മാസ്റ്റർ പുലികേശി മരിച്ചു. തന്റെ ഗുരുവിന്റെ മരണത്തിൽ തളർന്നുപോയ ത്യാഗരാജൻ സിനിമ ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. എന്നാൽ മെറിലൻഡ് ഉടമ സുബ്രമണ്യം മുതലാളി തന്റെ സിനിമയിൽ പുലികേശിയ്ക്ക് പൂർത്തിയാക്കാൻ കഴിയാത്ത ഭാഗം പൂർത്തിയാക്കുന്നതിന് ത്യാഗരാജനെ വിളിച്ചു. 

തന്റെ ഗുരു പാതി വഴിയ്ക്കു വെച്ച് നിർത്തിയ സംഘട്ടന രംഗം വളരെ മികച്ചരീതിയിൽ ചെയ്തുകൊണ്ട് സിനിമാ സംഘട്ടന സംവിധാന രംഗത്ത് തന്റെ ചുവടുറപ്പിയ്ക്കുമ്പോൾ ത്യഗരാജന്റെ പ്രായം 23 വയസ്സ് മാത്രമായിരുന്നു. തുടർന്ന് ധാരാളം സിനിമകളിൽ അദ്ധേഹം സ്റ്റൻണ്ട് രംഗങ്ങൾ  സംവിധാനം ചെയ്തു. താമസിയാതെ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റൻണ്ട് മാസ്റ്ററായി ത്യാഗരാജൻ മാറി. തെന്നിന്ത്യൻ ഭാഷകളിൽ മാതമല്ല ഹിന്ദിയിലും അദ്ധേഹം സ്റ്റൻണ്ട് കൊറിയോഗ്രഫി ചെയ്തു. നൂറിലധികം ഹിന്ദി ചിത്രങ്ങൾക്ക് അദ്ധേഹം സംഘട്ടന രംഗമൊരുക്കി. എല്ലാ ഭാഷകളിലുമാായി രണ്ടായിരത്തിനുമുകളിൽ സിനിമകൾക്ക് അദ്ധേഹം സംഘട്ടനമൊരുക്കി. മലയാളത്തിൽ സത്യൻ,പ്രേംനസീർ,മധു,ജയൻ,മമ്മൂട്ടി,മോഹൻലാൽ,സുരേഷ്ഗോപി...തുടങ്ങി പൃഥിരാജ് വരെ പലതലമുറയിൽ പെട്ട നായകന്മാർക്ക് അദ്ധേഹം സംഘട്ടന സംവിധാനം നൃവഹിച്ചു. പ്രേംനസീറിനുവേണ്ടിമാത്രം ത്യാഗരജൻ നാനൂറോളം സിനിമകളിൽ സറ്റൻണ്ട് ചെയ്തു. ഫിലിംഫെയറിന്റെ മികച്ച സ്റ്റൻണ്ട് കൊറിയോഗ്രാഫർക്കുള്ള അവാർഡ് ഇന്ത്യയിൽ ആദ്യമായി ലഭിച്ചത് ത്യാഗരാജനായിരുന്നു. ഒരു സ്റ്റൻണ്ട് നടനുവേണ്ട ഉയരമോ ശരീരമോ ഇല്ലാഞ്ഞിട്ടുപോലും ആ മേഖലയിൽ ഉയരങ്ങളിലെത്തിയത് ത്യാഗരാജന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട്മാത്രമാണ്.