അജയൻ

Submitted by Kuttans on Fri, 12/03/2010 - 02:12
Name in English
Ajayan
Date of Death

മലയാള നാടക/സിനിമ രചനാ വഴികളില്‍ നാഴികക്കല്ലുകളായി തീര്‍ന്ന നിരവധി സൃഷ്ടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തോപ്പില്‍ ഭാസി എന്ന അതുല്യ പ്രതിഭയുടെ മകന്‍ എന്ന മേല്‍വിലാസത്തിനപ്പുറത്തേക്ക് പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച കലാകാരന്‍. 1950 ഏപ്രിൽ 8 ന് ആലപ്പുഴയിലെ വള്ളിക്കുന്നത്താണ് തോപ്പിൽ അജയൻ എന്ന അജയൻ ജനിച്ചത്. അമ്മയുടെ പേര് അമ്മിണിയമ്മ.   വള്ളിക്കുന്നം കെ എം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലും. ആലപ്പുഴ എസ് ഡി കോളേജിലും നിന്നാണ് അജയൻ പ്രീഡിഗ്രി.ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫിലിം ടെക്നോളജിയില്‍ ഡിപ്ളോമ നേടിയ ശേഷം ചായാഗ്രാഹക സഹായി, സംവിധാന സഹായി എന്ന നിലകളില്‍ തോപ്പില്‍ ഭാസി, പദ്മരാജന്‍, ഭരതന്‍, വേണുനാഗവള്ളി. കെ ജി ജോർജ്ജ് തുടങ്ങിയവരുടെ കൂടെ സിനിമ രംഗത്ത് പ്രവേശിച്ചു. 1978 ൽ ഭരതന്റെ രതി നിർവേദം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിട്ടാണ് അജയന്റെ സിനിമയിലേയ്ക്കുള്ള രംഗപ്രവേശം. തുടർന്ന് പല സിനിമകളിലും സംവിധാന സഹായിയായി പ്രവർത്തിച്ച അജയൻ 1990 ൽ ആണ് എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ പെരുന്തച്ചൻ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. പെരുന്തച്ചൻ എന്ന സിനിമ അദ്ദേഹത്തിന് പ്രശസ്തിയും, അംഗീകാരങ്ങളും നേടിക്കൊടുത്തു. മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാനചലച്ചിത്ര അവാർഡ്,മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡ്, എന്നിവ അജയന് ലഭിച്ചു. 1990 ലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള പുരസ്കാരവും പെരുന്തച്ചനായിരുന്നു. 

പെരുന്തച്ചന്‍ എന്ന ചിത്രത്തിനു പുറമേ നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട്, മേഘം എന്നിങ്ങനെ ഏതാനും സിനിമകളിൽ അജയൻ അഭിനേതാവായിട്ടുണ്ട്. 2010 ൽ ചണ്ഡാലഭിക്ഷുകി എന്ന ഒരു മ്യൂസിക് വീഡിയോയും അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയിട്ടുണ്ട്. പെരുന്തച്ചനുശേഷം എം ടിയുടെ മാണിക്യക്കല്ല് സിനിമയാക്കാൻ അജയൻ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചില്ല. അതുപോലെ തോപ്പിൽ ഭാസിയുടെ "ഒളിവിലെ ഓർമ്മകൾക്ക്" ചലച്ചിത്രാഖ്യാനം നൽകാൻ അദ്ദേഹം ശ്രമംതുടങ്ങിയിരുന്നുവെങ്കിലും അതും പലകാരണങ്ങളാലും യാഥാർത്ഥ്യമാകാതെ പോയി. അതിനാൽ അദ്ദേഹത്തിന്റെ ഒരേഒരു ചിത്രമായിത്തീർന്നു "പെരുന്തച്ചൻ". 2018 ഡിസംബർ13 ന് ശ്വാസകോശാർബുദം ബാധിച്ച് അറുപത്തിആറാമത്തെ വയസ്സിൽ തന്റെ സിനിമാസ്വപ്നങ്ങളും ബാക്കിയാക്കി  അജയൻ ഈ ലോകത്തോട് വിടപറഞ്ഞു.