ഒ എൻ വി കുറുപ്പ്

Submitted by admin on Mon, 01/26/2009 - 20:04
Name in English
O N V Kurup
Date of Birth
Artist's field
Date of Death
Alias
ഒ എൻ വി

ഒ എൻ കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1931 മെയ് 27 നു ചവറയിലെ ഒറ്റപ്പിലാവിലാവിലാണ് ഒറ്റപ്ലാക്കിൽ നമ്പ്യാടിക്കൽ നീലകണ്ഠൻ വേലുക്കുറുപ്പെന്ന ശ്രീ ഒ എൻവിക്കുറുപ്പിന്റെ ജനനം. മലയാളം ബിരുദാനന്തര ബിരുദ ധാരിയായ അദ്ദേഹം പ്രൊഫസ്സറും ഗവണ്മെന്റ് കൊളീജിയറ്റ് എഡ്യൂക്കേഷന്റെ മലയാള ബിരുദാനന്തര വിഭാഗത്തിന്റെ തലവനുമായി ഔദ്യോഗിക മേഖലയില്‍ നിന്നും വിരമിച്ചു.

21 കവിതാ സമാഹാരങ്ങളും ഭാവഗീതങ്ങളുടെ ആറു സമാഹാരങ്ങളും രചിച്ച ഒ എന്‍ വി ക്കു നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1972 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,1982 ലെ സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്,1982 ലെ വയലാര്‍ അവാര്‍ഡ്,1989 ലെ ആശാന്‍ പ്രൈസ് എന്നിവ ഇതില്‍ ഉല്‍പ്പെടുന്നു. കാലം മാറുന്നു എന്ന ചിത്രത്തിലെ ആ മലര്‍പൊയ്കയില്‍ എന്ന ഗാനവുമായി 1955 ല്‍ ചലച്ചിത്ര ഗാന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിനു 16 തവണ ഗാനരചനക്കുള്ള സംസ്ഥാന പുരസ്കാരവും 1989 ല്‍ ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. 1998 ല്‍ പത്മശ്രീ ലഭിച്ചു. 2010 സെപ്റ്റംബർ 24നു സാഹിത്യത്തിലെ ഉന്നത ഇന്ത്യൻ പുരസ്കാരമായ ജ്ഞാനപീഠവും കരസ്ഥമാക്കി.

ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെട്ടത് ഒ എന്‍ വി യുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അവരുടെ കൂട്ടുകെട്ടില്‍ പൊന്നരിവാളമ്പിലിയിൽ, മാരിവില്ലിന്‍, അമ്പിളി അമ്മാവാ, മാണിക്യവീണയുമായെന്‍, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നിങ്ങനെ നൂറു കണക്കിനു ഗാനങ്ങള്‍ പൂവായി വിരിഞ്ഞു. വളരെ ലളിതവും, മനോഹരവുമായ പദങ്ങള്‍ കൊണ്ട് അര്‍ത്ഥസമ്പുഷ്ടമായി എഴുതപ്പെട്ട കവിതകളില്‍ കൂടി, മനോഹരമായ അനേകം ഗാനങ്ങളില്‍ കൂടി ഒ എന്‍ വി കുറുപ്പ് തന്റെ ഗാനസപര്യ ഏകദേശം 60 വർഷക്കാലം തുടർന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഫെബ്രുവരി 13, 2016ൽ തന്റെ 84ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.