റിയാസ് ഖാനെ ഏക കഥാപാത്രമാക്കി മജോ സി മാത്യൂ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൊറർ സസ്പെൻസ് ത്രില്ലറാണ് ഷാഡോമാൻ ചലച്ചിത്രം. മറിയ ഫിലിം കമ്പനിയുടെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് സെബാസ്റ്റ്യൻ കെ എം ആണ്.
സമ്പന്നതയുടെ നടുവില്‍ ജനിച്ചുവളര്‍ന്ന സൂര്യ എല്ലാ അര്‍ത്ഥത്തിലും സന്തോഷവാനായിരുന്നു. എല്ലാവിധ സൗകര്യങ്ങളോടെ കഴിയുകയും പ്രായത്തിന്റെ പ്രസരിപ്പില്‍ കാമുകിയുടെ പ്രണയവും നുകര്‍ന്ന് മുന്നേറുമ്പോഴാണ് വിധി ക്ഷണിക്കാതെ കടന്നുവന്നത്. ധനികനായ അച്‌ഛനെ വിശ്വസ്‌തരായ മൂന്നു സഹപ്രവര്‍ത്തകര്‍ അതിക്രൂരമായി കൊല ചെയ്യുമ്പോള്‍ ജീവിതം നഷ്‌ടപ്പെട്ടത് സൂര്യക്കായിരുന്നു. പിന്നെയുള്ള ജീവിതം ആ കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കൺസ്ട്രക്ഷൻ സൈറ്റിലെത്തുന്ന സൂര്യയെ പിന്നീട് ഒരു നിഴൽ പിന്തുടരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രതികാരത്തോടെയുള്ള യാത്രയ്‌ക്കിടയില്‍ സൂര്യ നേരിടുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് 'ഷാഡോമാന്‍' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
സിനിമ കമ്പനി, ഭാര്യ അത്ര പോര തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച ജിബു ജേക്കബ്, ബിജു മേനോനെ നായക കഥാപാത്രമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളിമൂങ്ങ. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഭാവന മീഡിയ വിഷന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നത് 'തിലകം ,ക്രേസി ഗോപാലൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ ശശിധരന്‍ ഉള്ളാട്ടിലാണ്. കഥ, തിരക്കഥ, സംഭാഷണം ജോജി തോമസിന്റെതാണ്. ബിജു മേനോനെ കൂടാതെ അജു വര്‍ഗീസ്, ടിനി ടോം, കെ പി എ സി ലളിത, അസിഫ് അലി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 1983 എന്ന ചിത്രത്തിലൂടെ സുപരിചിതയായ നിക്കി ഗല്‍രാനിയാണ് നായിക.
കാഞ്ഞിരപ്പിള്ളിയില്‍ നിന്നും വടക്കേമലബാറിലേക്ക് കുടിയേറിയ കര്‍ഷകകുടുംബങ്ങളുടെ കഥ പറയുന്ന സിനിമയില്‍ കേന്ദ്രകഥാപാത്രമായ 42 വയസായ അവിവാഹിതൻ സി.പി മാമച്ചനെന്ന യുവരാഷ്‌ട്രീയക്കാരന്റെ വേഷത്തിലാണ് ബിജു മേനോന്‍ എത്തുന്നത്. സിനിമയില്‍ രാഷ്‌ട്രീയം ചര്‍ച്ചെചയ്യുന്നില്ല. മാമച്ചന്‍ ധരിച്ച ഖദറിന്റെ കഥയാണിത്. രാഷ്‌ട്രീയ സ്വപ്‌നങ്ങളുടെയും വിവാഹ സ്വപ്‌നങ്ങളുടേയും കഥ ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.
സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു കാഞ്ഞിരപ്പള്ളിക്കാരൻ സി പി അഥവാ ചെറിയാൻ പകലോമറ്റം, രാഷ്ട്രീയത്തെ സേവനമായി കണ്ടിരുന്ന അയാൾ രാഷ്ട്രീയത്തിന്റെ പേരിൽ തനിക്ക് ലഭിച്ച സമ്പത്ത് മുഴുവൻ വിറ്റു തുലച്ചു. ഒടുവിൽ കടം കയറിയപ്പോൾ ബാക്കിയുണ്ടായിരുന്ന സ്വത്ത് വിറ്റ് കടം വീട്ടി മലബാറിലേക്ക് കുടിയേറി. അവിടെ സമാധാനപരമായ ഒരു ജീവിതം സിപിയുടെ ഭാര്യയും മക്കളും ആഗ്രഹിച്ചുവെങ്കിലും, സി പി വീണ്ടും രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ഒടുവിൽ മരണക്കിടക്കയിൽ തന്റെ കടങ്ങളും കുടുംബത്തെയും മൂത്ത മകനായ മാമച്ചനെ ഏൽപ്പിച്ച് സി പി ഈ ലോകം വിട്ടു പോയി. അതോടെ ഖദറിനെയും രാഷ്ട്രീയത്തെയും വെറുത്ത മാമച്ചൻ, തന്റെ കുടുംബത്തിനായി നന്നായി അധ്വാനിച്ചു. ഒരിക്കൽ അലക്കി തേച്ച ഷർട്ടില്ലാത്തതിനാൽ, അപ്പന്റെ ഖദറുമിട്ട് പുറത്തിറങ്ങിയ മമാച്ചനു തന്റെ പരിചയക്കാരന് വേണ്ടി പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. അന്നാണ് രാഷ്ട്രീയക്കാർക്ക് ജനങ്ങളും പോലീസും നൽകുന്ന ബഹുമാനം മാമച്ചൻ മനസ്സിലാക്കുന്നത്. അതോടെ മാമച്ചൻ രാഷ്ട്രീയത്തിലേക്കിറങ്ങി. കേരളത്തിലെ പാർട്ടികളിൽ പ്രവർത്തിച്ചാൽ ഒരു വാർഡ് മെമ്പർ പോലുമാകാൻ കഴിയില്ല എന്ന് മനസ്സിലാക്കുന്ന മാമച്ചൻ, ആ സമയം കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ഡി.എൻ.സി എന്ന ഉത്തരേന്ത്യൻ പാർട്ടിയിൽ ചേർന്നു യൂത്ത് വിങ്ങ് അഖിലേന്ത്യ സെക്രട്ടറിയായി മാറി, പാർട്ടിയുടെ നേതാവ് ആനന്ദ് ശർമ്മ കണ്‍കണ്ട ദൈവവും.
ദേശീയ നേതാവായി മാമച്ചൻ നാട്ടിൽ ഞെളിഞ്ഞു നടക്കുന്നുണ്ടെങ്കിലും നാട്ടുകാർക്കും വീട്ടുകാർക്കും അയാളെ വലിയ വിലയൊന്നും ഇല്ല. കേന്ദ്രത്തിൽ നിന്ന് അനുവദിക്കുന്ന പല പദ്ധതികളുടേയും പിതൃത്വം ചുളുവിൽ അടിച്ചു മാറ്റുന്ന മാമച്ചനെ നാട്ടിലെ രാഷ്ട്രീയക്കാർക്കും ചതുർത്ഥിയാണ്. പലപ്പോഴും പഞ്ചായത്ത് പ്രസിഡന്റ് ഷെർലിയും വൈസ് പ്രസിഡന്റ് ജോസും ചേർന്ന് മാമാച്ചനിട്ട് പാരകൾ പണിയുമെങ്കിലും അതെല്ലാം ബൂമറാങ്ങ് പോലെ അവര്ക്ക് നേരെ തിരിച്ചു വരികയാണ് പതിവ്. ഭാഗം വെപ്പ് നടത്താത്തതിനാൽ തന്റെ അനുജൻ മത്തായിച്ചനുമായും അല്പം അസ്വാരസ്യത്തിലാണ് മാമച്ചൻ. രാഷ്ട്രീയ പ്രവർത്തനത്തിനും കുടുംബത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിനുമിടയിൽ മാമച്ചൻ പെണ്ണു കെട്ടിയില്ല. വയസ്സ് 42 ആയെങ്കിലും, പ്രായക്കൂടുതൽ പറഞ്ഞു കൊണ്ടു വന്ന പല ആലോചനകളും മാമച്ചൻ മുടക്കിയിരുന്നു. ആ സമയത്താണ് പള്ളിയിൽ വച്ച് മാമച്ചൻ ഡൽഹിയിൽ നഴ്സായ ലിസയെ കാണുന്നു. തന്റെ സുഹൃത്ത് പാച്ചൻ വഴി മാമച്ചൻ അവളെ കല്യാണം ആലോചിക്കുന്നു. എന്നാൽ പെണ്ണ് കാണലിനു ചെല്ലുമ്പോഴാണ് തന്റെ കൂടെ സ്കൂളിൽ പഠിച്ച മോളിക്കുട്ടിയുടേയും താൻ ചെറുപ്പത്തിൽ വഴക്കിട്ട വറീതിന്റെയും മകളാണ് ലിസ എന്ന് മാമച്ചൻ മനസ്സിലാക്കുന്നത്. വറീത് അവരെ വീട്ടിൽ നിന്നും ഇറക്കി വിടുന്നു. ഈ വിവരം നാട്ടിൽ പാട്ടാകുന്നു. ലിസയെ കണ്ട് സംസാരിക്കാൻ ശ്രമിക്കുന്ന മാമച്ചനോട് തന്റെ പിറകെ നടക്കേണ്ട എന്ന് ലിസ പറയുന്നു. അതിനിടയിൽ അവിടെയെത്തുന്ന വറീത് മാമച്ചനുമായി വഴക്കിടുന്നു. വർഷങ്ങൾക്ക് മുന്നേ നാടു വിട്ടു പോയ ചാർലി ആ സമയത്താണ് നാട്ടിലേക്ക് തിരികെയെത്തുന്നത്. പണക്കാരനായി മടങ്ങിയെത്തിയ അയാളുടെ പ്രധാന സുഹൃത്തുക്കൾ ജോസും കൂട്ടരുമായിരുന്നു. മാമച്ചനു ലിസയെ ഇഷ്ടമാണെന്നു മനസ്സിലാക്കുന്ന ജോസ്, ചാർലിയെ ലിസക്ക് വേണ്ടി ആലോചിക്കുന്നു. മാമച്ചനോടുള്ള ദേഷ്യത്തിൽ വറീത് അതിനു സമ്മതിക്കുന്നു. കല്യാണം ഉറപ്പിച്ച ശേഷം ലിസ ഡൽഹിയിലേക്ക് ജോലിക്കായി മടങ്ങുന്നു.
അതേ സമയം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു. അതോടെ ഏതെങ്കിലും ഒരു മുന്നണിയിൽ കയറി പറ്റാനായി മാമച്ചന്റെ പാർട്ടി ശ്രമം തുടങ്ങുന്നു. അതിനായി ഡൽഹിയിൽ പോകുന്ന മാമച്ചൻ ലിസയെയും കാണുന്നു. തനിക്ക് മാമച്ചനോട് ദേഷ്യം ഒന്നും ഇല്ല എന്നും അപ്പൻ സമ്മതിക്കാതെ കല്യാണം നടക്കില്ല എന്നും ലിസ പറയുന്നു. കേരളത്തിലെ ഒരു പാർട്ടിയിൽ ഡി എൻ സിക്ക് കയറി പറ്റുന്നു. തിരികെ നാട്ടിലെത്തുന്ന മാമച്ചനെയും പാർട്ടി പ്രസിഡന്റ് ഗോപിയും ആനന്ദ് ശർമ്മയുടെ പി എ സ്വാമി വന്നു കാണുന്നു. ഗോപിയെ കേരളത്തിൽ മത്സരിപ്പിക്കാനും മാമച്ചനെ കേന്ദ്രത്തിൽ ഒരു സഹമന്ത്രിയാക്കാനുമാണ് പാർട്ടിയുടെ പദ്ധതി എന്ന് സ്വാമി പറയുന്നു. മാമ്മച്ചൻ കേന്ദ്രമന്ത്രിയാകും എന്ന് കാണുന്ന ഗോപി, മാമച്ചന്റെ നിയോജക മണ്ഡലം മത്സരിക്കാനായി മുന്നണിയിൽ നിന്നും ചോദിച്ചു വാങ്ങുകയും മാമച്ചനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയുന്നു.ഗോപിയുടെ നീക്കം മനസ്സിലാക്കുന്ന മാമച്ചൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നും ഒഴിയാൻ നോക്കുന്നു. പക്ഷേ ഗോപി പിടി മുറുക്കുന്നതോടെ മാമച്ചൻ സ്ഥാനാർത്ഥിയാകുന്നു. നാട്ടിലെ തന്റെ ജനപിന്തുണ അറിയാവുന്ന മാമച്ചൻ താൻ തോൽക്കും എന്ന് ഉറപ്പിക്കുന്നു. മാമച്ചൻ ചേർന്നത് ജോസിന്റെ പാർട്ടി നേതൃത്വം കൊടുക്കുന്ന മുന്നണിയിലായത് ജോസിനൊരു അടിയാകുന്നു. താൻ മാമച്ചനു വേണ്ടി പ്രചരണത്തിനു ഇറങ്ങില്ല എന്ന് ജോസ് പറയുന്നുവെങ്കിലും ഗോപി ജോസിനെ കണ്ട് മാമച്ചൻ കേന്ദ്രമന്ത്രിയാകുമെന്ന് പറയുന്നതോടെ അതൊഴിവാക്കാനായി മാമച്ചനെ ജയിപ്പിക്കുവാൻ ജോസ് കളത്തിലിറങ്ങുന്നു. പാച്ചൻ മാമച്ചന്റെ വോട്ട് പരമാവധി കുറയ്ക്കാനായി പ്രവർത്തിക്കുന്നു.
തെരഞ്ഞെടുപ്പ ഫലം വരുമ്പോൾ മാമച്ചൻ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുന്നു. പാച്ചൻ നിരാശനാകുന്നു, പക്ഷേ ഇതിന്റെ പിറകിൽ മാമച്ചന്റെ കുതന്ത്രമായിരുന്നു എന്ന് പാച്ചൻ അറിയുന്നത് ഫലം വന്നതിനു ശേഷം മാത്രമായിരുന്നു. കേന്ദ്രമന്ത്രിയാകുമെന്ന് മാമച്ചൻ സ്വാമിയെ കൊണ്ട് കള്ളം പറയിച്ചതായിരുന്നു. അതറിഞ്ഞാൽ തിരഞ്ഞെടുപ്പിൽ പാര വയ്ക്കുമെന്ന് ഉറപ്പായിരുന്ന ഗോപിയും ജോസും തനിക്ക് വേണ്ടി പ്രവർത്തിച്ച് തന്നെ വിജയിപ്പിക്കും എന്ന കണക്കു കൂട്ടലായിരുന്നു മാമച്ചന്. മാമച്ചന്റെ പിന്തുണയില്ലാതെ മുന്നണിക്ക് മന്ത്രിസഭയുണ്ടാക്കാൻ കഴിയില്ല എന്നൊരു അവസ്ഥയിലെത്തുമ്പോൾ മാമച്ചൻ മന്ത്രിയാകും എന്നൊരു അഭ്യൂഹം പരക്കുന്നു. ലിസയുടെയും ചാർലിയുടേയും മനസമ്മത ദിവസം വരുന്നു. എന്നാൽ ചാർലിയെ കാണാതാകുന്നതോടെ ആ കല്യാണം മുടങ്ങുന്നു. എല്ലാവരുടേയും നിർബന്ധത്തിനു വഴങ്ങി മാമച്ചനെ കൊണ്ട് ലിസയെ കല്യാണം കഴിപ്പിക്കാൻ വറീത് തീരുമാനിക്കുന്നു. അവരുടെ കല്യാണം നടക്കുന്നു. റവന്യൂവിൽ നോട്ടമിട്ടിരുന്ന മാമച്ചൻ സ്പോർട്സ് മന്ത്രിയാകാനുള്ള ക്ഷണം നിരസിക്കുന്നു. മാമച്ചൻ ലിസയുമൊന്നിച്ച് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നുവെങ്കിലും ചാർലി അവരെ വഴിയിൽ തടയുന്നു. ചാർലിയുടെ വരവ് ലിസയെ ഭയപ്പെടുത്തുന്നു. എന്നാൽ ചാർലി അല്ലെന്നും ജോസൂട്ടിയാണെന്നും താൻ മാമച്ചന്റെ സുഹൃത്താണെന്നും അയാൾ പറഞ്ഞിട്ടാണ് താനീ നാടകമൊക്കെ കളിച്ചതെന്നും അയാൾ പറയുന്നു. മാമച്ചനോട് ലിസക്ക് ദേഷ്യം തോന്നുന്നുവെങ്കിലും അയാളുടെ സ്നേഹം മനസ്സിലാക്കുന്ന അവൾ അയാളോട് ക്ഷമിക്കുന്നു. മാമച്ചൻ മന്ത്രിയാകുന്നു.
സംവിധായകന്‍ ജയരാജിന്റെ അസിസ്റ്റന്റ് ആയിരുന്ന കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സെൻട്രൽ തീയേറ്റർ. സസ്പന്‍സ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിൽ ഹേമന്ത് മേനോന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായിക അഞ്ജലി അനീഷ് ഉപാസന. സിദ്ധാർഥ് ശിവ, അരുണ്‍, മാസ്റര്‍ ചേതന്‍, അംബിക മോഹന്‍, ബൈജു വി കെ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ചെന്നെയിൽ പൊലീസ് ഓഫീസറാണ് സിദ്ധാര്‍ധ് വിജയ്. സ്വന്തം നാടായ തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിൽ വിനയ് എന്ന ചെറുപ്പക്കാരനുമായി സിദ്ധാര്‍ധ് പരിചയത്തിലായി. വിനയിയും നാട്ടിലുള്ള ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു. വിനയ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ വിനയിനെ ഏൽപ്പിച്ച് ബന്ധുക്കൾ ഒരു കല്യാണത്തിന് പോകുന്നു. സമയം കളയാനായി വിനയ് കുട്ടികളുമായ് ഒരു സിനിമ കാണാനായി പുറപ്പെടുന്നു. സിനിമ ക്ളൈമാക്സിലെത്തുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കൂട്ടത്തിൽ ഉണ്ടായിരുന്ന ചെറിയൊരു കുട്ടിയെ കാണാതാകുന്നത്. വിനയ് പോലീസ് ഓഫീസറായ സിദ്ധാര്‍ധിന്റെ സഹായം തേടുന്നു. അതിനിടയിൽ ഞെട്ടിക്കുന്ന പല സംഭവങ്ങളും ഉണ്ടാകുന്നു. തുടർന്നുള്ള സസ്പെൻസ് നിറഞ്ഞ കഥയാണ് സെൻട്രൽ തീയേറ്റർ സിനിമ പറയുന്നത് .
ടി.പി രാജീവന്റെ "കെ ടി എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും" എന്ന നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് 'ഞാന്‍ '. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമാകുന്നു. പുതുമുഖം ശ്രുതി രാമചന്ദ്രന്‍, ജ്യോതികൃഷ്ണ, അനുമോള്‍ എന്നീ മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്
സ്വാതന്ത്ര്യ സമര പശ്ചാതലത്തിലുള്ള കഥയെ പുതിയ കാലവുമായി ബന്ധപ്പെടുത്തിയാണ് സിനിമ ഒരുക്കുന്നത്
ടി പി രാജീവന്‍റെ ‘പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ സിനിമയാക്കിയത് രഞ്ജിത്താണ്. ആ സിനിമയില്‍ മമ്മൂട്ടി നായകനായിരുന്നെങ്കില്‍ ഈ സിനിമയില്‍ അദ്ദേഹത്തിന്‍റെ മകന്‍ എന്നതാണ് സവിശേഷത.
പാലേരി മാണിക്യത്തിന് ശേഷം ടി.പി രാജീവന്റെ "കെ ടി എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും" എന്ന നോവലാണ് 'ഞാന്‍' എന്ന സിനിമയാവുന്നത്. മദ്രാസ് പ്രവിശ്യയിൽപ്പെട്ട മലബാറില്‍ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് 'കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവല്‍.
നർമ്മവും ഉദ്വേഗവുമൊക്കെ കൂട്ടിക്കലർത്തി നവാഗതനായ റെജീഷ് മിഥില സംവിധാനം ചെയ്ത ചിത്രമാണ് ലാൽ ബഹദൂർ ശാസ്ത്രി. ശ്രീലാൽ,ബഹദൂർക്ക,ധർമ്മജൻ ശാസ്ത്രി ഈ മൂന്നുപേരു ലോപിച്ചാണ് ലാൽ ബഹദൂർ ശാസ്ത്രിയായിരിക്കുന്നത്. ചിത്രത്തിൽ നെടുമുടി വേണു,ജയസൂര്യ, അജു വർഗ്ഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.മഴവിൽ മനോരമ ചാനലിലെ മിടുക്കി റിയാലിറ്റി ഷോയിലെ മൽസരാർത്ഥികളിലൊരാളായ സാന്ദ്ര സൈമണാണ് നായിക. റെജീഷ് മിഥില തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്
കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ശ്രീലാൽ എന്ന സാധാരണക്കാരൻ. പല ജോലികളും ചെയ്തു. ഒന്നും ശരിയായില്ല. സ്ഥിരമായി ഒരു വരുമാനമാർഗ്ഗമില്ല. ജോലിനേടാനായി ഒരു രാഷ്ട്രീയ നേതാവിന്റെ ശുപാർശക്കത്തുമായി കൊച്ചിയിലെത്തുകയാണ് ശ്രീലാൽ.ആ യാത്രയ്ക്കിടയിൽ പരിചയപ്പെട്ടതാണ് ബഹദൂർക്കയെ. എഴുപതിനിടയിലും അൽപ്പം ലഹരിസേവ ബഹദൂർക്കയ്ക്ക് പതിവാണ്. കൊച്ചിയിലെത്തുന്ന ശ്രീലാൽ ബഹദൂർക്കയെ കൂടാതെ ധർമ്മജൻ ശാസ്ത്രിയെയും പരിചയപ്പെടുന്നു. അച്ഛന്റെ ഒരു പ്രശ്നവുമായി പലയിടത്തും കയറി ഇറങ്ങുകയാണ് ധർമ്മജൻ. ശ്രീലാലും,ബഹദൂർക്കയും ,ധർമ്മജനും ഒരേ രേഖയിലൂടെ സഞ്ചരിക്കേണ്ടിവരുന്നു. ഇതിനിടയിലുണ്ടാകുന്ന സംഭവങ്ങളാണ് ലാൽ ബഹദൂർ ശാസ്ത്രി എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു,അജു വർഗ്ഗീസ് ,ജയസൂര്യ എന്നിവരാണീ മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താര എന്ന കഥാപാത്രമായി പുതുമുഖം സാന്ദ്ര സൈമണ്‍ അഭിനയിക്കുന്നു. ചിത്രത്തിൽ രണ്‍ജി പണിക്കരും അഭിനയിക്കുന്നുണ്ട്.
ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലൊ ഒരു ആൽബമോ ചലച്ചിത്രമോ അല്ല. സംഗീത സംവിധായകൻ ബിജിബാലിന്റെ മകൾ പാടിയഭിനയിച്ച വളരെ ലളിതമായ എന്നാൽ ഏറെ ഹൃദ്യവും മനോഹരവുമായൊരു കുഞ്ഞോണപ്പാട്ട്. ഈ പാട്ടിന്റെ വരികൾ ആരുടെതെന്ന് നിശ്ചയം ഇല്ല, കുഞ്ഞോണപ്പാട്ടിൽ കൗതുകം തോന്നിയ ബിജിബാൽ അതൊരു കുഞ്ഞുപ്രൊഫൈൽ പോലെ യൂറ്റുബ് വഴി പബ്ളിഷ് ചെയ്യുകയായിരുന്നു. ഗാനത്തിന്റെ പബ്ളിഷർ ബോധി സൈലന്റ് സ്കേപ്പ് ആണ് (വിവരങ്ങൾക്ക് കടപ്പാട് : ബിജിബാലിന്റെ സ്റ്റാർ ഇന്റർവ്യൂ , ഉത്രാട ദിവസം 2014 , അമൃത ടി വി)
മലയാള സിനിമയുടെ വിവിധ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന പ്രശസ്തരുടെ പിന്മുറക്കാരെ ഒരുമിപ്പിച്ചു കൊണ്ട് നവാഗതനായ ഷൈജു എൻ സംവിധാനം ചെയ്ത ചിത്രമാണ് വെയിലും മഴയും.
നടന്‍ മുരളിയുടെ അനുജന്‍ ഹരികുമാർ കെ ജി, സംവിധായകന്‍ പത്മരാജന്റെ അനന്തരവന്‍ ഹരീന്ദ്രനാഥ്, എംജി സോമന്റെ മകന്‍ സജി സോമന്‍, കരമന ജനാര്‍ദനന്‍ നായരുടെ മകന്‍ സുധീര്‍ കരമന, തിലകന്റെ മകന്‍ ഷോബി തിലകന്‍ എന്നിവരാണ് ചിത്രത്തിലഭിനയിക്കുന്ന പിന്മുറക്കാര്‍.
ഗായകന്‍ ബ്രഹ്മാനന്ദന്റെ മകന്‍ രാകേഷ് ബ്രഹ്മാനന്ദൻ ഗാനം ആലപിച്ചിരിക്കുന്നു
അര്‍ജുനന്‍ മാസ്റ്ററുടെ മകന്‍ എം എ അശോകൻ (അശോകൻ അർജുനൻ) ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയത്, തിരക്കഥാകൃത്ത് ജെ പള്ളാശ്ശേരിയുടെ സഹോദരന്‍ ബാബു പള്ളാശ്ശേരിയാണ്.