ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി. കടക്കരപ്പള്ളി കണ്ടനാട്ടുവീട്ടില്‍ എസ് മാധവന്‍നായരുടെയും ആർ ഇന്ദിരയുടെയും മകനായി 1973 ഓഗസ്റ്റ് 17-ന് ജനനം. കടക്കരപ്പള്ളി യു.പി.സ്‌കൂളിലും കണ്ടമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പാണാവള്ളി എന്‍.എസ്.എസ്. ഹൈസ്‌കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടര്‍ന്ന് ഐ.ടി.ഐ പഠനത്തിനു ശേഷം ഇലക്‌ട്രീഷ്യനായി ജോലി ചെയ്തു. പതിനാലാം വയസ്സിൽ എൻ എസ് എസ്സിന്റെ മുഖപത്രമായ സർവ്വീസസിലാണ് രാജീവിന്റെ കവിത ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഗുരു ശിരോമണി രാഘവ പണിക്കരുടെ കീഴിൽ പത്തു വർഷം സംസ്കൃതവും അഭ്യസിച്ചു. 19-ാം വയസ്സില്‍ ചേര്‍ത്തല ഷൈലജയുടെ 'മാന്ത്രികക്കരടി' എന്ന നാടകത്തിലെ 'സ്‌നേഹസരോവര തീരത്തു നിൽക്കും' എന്ന ഗാനത്തോടെ ഗാനരചനാരംഗത്തു പ്രവേശിച്ചു. തുടര്‍ന്ന് രാജന്‍ പി. ദേവിന്റെ ജൂബിലി, വൈക്കം മാളവിക, കൊല്ലം മാളവിക തുടങ്ങിയ നാടക ട്രൂപ്പുകളിൽ 180ലേറെ നാടകങ്ങള്‍ക്കായി 500ലധികം ഗാനങ്ങള്‍ എഴുതി. എം.കെ. അര്‍ജുനന്‍, വൈപ്പിന്‍ സുരേന്ദ്രന്‍, ഫ്രാന്‍സിസ് വലപ്പാട്, കലവൂര്‍ ബാലന്‍, ആലപ്പി ഋഷികേശ്, ആലപ്പി വിവേകാനന്ദന്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
ജോണി സാഗരികയുടെ 'അത്തം' എന്ന ഓണക്കാസറ്റിന് ഗാനങ്ങളെഴുതിയത് ഒരു വഴിത്തിരിവായി. അത്തം ഹിറ്റായതോടെ മലയാലത്തിലെ പല മുന്‍നിര കാസറ്റ് കമ്പനികളുടെയും ആൽബങ്ങൾക്ക് രാജീവ് വരികളെഴുതി. നാടക രംഗത്ത് രാജന്‍ പി. ദേവും പിന്നീട് ജോണി സാഗരികയുമാണ് രാജീവിന് കൂടുതൽ അവസരങ്ങള്‍ നൽകിയത്. ജോണി സാഗരികയാണ് രാജീവിന് സിനിമയിലേക്കുള്ള വഴി തുറന്നത്. ജോണി സാഗരിക നിര്‍മ്മിച്ച "ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലെ എല്ലാ പാട്ടുകൾക്കും വരികളെഴുതിയത് രാജീവായിരുന്നു. അതിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2012ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, മികച്ച നാടക ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ്, ഫിലിംക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. എ ആര്‍ റഹ്മാന്‍ താജ്മഹലിന്റെ പശ്ചാത്തലത്തില്‍ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലുള്ള 'വണ്‍ ലൗ' എന്ന പ്രണയസംഗീതശില്‍പ്പം ഒരുക്കിയപ്പോൾ അതിലെ മലയാളം വരികളെഴുതുവാനുള്ള അവസരം രാജീവിനെ തേടിയെത്തി. ആകാശവാണിക്കുവേണ്ടി നിരവധി ലളിതഗാനങ്ങളും ടെലിവിഷന്‍ സീരിയല്‍ഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഭാര്യ: വീണ, മകൻ : ആകാശ്
അവലംബം: രാജീവ് ആലുങ്കലിന്റെ വെബ്സൈറ്റ്