എൽഷദായി ക്രിയേഷൻസിന്റെ ബാനറിൽ മധു തില്ലങ്കേരി നിർമ്മിച്ച് നവാഗതനായ ടി എം തൗഫീക്ക് സംവിധാനം ചെയ്ത ചിത്രമാണ് ജോണ്‍ ഹൊനായ്. മുകേഷ്, സിദ്ദിക്ക് , അശോകൻ, റിസബാവ,കോട്ടയം നസീർ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു
മനോജ് പാലോടൻ സംവിധാനം ചെയ്ത ചിത്രമാണ് ഇത് താൻടാ പോലീസ്. ആസിഫ് അലി,അഭിരാമി,ജനനി അയ്യർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷംജിത്ത് മുഹമ്മദാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഹരി നായർ. മനോജ്-രഞ്ജിത് എന്നിവർ ചേർന്നാണ് തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത്.
പത്തോളം വനിതാ പോലീസുകാരും മുൻശുണ്ഠിക്കാരിയും പുരുഷവിദ്വേഷിയുമായ എസ് ഐ അരുന്ധതി വർമ്മയുമുള്ള ഒരു വനിതാ പോലീസ് സ്റ്റേഷനിലേയ്ക്ക് പോലീസ് ഡ്രൈവറായി രാമകൃഷ്ണൻ എന്ന ചെറുപ്പക്കാരൻ എത്തുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ഡ്രൈവർ ഓണ്‍ ഡ്യൂട്ടി ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
വാഫി ഗ്രൂപ്പ് കമ്പനീസിന്റെ ബാനറിൽ സജീവ് മാധവൻ നിർമ്മിക്കുന്ന ചിത്രം. മണ്‍കോലങ്ങൾ ചിത്രത്തിന്റെ സഹ സംവിധായകനായിരുന്ന വിജു വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും രാജ ആടും റാണി. അഭിനേതാവ് കൂടിയായ മണികണ്ഠൻ പട്ടാമ്പിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ടിനി ടോം കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിലെ നായിക ശ്രീലക്ഷ്മി ശ്രീകുമാറാണ്
വെങ്കിടിയെന്ന യുവാവ് തുണിക്കച്ചവടക്കാരനാണ്. ഓരോ ഗ്രാമത്തിലും തുണിക്കച്ചവടവുമായി എത്തുന്ന വെങ്കിടി സ്ത്രീകളുടെ ഇടയിലാണ് തന്റെ തുണിക്കച്ചവടം തകൃതിയായി നടത്താറുള്ളത്. കച്ചവടത്തിനായി എത്തുന്ന വീടുകളിലെ അടുക്കളവരെ കടന്നുചെന്ന് അമ്മമാരെ കൈയ്യിലെടുക്കാറുള്ള വെങ്കിടിക്ക് പലപ്പോഴും സ്ത്രീകളുമായി അവിഹിതബന്ധവും ഉണ്ടായിരുന്നു. ആരും നിയന്ത്രിക്കാനില്ലാതെ കള്ളുകുടിയും ചീട്ടുകളിയുമായി സ്വതന്ത്രമായി ജീവിച്ച വെങ്കിടിക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ താൻ ജീവിച്ച ഗ്രാമത്തിൽ നിന്നും മാറി നിൽക്കേണ്ടിവരുന്നു. തന്റെ ലൂണ സ്കൂട്ടറുമായി ഗ്രാമത്തോട് വിടപറയുന്ന വെങ്കിടി മറ്റൊരു ഗ്രാമത്തിലെത്തുന്നു. വിശന്നു വലഞ്ഞ വെങ്കിടി ഗ്രാമത്തിലെ തീറ്റമത്സരത്തിൽ പങ്കെടുത്ത് വിജയിച്ചതോടെ ആ ഗ്രാമത്തിൽ അയാൾക്ക് ചങ്ങാതിമാരുണ്ടാകുന്നു. പപ്പൻ ,മായൻ ,കുയിൽ,ചിറ്റമൃത് എന്നിവരാണ് വെങ്കിടിയുടെ ചങ്ങാതിമാരാകുന്നത്. ഇവർ വെങ്കിടിക്ക് താമസിക്കാനൊരു വീട് വാടകയ്ക്ക് ശരിയാക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വെങ്കിടിക്ക് കൂട്ടായി ഗ്രാമത്തിലെ കുംഭകളിക്കാരനായ തംമ്പുരുവും താമസിക്കാനെത്തുന്നു. വീട്ടുജോലികൾ ഒക്കെ ചെയ്ത് സഹായിക്കുന്ന തമ്പുരു വെങ്കിടിയെ നിയന്ത്രിക്കാനും തുടങ്ങി. തമ്പുരുവിന് സ്ത്രൈണഭാവം ഉണ്ടെന്നു മനസിലാക്കിയ വെങ്കിടി വീട്ടുജോലിയ്ക്കായി മാല എന്ന പെണ്‍കുട്ടിയെ കൊണ്ടുവരുന്നു. മാല വരുന്നതോടെ തംമ്പുരുവും മാലയും വെങ്കിടിയെ ഒരുപോലെ സ്നേഹിക്കാൻ തുടങ്ങി. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ്
ഓടും രാജ ആടും റാണി പറയുന്നത്.
മഴനൂല്‍ക്കനവുകള്‍,അവന്‍, ഏറനാടിന്റെ പോരാളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നന്ദകുമാര്‍ കാവില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘യു ക്യാന്‍ ഡു’. സിനിമാ മോഹവുമായി നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ രാഷ്ട്രീയ ആക്ഷേപ ഹാസ്യപരമായി ചിത്രീകരിച്ചിരിക്കയാണ് ‘യു ക്യാന്‍ ഡു'. ആദി കമ്പയിന്‍സിന്റെ ബാനറില്‍ നന്ദകുമാറിന്റെ ഭാര്യ ആശാ പ്രഭയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
'ജനുവിൻ ഫിലിം ഇൻസ്റ്റിട്ട്യുട്ടിൽ' സിനിമാ മോഹങ്ങളുമായി ഒരു കൂട്ടം ചെറുപ്പകാർ എത്തുന്നു. എന്നാൽ അവരുടെ സിനിമാ മോഹങ്ങളെ പരമാവധി ചൂഷണം ചെയ്യുകയാണ് ഇൻസ്റ്റിട്ട്യുട്ട് പ്രൊപ്രൈറ്ററായ ലോനപ്പൻ . കുട്ടികളുടെ കയ്യിൽ നിന്ന് കനത്ത ഫീസ് തട്ടിയെടുക്കുകയെന്നതാണ് അയാളുടെ ലക്‌ഷ്യം. എന്നാൽ അവിടുത്തെ അദ്ധ്യാപകനായെത്തുന്ന ജി. കെ പഠിപ്പിക്കുന്ന വിഷയത്തിൽ വേണ്ടുവോളം അറിവും ആത്മാർത്ഥതയുള്ളയാളും കുട്ടികൾക്ക് പ്രിയങ്കരനുമാണ്. തുടർന്ന് വിദ്യാർ ത്ഥികൾ തങ്ങളുടെ പഠനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന സിനിമയിലൂടെ കഥ മുന്നേറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചലച്ചിത്ര പഠനകേന്ദ്രങ്ങളിലെ അദ്ധ്യാപകരെന്ന നിലയിൽ അധ്യാപന ജീവിതത്തിൽ തങ്ങൾക്കു ലഭിച്ച സ്വകാര്യ അനുഭവങ്ങളെ “യു ക്യാൻ ഡു”എന്ന ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുമ്പോൾ ഇത്തരം പഠന കേന്ദ്രങ്ങൾ വിദ്യാർത്ഥികളെ എങ്ങനെയൊക്കെ ചൂഷണം ചെയുന്നുവെന്നതിനൊപ്പം അവിടുത്തെ രസകരമായ കാഴ്ച്ചകളിലേക്കും പ്രേക്ഷകരെ കൊണ്ടുപോകുന്നുവെന്ന് സംവിധായകൻ അഭിപ്രായപ്പെടുന്നു
ചലച്ചിത്ര പഠന കേന്ദ്രങ്ങളിലെ അധ്യാപകരായ നന്ദകുമാറും ഭാര്യ ആശാ പ്രഭയും അധ്യാപന ജീവിതത്തില്‍ തങ്ങള്‍ക്ക് ലഭിച്ച സ്വകാര്യാനുഭവങ്ങളാണ് ചിത്രത്തിലൂടെ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമാ മോഹവുമായി നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ഈ ചിത്രം ആത്മനിഷ്ഠവും ആത്മവിശ്വാസം പകരുന്നതുമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു.
കരുവാറ്റ ഗ്രാമത്തില്‍ പുതിയതായി ചാര്‍ജെടുത്ത വില്ലേജ് ഓഫീസറാണ് റോയി .ജോലില്‍ ആത്മാര്‍ഥതയും സത്യസന്ധതയും കാത്തു സൂക്ഷിയ്ക്കുന്ന റോയിക്ക് കരുവാറ്റ ഗ്രാമത്തിലെ ജോലി ദുഷ്കരമാകുന്നു. നിലംനികത്തല്‍ പോലെയുള്ള കാര്യങ്ങളില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അയ്യാള്‍ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി .റോയിയുടെ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുന്നു. അങ്ങിനെയിരിക്കെ റോയിയുടെ ജീവിതത്തിലേക്ക് ചില ദുരന്തങ്ങള്‍ കടന്നു വരുന്നു. റോയിയുടെ മകനാണ് അച്ചൂസ്. അച്ചൂസിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില വഴിത്തിരുവുകളാണ് പിന്നീട് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കളിക്കളങ്ങള്‍ നഷ്ടപ്പെട്ട് , വീടിന്‍റെ ചുവരുകള്‍ക്കുള്ളില്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് ജീവിക്കുന്ന ഇന്നത്തെ തലമുറയുടെ പ്രശ്നങ്ങള്‍ ആണ് " മമ്മിയുടെ സ്വന്തം അച്ചൂസി " ലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത് .
സിനിമ കുടുംബത്തിൽ നിന്നും രണ്ട് താരങ്ങൾ, സംഗീത സംവിധായകൻ രവീന്ദ്രന്റെ സഹോദരപുത്രൻ ഭരത് ലാൽ സംഗീത സംവിധായകനാകുന്നു. ആദ്യകാല സിനിമാ പിന്നണി ഗായകൻ ടി കെ ഗോവിന്ദറാവുവിന്റെ ചെറുമകൻ അഭിലാഷ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്ക്
ഡെൽഹി രാജ്യാന്തര ചലച്ചിത്ര മേളയിലേയ്ക്ക് മമ്മിയുടെ സ്വന്തം അച്ചൂസ് തിരഞ്ഞെടുത്തിരുന്നു
അച്ഛനും മക്കളും ചിത്രത്തിലും അച്ഛനും മക്കളുമായിത്തന്നെ അഭിനയിക്കുന്നു
നവാഗതനായ രാജു മൈക്കിൾ കഥയും ,തിരക്കഥവും ,സംഭാഷണവും, സംവിധാനവും അതോടൊപ്പം അഭിനയിക്കയും ചെയ്തിരിക്കുന്നു
ജയറാമും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് മൈലാഞ്ചി മൊഞ്ചുള്ള വീട്. സംവിധാനം ബെന്നി പി തോമസ്. സിബി കെ തോമസ്, ഉദയ്കൃഷ്ണ ഇവരുടെതാണ് തിരക്കഥ. റെഡ് ക്രോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലബാറിലെ അതിപുരാതനവും സമ്പന്നവുമായ തറവാടാണ് പറങ്കിയത്ത്. തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ സോയസാഹിബ് ആണ്. കാലം ഏറെ പുരോഗമിച്ചിട്ടും അന്യ മതസ്ഥർക്ക് തറവാട്ടിലേക്ക് പ്രവേശനമില്ല എന്ന ബോർഡ് ഗേറ്റിൽ തൂക്കി ഇട്ടിട്ടുണ്ട്. അന്നാട്ടിലെ തന്നെ മറ്റൊരു പ്രബലമായ തറവാടാണ് അമ്പലമുറ്റത്ത് നാരായണക്കുറുപ്പിന്റേത്. പറങ്കിയത്തുകാരും അമ്പലമുറ്റത്തുകാരും ശത്രുതയിലായിരുന്നു. ശത്രുത വളർന്ന് നാരായണക്കുറുപ്പിന്റെ മകൻ രമേശ്‌ക്കുറുപ്പിനെ സാഹിബിന്റെ മൂത്തമകൻ കാസിംഭായി കൊല്ലാനിടയായി. കാസിംഭായി അതിന് ജയിൽശിക്ഷയും അനുഭവിച്ചു. ശിക്ഷ കഴിഞ്ഞെത്തിയ കാസിംഭായിയെ പകയോടെ കാത്തിരുന്ന നാരായണക്കുറുപ്പും കൂട്ടരും ആക്രമിച്ചു. മരണത്തിൽ നിന്നും രക്ഷപെട്ട കാസിംഭായിയെ ചികിത്സിക്കാൻ ആയൂർവേദ ഡോക്റ്റർ മാധവൻകുട്ടി മുസ്ലിമായി അഭിനയിച്ച് പറങ്കിയത്ത് തറവാട്ടിലെത്തുന്നു. കാസിംഭായിയുടെ രണ്ടാമത്തെ മകൾ ഷാഹിനയുടെ പ്രതിശ്രുത വരൻ അനവറാണ് മാധവൻകുട്ടിയെ തറവാട്ടിലെത്തിക്കുന്നത്. തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കയാണ് മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിൽ
ക്യാഷ് എന്ന ചിത്രത്തിന് ശേഷം സുജിത് എസ് നായർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സിനിമയാണ് 'ഒരു കൊറിയൻ പടം'. മക്ബൂൽ സൽമാൻ, മിത്ര കുര്യൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ് മുരളീധരൻ ,സെൽവൻ തമലം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സ്വതന്ത്രമായി നല്ലൊരു സിനിമ ചെയ്യണമെന്ന മോഹവുമായി നടക്കുന്ന സഹസംവിധായകനാണ് കിഷോർ. ഇതിനായി പല നിർമ്മാതാക്കളെയും സമീപിച്ചു. പക്ഷെ ആർക്കും കിഷോറിനേയും അയാളുടെ തിരക്കഥയേയും വിശ്വാസമില്ലായിരുന്നു. സിനിമാരംഗത്ത് പേരെടുത്തില്ലെങ്കിൽ കാമുകിയെ വരെ നഷ്ടമാകും എന്ന അവസ്ഥ വന്നപ്പോൾ കിഷോർ ഒരു കടുംകൈ ചെയ്തു. കൊറിയൻ ചിത്രമായ 'സംതിങ്ങ് ഔട്ട് ഓഫ് നത്തിംഗ്'ന്റെ തിരക്കഥ മോഷ്ട്ടിച്ച് മലയാളത്തിൽ 'ടേർണിങ്ങ് പോയിന്റ്റ്' എന്ന പേരിൽ തിരക്കഥയുണ്ടാക്കി. നല്ല തിരക്കഥയ്ക്കായി കാത്തിരുന്ന നിർമ്മാതാവ് പീതാംബരൻ കഥ കേട്ടപാടെ പടം നിർമ്മിക്കാമെന്ന് ഉറപ്പു നൽകി. മറ്റൊരാളുമായി വീട്ടുകാർ കല്യാണമുറപ്പിച്ച കാമുകിയെ കിഷോർ പടം റിലീസ് ചെയ്യുന്നതിന്റെ തലേന്ന് തട്ടിക്കൊണ്ട് പോകുന്നു. കൊറിയയിൽ എട്ടു നിലയിൽ പൊട്ടിയ സംതിങ്ങ് ഔട്ട് ഓഫ് നത്തിംഗ് കേരളത്തിൽ 'ടേർണിങ്ങ് പോയിന്റ്റ്' എന്ന പേരിൽ സൂപ്പർ ഹിറ്റാകുന്നതോടെ കൊറിയൻ സംവിധായകൻ ജുവാങ്ങ് നഷ്ടപരിഹാരം തേടി കേരളത്തിലെത്തുകയാണ്. തുടർന്നുള്ള സംഭവ വികാസങ്ങളാണ് ഒരു കൊറിയൻ പടത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
നവാഗതനായ കെവി ബിജോയ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് നമസ്തേ ബാലി .മിന്‍ഹാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിൻഹാൽ മുഹമ്മദ് അലിയാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ ഇടവേളയ്‌ക്കു ശേഷം റോമ ഈ ചിത്രത്തിലൂടെ വീണ്ടുമെത്തുകയാണ്.ദിനില്‍ ബാബുവും ദേവദാസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍. ഫാസില്‍ നാസറാണ് ഛായാഗ്രാഹകന്‍.
നവാഗതനായ മോനി ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയാണ് എജുക്കേഷൻ ലോണ്‍. അസിൻ ക്രിയേഷൻസിന്റെ അബുബക്കർ വിനോദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ ശ്രീജിത്തും പാർവതിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജഗദീഷ്,ഗീത വിജയൻ, കൊച്ചുപ്രേമൻ, ഇന്ദ്രൻസ് ,മീനാകുമാരി ,പ്രേം ലാൽ ,പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
കുട്ടികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് വിനയൻ സംവിധാനം ചെയ്ത ത്രീഡി ചിത്രമാണ് ലിറ്റിൽ സൂപ്പർമാൻ. ഡെനിയും,ബേബി നയൻ താരയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഗ്രാഫിക്സിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമാണ് ലിറ്റിൽ സൂപ്പർമാൻ. ആകാശ് ഫിലിംസിന്റെ ബാനറിൽ വി എൻ ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ചന്ദ്രോത്സവം, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച രഞ്ജിത്,മധു ,പ്രവീണ, കക്ക രവി, അൻസിബ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വില്ലി വില്‍സണ്‍ എന്ന 12 വയസ്സുകാരന്റെ കഥയാണ് ഈ 3D ചിത്രം പറയുന്നത്. ആഹ്ലാദത്തിന്റെ നിറദീപങ്ങള്‍ ജ്വലിച്ചു നിന്ന അവന്റെ ജീവിതത്തെ തല്ലിക്കെടുത്തിയ വിധിക്കെതിരെ ഒറ്റക്കുനിന്നു പോരാടുന്ന വില്ലിയെ സഹായിക്കാനായി അവന്റെ നിഴലും അവന്‍ കാണുന്ന നിറമാര്‍ന്ന സ്വപ്നങ്ങളും മാത്രമെ ഉണ്ടായിരുന്നുള്ളു. വില്ലി കണ്ട സ്വപ്നങ്ങള്‍ ആ കുഞ്ഞുമനസ്സിന്റെ ശക്തിയായി മാറുന്നു. റിയാലിറ്റിയും ഫാന്റസിയും ഇടകലര്‍ന്ന ഒരു ചിത്രമാണ് ലിറ്റില്‍ സൂപ്പര്‍മാന്‍
2014 ൽ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നെങ്കിലും പിന്നീട് തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
ചില കേന്ദ്രങ്ങളില്‍ നിന്നു വന്ന എതിര്‍പ്പിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരം തിയറ്ററില്‍ നിന്നും പിന്‍വലിക്കേണ്ടിവരികയായിരുന്നു.
ലിറ്റില്‍ സൂപ്പര്‍മാനെ വിനോദനികുതിയില്‍ നിന്നും സർക്കാർ ഒഴിവാക്കി വിലക്കുകൾക്കും പ്രതിസന്ധികള്‍ക്കു ശേഷം ചിത്രം 2016 നവംബർ 30 ന് വീണ്ടും പ്രദർശനത്തിനെത്തി