ചട്ടക്കാരി
ശശി എന്ന യുവാവിന്റെ പ്രണയത്തിനുമുന്നിൽ എല്ലാം സമർപ്പിച്ച ജൂലി എന്ന ആംഗ്ലോ ഇന്ത്യൻ യുവതിയുടെ പ്രണയത്തിന്റേയും വിരഹത്തിന്റേയും വേദനയുടേയും കഥ.
ഒരു ഹിൽ സ്റ്റേഷനിൽ താമസിക്കുന്ന ആംഗ്ലോ ഇന്ത്യൻ കുടുംബമാണ് മോറിസിന്റേത് (ഇന്നസെന്റ്) മോറിസ് തീവണ്ടി എഞ്ചിൻ ഡ്രൈവറാണ്. ഭാര്യ മാർഗരറ്റും(സുവർണ്ണാ മാത്യു) മക്കളായ രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും അടങ്ങുന്ന കുടുംബമാണ് മോറിസിന്റേത്. ഒരു മകൻ വിദേശത്താണ്. മകൻ അയച്ചു കൊടുക്കുന്ന തുശ്ചമായ പണവും മോറിസിന്റെ തുശ്ചമായ ശമ്പളവുമാണ് മോറിസ് കുടുംബത്തിന്റെ വരുമാനം. മോറിസ് ആണെങ്കിൽ അമിത മദ്യപാനിയുമാണ്. പ്രാരാബ്ദങ്ങൾ ഏറെയുള്ള ആ കുടൂംബത്തിലെ മൂത്ത പെൺകുട്ടിയാണ് ജൂലി(ഷംനാ കാസിം/പൂർണ്ണ). ദാരിദ്രമുണ്ടെങ്കിലും അതൊന്നും പുറത്തറിയിക്കാതെ സമ്പന്നരെപ്പോലെ ജീവിക്കണമെന്നാണ് അമ്മ മാർഗരിറ്റിന്റെ ആഗ്രഹവും ശ്രമങ്ങളും. അതുകൊണ്ട് തന്നെ ചില ബിസിനസ്സുകാരേയും സമ്പന്നരേയും മാർഗരറ്റ് വീട്ടിൽ വിളിച്ചു വരുത്തി സൽക്കരിക്കുന്നുണ്ട്. ജൂലിക്കും അനിയത്തിക്കും അതൊന്നും ഇഷ്ടപ്പെടുന്നില്ല.
റിച്ചാർഡ് (ഹരികൃഷ്ണൻ) എന്ന യുവാവ് ജൂലിയുടെ അയൽ വാസിയാണ്. ജൂലിയും റിച്ചാർഡും നല്ല സൌഹൃദത്തിലാണ്. റിച്ചാർഡിനു പക്ഷെ ജൂലിയോട് ഉള്ളിൽ പ്രണയമാണ്. ജൂലിയും തന്നെ പ്രണയിക്കുന്നുണ്ട് എന്ന് റിച്ചാർഡ് കരുതുന്നു. ജൂലിയുടെ മറ്റൊരു അയൽ വാസി കുടുംബമാണ് വാര്യരുടേത്(കലാശാലാ ബാബു) വാര്യർ റെയിൽ വേയിൽ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ മകൾ ഉഷ ജൂലിയുടെ കൂട്ടുകാരിയാണ്. ഉഷയുടേ സഹോദരൻ ശശി (ഹേമന്ദ്)യോട് ജൂലിക്ക് പ്രണയമാണ്, ശശിക്കും. ജൂലി ഓരോ കാരണങ്ങൾ പറഞ്ഞ് ഉഷയുടെ വീട്ടിൽ വരുന്നത് ശശിയെ കാണാനും സംസാരിക്കാനും വേണ്ടിയാണ്. പഠനം പൂർത്തിയായ ശശിക്ക് കൽക്കത്ത നഗരത്തിൽ ജോലി കിട്ടി പോകുന്നു. ജൂലിക്ക് ശശിയുമായി പ്രണയമുള്ളത് റിച്ചാർഡിനെ ദു:ഖിതനാക്കുന്നു. റിച്ചാർഡ് ജൂലിയെ ഉപദേശിക്കുന്നുവെങ്കിലും ജൂലി അത് ഗൌനിക്കുന്നില്ല. കുറച്ചു നാളുകൾക്ക് ശേഷം നാട്ടിൽ ലീവിനു വന്ന ശശി ജൂലിയെ കാണാൻ വരുന്നു. കടുത്ത പ്രണയത്തിലായ ഇരുവരും ഒരു ദിവസം ശശിയുടേ വീട്ടിൽ ഒരുമിക്കുന്നു. ശാരീരികമായി അടുക്കുന്നു.
ലീവ് കഴിഞ്ഞ് പോകുന്ന ശശി തനിക്ക് ലണ്ടനിൽ നിന്ന് ഒരു ഓഫർ വന്നിട്ടുണ്ടെന്നും സാധിച്ചാൽ ഒരാഴ്ചക്ക് ശേഷം ലണ്ടനിലേക്ക് പോകുമെന്നും ഞാൻ കത്തയക്കാം എന്നും ജൂലിയോട് പറയുന്നു. എന്നാൽ ശശിയുടെ യാതൊരു കത്തും ജൂലിക്ക് ലഭിക്കുന്നില്ല. താമസിയാതെ ജൂലി ഒരു സത്യം തിരിച്ചറിയുന്നു. താൻ ഗർഭിണിയാണെന്ന്. അതിനിടയിൽ ശശിയെക്കുറിച്ച് യാതൊരു വിവരവും ജൂലിക്ക് ലഭിക്കുന്നില്ല. ജൂലി ദു:ഖിതയാകുന്നു.
പമ്മന്റെ കഥയ്‍ക്ക് തോപ്പില്‍ ഭാസി തിരക്കഥയെഴുതി സേതുമാധവന്‍ സംവിധാനം ചെയ്ത് 1974-ല്‍ റിലീസായ “ചട്ടക്കാരി” എന്ന സിനിമയുടെ പുനരാവിഷ്കാരം.
സംവിധായകൻ സേതുമാധവന്റെ മകൻ സന്തോഷ് സേതുമാധവനാണ് പുതിയ ചട്ടക്കാരിയുടെ സംവിധാനം.
ആദ്യ ചട്ടക്കാരി സിനിമയിൽ ലക്ഷ്മിയും മോഹനും അഭിനയിച്ച മുഖ്യവേഷങ്ങൾ ചട്ടക്കാരി 2012ൽ യുവതാരങ്ങളായ ഷംനാ കാസിമും ഹേമന്ദും അഭിനയിക്കുന്നു.
- Read more about ചട്ടക്കാരി
- 2717 views