1980 കാലഘട്ടത്തിൽ ആലപ്പുഴ ജില്ലയിലെ ഒരു കായലോര പ്രദേശത്ത് അജയൻ (ബിജു മേനോൻ) എന്നൊരു തൊഴിലാളി നേതാവ് കൊല്ലപ്പെട്ടു. ആ കൊലപാതകത്തിനു പിന്നിൽ സ്ഥലത്തെ പ്രമാണിയും പ്രധാന കച്ചവടക്കാരനുമായ ആലിക്കോയ (വി. കെ ശ്രീരാമൻ) യും സംഘവുമാണെന്നു ശ്രുതിയുണ്ടെങ്കിലും സ്ഥലം എസ്. പി (ജനാർദ്ദനൻ നായർ) ക്കും പോലീസ് സംഘത്തിനും ആലിക്കോയയേയോ സംഘത്തേയോ അറസ്റ്റു ചെയ്യാൻ സാധിച്ചില്ല. ഈ പോലീസ് സംഘത്തിലുണ്ടായിരുന്ന പവിത്രൻ (മമ്മൂട്ടി) എന്ന മിടുക്കൻ പോലീസ് കോൺസ്റ്റബിൾ തന്റെ മകൾ ലക്ഷ്മി(പൂനം ബജ് വ)യുമായി പ്രണയത്തിലാണെന്ന് ദേശത്തെ പ്രധാന മോഷ്ടാവായ ഒടിയൻ ചന്തു(സുരാജ് വെഞ്ഞാറമൂട്)വിൽ നിന്നും എസ്. പി അറിയുന്നു. അതിൽ അനിഷ്ടം തോന്നിയ എസ്. പി, പവിത്രനെ കുടുക്കാൻ വേണ്ടി ഈ കേസന്വേഷണം പവിത്രനിലേക്ക് ഏൽപ്പിക്കുന്നു. സ്വതന്ത്രമായ കേസന്വേഷണം നടത്താൻ പവിത്രൻ പോലീസ് വേഷം മാറി ഒരു കച്ചവടക്കാരനായി ആലപ്പുഴയിലെ ഒരു കായൽ തീരത്ത് രാത്രിയിൽ വന്നു ചേരുന്നു. രാത്രിയിൽ താമസികാൻ ഒരു മുറിയൊന്നും കിട്ടാത്തതുകൊണ്ട് മരിച്ചു പോയ അജയന്റെ അച്ഛൻ കാലടി ഗോവിന്ദന്റെ (ജഗതി) വള്ളത്തിൽ കിടന്നുറങ്ങിയത് കാലടി ഗോവിന്ദനും മകൾ അമ്മു(കാവ്യാ മാധവൻ)വും പിറ്റേ ദിവസമാണ് കാണുന്നത്. നാട്ടിൽ കച്ചവടം ചെയ്യാനുറച്ച പവിത്രൻ നാട്ടിലെ പ്രമാണിയും പ്രമുഖ കയർ കച്ചവടക്കാരനുമായ ചുങ്കത്തറ രാഘവന്റെ (വിജയരാഘവൻ) തറവാട്ടിൽ എത്തുകയും അവിടെ നിന്ന് വലിയൊരു തുകക്ക് കയർ വാങ്ങിക്കുകയും ചെയ്യുന്നു. അതുമായി ആലിക്കോയയുടേ വീട്ടിലെത്തി കയർ വിൽക്കാൻ ശ്രമിക്കുമ്പോൾ പവിത്രൻ ചുങ്കത്തറക്കാർ വിലകുറഞ്ഞ കയർ കൊടുത്ത് അധിക വില വാങ്ങി വഞ്ചിക്കുകയായിരുന്നു എന്ന് പവിത്രൻ മനസ്സിലാക്കുന്നു. പക്ഷെ ബുദ്ധിമാനായ പവിത്രൻ താൻ കൊടുത്തതിലും അമിത വിലക്ക് അതേ കയർ ചുങ്കത്തറ രാഘവനും മകൻ അനിയപ്പനും (സുരേഷ് കൃഷ്ണ) വിൽക്കുകയും ലാഭം കൈക്കലാക്കുകയും ചെയ്യുന്നു. കച്ചവടത്തിൽ ലാഭം കിട്ടീയ പവിത്രൻ പിന്നീട് കച്ചവട ജീവിതം തുടരാനും പോലീസ് ജോലി രാജിവെക്കാനും തയ്യാറാകുന്നു. മോഷ്ടാവാണെങ്കിലും നാട്ടിൽ നല്ലൊരു മാന്യനെന്നറിയപ്പെടുന്ന ഒടിയൻ ചന്തുവിനെ കൂട്ടുപിടിച്ച് പവിത്രൻ നാട്ടിൽ ഒരു കയർ ഫാക്ടറി തുടങ്ങുന്നു. പവിത്രന്റെ പെരുമാറ്റവും മറ്റും അമ്മുവിൽ പവിത്രനോട് പ്രണയം സൃഷ്ടിക്കുന്നു. അതോടൊപ്പം ചുങ്കത്തറക്കരുടെ അധീനതയിലുണ്ടായിരുന്ന ബാങ്ക് ലേലത്തിൽ പിടിച്ച് നാട്ടിൽ ബാങ്കിങ്ങും പവിത്രൻ ആരംഭിക്കുന്നു. ആ സമയത്താണ് എസ്. പിയും മകൾ ലക്ഷ്മിയും ആ നാട്ടിലേക്ക് വരുന്നത്. ലക്ഷ്മിക്ക് അവിടെ ഒരു ബാങ്കിൽ ജോലിയായിട്ട്. മുതലാളിയായ പവിത്രനെ കണ്ട് എസ് പി പവിത്രനെ തന്റെ മകൾ ലക്ഷ്മിയുമായി വിവാഹം നടത്താൻ ഒരുങ്ങുന്നു. അതിനിടയിൽ ഒരു ദിവസം പവിത്രനോട് തന്റെ ഇഷ്ടം പറയാൻ പവിത്രന്റെ വീട്ടിൽ എത്തിയ അമ്മുവിനേയും പവിത്രനേയും നാട്ടൂകാർ മറ്റൊരർത്ഥത്തിൽ സംശയിക്കുകയും ഇരുവരുടേയും വിവാഹം ഉടനെ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. നിവൃത്തിയില്ലാതെ പവിത്രൻ അമ്മുവിനെ വിവാഹം ചെയ്യുന്നു. ഇതിനിടയിൽ പവിത്രന്റെ വളർച്ചയിൽ പവിത്രനോട് ശത്രുത തോന്നിയ ആലിക്കോയയും ചുങ്കത്തറക്കാരും പവിത്രനെ തോൽപ്പിക്കാൻ പല തന്ത്രങ്ങളും ഉപയോഗിക്കുന്നു. അതിൻ പ്രകാരം പവിത്രന്റെ ബാങ്ക് രാത്രിയിൽ ആരോ തീവെച്ചു നശിപ്പിക്കുന്നു. പവിത്രൻ വലിയൊരു തുകക്ക് കടക്കാരനാകുന്നു. അതോടെ ആ കരയിലെ പവിത്രന്റെ ജീവിതം മറ്റൊരു അവസ്ഥയിലേക്ക്ക് മാറുകയാണ്. പിടീച്ചു നിൽക്കാനും തന്റെ സത്യസന്ധത വെളിവാക്കാനും പവിത്രൻ ശ്രമിക്കുമ്പോൾ ശത്രുക്കൾ കൂടൂതൽ പ്രബലരായി ആഞ്ഞടിക്കാൻ ശ്രമിക്കുന്നു...അതോടെ വെനീസിലെ കഥ മാറുകയാണ്.