ഈ പറക്കും തളിക
ബസ്സപകടത്തില്‍ മരണമടഞ്ഞ അച്ഛന്റെ ഓര്‍മ്മക്കായി, പലിശക്കാര്‍ പണയപ്പെടുത്തിയിരിക്കുന്ന അച്ഛന്റെ ബസ്സ് വീണ്ടെടുക്കാന്‍ മകന്‍ നടത്തുന്ന ശ്രമങ്ങളും നായകൻ പ്രണയിക്കുന്ന നായികയെ വീണ്ടെടുക്കലും നര്‍മ്മ രൂപത്തില്‍ അവതരിപ്പിക്കുന്നു.
അപകടമരണത്തില്‍പ്പെട്ട താമരാക്ഷന്‍ പിള്ളയുടെ പേരിലുള്ള ബസ്സ് പലിശക്കാരന്‍ അവറാന്റെ (കുഞ്ചന്‍) കൈവശമായിരുന്നു. അതു വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താമരാക്ഷന്‍ പിള്ളയുടേ മകന്‍ ഉണ്ണി(ദിലീപ്). ഉണ്ണിക്കൊപ്പം അച്ഛന്റെ ബന്ധുവിന്റെ മകന്‍ സുന്ദരനു(ഹരിശ്രീ അശോകന്‍)മുണ്ട്. പഴയ ബസ്സ് ആണെങ്കിലും അച്ഛനോടുള്ള സ്നേഹവും ബഹുമാനവും കാരണം ആ ബസ്സ് വില്‍ക്കാന്‍ തയ്യാറാകാത്ത ഉണ്ണി അവറാനു അല്പം പണം കൊടുത്ത് ബസ്സ് തിരിച്ചെടുക്കുന്നു. ഉണ്ണിയുടേ അമ്മാവന്‍ കൃഷ്ണപിള്ള (ബാബു നമ്പൂതിരി) പറഞ്ഞതനുസരിച്ച് ബസ്സ് ഒരു മൊബൈല്‍ റെസ്റ്റോറന്റ് ആക്കി മാറ്റാന്‍ എന്ന വ്യാജേന ബാങ്കില്‍ നിന്നും പണം പലിശക്കെടുക്കുന്നു. അപ്രതീക്ഷിതമായി ഒരു ദിവസം അവരുടേ ബസ്സില്‍ ബസന്തി (നിത്യാ ദാസ്) എന്ന് പേരുള്ള ഒരു നാടോടിപെണ്‍കുട്ടിയെ കാണുന്നു. ഉണ്ണിയും സുന്ദരനും എത്ര ശ്രമിച്ചിട്ടും ആ പെണ്‍കുട്ടി അവരെ വിട്ടു പോകുന്നില്ല. ബസന്തി സംസാരിക്കുന്ന ഭാഷയും അവര്‍ക്ക് മനസ്സിലാവുന്നില്ല. കുറേ ദിവസങ്ങള്‍ക്ക് ശേഷം ബസന്തി ആ സത്യം അവരോട് വെളിപ്പെടുത്തുന്നു. പോണ്ടിച്ചേരി അഭ്യന്തരമന്ത്രിയായ ആര്‍ കെ സന്താന(പി വാസു)ത്തിന്റെ വളര്‍ത്തുമകളാണ് താനെന്നും തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനും അച്ഛന്റെ താല്പര്യത്തിലുള്ള ഒരു വിവാഹത്തിനും നിര്‍ബന്ധിക്കുകയാണെന്നും തനിക്കതില്‍ തീരെ താല്പര്യമില്ലെന്നും അതുകൊണ്ട് ഒറ്റപ്പാലത്തെ അമ്മയുടേ തറവാട്ടിലേക്ക് വന്നതാണെന്നും പക്ഷെ പ്രബലരായ അച്ഛന്റെ ആളുകള്‍ തന്നെ പിന്തുടരുന്നതുകൊണ്ട് തറവാട്ടിലേക്ക് പോകാതെ ഒരു നാടോടിയായി വേഷം കെട്ടിയതാണെന്നും. ബസന്തി എന്ന ഗായത്രിയെ ഉണ്ണിയും സുന്ദരനും സംരക്ഷിക്കുന്നുവെങ്കിലും പോണ്ടിച്ചേരിയില്‍ നിന്ന് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വരികയും ബസന്തിയെ പോണ്ടിച്ചേരിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഇതിനിടയില്‍ പ്രണയത്തിലായ ബസന്തിയും ഉണ്ണിയും വേര്‍പിരിയുന്നതില്‍ മാനസികമായി വിഷമിക്കുന്നു.
പിന്നീട്, പണയത്തിലായ ബസ്സ് നഷ്ടപ്പെടാതിരിക്കാനും ഒപ്പം പോണ്ടിച്ചേരിയില്‍ വീട്ടില്‍ നിന്ന് അവളെ തിരിച്ചു കൊണ്ടുവരാനുമുള്ള ഉണ്ണിയുടെ ശ്രമങ്ങളാണ്.
തമിഴ് സംവിധായകന്‍ പി വാസു ആദ്യമായി മലയാള സിനിമയില്‍ അഭിനയിച്ച ചിത്രം
നിത്യാദാസ് എന്ന പുതിയ നായികയെ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചു
മലയാള സിനിമയില്‍ നിരവധി കൊമേഴ്സ്യല്‍ വിജയങ്ങള്‍ സൃഷ്ടിച്ച സംവിധായകന്‍ ജോണി ആന്റണി ഈ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറും അന്‍വര്‍ റഷീദ് അസിസ്റ്റന്റ് ഡയറക്ടറുമായിരുന്നു.ജോണി ആന്റണി ഒരു നാടോടി വേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
- Read more about ഈ പറക്കും തളിക
- 2 comments
- Log in or register to post comments
- 3869 views