ക്രേസി ഗോപാലന്‍,തേജാഭായ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രം ഫയർമാൻ. നൈല ഉഷ ,ഉണ്ണി മുകുന്ദൻ,സിദ്ദിക്ക്,ഹരീഷ് പേരഡി തുടങ്ങിയവർ അഭിനയിക്കുന്നു. ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീലാണ് ചിത്രം
ഒരു റെസ്‌ക്യൂ ഓപ്പറേഷന്റെ കഥ പറയുന്ന ചിത്രത്തില്‍ ഫയര്‍മാനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഒരു നഗരത്തിൽ തികച്ചും ആകസ്മികമായുണ്ടായ തീപിടുത്തം തടയാൻ ഫയർഫോഴ്സ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഫോക്കസ്. സ്റ്റണ്ടും സസ്‌പെന്‍സും ചിത്രത്തിലുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു
മിലി കൊച്ചു കുഞ്ഞുങ്ങളുടെ ടീച്ചറാണ്. ആരോടും അധികം സംസാരിക്കാത്ത ഒരു അന്തർമുഖിയും. മറ്റുള്ളവരുമായി കൂട്ടുകൂടാതെ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഉൾവലിഞ്ഞു ജീവിക്കുന്ന പ്രകൃതം. എന്നാൽ മിലി നവീൻ എന്ന ചെറുപ്പക്കാരനുമായി നല്ല സൗഹൃദത്തിലാണ്. സ്വഭാവത്തിൽ എന്ന പോലെ തൊഴിൽ മേഖലയിലും രണ്ടു ധ്രുവങ്ങളിൽ കഴിയുന്ന മിലീയും നവീനും കൂടുതൽ ഇടപഴകുമ്പോൾ മിലിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിൽ.
ഗീതാഞ്ജലിക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ആമയും മുയലും. ജയസൂര്യ, പിയ ബാജ്പയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ നെടുമുടിവേണു ,കൊച്ചുപ്രേമൻ,ഹരിശ്രീ അശോകൻ ,ഇടവേള ബാബു,ഇന്നസെന്റ് ,സുകന്യ ,നന്ദുലാൽ തുടങ്ങി ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ജെയ്സണ്‍ പുലിക്കോട്ടിൽ ആണ് ചിത്രം നിർമ്മിയ്ക്കുന്നത്
ഗൗളിപ്പാടി എന്ന സാങ്കല്‌പിക ഗ്രാമത്തിന്‍റെ പശ്‌ചാത്തലത്തിലൂടെയാണ് ആമയും മുയലും ഒരുക്കുന്നത്
കാശിനാഥനായി നെടുമുടിയും, നല്ലവനായി ഇന്നസെന്റും, കല്ലുവായി ജയസൂര്യയും, താമരയായി പിയ വാജ്‌പേയിയും എത്തുന്നു. കൂര്‍മബുദ്ധിക്കാരായ ആളുകളുടെ ഗ്രാമമാണ് ഗൗളിപ്പാടി. അവിടെ നടക്കുന്നൊരു കൊലപാതകം അവര്‍ ഒളിച്ചുവയ്ക്കുന്നു. ഏതുനിമിഷവും പിടിക്കപ്പെടുമെന്ന രീതിയിലുള്ള സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്. എല്ലാം കോമഡിയുടെ ട്രാക്കില്‍. ഹ്യൂമറും റൊമാന്‍സും ത്രില്ലറും ഒന്നിനൊന്നു ചേരുന്നതാണ് സിനിമയുടെ കഥയെന്ന് സംവിധായകൻ പ്രിയദര്‍ശന്‍.
ഉദയ് കൃഷ്ണ ,സിബി കെ തോമസിന്റെ തിരക്കഥയിൽ സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രം ഇവൻ 'മര്യാദരാമൻ'. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ് ,നിക്കി ഗൽറാനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു.
പൂനെയിൽ താമസമാക്കിയ രാമൻ ഒരു റൈസ് മില്ലിലെ തൊഴിലാളിയാണ്. ഒരു ജോലി ഉണ്ടെന്നതിനപ്പുറം കാര്യമായ മെച്ചമൊന്നും അയാൾക്കില്ല. എന്നാൽ പിന്നെ സ്വന്തമായി എന്തെങ്കിലും ചെയ്യാം എന്ന മോഹം അയാളിൽ ഉദിച്ചു. ഒരു ഓട്ടോറിക്ഷ വാങ്ങാം എന്ന ഉദ്ധേശത്തിൽ നാട്ടിലെത്തിയ രാമൻ, തൻറെ പൈതൃക സ്വത്ത് വിൽക്കാൻ വേണ്ടി പുറപ്പെടുന്നു. വഴിയിൽ നിക്കിയുടെ കഥാപാത്രത്തെ കാണുന്ന രാമൻ അവളുമായി സൗഹൃദത്തിലാകുന്നു. ഇരുവരുടെയും യാത്ര ഒരേ സ്ഥലത്തേക്ക്. പക്ഷെ അവൾക്കൊപ്പം നാട്ടിലെത്തിയ രാമന് കാണേണ്ടി വന്നത് തന്നെ കൊല്ലാനായി കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളെയാണ്. പൈതൃകമായി കൈമാറിയ പകയുടെ ആ കളിയിൽ രാമനെ കൊല്ലാൻ വെറിപൂണ്ടവരും മരിക്കാതിരിക്കാനുള്ള രാമൻറെ കഷ്ടപ്പാടുകളുമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.
2010ലെ തെലുങ്ക് ബ്ലോക്ക്ബസ്റ്ററായ 'മര്യാദ രാമണ്ണ'യുടെ റീമേക്കാണ് മര്യാദ രാമൻ. 1923ലെ ഹോളിവുഡ് ചിത്രം 'അവർ ഹോസ്പിറ്റാലിറ്റി'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എസ് എസ് രാജമൌലി 'മര്യാദരാമണ്ണ' ഒരുക്കിയത്. ഹിന്ദിയിൽ 'സണ്‍ ഓഫ് സർദാർ' എന്ന പേരിലും തമിഴിൽ 'വല്ലവനുക്ക് പുല്ലും ആയുധം'എന്ന പേരിലും ഈ സിനിമ റീമേക്ക് ചെയ്തിരുന്നു.
ഈ സിനിമയ്ക്ക് വേണ്ടി പൊള്ളാച്ചിയിൽ ഒരു കോടി രൂപ മുടക്കിയാണ് സെറ്റ് നിർമ്മിച്ചിരിക്കുന്നത്. 75ലക്ഷത്തിന്റെ ഗ്രാഫിക്സ് ജോലികളും സിനിമയ്ക്കായി ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ബജറ്റ് 10 കോടിയാണ്.
നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്റ് സംവിധായകനായിരുന്ന സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന സിനിമ. സുരേഷ് ദിവാകറുമായി ഒരുമിച്ച് അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിച്ച രാജാധിരാജ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ അജയ് വാസുദേവ് ഈ ചിത്രത്തിൽ സുഹൃത്തിനുവേണ്ടി അസിസ്റ്റന്റ് സംവിധായകന്റെ വേഷം വീണ്ടും അണിയുന്നു.
അർജ്ജുൻ നന്ദകുമാർ,അവന്തിക മോഹൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ശ്യാം മോഹൻ സംവിധാനം ചെയ്ത സിനിമയാണ് 8.20 . ആനന്ദഭൈരവി ബാനറിൽ സാബു ചെറിയാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് .
മലയാളി ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു വ്യത്യസ്ത ടച്ചില്‍ ഉള്ള മലയാള ചലചിത്രമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. സാമ്പ്രദായിക ന്യൂജനറേഷന്‍ ചിന്തകളെ പിന്നിലാക്കുന്നതാണത്രെ ചിത്രം.
അസ്‌റ ക്രിയേഷന്‍സിനുവേണ്ടി റിയാസ് പാടിവട്ടം, ഇ.എ ബഷീര്‍, അജിത്ത് ബിനോയ് എന്നിവര്‍ നിര്‍മ്മിക്കുന്ന 'കിഡ്നി ബിരിയാണി' ലൂമിയര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ മധു തത്തംപള്ളി സംവിധാനം ചെയ്യുന്നു. അവയവദാനത്തിന്റെ മഹത്വം മനുഷ്യ സമൂഹത്തില്‍ എത്തിക്കുക എന്നതാണ് ചിത്രത്തിന്റെ ലക്‌ഷ്യം. പത്മശ്രീ മധു, രഞ്ജിത്ത്, ഹരിശ്രീ അശോകന്‍, അനില്‍ പനച്ചൂരാന്‍, പാഷാണം ഷാജി, രമേഷ് കൃഷ്ണ, റീബ സെന്‍, കുളപ്പുള്ളി ലീല,ചിലങ്ക, ജഗന്നാഥവര്‍മ്മ തുടങ്ങിയവർ അഭിനയിക്കുന്നു.
സ്വന്തം മകളുടെ വൃക്ക ചികിത്സയ്ക്കുവേണ്ടി തെരുവിൽ തെണ്ടി ഭിക്ഷ യാചിക്കുന്ന നാടക കലാകാരൻ സുധാകരൻ. ഭർത്താവ് ഗൾഫിലായ തക്കം നോക്കി കാമുകന്റെ പിറകെ പോയി അബദ്ധത്തിൽ ചാടിയ ലീന. കിഡ്നി ആര് ദാനം ചെയ്യും എന്നറിയാതെ അലഞ്ഞു നടക്കുന്ന നേതാവ്. ഇവരുടെയെല്ലാം മധ്യ വർത്തിയായി പ്രവർത്തിക്കുന്ന ആന്റണി. ഒരു ബിരിയാണിക്കടയിലിരുന്ന് ആന്റണി വലവീശുന്നു. ഇതിനെ ആസ്പദമാക്കിയാണ് കഥ നീങ്ങുന്നത്
ഗാനരചയിതാവായ അനിൽ പനച്ചൂരാൻ, കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ എന്നിവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു
ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഇരുപത്തിയഞ്ചു ലക്ഷം രൂപ മുടക്കി ഒരു ഹോട്ടലിന്റെ സെറ്റ് കലാസംവിധായകന്‍ ഒരുക്കിയിരുന്നു
കേരളത്തിലെ തെരുവുകളില്‍ അലയുന്ന ഭ്രാന്തന്മാര്‍ക്കും ആരോരുമില്ലാത്തവര്‍ക്കും തുണയായി ജീവിക്കുന്ന തിരുവനന്തപുരംകാരി സോണിയ മനോ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു
ഹാസ്യത്തിന് പ്രധാന്യം നല്‍കി വൈശാഖ് ആണ് കസിന്‍സ്'ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും, സുരാജ് വെഞ്ഞാറമൂടും, ജോജു ജോര്‍ജ്ജും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ, തമിഴ് നടി വേദികയും തെന്നിന്ത്യന്‍ താരം കാജള്‍ അഗര്‍വാളിന്റെ അനുജത്തി നിഷ അഗര്‍വാളുമാണ് നായികമാര്‍. മിയ ജോര്‍ജും ഒരു അതിഥി താരമായി എത്തുന്നു. കോമഡിയുടെ പശ്ചാത്തലത്തിലൂടെ വളരെ ത്രില്ലറായ ഒരു കഥ പറയുകയാണ് കസിന്‍സ്.
സാം, ജോര്‍ജി, പോളി, ടോണി എന്നിവര്‍ കസിന്‍സാണ്. ഇവരില്‍ പോളിയും ടോണിയും സഹോദരങ്ങളാണ്. സാമിന്റെ ജീവിതത്തിലെ പഠനകാലത്ത് ആറുവര്‍ഷക്കാലം ഓര്‍മ്മയില്‍നിന്നും നഷ്‌ടപ്പെടുന്നു. അത് വീണ്ടെടുക്കാന്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം നാലുപേരും നടത്തുന്ന ഒരു യാത്രയിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാഗതികള്‍ വികസിക്കുന്നത്. യാത്രയ്‌ക്കിടയില്‍ കേരള കർണാടക അതിർത്തിയിലുള്ള ചന്ദ്രഗിരി കൊട്ടാരത്തില്‍ ഇവര്‍ എത്തപ്പെടുന്നു. ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ് ചന്ദ്രഗിരി കൊട്ടാരം. രാജവാഴ്‌ച അവസാനിച്ചിട്ടും ഇന്നും സാമ്പ്രദായമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അതേപടി തുടരുന്ന ഒരു തലമുറയാണ് കൊട്ടാരത്തിലുള്ളത്. ഈ കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകത ഇവിടെ പെണ്‍ഭരണമാണ് നടക്കുന്നത് എന്നുള്ളതാണ്. വല്യമ്മയും ചെറിമ്മയുമാണ് അവകാശികള്‍. കൊട്ടാരത്തിലെ നാലു സഹോദരന്മാരുടെ സഹോദരിമാരാണ് ആരതിയും മല്ലികയും. അതുകൊണ്ടുതന്നെ ഏറെ ബഹുമാനവും സ്‌നേഹവും ഇവര്‍ക്ക് ലഭിക്കുന്നു. നാട്ടിലെ നിയമവാഴ്‌ചയും തീരുമാനങ്ങളും ചന്ദ്രഗിരി കൊട്ടാരത്തിന്റെ അവകാശമാണ്. സാമിന്റെ നഷ്‌ടപ്പെട്ട, സങ്കീര്‍ണമായ ഓര്‍മ്മകള്‍ക്ക് ഈ കൊട്ടാരം പ്രധാന പശ്‌ചാത്തലമാകുന്നു. ഇവിടെനിന്നും ഈ ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ കസിന്‍സ് നാലുപേരും നടത്തുന്ന ശ്രമങ്ങളുടെ ചലച്ചിത്രാവിഷ്‌കരണമാണ് ചിത്രം.
'കസിന്‍സ്' ചിത്രത്തിലെ ഒരു പാട്ടിന് 80 ലക്ഷം രൂപ ചെലവാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മൈസൂര്‍ പാലസില്‍ 80 മണിക്കൂര്‍ എടുത്താണ് ഗാനരംഗം ചിത്രീകരിച്ചത്. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, വേദിക തുടങ്ങിവരാണ് ഗാനരംഗത്ത് അഭിനയിക്കുന്നത്. 600 ല്‍ അധികം കലാകാരന്മാരും ഗാനരംഗത്തെത്തുന്നു. മലയാളത്തില്‍ ഇതാദ്യമായാണ് ഇത്രയും തുക ചെലവിട്ട് ഒരു പാട്ട് നിര്‍മിക്കുന്നത്.
റൈറ്റ് ടേണ്‍ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഷൈന്‍ കുര്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയത ആക്ച്വലി. ഹേമന്ത് മേനോന്‍,സ്നേഹ ഉണ്ണിക്കൃഷ്ണന്‍, അഞ്ജലി അനീഷ്,അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ശ്രീനിവാസന്‍, പി. ബാലചന്ദ്രന്‍, ലിഷോയ്, ജോസ് ടെറന്‍സ്, ഗായത്രി, മിനി അരുണ്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
നിഷ്കളങ്കതയും സ്നേഹവും മാത്രമുള്ള ഒരു തനി ഗ്രാമീണ പെണ്‍കുട്ടിയാണ് പ്രിയ. ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രിയയ്ക്ക് നഗരത്തിലേക്ക് പോകേണ്ടിവരുന്നു. ആദ്യമായിട്ടാണ് ഒറ്റയ്ക്ക് നഗരത്തിലേക്ക് പോകുന്നത്. ഒരു ആനിമേഷന്‍ കോഴ്സിന്റെ കാര്യവുമായി ബന്ധപ്പെട്ടാണ് യാത്ര. ഈ യാത്രയില്‍ നാട്ടുകാരിയായ രൂപ എന്ന പെണ്‍കുട്ടിയെയും കൂട്ടുകിട്ടി. നഗരത്തിലെത്തിയപ്പോഴാണ് അറിയുന്നത് രൂപയുടെ ലക്ഷ്യം മറ്റൊന്നായിരുവെന്ന്. എന്തായാലും പട്ടണത്തിലെത്തി ഇരുവരും പിരിഞ്ഞു. ആ പട്ടണത്തില്‍ ഒരു പരിചയവുമില്ലാത്ത പ്രിയ തന്റെ ലക്ഷ്യസ്ഥാനം കണ്ടുപിടിക്കുന്നതിനിടയില്‍ പറ്റിയ ഒരബദ്ധം എല്ലാം തകിടം മറിച്ചു. പരിചയം ഭാവിച്ച് എത്തിയ ഒരു ചെറുപ്പക്കാരന്‍ മൂലം പ്രിയ നേരിടുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ആക്ച്വലി എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്
കാളിദാസ ഇന്റര്‍നാഷണലിന്റെ ബാനറില്‍ സന്ധ്യ രാജേന്ദ്രനാണ് കാരണവർ നിര്‍മ്മിച്ചിരിക്കുന്നത്. ദിവ്യദര്‍ശന്‍ നായകനായ ഹൈഡന്‍ സീക്കിനു ശേഷം കാളിദാസ നിര്‍മ്മിക്കുന്ന ഈ ചിത്രം ടീന്‍സ് എന്ന ചിത്രത്തിലൂടെ സംവിധായകനിരയിലെത്തിയ ജഹാംഗീര്‍ ഷംസുദീന്‍ സംവിധാനം ചെയ്യുന്നു. മധ്യവേനല്‍, ഭക്‌തജനങ്ങളുടെ ശ്രദ്ധയ്‌ക്ക് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവു കൂടിയാണ് ജഹാംഗീര്‍ ഷംസുദ്ദീന്‍. ദിവ്യദര്‍ശന്‍ ടൈറ്റില്‍ കഥാപാത്രമായ കാരണവരെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്‌മിയാണ് നായിക. ഹ്യൂമറിനു പ്രാധാന്യം നല്‍കി ശക്‌തമായ കഥയുടെ പിന്‍ബലത്തിലാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ.
ഒരു ഗ്രാമത്തിലെ പ്രമാണിയാണ് സുകുമാരൻ. സുകുമാരന്റെ കൂട്ടുകാരനാണ് പ്രഭാകരനും,പങ്കജാക്ഷനും ,ആലിക്കോയയും,അപ്പു പണിക്കരും. മൂത്ത മകൻ സത്യനും ഇളയ സഹോദരി നന്ദിനിയും മകൻ മണിയും അടങ്ങുന്നതാണ് സുകുമാരന്റെ കുടുംബം. സുകുമാരൻ ഹൃദയാഘാതത്തോടെ മരിക്കുന്നതോടെ കുടുംബം അനാഥമാകുന്നു. പക്ഷേ സുകുമാരൻ മരിച്ചെങ്കിലും അദേഹത്തിന്റെ സുഹുത്തുക്കൾ ആ കുടുംബവുമായി സൗഹൃദം തുടർന്നു. ഒരുനാൾ വളരെ പ്രയാസകരമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ 8 വയസുകാരനായ മണി ആരും ചിന്തിക്കാത്തൊരു ഉപായം പറയുന്നു. മണിയുടെ അഭിപ്രായത്തിലൂടെ കുടുംബത്തിന് നന്മയിലേയ്ക്കുള്ള വഴി തുറക്കുകയാണ്. തദവസരത്തിൽ വീട്ടിലെ മുത്തശ്ശി 8 വയസുകാരനായ മണി ഇനിമേൽ കാരണവരാണെന്ന് പ്രഖ്യാപിക്കുന്നു. അച്ഛൻ സുകുമാരന്റെ കൂട്ടുകാരും മണിയുടെ ചങ്ങാതിമാരാകുന്നു. ഗ്രാമവാസികൾക്കും പ്രിയങ്കരനാകുന്ന മണി എല്ലായിടത്തും അങ്ങനെ കാരണവരായി മാറുകയാണ്. മണിയുടെ മുന്നോട്ടുള്ള പ്രയാണമാണ് ചിത്രം പിന്നീട് പറയുന്നത്
നാടക കുലപതി ഒ. മാധവന്‍ തുടങ്ങിവച്ച കാളിദാസ കലാകേന്ദ്രം നാടക സമിതിയിലൂടെ അഭിനയകലയില്‍ നാലാം തലമുറയിലെത്തിയ ഒരു കലാകുടുംബം മലയാള സിനിമയില്‍ നിറസാന്നിധ്യമാകുന്നു. ഒ.മാധവന്റെ ഭാര്യ വിജയകുമാരി, മകന്‍ മുകേഷ്, സഹോദരി സന്ധ്യ, ഭര്‍ത്താവ് ഇ.എ. രാജേന്ദ്രന്‍, മകന്‍ ദിവ്യദര്‍ശന്‍, ഇവരുടെ ഒത്തുചേരലില്‍ പിറവി കൊണ്ടതാണ് കാരണവർ
1962 ല്‍ 'ജനനി ജന്മഭൂമി' എന്ന നാടകത്തില്‍ ഉപയോഗിച്ച ''മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ'' എന്ന ഗാനം പുതിയ ഈണത്തിലും താളത്തിലും ഈ ചിത്രത്തിലൂടെ പ്രേക്ഷകരില്‍ എത്തുന്നു
സൈബർ വിഷന്റെ ബാനറിൽ വി ആർ ദാസ് നിർമ്മിച്ച് സുഭാഷ് തിരുവില്വാമല (സുഭാഷ് നായർ) സംവിധാനം ചെയ്ത സിനിമയാണ് 'കളർ ബലൂണ്‍'. ജയരാജ് മാടായിയും, ഹരി മാടായിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ടിനിടോം,പ്രവീണ,വിജയകുമാർ,ജഗദീഷ്,നന്ദുലാൽ,ഇന്ദ്രൻസ്,മാസ്റ്റർ കൈലാസ്,കൊച്ചുപ്രേമൻ ,വിനോദ് കോവൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.ശശി രാമകൃഷ്ണയാണ് ഛായാഗ്രഹണം.
ഒരു ഗ്രാമത്തിലെ സാധാരണ ജീവിതം നയിക്കുന്ന സുകു,സീത എന്നിവരുടെ കുടുംബം പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. തെക്കേത്തറ ഗ്രാമത്തിലാണ് സുകുവും ഭാര്യ സീതയും മകൻ അപ്പുവും താമസിക്കുന്നത്. സുകുവായി വിജയകുമാറും സീതയായി പ്രവീണയും വേഷമിടുന്നു. സന്തോഷം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. എന്നാൽ ദുരന്തങ്ങൾ ഒന്നിന് പിറകേ ഒന്നായി വേട്ടയാടുമ്പോൾ ആ കുടുമ്പത്തിലെ സന്തോഷം അധികനാൾ നീണ്ടുനിൽക്കുന്നില്ല. ഒടുവിൽ സുകുവിന്റെ മരണത്തോടെ സീതയും അപ്പുവും ഗ്രാമവാസികളുടെ ഇടയിൽ തീർത്തും ഒറ്റപ്പെട്ടു പോകുന്നു. അധ്യാപകനും സാഹിത്യകാരനും കൂടിയായ മോഹനകൃഷ്ണൻ മാഷ് മറ്റുള്ളവരുടെ വിഷമങ്ങളിൽ സഹായിക്കുന്നവനും ആവശ്യങ്ങളിൽ ഓടിയെത്തുന്നയാളുമായിരുന്നു. മാഷിന്റെ പ്രചോദനവും ആശ്വസവാക്കുകളും ആ കുടുംബത്തിന് പുതിയ വെളിച്ചം നൽകുന്നു. തുടർന്നുണ്ടാകുന്നതെല്ലാം നന്മയുടെ നല്ല വാർത്തകളായിരുന്നു. അതിലൂടെ പ്രേക്ഷകരിലേയ്ക്ക് ശുഭാപ്തി വിശ്വാസത്തെ വളർത്തുകയാണ് കളർ ബലൂണ്‍ ചിത്രത്തിന്റെ ലക്ഷ്യം. മോഹനകൃഷ്ണൻ മാഷായി അഭിനയിക്കുന്നത് ടിനി ടോം ആണ്.