കമൽ

Submitted by Kiranz on Wed, 10/13/2010 - 18:23
Name in English
Kamal
Date of Birth

സംവിധായകൻ-എഴുത്തുകാരൻ. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തെ മതിലകത്ത് കെ എം അബ്ദുൾ മജീദിന്റെയും സുലൈഖാബിയുടെയും മൂന്നു മക്കളിൽ മൂത്ത മകനായി ജനനം.ബിരുദത്തിനു ശേഷം സിനിമാ മേഖലയിലേക്ക് എത്തിച്ചേരാനുള്ള താല്പര്യം കമലിനെ തൃശ്ശൂർ കലാഭാരതി ഫിലിം ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർത്ഥിയാക്കി. അമ്മാവൻ യൂസഫ് പടിയത്തും ബന്ധുവും അഭിനേതാവുമായ ബഹദൂറുമാണ് കമലിന്റെ ചലച്ചിത്രസ്വപ്നങ്ങൾക്ക് കരുത്ത് പകർന്നത്. ത്രാസം എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് കമാലുദ്ദീൻ മുഹമ്മദ് എന്ന കമൽ മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. ഭരതന്റെയും പി എൻ മേനോന്റെയും കെ എസ് സേതുമാധവന്റെയും സംവിധാന സഹായിയായി സിനിമാമേഖലയിൽ പ്രവർത്തിച്ച പരിചയം 1986ൽ പുറത്തിറങ്ങിയ മിഴിനീർപ്പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്യാൻ കമലിനെ പ്രാപ്തനാക്കി. ജോൺപോളിന്റെ തിരക്കഥയിൽ മോഹൻലാലും ഉർവ്വശിയും അഭിനയിച്ച മിഴിനീർപ്പൂവുകൾ മാധ്യമശ്രദ്ധ കരസ്ഥമാക്കിയിരുന്നു.

തുടർന്ന് നാളിതു വരെ ഏകദേശം നാൽപ്പതിലധികം മലയാള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.സാമ്പത്തിക വിജയവും കലാമൂല്യവും നേടിയ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകൻ എന്ന പേരു കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച ചലച്ചിത്രഗാനങ്ങൾ കമൽ ചിത്രങ്ങളുടെ പ്രത്യേകതയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.കേരള ചലച്ചിത്ര അക്കാദമി അംഗമായും സിനിമാ ടെക്നീഷ്യൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.മികച്ച സംവിധായകനായും തിരക്കഥാകൃത്തുമായി സംസ്ഥാനതലത്തിലും ദേശീയതലത്തിലും അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. പുതുസിനിമകളിലൂടെ ജനപ്രിയരായ ലാൽജോസ്,ആഷിഖ് അബു തുടങ്ങി ശ്രദ്ധേയരായ ഒരുപറ്റം സംവിധായകർ കമലിന്റെ ശിഷ്യഗണമായി അറിയപ്പെടുന്നു.

തന്റെ അമ്മാവന്റെ മകൾ സൗറാബിയെയാണ് കമൽ വിവാഹം കഴിച്ചത്. മകൻ ജാനൂസ് മുഹമ്മദ്,മകൾ ഹന്ന കമൽ.

കമലിന്റെ വെബ് സൈറ്റ് - http://directorkamal.com