ഷൊർണൂരിനടുത്ത് പട്ടാമ്പി സ്വദേശി. തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം നാടക-സിനിമാ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2000ൽ നിർമ്മിച്ച ‘മൺകോലങ്ങൾ” ആണ് ആദ്യ സിനിമ. സിനിമ റിലീസായില്ലെങ്കിലും അതിലെ മുഖ്യ വേഷം ആ വർഷത്തെ സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ലാൽജോസിന്റെ ‘മീശ മാധവൻ” എന്ന സിനിമയിൽ നായകന്റെ കൂട്ടുകാരൻ വേഷം. ഇതിൽ ക്ഷേത്രത്തിലെ വെടിവഴിപാട് അനൌൺസ് ചെയ്യുന്ന രംഗം (കൃഷ്ണവിലാസം ഭഗീരഥൻ പിള്ളാ...) പ്രേക്ഷകരെ നന്നായി ചിരിപ്പിച്ചു. തുടർന്ന് ലാൽജോസിന്റെ പല സിനിമകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തു. രസികനിലെ കവി, അറബിക്കഥയിലെ റിബൽ സഖാവ്, അച്ഛനുറങ്ങാത്ത വീടിലെ ബസ്സ് ക്ലീനർ. എം മോഹനന്റെ കഥപറയുമ്പോഴിലെ രാഷ്ട്രീയക്കാരൻ, ലോഹിതദാസിന്റെ ചക്കരമുത്തിലെ നായകന്റെ ചേട്ടൻ അങ്ങിനെ നിരവധി ശ്രദ്ധേയ വേഷങ്ങളുണ്ട്.
2011-12 വർഷങ്ങളിൽ മലയാള സിനിമയിൽ കൂടുതൽ പ്രാധാന്യമേറിയ വേഷങ്ങൾ മണികണ്ഠനെ തേടിവരുന്നുണ്ട്. സിദ്ധാർത്ഥിന്റെ ‘നിദ്ര’ അരുൺകുമാറിന്റെ ‘ഈ അടുത്ത കാലത്ത്’ സിനിമയിലെ ബ്രാഹ്മണൻ, ജോണി ആന്റണിയുടേ താപ്പനയിലെ പഞ്ചായത്ത് പ്രസിഡണ്ട്, ലിജിൻ ജോസിന്റെ ‘ഫ്രൈഡേ’യിലെ തട്ടിപ്പ് പാതിരിയൊക്കെ മണികണ്ഠന്റെ മികച്ച വേഷങ്ങളാണ്.
2011-12 വർഷങ്ങളിൽ മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന‘മറിമായം’ എന്ന ആക്ഷേപ ഹാസ്യ സീരിയലിലെ സത്യശീലൻ എന്ന കഥാപാത്രവും സീരിയലും ഏറെ ശ്രദ്ധിക്കപ്പെട്ടു. മറിമായത്തിലെ പ്രകടനത്തിനു ഈ വർഷത്തെ മികച്ച കൊമേഡിയനുള്ള അവാർഡും മണികണ്ഠനു ലഭിച്ചു.
- 4547 views