സന്തോഷ് രാമൻ

Submitted by nanz on Fri, 06/10/2011 - 18:43
Name in English
Santhosh Raman

കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ കുഞ്ഞിരാമന്റേയും ശ്യാമളയുടേയും മകനായി ജനിച്ചു. തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ സന്തോഷ് രാമൻ മലയാള സിനിമയിലെ ഒരുപാട് ആർട്ട് ഡയറക്ടേഴ്സിന്റെ സഹായി ആകാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഭരതൻ പത്മരാജൻ ചിത്രങ്ങളുടെ ആരാധകനായിരുന്നതുകൊണ്ട് സിനിമയാണൂ തന്റെ വഴി എന്ന് സ്വയം തീരുമാനിച്ചിരുന്നു. സം വിധായകൻ ഭരതനെ മാനസഗുരുവായി സങ്കൽപ്പിച്ച് കലാ സംവിധാനം സ്വയം പഠിക്കാൻ ശ്രമിച്ചു. അതിനു വേണ്ടി സ്പേയ്സ് ഓറിയന്റേഷൻ കോഴ്സിനു ചേർന്നു പഠിക്കുകയും ഇന്റീരിയർ ഡിസൈനിങ്ങിൽ സ്പേയ്സ് എങ്ങിനെ വിനിയോഗിക്കാം എന്നതിൽ പ്രാവീണ്യം നേടുകയും ചെയ്തു. ധാരാളം സിനിമാ സുഹൃത്തുക്കൾ ഉണ്ടായിരുന്നതുകൊണ്ട് ഒരിക്കൽ സംവിധായകൻ ശ്യാമപ്രസാദിന്റെ 'അകലെ' എന്ന സിനിമയിൽ ആർട്ട് ഡയറക്ടർ രാജാ ഉണ്ണിത്താനെ അസിസ്റ്റ് ചെയ്യാൻ അവസരം ലഭിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്റായും അസോസിയേറ്റ്സായും കലാസംവിധാനം ചെയ്ത

സന്തോഷ് രാമൻ സ്വതന്ത്രമായി കലാസംവിധാനം ചെയ്തത്  ജയരാജിന്റെ "ആനച്ചന്തം" എന്ന സിനിമയാണു. പിന്നീട് സത്യൻ അന്തിക്കാടിന്റെ "ഇന്നത്തെ ചിന്താവിഷയം" എന്ന സിനിമ ചെയ്തതോടെ സിനിമക്കകത്തും പുറത്തും സന്തോഷ് പരിചിതനായി. സംവിധായകൻ രഞ്ജിത്തിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ 'ഇന്ത്യൻ റുപ്പി' എന്ന സിനിമയിൽ കലാസംവിധായകനാകുകയും ചെയ്തതോടെ രഞ്ജിത്തിന്റെ തുടർന്നുള്ള സിനിമകളിലെ സ്ഥിരം കലാസംവിധായകനായി സന്തോഷ് രാമൻ മാറി.

കലാസംവിധായകനായി പ്രവർത്തിച്ച പല സിനിമകളിലും സന്തോഷ് ചെറു വേഷങ്ങളിൽ അഭിനയിക്കാറുണ്ട്.

 

കഴിഞ്ഞ പതിനഞ്ച് വർഷമായി കോഴിക്കോടാണു താമസം. ഭാര്യ ബബിത, മകൻ അച്ചു കൃഷ്ണ, മകൾ നിവേദിത.