അന്നും ഇന്നും എന്നും
- Read more about അന്നും ഇന്നും എന്നും
- 684 views
തനിക്ക് വിഭ്യാഭ്യാസമില്ലാത്തതു കൊണ്ട് മകനെ എസ് എസ് എൽ സി പരീക്ഷ വിജയിപ്പിക്കാൻ ശ്രമിക്കുന്ന അപ്പന്റേയും അപ്പനെ ജീവനു തുല്യം സ്നേഹിക്കുന്ന മകന്റേയും സൌഹൃദത്തിന്റേയും സ്നേഹത്തിന്റേയും പിണക്കത്തിന്റേയും കഥ നർമ്മത്തിൽ പറയുന്നു.
കോട്ടൂർ ഗ്രാമത്തിലെ മാലാഖ ലൈറ്റ്സ് & സൌണ്ട്സ്-നു ഉടമകളാണ് ഫിലിപ്പോസും (നെടുമുടി വേണു) മകൻ ഐസക് ന്യൂട്ടണും(ലാൽ) മുപ്പതു വയസ്സു കഴിഞ്ഞ മകൻ ഐസക് ന്യൂട്ടൺ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അതിനു കാരണവുമുണ്ട്. ഐസക് ന്യൂട്ടൺ ഇതുവരെ എസ് എസ് എൽ സി പാസ്സായിട്ടില്ല. മകൻ പത്താംക്ലാസ്സ് പാസ്സായിട്ടേ അവന്റെ വിവാഹം നടത്തൂ എന്ന് ഫിലിപ്പോസിനു നിർബന്ധമുണ്ട്. അതിനു ഫിലിപ്പോസിന്റെ ജീവിതം തന്നെയാണ് കാരണം. 32 വർഷങ്ങൾക്ക് മുൻപ് ഒട്ടും വിദ്യാഭ്യാസമില്ലാത്ത ഫിലിപ്പോസിനെ നാട്ടിലെ പ്രമാണിയുടെ (ശ്രീരാമൻ) മകളു നല്ല വിദ്യാഭ്യാസമുള്ള സാറ (നിമിഷ) സ്നേഹിച്ച് വിവാഹം കഴിച്ചതാണ്. മറ്റൊരാളുമായുള്ള വിവാഹം നടത്താൻ സാറയുടെ അപ്പൻ നിശ്ചയിച്ചിരുന്നു. വിവാഹത്തിന്റെ തലേദിവസം സാറ ഫിലിപ്പോസുമായി ഒളിച്ചോടി രജിസ്റ്റർ വിവാഹം കഴിച്ചു. സാറയുടേ അപ്പനും ഇളയപ്പന്മാരും അതിനെ എതിർത്തെങ്കിലും ഫിലിപ്പോസിനെ തല്ലിച്ചതച്ചെങ്കിലും സാറ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവർ സാറയെ ഉപേക്ഷിച്ചു. സാറ തന്റെ പ്രസവത്തോടെ മരിക്കുന്നു. മരിക്കുന്നതിനു മുൻപ് ഫിലിപ്പോസിനോട് പറഞ്ഞതാണ് മകനെ നല്ല നിലയിൽ പഠിപ്പിക്കണമെന്ന്. ആ വാക്കു പാലിക്കാൻ ഫിലിപ്പോസ് മകനെ എസ് എസ് എൽ സി എഴുതിക്കുന്നു. മുൻപ് പതിനേഴു പ്രാവശ്യം എഴുതിയിട്ടൂം ഐസക് ന്യൂട്ടൺ പരാജയപ്പെട്ടു. പതിനെട്ടാം തവണ പരീക്ഷ എഴുതാൻ തയ്യാറെടുത്തിരിക്കുകയാണ്. ഐസക് ന്യൂട്ടൺ. കൂടെ എന്തിനും തയ്യാറായി ന്യൂട്ടന്റെ സന്തത സഹചാരികളായ ജോമോനും (ധർമ്മജൻ ബോൾഗാട്ടി) ജോസുട്ടനുമുണ്ട് (റ്റിനി ടോം)
ഫിലിപ്പോസിന്റെ സുഹൃത്തായ ഔസേപ്പച്ചന്റെ (റ്റി ജി രവി) മകൾ ആനി(അഭിനയ)യുമായി ഐസക് ന്യൂട്ടൺ പ്രണയത്തിലുമാണ്. ഇരുവരുടേയും പ്രണയം വീട്ടുകാർക്ക് ഇഷ്ടവും വിവാഹം ഉറപ്പിച്ചതുമാണ്. എന്നാൽ ന്യൂട്ടൺ പത്താം ക്ലാസ്സ് പാസ്സായിട്ടേ വിവാഹം നടത്തൂ എന്ന വാശിയിലാണ് ഫിലിപ്പോസ്. ഗ്രാമത്തിലെ എല്ലാവർക്കും ഇരുവരുടേയും പ്രണയം അറിയാം. ഇതിനിടയിൽ ഇടവകയിലെ പള്ളിപ്പെരുന്നാൾ എത്തി. ആ വർഷം പെരുന്നാളിനു പണം മുടക്കുന്നതും നടത്തുന്നതും വിദേശത്തു നിന്നു നാട്ടിൽ എത്തിയ ജോർജ്ജ് ആയിരുന്നു. നാട്ടിൽ വലിയ ബിസിനസ്സും മറ്റുമുള്ള ജോർജ്ജിനു മറ്റെന്തെക്കൊയോ ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നു. ഇടവകയിലെ പെരുന്നാളിനു ജോർജ്ജ് ആനിയെ കാണുന്നു. ആനിയെ സ്വന്തമാക്കണമെന്ന് ജോർജ്ജ് ആഗ്രഹിച്ചു.
കുറച്ചു ദിവസങ്ങൾക്കകം എസ് എസ് എൽ സി റിസൾട്ട് വരുന്നു. പ്രതീക്ഷിച്ചതിനു വിപരീതമായി ന്യൂട്ടൺ പരാജയപ്പെടുന്നു. ഇത് ഫിലിപ്പോസിനെ വിഷമിപ്പിക്കുന്നു. ആ കാരണത്താൽ അപ്പനും മകനും വഴക്കുണ്ടാകുകയും പിണക്കത്തിലാകുകയും ചെയ്യുന്നു. ഇരുവരുടേയും പിണക്കം തീർക്കാൻ ജോസുട്ടനും ജോമോനും ആനിയും ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിൽ ജോർജ്ജ് ആനിയെ സ്വന്തമാക്കാൻ ചില കരുക്കൾ നീക്കിത്തുടങ്ങി. അതിൽ ആനിയുടെ വീട്ടുകാരും പ്രലോഭിതരായി.
തമിഴ് നടി അഭിനയ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സംസാര ശേഷിയില്ലാത്ത അഭിനയ എന്ന നടി സംസാരിക്കുന്ന കഥാപാത്രമായാണ് ഇതിൽ അഭിനയിക്കുന്നത്. അഭിനയക്ക് ശബ്ദംകൊടുത്തിരിക്കുന്നത് പ്രശസ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ശ്രീജയാണ്.
തടിയനായ ലൂക്കാ ജോൺ പ്രകാശിന്റെ (ശേഖർ മേനോൻ) ജീവിതവും സൌഹൃദവും പ്രണയവും പ്രണയ ഭംഗവും കോമഡി രൂപത്തിൽ അവതരിപ്പിക്കുന്നു.
വീ ജെ ആയ സണ്ണി ജോസ് പ്രകാശി(ശ്രീനാഥ് ഭാസി)ന്റെ ഓർമ്മകളിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. സണ്ണിയും സണ്ണിയുടെ പേരപ്പന്റെ മകൻ ലൂക്കാ ജോൺ പ്രകാശും (ശേഖർ മേനോൻ) സഹോദരങ്ങളാണെങ്കിലും സുഹൃത്തുക്കളെപ്പോലെയായിരുന്നു ചെറുപ്പം മുതൽ. ഇരുവരും ഒരേ സ്ക്കൂളിൽ. മറ്റുകുട്ടികളിൽ നിന്ന് വിത്യാസമായി അമിത തടിയുണ്ടായിരുന്ന ലൂക്കയ്ക്ക് സൌഹൃദങ്ങൾ കുറവായിരുന്നു. സണ്ണിയായിരുന്നു അവന്റെ ആത്മാർത്ഥ കൂട്ടുകാരൻ. സണ്ണിയുടെ അപ്പൻ ജോസ് പ്രകാശും(മണിയൻ പിള്ള രാജു) ലൂക്കയുടെ അപ്പൻ ജോൺ പ്രകാശും(ഇടവേള ബാബു) പ്രകാശ് പാർട്ടിയുടെ നേതാക്കളായിരുന്നു. ഇവരുടെ അപ്പൻ പ്രകാശൻ പാലക്കൽ (എൻ എൽ ബാലകൃഷ്ണൻ) സ്ഥാപിച്ച പാർട്ടിയാണ് പ്രകാശ് പാർട്ടി കോൺഗ്രസ്. പ്രകാശൻ പാലക്കൽ കൊച്ചി മേയറായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കാലശേഷം മക്കളുടെ നേതൃത്വത്തിൽ പാർട്ടിക്ക് കൊച്ചിയിൽ മേയറാകാൻ സാധിച്ചില്ല. പകരം വർഷങ്ങളായി എതിർപാർട്ടിയാണ് കൊച്ചി ഭരിക്കുന്നത്. കോതാട് ദാസൻ (ജയരാജ് വാര്യർ) ആണ് നിലവിൽ മേയർ.
ലൂക്കയുടെ ചെറുപ്പത്തിൽ അപ്പന്റെ സുഹൃത്തും അയൽ വാസിയുമായ റോഷ്വാ താടിക്കാരനും (കുഞ്ചൻ) ഭാര്യ റാണി താടിക്കാരനും (തെസ്നിഖാൻ) മകളും കൂടി ഒരിക്കൽ വീട്ടിൽ വന്നപ്പോഴാണ് ലൂക്ക ആദ്യമായി ആൻ മേരിയെക്കാണുന്നത്. റോഷ്വാ-റാണി താടിക്കാരന്റെ മകൾ ആൻ മേരി താടിക്കാരനോട്(ആൻ അഗസ്റ്റിൻ) ലൂക്കക്ക് അന്നുമുതലേ പ്രണയം തോന്നി. സ്ക്കൂളിൽ വെച്ച് ആദ്യമായി അവൻ ലഞ്ച് അവൾക്ക് പങ്കുവെച്ചു. എന്നാൽ ആ ഇഷ്ടം അധികം നാൾ നീണ്ടുനിന്നില്ല. താടിക്കാരനും കുടൂംബവും മറ്റൊരിടത്തേക്ക് വീടുവിട്ടു പോയി. അങ്ങിനെ സ്ക്കൂൾ പ്രായത്തിലേ ലൂക്കയുടെ പ്രണയം തകർന്നു.
കാലമേറെക്കഴിഞ്ഞ് വിദ്യാഭ്യാസത്തിനു ശേഷം സണ്ണി വീ ജെയും ലൂക്ക പുതിയ പഠന കോഴ്സുകളുമായി മുന്നോട്ട് പോയി. യാദൃശ്ചികമായി താടിക്കാരൻ കുടുംബം ലൂക്കയുടെ നാട്ടിലേക്ക് തിരിച്ചു വന്നു. ആൻ മേരി താടിക്കാരൻ മെലിഞ്ഞ് സുന്ദരിയായിട്ടുണ്ടായിരുന്നു. ലൂക്കയുടെ പ്രണയം വീണ്ടും തളിർത്തു. വീണ്ടും കണ്ടു മുട്ടിയപ്പോൾ ആൻ ലൂക്കക്ക് ഒരു സമ്മാനം നൽകി. ലൂക്കക്ക് ആനിനോടുള്ള പ്രണയം കൂടുകയായിരുന്നു. അവൻ അവളെ സ്വപ്നം കണ്ടു നടന്നു.
എന്നാൽ ലൂക്കയുടെ അമിതമായ തടി ആൻ മേരിക്ക് ഒരു പ്രശ്നമായിരുന്നു. ലൂക്കയും അവന്റെ സുഹൃത്തുക്കളും അവന്റെ തടിയെ സ്നേഹിച്ചപ്പോൾ ആൻ മേരി അവന്റെ തടി കുറക്കാൻ വേണ്ടി ഉപദേശിച്ചു. ആൻ മേരി നഗരത്തിൽ പ്രശസ്തമായ ആയുർവ്വേദ ക്ലിനിക്ക് ആയ വൈദ്യർ റിസോർട്ടിലെ കുറച്ചു ദിവസത്തെ ചികിത്സക്ക് ലൂക്കയെ നിർബന്ധിച്ചു.ആൻ മേരിയുടെ സ്നേഹപൂർണ്ണമായ നിർദ്ദേശം അവൻ സ്വീകരിച്ചു. വൈദ്യർ മഠത്തിൽ വെച്ചാണ് അതിന്റെ ഉടമ രാഹുൽ വൈദ്യരെ (നിവിൻ പോളി) ലൂക്ക കണ്ടുമുട്ടുന്നത്. രാഹുൽ വൈദ്യർ ലൂക്കയുടെ ജീവിതത്തിൽ ഒരു പ്രശ്നമായി മാറുകയായിരുന്നു പിന്നീട്.
യുവത്വം കഴിയാറായ അഞ്ചു ചെറുപ്പക്കാരുടെ സൌഹൃദവും ന്യൂ ഇയർ ആഘോഷിക്കാൻ അവർ ഒത്തുകൂടുകയും അതിനെത്തുടർന്നുണ്ടാകുന്ന ആകസ്മിക സംഭവങ്ങളുമാണ് കഥാസന്ദർഭം
നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിലെ 9 ഡി ഫ്ലാറ്റിൽ എന്നും ഒത്തുകൂടുന്ന അഞ്ച് സുഹൃത്തുക്കളാണ് അഡ്വ ജോൺ പള്ളൻ(ലാൽ) ഓർക്കസ്ട്രേഷൻസ് നടത്തുന്ന കിച്ചു (ബിജു മേനോൻ) സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്യുന്ന സിനിമാ നടൻ രൂപേഷ് കൃഷ്ണ (സുരേഷ് കൃഷ്ണ) പ്രശസ്ത ഷെഫ് ബാവ (പി സുകുമാർ) സർക്കാരുദ്ധ്യോഗസ്ഥനായ ബാബുമോൻ (സുനിൽ ബാബു) എന്നിവർ. പലർക്കും സ്വന്തമായി വീടുണ്ടെങ്കിലും ഡിവോഴ്സ്ഡ് ആയ അഡ്വ. ജോൺ പള്ളത്തിന്റെ ഫ്ലാറ്റിൽ ദിവസവും രാത്രിയിൽ ഒത്തുകൂടും. മദ്യപാനവും പാട്ടും തമാശയുമായി രാത്രി തള്ളി നീക്കും. ജോണും കിച്ചുവും ഇണപിരിയാത്ത സുഹൃത്തുക്കളാണ്. കിച്ചുവിന്റേയും ഭാര്യ മെർലിന്റേ(മിയ)യും വിവാഹം നടത്തിക്കൊടുത്തത് ജോണും കൂട്ടുകാരുമാണ്. ഫ്ലാറ്റിലെ ഇവരുടേ ബഹളവും മറ്റും ഫ്ലാറ്റ് റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് മാത്യവിനും (പി ശ്രീകുമാർ) സെക്രട്ടറി(സാദിക്ക്)ക്കും ഇഷ്ടപ്പെടുന്നില്ല. ജോൺ പള്ളനേയും സുഹൃത്തുക്കളേയും എങ്ങിനെയെങ്കിലും ഫ്ലാറ്റിൽ നിന്നും പുറത്താക്കാൻ അവർ തന്ത്രങ്ങൾ മെനയുന്നു. ജോണിന്റെ ഫ്ലാറ്റിൽ ഏതോ ഒരു പെൺകുട്ടീ വരുന്നുണ്ടെന്ന് സെക്യൂരിറ്റി പറഞ്ഞതിൻ പ്രകാരം അവർ അപ്പാർട്ട്മെന്റിന്റെ പലഭാഗത്തും ക്യാമറകൾ വെക്കുന്നു.
ഡിസംബർ 31ആം തിയ്യതി ഈ കൂട്ടൂകാരുടെ ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ഫ്ലാറ്റിൽ ആഘോഷം ഗംഭീരമാക്കാൻ അതിന്റെ തലേദിവസം അവർ പ്ലാൻ ചെയ്യുന്നു. എല്ലാവരും പരസ്പരം പ്ലാനുകൾ പറയുകയും വൈകീട്ട് നേരത്തെയെത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നു. തിരുവനന്തപുരത്ത് ഒരു റെക്കോഡിങ്ങിനു പോയ കിച്ചു ഫ്ലാറ്റിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും കാറിലാണെന്നും വിളിച്ചറിയിക്കുന്നു. രൂപേഷ് കൃഷ്ണയും ബാബുമോനും ജോണും ബാവയും ഫ്ലാറ്റിലെത്തി മദ്യപാനവും കമ്പനിയും ആരംഭിച്ചു. ഇതിനിടയിൽ കിച്ചുവിനെ വിളിച്ചിട്ട് കിട്ടാതായപ്പോൾ കിച്ചുവിന്റെ ഡ്രൈവറെ വിളിച്ച് അന്വേഷിക്കുന്നു. കിച്ചുവിനു നെഞ്ചുവേദനയാണെന്നും ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞിട്ടു പോയില്ലെന്നും പകരം ബാറിലേക്ക് പോയെന്നും ഡ്രൈവർ പറയുന്നു. കിച്ചുവിനു നെഞ്ചുവേദനയാണെന്നറിഞ്ഞ ജോണും കൂട്ടരും പരിഭ്രാന്തരാകുന്നു. കിച്ചു വന്നാൽ അവൻ സമ്മതിച്ചില്ലെങ്കിലും അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകണമെന്ന് നിശ്ചയിക്കുന്നു. കിച്ചു ഫ്ലാറ്റിൽ എത്തി നേരെ മദ്യം എടുത്തു കഴിക്കുന്നു. ജോണും കൂട്ടരും കിച്ചുവിനെ എടുത്ത് കാറീൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ടു പോകുന്നു. പോകുന്ന വഴിക്ക് അവരെ പോലീസ് പിടിക്കുന്നു. മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ ജോൺ പള്ളത്തിനു പിഴയിടീക്കുന്നു.
ന്യൂഇയറിന്റെ തലേദിവസം ഫ്ലാറ്റിൽ എല്ലാവരും ഒത്തുകൂടുന്നു. എന്നാൽ കിച്ചു മാത്രം എത്താൻ വൈകുന്നു. കിച്ചുവിനു എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നു സുഹൃത്തുക്കൾക്ക് തോന്നുന്നു. മദ്യപാനവും പാട്ടുമായി അവർ ന്യൂഇയർ തലേന്ന് ആഘോഷിച്ചു. അതിനിടയിൽ താഴെ അപ്പാർട്ട്മെന്റിന്റെ ആഘോഷപരിപാടികൾ നടക്കുന്നതിനിടയിൽ ഇവർ മദ്യപിച്ച് ലക്കുകെട്ട് എത്തുകയും ആ ആഘോഷപരിപാടികൾ അലമ്പാക്കുകയും ചെയ്യുന്നു.
അഞ്ചുപേരും തിരിച്ച് മുറിയിലെത്തി വീണ്ടും ആഘോഷം തുടരുന്നതിനിടയിലായിരുന്നു റസിഡൻസ് അസ്സോസിയേഷൻ പ്രസിഡണ്ടും സെക്രട്ടറിയും മറ്റു ആളുകളും ഇവരുടെ 9 ഡി ഫ്ലാറ്റിലെത്തുന്നത്. ഇവരുടേ ഫ്ലാറ്റിൽ ഒരു സ്ത്രീ ഉണ്ടെന്നും അത്തരം കാര്യങ്ങൾ ഇവിടെ നടക്കില്ലെന്നും അവർ അറിയിക്കുന്നു. എന്നാൽ തങ്ങളുടെ ഫ്ലാറ്റിൽ അങ്ങിനെയൊന്നില്ലെന്നും ഞങ്ങളല്ലാതെ മറ്റൊരാളെ കാണാനാവില്ലെന്നും ഇവർ തറപ്പിച്ചു പറയുന്നു. ഉഭയതീരുമാനപ്രകാരം അസോസിയേഷനിലെ ഒരാൾ ഇവരുടേ ഫ്ലാറ്റ് വിശദമായി പരിശോധിക്കുന്നു. എന്നാൽ ഈ അഞ്ച് സുഹൃത്തുക്കളുടെ കണക്കുകൂട്ടലിനു അപ്പുറത്തായിരുന്നു കാര്യങ്ങൾ. അവരെ ഞെട്ടിക്കുന്ന വിവരമായിരുന്നു ഫ്ലാറ്റ് പരിശോധിച്ച ആൾ വെളിപ്പെടുത്തിയത്. അതോടെ അഞ്ചുപേരും ഒരു ഊരാക്കുടുക്കിലാകുന്നു.
സിനിമാ നടന്മാരായ ബിജു മേനോൻ, സുരേഷ് കൃഷ്ണ, ക്യാമറാമൻ പി സുകുമാർ, സംവിധായകൻ ഷാജൂൺ കര്യാൽ, തിരക്കഥാകൃത്ത് സച്ചി എന്നിവർ ചേർന്ന് ‘തക്കാളി ഫിലിംസ്’ എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു.
ക്യാമറാമെൻ പി സുകുമാർ ചേട്ടായീസിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി വേഷമിടുന്നു.
നടന്മാരായ ബിജുമേനോനും ലാലും ഈ സിനിമയിൽ ഒരു ഗാനം ആലപിക്കുന്നു.
നിറഭേദങ്ങളുമുള്ള പോപ്പിൻസ് മിഠായിപോലെ പല കഥകളെ കൂട്ടിയിണക്കിയിരിക്കുന്ന സിനിമ. സംവിധായകനാകാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായും ഓർമ്മകളായും ഭാവനകളായും പല കഥകൾ പുരോഗമിക്കുന്നു.
നാടോടിക്കഥകൾ ചേർത്തുവെച്ച് നാടക രചയിതാവ് ജയപ്രകാശ് കുളൂർ രചിച്ച നാടോടി നാടകങ്ങളിൽ നിന്നാണ് ഈ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.
കാന്തനും (ഇന്ദ്രജിത്) കാന്തയും(പത്മപ്രിയ) തമ്മിലുള്ള ജീവിതത്തിൽ നിന്നാണ് ആദ്യ കഥ. മടിയനും അലസനുമായ കാന്തനെ ഉത്തരവാദിത്വബോധമുള്ള ഒരു ഭർത്താവാക്കാൻ ശ്രമിക്കുന്ന കാന്ത. പുഴക്കക്കരെ ഒരു തള്ളയുണ്ടെന്നും തള്ളയെപ്പോയി കണ്ടാൽ ജീവിക്കാനുള്ള മാർഗ്ഗം പറഞ്ഞുതരുമെന്നും കാന്ത പറയുന്നു. അതനുസരിച്ച് കാന്തൻ തള്ളയെ കാണാൻ പോകുന്നു. അവർ അവരെത്തന്നെ സ്വയം തിരിച്ചറിയുകയും സ്നേഹം പങ്കുവെക്കുകയും ചെയ്യുന്നിടത്ത് ഒന്നാം കഥ അവസാനിക്കുന്നു
ഈ കഥയുടെ സ്വപ്നത്തിൽ നിന്നാണ് ഹരി(ശങ്കർ രാമകൃഷ്ണൻ) എന്ന സിനിമാമോഹമുള്ള ചെറുപ്പക്കാരൻ തന്റെ ഉറക്കം വിട്ടുണരുന്നത്. സിനിമയും പഴയ തിയ്യറ്ററും(കൊട്ടക) അതിനോട് ചേർന്ന ജീവിതപരിസരങ്ങളും ഓർമ്മയിൽ നിന്നും മായാത്ത ഹരിക്ക് കുറച്ചു നാളായി ഒരു സിനിമ ചെയ്യണമെന്നുള്ള കടുത്ത ആഗ്രഹമാണ്. അതിനു വേണ്ടി ഹരി ജോലിയിൽ നിന്നും ലീവെടുത്ത് സിനിമ ചെയ്യാനിറങ്ങുന്നു. എന്നാൽ സിനിമാ രംഗത്ത് നിന്നും ഹരിക്ക് ലഭിക്കുന്നത് തിക്താനുഭവങ്ങളാണ്. മുൻ പരിചയമില്ലാത്തതുകൊണ്ടും കമേഴ്യ്സൽ ഘടകങ്ങളില്ലാത്ത സ്ക്രിപ്റ്റ് ആയതുകൊണ്ടും ഹരിയുടെ തിരക്കഥയ്ക്ക് എവിടെ നിന്നും അനുകൂല അഭിപ്രായങ്ങൾ കിട്ടുന്നില്ല. സിനിമാ സംവിധായകനായ പ്രിയനന്ദനൻ ഹരിയെ നന്നായി സപ്പോർട്ട് ചെയ്യുന്നു. തന്റെ ആദ്യ സിനിമാ അനുഭവങ്ങളും തന്റെ കാഴ്ചപ്പാടുകളും പ്രിയനന്ദനൻ ഹരിയോട് പങ്കുവെക്കുന്നു.
കാഴ്ചകളെ വ്യക്തമാക്കാൻ സഹായിക്കുന്ന കണ്ണട നഷ്ടപ്പെട്ടവരുടേയും ഒടുക്കം കണ്ണട തിരിച്ചു കിട്ടുന്നതിലൂടെ കാഴ്ചകൾ സുഖകരവും തെളിമയുള്ളതുമാകുന്ന കഥയാണ് പിന്നീട്. ഗബ്രിയേൽ (പി ബാലചന്ദ്രൻ) വിഭാര്യനാണ്. പപ്പയ്ക്ക് ഈ പ്രായത്തിൽ ഒരു കൂട്ടു വേണമെന്ന് മകൻ ജോബിനും(സൈജു കുറുപ്പ്) ഭാര്യക്കും തോന്നിയതുകൊണ്ട് അവർ പപ്പയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ഒരു പെണ്ണുകാണലിനു കൊണ്ടു പോകുകയുമാണ്. ചെറുപ്പം തോന്നിക്കാൻ ജോബ് പപ്പയുടെ കണ്ണട എടുത്തു മാറ്റുന്നു. ഗബ്രിയേലിനെ കാണാൻ കാത്തിരുന്ന അന്നമ്മ(ശ്രീലതാ നമ്പൂതിരി)യാകട്ടെ ഒരുക്കൾക്ക് ശേഷം തന്റെ കണ്ണട തിരയുകയാണ്. കണ്ണട കണ്ടു കിട്ടുന്നതിനു മുൻപേ വിരുന്നുകാർ വീട്ടിലെത്തിക്കഴിഞ്ഞു. വിരുന്നുകാർ പെണ്ണുകാണാൻ വന്നെത്തിയത് ഒരു സന്ധ്യാനേരത്താണ്. സന്ധ്യകഴിഞ്ഞാൽ കാശ്ചകൾ വ്യക്തമായി കാണാൻ വയ്യാത്ത വേലക്കാരി (മോളി കണ്ണമ്മാലി)യാണ് അന്നമ്മയെ സഹായിക്കാനുള്ളത്. കണ്ണുകാണുന്നവരും കണ്ണു കാണാത്തവരും കണ്ണട നഷ്ടപ്പെട്ടവരും ചേർന്നുള്ള ചിരിമുഹൂർത്തങ്ങളാണ് പിന്നെ.
ഹരിയുടേ മകൾ ചക്കി (ബേബി നയൻ താര) ക്കും പറയാനുണ്ടൊരു കഥ. തൊട്ടടുത്ത വീട്ടിലെ ചങ്കരൻ എന്ന പയ്യനുമായുള്ള കൂട്ടിന്റെ കഥ. ചങ്കരൻ സ്ക്കൂളിൽ ഫാൻസിഡ്രസ്സിനു സമ്മാനം വാങ്ങിയ വിശേഷവും ചക്കിയുടെ അമ്മയുടേ വയറ്റിൽ ഒരു കുഞ്ഞുവാവയുള്ളതും പരസ്പരം പങ്കുവെക്കുന്നു.
ഏറെ ശ്രമത്തിനു ശേഷം ഹരി തന്റെ സിനിമ പൂർത്തിയാക്കുന്നു. ക്ഷണിക്കപ്പെട്ട സുഹൃത്തുക്കൾക്കു മുൻപിലും മാധ്യമപ്രവർത്തകർക്കു മുൻപിലും സിനിമ പ്രിവ്യൂ ചെയ്യുകയാണ്. “കണ്ണാടി” എന്നായിരുന്നു ആ സിനിമയുടെ പേരു. ഏതോ കാലത്ത്, ഏതോ ഒരു ദേശത്ത് കണ്ണാടി കാണാത്ത അപരിഷ്കൃതരായ ഒരു ഭാര്യയുടേയും ഭർത്താവിന്റേയും കഥ. മലഞ്ചെരിവിലൂടെയുള്ള യാത്രക്കാർക്ക് സൌജന്യമായി വെള്ളം കൊടുക്കുന്ന ഭാര്യക്കും ഭർത്താവിനും മുന്നിൽ ഒരു ദിവസം ‘സോപ്പ് ചീപ്പ് കണ്ണാടി’ വിൽക്കുന്ന നാടോടി കച്ചവടക്കാരൻ വരുന്നു. വെള്ളം നൽകിയതിനും വഴി പറഞ്ഞു കൊടുത്തതിനു പ്രത്യുപകാരമായി നാടോടി ഒരു കണ്ണാടി സമ്മാനിക്കുന്നു. ജീവിതത്തിൽ കണ്ണാടി എന്ന വസ്തുകാണാത്ത ഭാര്യയും ഭർത്താവും കണ്ണാടിയിൽ കണ്ടത് തങ്ങളുടെ മുഖമായിരുന്നില്ല, മറ്റാരേയോ ആയിരുന്നു. അത് അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നു.
ആദ്യ സിനിമക്ക് ശേഷം മറ്റൊരു സിനിമ നിർമ്മിക്കാൻ ഒരു നിർമ്മാതാവ് ഹരിയെ ബന്ധപ്പെടുന്നു. അവർക്ക് മുന്നിൽ ഹരി മറ്റൊരു കഥ പറയുന്നു. ‘പായസം’. പെണ്ണുകാണാൻ വന്ന അന്നുമുതൽ എന്നും പായസമൂട്ടുന്ന ഭാര്യയുടേയും പെണ്ണുകാണലിനും ആദ്യരാത്രിയിലും പിറ്റേന്നും കഴിക്കേണ്ട നേരത്തൊക്കെയും പായസം കുടിക്കേണ്ടിവരുന്നൊരു ഭർത്താവിന്റേയും പാൽപ്പായസം പോലൊരു കഥയാണ് പായസം. കഥാന്ത്യം കോമഡി വേണോ ട്രാജഡി വേണോ എന്ന ഓപ്ഷനിൽ ഹരി കഥ പറഞ്ഞു നിർത്തുന്നു.
പ്രമുഖ നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ ലഘുനാടകങ്ങളുടെ സിനിമാവിഷ്കാരമാണ്. സിനിമക്ക് ജയപ്രകാശ് കുളൂർ തന്നെ തിരക്കഥയെഴുതുന്നു.
നടി നിത്യാമേനോൻ ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നു.
സംഗീത സംവിധാനത്തോടൊപ്പം രതീഷ് വേഗ ഈ ചിത്രത്തിനു വേണ്ടി ഒരു ഗാനം എഴുതിയിട്ടുണ്ട്.
സ്വയം മരണപ്പെടാൻ വാടക കൊലയാളിയെ ഏർപ്പെടുത്തുന്ന പെൺകുട്ടിയെ അവരെ കൊലപ്പെടുത്താനെത്തുന്ന മണ്ടനായ കില്ലറും അതിനിടയിലേക്ക് യാദൃശ്ചികമായി വന്നെത്തുന്ന ചെറുപ്പക്കാരനും. ഇവർ മൂവരും ചേരുമ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങൾ കോമഡിയിൽ അവതരിപ്പിക്കുന്ന ഫണ്ണി ചിത്രം.
മട്ടാഞ്ചേരിയിൽ കളവുമുതലുകൾ എടുത്തു മറിച്ചു വിൽക്കുന്ന ആളാണ് വിഡ്ഡിയായ ബീരാൻ (വിജയരാഘവൻ) അബദ്ധവശാൻ ഒരു പോലീസുകാരനെ കൊലപ്പെടുത്തിയതിനാൽ ജയിൽ ശിക്ഷ അനുഭവിച്ച് കൊലപ്പുള്ളി എന്ന പേരും ബീരാനു ചാർത്തിക്കിട്ടുന്നു. ഉള്ളിൽ പേടിത്തൊണ്ടനാണെങ്കിലും ബീരാനെ ചുറ്റിപ്പറ്റി നിൽക്കുന്ന കുറച്ചു ചെറുപ്പക്കാർ ബീരാനെ ക്വൊട്ടേഷൻ പണിക്ക് നിർബന്ധിക്കുന്നു. ബീരാന്റെ ശിഷ്യനായ മണി (പ്രവീൺ പ്രേം) ഒരു ദിവസം പർദ്ദയിട്ട ഒരു പെൺകുട്ടിയെ ബീരന്റെ അടുക്കലേക്ക് കൊണ്ടുവരുന്നു. ആ പെൺകുട്ടി ഒരാളെ കൊല്ലാൻ ക്വൊട്ടേഷൻ ഏൽപ്പിക്കാൻ വന്നതാണ്. ഫോട്ടോയും അഡ്രസ്സും അഡ്വാൻസും കൈമാറി പെൺകുട്ടി തിരിച്ചു പോയി. ഒരാളെപ്പോലും കൊല്ലാൻ ശേഷിയില്ലാത്ത ബീരാനും സംഘവും കിട്ടാൻ പോകുന്ന വലിയ തുകയോർത്ത് ക്വൊട്ടേഷൻ ഏൽക്കുന്നു. മണി തന്റെ സുഹൃത്തായ ജ്യൂസ് കടക്കാരൻ ഫ്രെഡി(ബാബുരാജ്) യോട് വിവരം പറയുന്നു. പ്രാരാബ്ദവും ബീരാന്റെയടുത്ത് കടക്കാരനുമായ ഫ്രെഡിക്ക് എങ്ങിനെയെങ്കിലും കുറച്ച് പണം സംഘടിപ്പിച്ചേ മതിയാകു. മാത്രമല്ല, ഫ്രെഡിയുടെ സ്ഥലത്തിന്റെ ആധാരം ബീരാന്റെ കൈവശമാണ്. അത് തിരിച്ചു കിട്ടാൻ ഫ്രെഡി കൊലപാതക ദൌത്യം ഏൽക്കുന്നു.
പെൺകുട്ടി കൊടുത്ത അഡ്രസ്സിലെ ഫ്ലാറ്റിൽ മോഷണത്തിനു കയറിയതായിരുന്നു മെസ്സി (ആസിഫ് അലി) പ്രാരാബ്ദക്കാരനും അല്ലറ ചില്ലറ ജോലികളുമുള്ള മെസ്സി മോഷണത്തിനു ശ്രമിച്ചെങ്കിലും അവിടെ നിന്നും ഒന്നും ലഭിച്ചില്ല. പക്ഷെ അതിനിടയിൽ പെൺകുട്ടി(സനുഷ)യുടെ കണ്ണിൽ പെട്ടു. കില്ലറാണെന്നു പെൺകുട്ടി കരുതിയെങ്കിലും മോഷ്ടാവാണെന്ന് മനസ്സിലായപ്പോൾ പെൺകുട്ടി ശബ്ദമുണ്ടാക്കാൻ ശ്രമിച്ചു. എങ്കിലും അതിൽ നിന്നും മെസ്സി വിദഗ്ദമായി രക്ഷപ്പെടുന്നു. പക്ഷെ മെസ്സി പെൺകുട്ടിയുടെ സൌന്ദര്യത്തിൽ ആകൃഷ്ടനായിപ്പോയി. അവളെ വീണ്ടും കാണണമെന്ന് ആഗ്രഹിച്ചു.
ഇതിനിടയിൽ ഫ്രെഡി ഈ പെൺകുട്ടിയുടെ ഫ്ലാറ്റിലേക്ക് കടന്നു വരുന്നു. കില്ലറെ തിരിച്ചറിഞ്ഞ പെൺകുട്ടി മായ സ്വയം മരണപ്പെടാൻ തയ്യാറായി. പക്ഷേ, ശൂദ്ധനും വിഡ്ഡിയുമായ ഫ്രെഡി ഒരു തണ്ണിമത്തൻ ജ്യൂസ് ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ജ്യൂസിൽ വിഷം കലർത്തി പെൺകുട്ടിക്ക് കൊടുക്കുക എന്നതായിരുന്നു ഉദ്ദേശം. അതിനിടയിലാണ് പെൺകുട്ടിയെക്കാണാൻ മെസ്സി വീണ്ടും ഫ്ലാറ്റിൽ വരുന്നത്. മെസ്സി വരുന്നത് കണ്ട ഫ്രെഡി വാതിലിന്റെ മറവിൽ ഒളിച്ചു നിന്നു. പെൺകുട്ടിയുമായി സംസാരിച്ച് തിരികെ പോരാൻ നേരം മെസ്സി അവളുടെ രത്നങ്ങൾ പതിപ്പിച്ച വള മോഷ്ടിക്കാൻ ശ്രമിച്ചത് ഫ്രെഡി കാണുന്നു. മെസ്സിയെ ഫ്രെഡി ഭീഷണിപ്പെടുത്തി വള തിരികെ വാങ്ങുന്നു. താമസിയാതെ മെസ്സി ഫ്രെഡിയുടേ വരവിന്റെ ഉദ്ദേശവും പെൺകുട്ടി മായയുടെ മരിക്കാനുള്ള ആഗ്രഹവും മനസ്സിലാക്കുന്നു. അതിന്റെ കാരണങ്ങൾ അറിഞ്ഞ് മൂവരും കൊലപാതക പദ്ധതിക്കായി ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങുന്നു.
റോഡിലെ പോലീസ് പട്രോളിങ്ങ് കാരണം മൂവരും ഒരു ഓട്ടോറിക്ഷറിയിൽ മട്ടാഞ്ചേരി പാലത്തിലേക്ക് പോകുന്നു. പാലത്തിന്റെ കൈവരിയിൽ പെൺകുട്ടിയെ ഇരുത്തി ഫ്രെഡി പ്ലാൻ പറയുന്നു. പെൺകുട്ടിക്ക് ഉറക്കഗുളിക കൊടുത്ത് കൈവരിയിൽ ഇരുത്തും. മയങ്ങി പെൺകുട്ടി കായലിൽ വീഴും എന്ന ആശയം മെസ്സിക്ക് ഇഷ്ടപ്പെടുന്നില്ല. പെൺകുട്ടിയോട് ഇഷ്ടം തോന്നിയ മെസ്സി ഇതിനു സമ്മതിക്കുന്നില്ല. ഫ്രെഡിയുടേയും മെസ്സിയുടേയും വാക്കുതർക്കത്തിലും പിടിവലിയിലും ഇരുവരുടേയും കൈതട്ടി പെൺകുട്ടി പാലത്തിൽ നിന്നും കായലിലേക്ക് വീഴുന്നു.
അറിയാതെ പറ്റിയ അബദ്ധത്തിൽ ഇരുവരും എന്തുചെയ്യണമെന്നറിയാതെ പാലത്തിലിരിക്കുന്നു.
ഗാന്ധിയൻ ജീവിതരീതി പിന്തുടരുന്ന തികഞ്ഞ ഗാന്ധിയൻ മുൻഷി കൃഷ്ണപിള്ള(വിജയരാഘവൻ)യും അതിനു നേർ വിരുദ്ധമായി ആർഭാടമായി ജീവിക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രതിനിധിയായ മകൻ കൃഷ്ണൻകുട്ടി(കുഞ്ചാക്കോ ബോബൻ)യും. ഗാന്ധിസത്തിൽ വിശ്വസിക്കുകയും സാമൂഹ്യപ്രവർത്തനം നടത്തുകയും ചെയ്യുന്ന അഭിരാമി(സംവൃതാസുനിൽ) എന്ന പെൺകുട്ടിയും കസ്തൂർബാ സേവാശ്രമവും നടത്തുന്ന 101 പേരുടെ സമൂഹ വിവാഹവും അതിനെത്തുടർന്നുള്ള പുകിലുകളുമാണ് സിനിമ പറയുന്നത്.
തികഞ്ഞ ഗാന്ധിയനായ മുൻഷി കൃഷ്ണപിള്ളയുടെ മദ്യവിരുദ്ധപ്രവർത്തനങ്ങൾ മൂലം നാട്ടിലെ മദ്യഷാപ്പുകൾ അടച്ചു പൂട്ടുകയും വാറ്റു കേന്ദ്രങ്ങൾ തകർക്കപ്പെടുകയും മദ്യപന്മാർക്ക് കൃഷ്ണപിള്ള ഒരു ശത്രുവായിത്തീരുകയും ചെയ്തു. എന്നാൽ കൃഷ്ണപിള്ളയുടെ ഈ ഗാന്ധിയൻ രീതികൾ കൊണ്ട് കഷ്ടപ്പാട് അനുഭവിക്കുന്നത് അയാളുടെ മകൻ കൃഷ്ണകുട്ടിയാണ്. സ്ക്കൂൾ വിദ്യാർത്ഥിയായ കൃഷ്ണൻ കുട്ടിയുടെ സ്ക്കൂളിലെ മുതിർന്ന ക്ലാസ്സിലെ വികൃതിയായ പയ്യനാണ് ആന്റപ്പൻ. ആന്റപ്പന്റെ അപ്പന്റെ ഷാപ്പ് പൂട്ടിക്കാനാണ് കൃഷ്ണപിള്ള നിരാഹാരം കിടക്കുന്നത്. ആന്റപ്പന്റെ അപ്പനെ പോലീസു പിടിച്ചതിലും മർദ്ധിച്ചതിലും ആന്റപ്പൻ പകരം തീർക്കുന്നത് കൃഷ്ണകുട്ടിയെ മർദ്ധിച്ചുകൊണ്ടാണ്. ആന്റപ്പന്റെ മർദ്ധനമേൽക്കാനായിരുന്നു കൃഷ്ണൻ കുട്ടീയുടെ വിധി. എന്നാൽ തന്നേക്കാൾ ശരീരമുള്ള ആന്റപ്പനെ എതിർക്കാൻ കഴിയാതിരുന്ന കൃഷ്ണൻ കുട്ടി പള്ളിയിലെ ഒരു അമ്പ് പെരുന്നാൾ ദിവസം പ്രദക്ഷിണത്തിനു കൊണ്ട്പോകുന്ന സ്വർണ്ണത്തിന്റെ അമ്പ് ആന്റപ്പന്റെ ബാഗിൽ ഒളിപ്പിച്ചുവെക്കുന്നു. പള്ളിയിലെ അമ്പ് മോഷണത്തിനു ആന്റപ്പൻ ജയിലിലാകുന്നു. കൃഷ്ണപിള്ളയും കുടൂംബവും ഗുജറാത്തിലേക്ക് ട്രാൻസ്ഫർ ആയി പോകുന്നു.
കാലമേറേ കഴിഞ്ഞ് കൃഷ്ണപിള്ളയും കുടുംബവും നാട്ടിൽ തിരിച്ചെത്തുന്നു. കൃഷ്ണപിള്ള തന്റെ നിരാഹാര സത്യാഗ്രഹ പരിപാടികൾ തുടരുന്നു. കൃഷ്ണൻ ക്കുട്ടി (കുഞ്ചാക്കോ ബോബൻ) എന്നാൽ, ഈ കാലഘട്ടത്തിലെ യുവത്വത്തിന്റെ പ്രതിനിധിയെന്നോണം അച്ഛന്റെ രീതികളെ പാടെ തള്ളിക്കളഞ്ഞ ആർഭാടമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരനാണ്. സുഹൃത്ത് റിക്കി(വിജീഷ്)യുമൊത്ത് പല തരികിട പരിപാടികളും നടത്തുന്നു. ഇതിനിടയിൽ സ്ഥലത്തെ പ്രമുഖ അബ്കാരിയായ വെട്ടിച്ചിറ ഭാസി (സുനിൽ സുഖദ)യുടെ സ്പിരിറ്റ് കടത്തലുകളും പല അവിഹിതമായ ഇടപാടുകളും അയാളുടെ മകൾ അഭിരാമി മുൻഷി കൃഷ്ണപിള്ളക്ക് ചോർത്തിക്കൊടുക്കുന്നു. അബ്കാരിയുടേ മകളാണെങ്കിലും അഭിരാമി ഗാന്ധിസത്തിൽ വിശ്വസിക്കുന്നവളും സാമൂഹ്യപ്രവർത്തകയുമാണ്. അവരുടേ നേതൃത്വത്തിൽ കസ്തൂർബാ ആശ്രമം സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ കൃഷ്ണപിള്ളക്ക് കിട്ടുന്ന ഈ വാർത്തകൾ കൃഷ്ണൻ കുട്ടി മനസ്സിലാക്കുകയും അത് വെട്ടിച്ചിറ ഭാസിയെ അറിയിക്കുകയും അയാളിൽ നിന്ന് പണം പാരിതോഷികമായി കൈപ്പറ്റുകയും ചെയ്യുന്നു.
101 പേർക്ക് സമൂഹവിവാഹം നടത്താൻ കസ്തൂർബാ ആശ്രമം തീരുമാനിക്കുകയും അതിന്റെ നടത്തിപ്പ് അഭിരാമി ഏൽക്കുകയും അതോടൊപ്പം താനും ആ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്യുമെന്ന് അഭിരാമി പ്രഖ്യാപിക്കുന്നു. അഭിരാമിയെ കണ്ട് ഇഷ്ടപ്പെട്ട മുൻഷി കൃഷ്ണപിള്ളയും കുടൂംബവും മകൻ കൃഷ്ണൻ കുട്ടീക്ക് വേണ്ടീ അഭിരാമിയെ ആഗ്രഹിക്കുന്നു. സമൂഹവിവാഹത്തിൽ തന്റെ മകനെ വിവാഹം ചെയ്യണമെന്ന് അഭിരാമിയോട് അഭ്യർത്ഥിക്കുന്നു. എന്നാൽ ഒരു സാമൂഹ്യപ്രവർത്തകയെ വേണ്ടെന്ന് കൃഷ്ണൻ കുട്ടി വാശിപിടിക്കുന്നു. എന്നാൽ ഈ ആവശ്യം നടപ്പാക്കാൻ കൃഷ്ണപിള്ള നിരാഹാരം കിടക്കുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ കൃഷ്ണൻ കുട്ടീ സമ്മതിക്കുന്നു. അതിനു വേണ്ടി കസ്ത്രൂബാ ആശ്രമത്തിലേക്ക് സുഹൃത്ത് റിക്കിക്കൊപ്പം പോകുന്നു. ഈ വിവാഹത്തിൽ നിന്ന് പിന്മാറാൻ വേണ്ടി കൃഷ്ണൻ കുട്ടിയും റീക്കിയും മറ്റൊരാള കണ്ടു പിടിച്ച് കൃഷ്ണൻ കുട്ടി എന്ന പേരിൽ രജിസ്ട്രർ ചെയ്യിക്കുന്നു. നൃത്താദ്ധ്യാപകനായ ജ്യോതിഷ് (ജയസൂര്യ) ആയ്യിരുന്നു അത്. നിരവധി വിവാഹാലോചനകൾ മുടങ്ങിപ്പോയ ജ്യോതിഷ് ഈ തട്ടിപ്പിനു സമ്മതിക്കുന്നു. ജ്യോതിഷും കൃഷ്ണൻ കുട്ടിയും സംഘവും കസ്തൂബാ ആശ്രമത്തിൽ വന്നു താമസിക്കുന്നു.
ഇതിനിടയിൽ നിരവധി ജയിൽ വാസങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങിയ ആന്റപ്പൻ(ബിജു മേനോൻ) നഗരത്തിലെ ക്വൊട്ടേഷൻ ഗുണ്ടാപ്രവർത്തകനായി. ചെറുപ്പത്തിലേ തന്നെ ജയിലിലേക്ക് പറഞ്ഞയച്ച കൃഷ്ണൻ കുട്ടിയോട് പ്രതികാരം ചെയ്യുകയാണ് ആന്റപ്പന്റെ ലക്ഷ്യം. സാന്ദർഭികമായി കസ്തൂർബാ ആശ്രമത്തിലെ സമൂഹവിവാഹത്തെക്കുറിച്ചറിയുകയും അതിനൊടൊപ്പം കിട്ടുന്ന സ്വർണ്ണവും പണവും കൈക്കലാക്കാനും വേണ്ടി ആന്റപ്പനും കൂട്ടരും പദ്ധതി തയ്യാറാക്കി കസ്തൂർബാ ആശ്രമത്തിൽ വരുന്നു.
എന്നാൽ താൻ അന്വേഷിക്കുന്ന കൃഷ്ണൻ കുട്ടിയാണ് ഇതെന്ന് അറിയാതെ ആന്റപ്പനും താൻ പേടിക്കുന്ന ആന്റപ്പനാണ് ഇതെന്ന് അറിയാതെ കൃഷ്ണൻ കുട്ടിയും പരസ്പരം ചങ്ങാത്തത്തിലാകുന്നു. ഇതിനിടയിൽ അഭിരാമി ആരെന്ന് മനസ്സിലാക്കിയ കൃഷ്ണൻ കുട്ടി ജ്യോതിഷിനെ ഇതിൽ നിന്നും മാറ്റി അഭിരാമിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. അതിൽ കുപിതനായ ജ്യോതിഷ്, കൃഷ്ണൻ കുട്ടിക്കെതിരെ ആന്റപ്പനു ക്വൊട്ടേഷൻ കൊടുക്കുന്നു. അതിനിടയിലാണ് തന്നെ കൊല്ലാൻ നടക്കുന്ന തന്റെ പഴയ ശത്രു ആന്റപ്പനാണ് ഇപ്പോൾ തന്റെ ചങ്ങാതിയായിരിക്കുന്ന ഈ ആന്റപ്പനെന്ന് കൃഷ്ണൻ കുട്ടിയും ജ്യോതിഷും മനസ്സിലാക്കുന്നത്.
ഈ ഊരാക്കുടുക്കുകളിൽ നിന്നും രക്ഷപ്പെടാൻ പണ്ട് നിരപരാധിയായ ആന്റപ്പനെ മോഷ്ടാവാക്കിയപോലെ പല അബദ്ധങ്ങളും കൃഷ്ണൻ കുട്ടിക്ക് ചെയ്യേണ്ടിവരുന്നു. എന്നാൽ അതെല്ലാം കൃഷ്ണൻ കുട്ടീയുടെ നിയന്ത്രണത്തിൽ നിന്നും കൈവിട്ടുപോകുന്ന വലിയ ദുരന്തങ്ങളാകുന്നു.
ദീപക് ദേവിന്റെ സംഗീതത്തിൽ പ്രമുഖ സംഗീതസംവിധായകൻ വിദ്യാസാഗർ ഒരു ഗാനം ഈ സിനിമയിൽ ആലപിക്കുന്നു.
CTRL + Q to Enable/Disable GoPhoto.it