ഇളയരാജ

Submitted by admin on Tue, 01/27/2009 - 21:34
Name in English
Ilayaraja

 

തെന്നിന്ത്യയിലെ സംഗീതലോകത്ത് തികഞ്ഞ വ്യക്തിപ്രഭാവമുള്ള സംഗീതജ്ഞനാണ് ഇളയരാജ എന്ന ഡാനിയല്‍ രാജയ്യ. സ്വന്തമായി സിംഫണിയൊരുക്കിയ ഏക ഇന്ത്യന്‍ സംഗീതപ്രതിഭ.  സിനിമാസംഗീത ത്തിലൂടെ  സിനിമാപ്രേമികളെയും സംഗീതസ്നേഹികളെയും ഒരു പോലെ തൃപ്തിപ്പെടുത്താനായി എന്നതാണ് ഇളയരാജയുടെ വിജയം. 

 തമിഴ് നാട്ടിലെ പുന്നൈപുരത്തു 1943 ല്‍ ജനിച്ചു. എസ്റ്റേറ്റ് സൂപ്പര്‍ വൈസറായ രാമസ്വാമിയാണ്  ഇളയരാജയുടെ പിതാവ്. ഇദ്ദേഹത്തിന്റെ പത്തു മക്കളില്‍  എട്ടാമനായ ഇളയരാജ നാലാം ഭാര്യ ചിന്നത്തായുടെ മകനാണ്.
സഹോദരങ്ങള്‍:  പാവലന്‍ ദേവരാജന്‍, ഭാസ്കര്‍,  ഗംഗൈ അമരന്‍(സംഗീതസംവിധായകന്‍).
സഹോദരന്റെ ഗാനമേള സംഘമായ 'പാവലാര്‍ ബ്രദേഴ്സില്‍ പാടി ക്കൊണ്ടായിരുന്നു സംഗീതത്തിലേക്ക് തുടക്കം കുറിച്ചത് .   റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി കവലകള്‍ തോറും പാടിയ ചരിത്രവും ഈ സംഗീതചക്രവര്‍ത്തിക്കുണ്ട്.  

തുടര്‍ന്ന് ജോലിതേടി മദ്രാസിലേക്കു താമസം മാറി. അവിടെ 'മെല്ലി ശൈമന്നന്‍ എന്നു പേരുകേട്ട   വിശ്വനാഥന്‍, ന്ന.ര്‍. മഹാദേവന്‍, ശങ്കര്‍-ഗണേശ് ടീം എന്നിവരോടൊത്ത് സഹവാസം.  ഇത് സിനിമാ സംഗീതലോകത്തെക്കുറിച്ച് ഇളയരാജയ്ക്ക് അറിവുനല്‍കി.
സംഗീതസംവിധായകന്‍ ജി.കെ. വെങ്കിടേശിന്റെ അസിസ്റ്റന്റായി  കുറച്ചു കാലം ജോലി ചെയ്തു.
അവിടെ നിന്നു ഗിറ്റാര്‍ പഠിച്ചു.ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിന്റെ ഗിറ്റാര്‍ പരീക്ഷ സ്വര്‍ണ മെഡലോടെ പാസായി. പാശ്ചാത്യസംഗീതത്തില്‍ ഇളയരാജക്കുള്ള താല്‍പര്യം വളര്‍ന്നു പന്തലിച്ചത്   ധന്‍രാജ് ഗുരുവിന്റെ കീഴിലുള്ള  പഠനത്തോടെയാണ്..

പഞ്ചു അരുണാചലം നിര്‍മിച്ച 'അന്നക്കിളിയിലെ ഗാനങ്ങള്‍ക്ക് ആദ്യമായി  സംഗീതം പകര്‍ന്നുകൊണ്ടാണ് സിനിമാസംഗീതത്തിലേ ക്കുള്ള അരങ്ങേറ്റം.  അതിലെ 6 പാട്ടുകളും ഹിറ്റായി. ഇളയരാജ സംഗീതം നല്‍കി  സ്വന്തമായി നിര്‍മിച്ച സിനിമയാണ്  'എന്‍ ബൊമ്മ ക്കുട്ടി അമ്മാവുക്ക. മലയാളത്തിലും തമിഴിലും നിര്‍മിച്ച ' ആറുമണിക്കൂര്‍ ആണ് മലയാളികള്‍ ആദ്യമായി കേട്ട ഇളയരാജാഗാനം.  എന്നാല്‍ മലയാളത്തില്‍ മാത്രമായി സംഗീതം നല്‍കിയ സിനിമ വ്യാമോഹം ആണ്. പാറ എന്ന മലയാളസിനിമയില്‍  അരുവികള്‍ ഓളം തുള്ളും   എന്ന ഗാനം കണ്ണൂര്‍ രാജന്റെ സംഗീതസംവിധാനത്തില്‍ പാടി.  ടോമിന്‍ തച്ചങ്കരിയുടെ ചിൿചാം ചിറകടി എന്ന ആല്‍ബത്തില്‍ ഇളയരാജ 'സത്യം വിശ്വൈകമന്ത്രണം എന്ന ഗാനത്തിനു ശബ്ദം നല്‍കി.


മൂന്നു ദേശീയ അവാര്‍ഡുകള്‍ - സാഗരസംഗമം, സിന്ധുഭൈരവി, രുദ്രവീണ.
ലതാമങ്കേഷ്കര്‍ അവാര്‍ഡ് (മധ്യപ്രദേശ് സര്‍ക്കാര്‍)
മധുര കാമരാജ് യൂണിവേഴ്സിറ്റി ഡി-ലിറ്റ് നല്‍കി.
മൂന്നാംപിറ, സാഗരസംഗമം, സിന്ധുഭൈരവി, മൌനരാഗം,  ഗീതാഞ്ജലി,  വീട്, അഗ്നിനക്ഷത്രം, അഞ്ജലി, തേവര്‍ മകന്‍ എന്നീ ചിത്രങ്ങള്‍ക്ക് തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡുകള്‍.
ലണ്ടനിലെ റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയ്ക്കു വേണ്ടി  ഒരു മാസം കൊണ്ട് സിംഫണി രചിച്ചു.

കേരള സംസ്ഥാന അവാര്‍ഡ്
പശ്ചാത്തല സംഗീതം-കല്ലു കൊണ്ടൊരു പെണ്ണ്                                    
സംഗീത സംവിധാനം - കാലാപാനി                                      
പശ്ചാത്തല സംഗീതം - സമ്മോഹനം

ചിത്ര, കൃഷ്ണചന്ദ്രന്‍, ഉണ്ണിമേനോന്‍ , ജെന്‍സി, മിന്‍മിനി, ഉണ്ണികൃഷ്ണന്‍ എന്നീ ഗായകരെ അവതരിപ്പിച്ചത് ഇളയരാജ ആണു.


കുടുംബം   
ഭാര്യ - ജീവ. 
മക്കള്‍ :കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ, ഭവതരിണി.  കളിയൂഞ്ഞാല്‍ എന്ന മലായാള ചിത്രത്തില്‍ 'കല്ല്യാണ പല്ലക്കിലേറി പ്പയ്യന്‍... എന്ന ഗാനം പാടിയത് ഭവതരിണിയാണ്.

കടപ്പാട് :മലയാള മനോരമ