വെങ്കലം
- Read more about വെങ്കലം
- Log in or register to post comments
- 3395 views
ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുന്ന ആതിരക്ക് അഡ്വ നന്ദകുമാറിന്റെ കല്യാണാലോചന വരുന്നു. താനുമായി വളരെയധികം പ്രായ വ്യത്യാസമുണ്ടായിരുന്ന നന്ദകുമാറിനെ ആതിരക്ക് ഇഷ്ടപ്പെടാൻ കഴിയുന്നില്ല. എന്നാൽ ആതിരയെ ഇഷ്ടപ്പെട്ടതിനാൽ നന്ദകുമാറിന്റെ കുടുംബത്തിനു മറ്റ് ആവശ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അത് കൊണ്ടു തന്നെ ആതിരയുടെ മാതാപിതാക്കൾ അവളെ കല്യാണത്തിനു നിർബന്ധിക്കുന്നു. ആ കല്യാണം മുടക്കാനായി ആതിര മുറച്ചെറുക്കൻ കൂടിയായ ചന്ദ്രഭാനുവിന്റെ സഹായം തേടുന്നു. പക്ഷേ അയാൾ കയ്യൊഴിയുന്നതോടെ, അവളുടെ സുഹൃത്തുക്കളുടെ ഉപദേശ പ്രകാരം നന്ദകുമാറിന് ഒരു കത്തയക്കുന്നു. താൻമുറച്ചെറുക്കൻ ചന്ദ്രഭാനുവുമായി അഗാധ പ്രണയത്തിലാണെന്നും മനസ്സു കൊണ്ടും ശരീരം കൊണ്ടും തങ്ങൾ ഒന്നായി കഴിഞ്ഞുവെന്നും അതിനാൽ നന്ദകുമാർ ഈ കല്യാണത്തിൽ നിന്നും പിന്മാറണം എന്നായിരുന്നു അവൾ അതിൽ എഴുതിയത്. കത്ത് കിട്ടുന്നതോടെ നന്ദകുമാർ ആ കല്യാണത്തിൽ നിന്നും പിന്മാറും എന്നാണ്. പക്ഷേ ആ കത്ത് പോസ്റ്റുമാനിൽ നിന്ന് വാങ്ങിയ ഉണ്ണിത്താൻ അത് നന്ദകുമാറിന് കൊടുക്കാനായി ഒരു നിയമ പുസ്തകത്തിനകത്ത് വയ്ക്കുന്നു. മറവിക്കാരനായ അയാൾ അതിന്റെ കാര്യം മറന്നു പോകുന്നു.
നന്ദകുമാർ ഇതറിയാതെ കല്യാണത്തിനു തയ്യാറെടുക്കുന്നു. ആതിര കത്തെഴുതിയ കാര്യം ചന്ദ്രഭാനുവിനെ അറിയിക്കുന്നു. അയാൾ അത് നന്ദകുമാറിനോട് പറയുന്നുവെങ്കിലും കത്ത് കിട്ടാതിരുന്നതിനാൽ നന്ദകുമാർ അത് കാര്യമായി എടുക്കുന്നില്ല. അവരുടെ കല്യാണം കഴിയുന്നു. പക്ഷേ ആതിരക്ക് നന്ദകുമാറിനോട് മാനസികമായി അടുക്കുവാൻ കഴിയുന്നില്ല. പക്ഷേ നന്ദകുമാറിന്റെ സൗമ്യമായ പെരുമാറ്റം അവളെ പതിയെ പതിയെ അയാളിലേക്ക് അടുപ്പിക്കുന്നു. അവളുടെ പഠനം തുടരുവാൻ അയാൾ നിർബന്ധിക്കുകയും കോളേജിലേക്ക് അയക്കുകയും ചെയ്യുന്നു. പതിയെ അവർ നല്ലൊരു ജീവിതം ആരംഭിക്കുകയും അവർക്ക് ഒരു കുഞ്ഞു ജനിക്കുകയും ചെയ്യുന്നു. കോടതിയിൽ ഒരു കേസ് വാദിക്കുന്നതിനായി കുറിപ്പുകൾ തയ്യാറാക്കുന്നതിനിടയിൽ ഉണ്ണിത്താൻ എടുത്തു വച്ച ആതിരയുടെ കത്ത് നന്ദകുമാറിന് ലഭിക്കുന്നു. കത്ത് വായിക്കുന്നതോടെ ആതിരയും ചന്ദ്രഭാനുവും പ്രണയത്തിലായിരുന്നുവെന്നും അവർ തന്നെ വഞ്ചിച്ചുവെന്നും നന്ദകുമാർ വിശ്വസിക്കുന്നു. അയാൾ ആതിരയിൽ നിന്നും പതിയെ അകലുന്നു. അയാളുടെ പെരുമാറ്റം അവൾക്ക് സഹിക്കാൻ കഴിയുന്നില്ല, പക്ഷേ അയാളുടെ മാറ്റത്തിനു പിന്നെ കാര്യം അവളോട് അയാൾ പറയുന്നുമില്ല. നന്ദകുമാർ തന്റെ അമ്മയോട് ആതിരയെ അവളുടെ വീട്ടിലേക്ക് അയക്കാൻ പറയുന്നു. എന്നാൽ അമ്മ അതിനു തയ്യാറാകുന്നില്ല. നന്ദകുമാർ കാര്യങ്ങൾ അമ്മയോട് പറയുന്നു. അത് കേൾക്കുന്ന ആതിര തെന്റെ വീട്ടിലേക്ക് പോകുന്നു.
നന്ദൻ ചന്ദ്രഭാനുവിനെ കണ്ട് കത്തിന്റെ കാര്യം പറയുന്നു. അവർ തന്നെ വഞ്ചിച്ചുവെന്നും ജീവിതം തകര്ത്തുവെന്നും പറയുന്ന നന്ദൻ, ഭാനുവിനെ മർദ്ദിക്കുന്നു. കല്യാണാലോചന മുടക്കാനായി ആതിര കണ്ടെത്തിയ വഴിയാണെന്നും അതെല്ലാം അവളുടെ ഭാവനാ സൃഷ്ടിയാണെന്നും ഭാനു പറയുന്നുവെങ്കിലും നന്ദൻ അത് വിശ്വസിക്കാൻ തയ്യാറാകുന്നില്ല. ചന്ദ്രഭാനു കാര്യങ്ങൾ ആതിരയുടെ മാതാപിതാക്കളെ അറിയിക്കുന്നു. ആതിരയുടെ അച്ഛൻ നന്ദനെ കണ്ട് കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നുവെങ്കിലും അയാൾ വഴങ്ങുന്നില്ല. അവൾ നന്ദനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നു. പക്ഷേ അയാൾ സംസാരിക്കാതെ ഒഴിഞ്ഞു മാറുന്നു. കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം നന്ദന് കേസുകളിൽ ശ്രദ്ധിക്കാൻ കഴിയാതെ വരുന്നതോടെ അയാളെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റാൻ ശത്രുക്കൾ ശ്രമം തുടങ്ങുന്നു. നന്ദൻ വിവാഹമോചനം നേടാൻ ശ്രമം തുടങ്ങുന്നു. വക്കീൽ നോട്ടീസ് കിട്ടുന്നതോടെ ചന്ദ്രഭാനു നന്ദന്റെ വീട്ടിൽ ചെന്ന് അയാളുമായി വഴക്കിടുന്നു. വിവാഹമോചനത്തിനായി കോടതി അവർക്ക് ആറുമാസം സമയം അനുവദിക്കുന്നു.
ആതിരയെ മറക്കാൻ നന്ദനും കഴിയുന്നില്ല. അവളുടെ പെട്ടിയും മറ്റും എടുത്ത് മാറ്റുന്നതിനിടയിൽ നന്ദന് ആതിരയുടെ ഡയറികൾ ലഭിക്കുന്നു. അത് വായിക്കുന്ന നന്ദകുമാർ സത്യാവസ്ഥ മനസ്സിലാക്കുന്നു. അയാൾ ചന്ദ്രഭാനുവിനെ കാണുന്നു. നന്ദന് തന്റെ തെറ്റു മനസ്സിലായി എന്നറിയുന്ന ഭാനു ആതിരയെ കാര്യങ്ങൾ താൻ പറഞ്ഞു മനസ്സിലാക്കാം എന്ന് പറയുന്നു. എന്നാൽ ആര് പറഞ്ഞിട്ടും ആതിര തിരികെ പോകാൻ കൂട്ടാക്കുന്നില്ല. നന്ദന്റെ അമ്മ വന്ന് അവളോട് തിരികെ വരാൻ അവശ്യപ്പെടുന്നു. എന്നാൽ ആതിര തന്റെ വാശിയിൽ ഉറച്ച് നിൽക്കുന്നു. ഒടുവിൽ നന്ദൻ അവളെ കാണുവാൻ വരുന്നു. അയാൾ അവളോട് കുറ്റം ഏറ്റുപറഞ്ഞു മാപ്പ് പറയുന്നു. അവൾ നന്ദന്റെ ഒപ്പം പോകുന്നു.
വയനാട് ജില്ലയിലെ വൈത്തിരിയിൽ ആയിരുന്നു ഈ സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്.
മലയാള മനോരമ ആഴ്ചപ്പതിപ്പിൽ തുടരനായി പ്രസിദ്ധീകരിച്ച നോവലിന്റെ ചലച്ചിത്രാവിഷ്കാരം.