ഗിരീഷ് പുത്തഞ്ചേരി

Submitted by tester on Sun, 02/01/2009 - 23:19
Name in English
Gireesh Puthancheri
Date of Birth
Date of Death
കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം. ജ്യോതിഷം,വൈദ്യം,വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായ പുളിക്കൂൽ കൃഷ്ണൻ പണിക്കരുടെയും കർണ്ണാടക സംഗീതവിദുഷിയായ മീനാക്ഷിയമ്മയുടെയും മകൻ.പുത്തഞ്ചേരി ഗവണ്മെന്റ് എൽ പി സ്ക്കൂൾ,മൊടക്കല്ലൂർ AUP സ്ക്കൂൾ,പാലോറ ഹൈസ്കൂൾ,ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്,കോഴിക്കോട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആകാശവാണിയുടെ വിവിധ നിലയങ്ങൾക്ക് ലളിതഗാനങ്ങളെഴുതിക്കൊണ്ടുള്ള തുടക്കം. H M V , രംഗിണി തുടങ്ങിയ റെക്കോഡിംഗ് കമ്പനികൾക്കു വേണ്ടിയും ടി വി ചാനലുകൾക്കു വേണ്ടിയും ഒട്ടേറെ ഗാനങ്ങളെഴുതി.

നാടകരംഗത്തു സജീവമായിരിക്കെ, രഞ്ജിത്ത് തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയാണു മലയാള സിനിമയില്‍ ഗിരീഷ് ഹരിശ്രീ കുറിക്കുന്നത്. എംജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ദേവാസുരത്തിലെ 'സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനം സൂപ്പര്‍ ഹിറ്റായി മാറിയതോടെ മലയാള സിനിമാ ഗാനശാഖയിലും ഗിരീഷ് പുത്തഞ്ചേരി എന്ന പേരു സൂപ്പര്‍ഹിറ്റായി. എ.ആര്‍. റഹ്മാന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, ഇളയരാജ, രവീന്ദ്രന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ഇൌണങ്ങള്‍ക്കു ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളെഴുതി.

നിലാവിന്റെ നീലഭസ്മ..(അഗ്നിദേവന്‍-1995), പിന്നെയും പിന്നെയും..(കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്-1997), കനകമുന്തിരികള്‍..(പുനരധിവാസം-1999), ആകാശ ദീപങ്ങള്‍ സാക്ഷി..(രാവണപ്രഭു-2001), കാര്‍മുകില്‍ വര്‍ണ്ണന്റെ..(നന്ദനം-2002), ഉറങ്ങാതെ രാവുറങ്ങീല..(ഗൗരീശങ്കരം-2003),കണ്ണും നട്ട് കാത്തിരുന്നിട്ടും..(കഥാവശേഷന്‍-2004) എന്നീ ഗാനങ്ങളാണ് അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്.

 അദ്ദേഹം ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചത് അന്തരിച്ച സംഗീത സവിധായകന്‍ രവീന്ദ്രനുമായി ചേര്‍ന്നാണ്. 'മനസ്സിന്‍ മണിച്ചിമിഴില്‍ പനിനീര്‍ത്തുള്ളിപോല്‍, വെറുതേ പെയ്തുനിറയും രാത്രിമഴയാമോര്‍മകള്‍ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിനുവേണ്ടി രവീന്ദ്രന്റെ സംഗീതത്തില്‍ അദ്ദേഹം എഴുതിയ  ഈ വരികള്‍ മഴയെക്കുറിച്ചു സിനിമയ്ക്കു വേണ്ടി  എഴുതിയ ആദ്യ വരികളായിരുന്നു. മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍, 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ (കന്മദം), 'ദീനദയാലോ രാമാ, 'മനസ്സിന്‍ മണിച്ചിമിഴില്‍ (അരയന്നങ്ങളുടെ വീട്), 'ഹരിമുരളീരവം, 'പാടീ തൊടിയിലേതോ (ആറാം തമ്പുരാന്‍), 'മൌലിയില്‍ മയില്‍പ്പീലി ചാര്‍ത്തി, 'കാര്‍മുകില്‍വര്‍ണന്റെ ചുണ്ടില്‍, 'ഗോപികേ, 'മനസ്സില്‍ മിഥുനമഴ (നന്ദനം), 'എന്തേ മുല്ലേ പൂക്കാത്തൂ (പഞ്ചലോഹം) തുടങ്ങി ഒരുപാടു ഗാനങ്ങള്‍  ഒരുമിച്ചൊരുക്കിയിട്ടുണ്ട്.
മുന്നൂറിൽ പരം ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചു.ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റിന്റെ പുരസ്കാരം ലഭിച്ചു.ഒട്ടനവധി അവാർഡുകൾ വേറെയും.മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖർക്കു  പുറമേ ലതാ മങ്കേഷ്കർ,എ ആർ റഹ്മാൻ, ഇളയ രാജ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചു.മേലേപ്പറമ്പിൽ ആൺ വീട് എന്ന ചിത്രത്തിനു കഥയും,കിന്നരിപ്പുഴയോരം പല്ലാവൂർ ദേവനാരായണൻ , വടക്കും നാഥൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ - സംഭാഷണവും രചിച്ചു. ഷഡ്ജം , തനിച്ചല്ല എന്നീ രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.ഭാര്യ :ബീന , മക്കൾ : ജിതിൻ കൃഷ്ണൻ , ദിനനാഥ്, വിലാസം : തുളസീദളം.കാരപ്പറമ്പ് പി ഒ, കോഴിക്കോട് - 10

2010 ഫെബ്രുവരി 10 ആം തീയതി പക്ഷാഘാതത്തെ തുടര്‍ന്നു അന്തരിച്ചു.