വിദ്യാസാഗർ

Submitted by nanz on Thu, 02/12/2009 - 21:11
Name in English
Vidyasagar

ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ കിഴക്കേ ഗോദാവരിയിലെ അമലാപുരത്ത് ജനനം. പിതാവ് സംഗീതജ്ഞനായിരുന്ന രാമചന്ദർ അമ്മ സൂര്യകാന്തം. ഒരു സഹോദരി വിജയശ്രീ. അച്ഛൻ രാമചന്ദർ  ദക്ഷിണേന്ത്യയിലെ മിക്ക സംഗീത സംവിധായകരുടേ കൂടെ ജോലി ചെയ്തിട്ടുണ്ട്. വിദ്യാസാഗറിന്റെ അച്ഛൻ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ വലിയ ആരാധകനായിരുന്നു. അതുകൊണ്ടാണ് തന്റെ മകനു വിദ്യാസാഗർ എന്ന പേരിട്ടത്.  വിദ്യാസാഗർ ജനിച്ച് ഒരു വർഷമായപ്പോൾ കുടുംബം ചെന്നൈയിലേക്ക് കുടിയേറി. വിദ്യാസാഗറിന്റെ പഠനവും വളർച്ചയും ചെന്നെയിലായിരുന്നു. ചെന്നെ ടി നഗർ വെങ്കിട്ട സുബ്ബുറാവു എച്ച് എസ് ഇന്ത്യൻ കോളേജിൽ നിന്ന് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ വിദ്യാസാഗർ ബിരുദം നേടി.

വിദ്യാസാഗറിന്റെ അപ്പൂപ്പൻ വരാഹസിംഹ മൂർത്തി കർണ്ണാടക സംഗീത ലോകത്ത് പ്രശസ്തനായിരുന്നു. വിജയനഗർ സാമ്രാജ്യത്തിന്റെ ആസ്ഥാന ഗായകനായിരുന്നു അദ്ദേഹം. വിദ്യാസാഗറിന്റെ ബാല്യം സംഗീതമയമായിരുന്നു. സ്ക്കൂൾ വിട്ടു വന്നാൽ അച്ഛന്റെ സ്റ്റുഡിയോയിലേക്ക്. അവിടെ ഗിറ്റാർ, പിയാനോ, സന്തുർ, കീ ബോർഡ്, വൈബ്രഫോൺ എന്നിവയിൽ കളിച്ചും പഠിച്ചും സംഗീതത്തിലേക്ക് എത്തി. പിന്നീട് മുഴുവൻ സംഗീതത്തിലേക്ക് മുഴുകി. ഇളയരാജയുടേയും ഗുരുവായ ധൻ രാജ് മാസ്റ്ററുടേ കീഴിൽ വെസ്റ്റേൺ സംഗീതം അഭ്യസിച്ചു.

1989ൽ ‘പൂമാനം’ എന്ന തമിഴ് ചിത്രത്തിനു  സംഗീതം ചെയ്തുകൊണ്ടാണ് സിനിമാ സംഗീത സംവിധാന രംഗത്ത് വന്നത്. ‘എൻ അൻപേ..’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു ആദ്യ സിനിമാ ഗാനം. പിന്നീട് തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി അടക്കം നിരവധി ഭാഷകളിൽ സംഗീതം ചെയ്തിട്ടുണ്ട്. മലയാളിയായ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘ബിയോണ്ട് ദി സോൾ’ എന്ന ഇംഗ്ലീഷ് ചിത്രത്തിനും സംഗീതം നൽകി. ഇരുപതു വർഷത്തിലേറെയായി സിനിമാ സംഗീത രംഗത്ത് നിൽക്കുന്നു മുന്നൂറോളം പാട്ടുകൾ ചെയ്തു.

എം എസ് വിശ്വനാഥൻ, മദൻ മോഹൻ, ഇളയരാജ എന്നിവരാണ് വിദ്യാസാഗറിന്റെ ഗുരുനാഥന്മാരും വഴികാട്ടികളും.

ഭാര്യം സൂര്യകാന്തം (വിദ്യാസാഗറിന്റെ മാതാവിന്റെ പേരു തന്നെയാണ് ഭാര്യയുടെ പേരും) മക്കൾ:പല്ലവി, ശ്രീദേവി, വിനീത, ഹർഷവർദ്ധൻ.