ഇന്ത്യാവിഷൻ ചാനലിലെ ഫേസ് ടു ഫേസ് പ്രോഗ്രാമിൽ തന്റെ ദുരന്താനുഭവം വിവരിക്കാൻ എത്തിയതാണ് കോളേജ് വിദ്യാർത്ഥിനിയായ നയന(കാവ്യാമാധവൻ) തന്റെ കോളേജ് യാത്രയിൽ ട്രെയിനിൽ വെച്ചുണ്ടായ ദുരന്തത്തെ ദൃക്‌സാക്ഷി എന്ന നിലയിൽ നയന വിശദീകരിക്കുകയാണ്. ഒപ്പം ആ ദുരന്ത വേളയിൽ താൻ പ്രതികരിച്ചില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന സാമൂഹ്യ ദുരന്തവും സാമൂഹ്യപ്രതികരണവും നയന പങ്കു വെയ്ക്കുന്നു.
മൂന്നാർ കാറ്ററിങ്ങ് കോളേജിലെ വിദ്യാർത്ഥിനിയാണ് നയന. റിട്ടയേർഡ് മിലിറ്ററി ഓഫീസറായ അച്ഛനും (ദേവൻ) അമ്മക്കും (ഊർമ്മിള ഉണ്ണി) അനിയത്തിക്കുമൊപ്പം ജീവിക്കുന്ന നയന കോളേജിലെ അദ്ധ്യാപകൻ ദീപക്കു(വിനീത്)മായി പ്രണയത്തിലുമാണ്. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്നു. നിത്യേന കോളേജിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ടതാണ് സ്നേഹ(മൈഥിലി)യേയും അവളുടെ അമ്മൂമ്മ(സുകുമാരി)യേയും അനുജനേയും. സ്നേഹ സാമ്പത്തിക പരാധീനതകളുള്ള വീട്ടിലെ അംഗമാണ്. ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട സ്നേഹയെ വളർത്തിയത് അമ്മൂമ്മയാണ്. മുതിർന്നെങ്കിലും ബുദ്ധിമാദ്ധ്യമുള്ള അനുജനോട് സ്നേഹക്ക് വലിയ സ്നേഹവും വാത്സല്യവുമാണ്. ചെറിയ ജോലി ചെയ്ത് കുടുംബത്തെ സഹായിക്കുകയും സ്വന്തം വിവാഹത്തിനുള്ള സാമ്പത്തിക സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് സ്നേഹ. സ്നേഹയുടെ വിവാഹം നിശ്ചയത്തെത്തുടർന്ന് നഗരത്തിൽ സ്വർണ്ണാഭരണങ്ങൾ എടുക്കാൻ എത്തിയതായിരുന്നു സ്നേഹയും കുടുംബവും അതിനിടയിലാണ് യാദൃശ്ചികമായി നയനയെ പരിചയപ്പെടുന്നത്.
ഒരു ദിവസം കോളേജിൽ നിന്നു വീട്ടിലേക്കുള്ള വരവിൽ നയന സ്നേഹയെ കണ്ടുമുട്ടുന്നു. യാത്രക്കിടയിൽ ട്രെയിനിലെ ബാത്ത് റൂമിൽ പോയി വന്ന നയന കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു.ക്രിമിനൽ എന്നു തോന്നിപ്പിക്കുന്ന ഒരാൾ സ്നേഹയെ കടന്നു പിടിച്ച് ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചിടാൻ ശ്രമിക്കുന്ന കാഴ്ച. ഒരുനിമിഷം പകച്ചു പോയ നയന പ്രതികരിക്കും മുൻപ് അയാൾ സ്നേഹയെ വലിച്ച് ട്രെയിനിൽ നിന്ന് പുറത്തേക്കിട്ടു.
പ്രതികരിക്കാൻ മറന്നു പോയ ദൃക്‌സാക്ഷി എന്ന നിലയിൽ കുറ്റബോധം നയനയെ വേദനിപ്പിച്ചു. മാധ്യമങ്ങളും സുഹൃത്തുക്കളുമടക്കം സ്വന്തം കുടുംബം വരെ നയനയെ കുറ്റപ്പെടുത്തി. പ്രതികരിക്കാതിരുന്ന സ്ത്രീ എന്ന നിലയിൽ നയന സ്ത്രീ വർഗ്ഗത്തിനു ശാപമാണെന്ന് വരെ കോളേജ് അധികൃതരും മീഡിയയും കുറ്റപ്പെടുത്തി.
ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ പ്രതികരണ ശേഷി ഇല്ലാതായാൽ സംഭവിക്കുന്ന ദുരനുഭവങ്ങളെ വിവരിച്ചശേഷം നയനക്ക് ടി വി അവതാരകയോട് പറയാനുണ്ടായത് മറ്റൊന്നായിരുന്നു.
മലേഷ്യയിൽ 'കൗബോയ്' പബ്ബ് നടത്തിയിരുന്ന വിനയ് (ആസിഫ് അലി) എന്ന ചെറുപ്പക്കാരൻ ഒരു സംഘത്തിന്റെ ഭീഷണിയിലും നിർബന്ധത്തിലും വഴങ്ങി ഇന്ത്യൻ വിദേശ കാര്യ മന്ത്രി(ഖുശ്ബു)യെ കൊല്ലാനുള്ള ചുമതലയേൽക്കേണ്ടി വരുന്നു. കൊലപാതകം നടത്താൻ കഴിയാത്ത വിനയിന്റെ ധർമ്മസങ്കടങ്ങളും നിർബന്ധിതമായ ഉദ്യമവുമാണ് ഈ ആക്ഷൻ ത്രില്ലർ
കഥാസംഗ്രഹം
മലേഷ്യയിൽ താമസിക്കുന്ന വിനയ് (ആസിഫ് അലി) മലേഷ്യാ നഗരത്തിൽ കൗബോയ് എന്ന പേരിൽ ഒരു പബ്ബ് നടത്തുന്നു. ഡാൻസ് ബാറായതുകാരണം വിനയുടെ അച്ഛനും (കലാശാല ബാബു) അമ്മക്കും (അംബികാ മോഹൻ) ആ ബിസിനസ്സ് തീരെ ഇഷ്ടപ്പെടുന്നില്ല. രാത്രി ജോലിയും പകലുറക്കുവുമാണ് വിനയ് ക്ക്. മടിയനും മറ്റു ബിസിനസ്സിൽ താല്പര്യമില്ലാത്തവനുമായ വിനയിനോടു സഹോദരിയുടെ (ലെന) ഭർത്താവിനു (ഇർഷാദ്) തീരെ താല്പര്യമില്ല. ഇവരുടെ മകൻ വിനയിന്റെ ഫാമിലിക്കൊപ്പം വെക്കേഷൻ ചിലവിടുന്നു. അവനെ തിരിച്ചു കൊണ്ടുപോകാൻ മലേഷ്യൻ എയർപോർട്ടിലേക്ക് വന്ന സഹോദരിക്കും ഭർത്താവിന്റേയും അടുത്ത് അവരുടെ കൊച്ചു മകനെ എത്തിക്കേണ്ട ചുമതല ഒരു ദിവസം രാവിലെ വിനയ്ക്കു വന്നു ചേരുന്നു.
കൊച്ചു മകനേയും കൊണ്ട് വിനയ് എയർപോർട്ടിലേക്ക് പോകും വഴിയാണ് ഫ്ലൈറ്റ് ഡിലേ ആണെന്ന് അറിയുന്നത്.അതുകൊണ്ട് കുറച്ചു സമയം മലേഷ്യാ നഗരത്തിൽ ചുറ്റിയടിക്കാം എന്ന് വിനയിയും കൊച്ചു കുട്ടിയും തീരുമാനിക്കുന്നു.ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പയ്യന്റെ കഴുത്തിലുള്ള രത്നമാല രണ്ട് ഗുണ്ടകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നു. അത് കണ്ട് വിനയ് ഇരു ഗുണ്ടകളേയും പ്രതിരോധിക്കാൻ ശ്രമിക്കുന്നു. നഗരത്തിൽ വെച്ച് അതി സാഹസികമായ ഒരു സംഘട്ടനത്തിൽ വിനയ് അവരെ തോൽപ്പിച്ച് മാല തിരിച്ചെടുക്കുന്നു. വിനയിയുടെ ഈ സംഘട്ടനം മലയാളികളായ ഒരു സംഘം ശ്രദ്ധിക്കുന്നു. തിരിച്ച് എയർപോർട്ടിലേക്ക് പോകാൻ ശ്രമിക്കുന്ന വിനയിനെ അവർ തടയുന്നു. സേവ്യർ എന്ന പോലീസ് ഉഗ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് (ബാല) വിനയിനെ നിർബന്ധിച്ച് തന്റെ കാറിൽ കയറ്റുന്നു. സേവ്യറിന്റെ ഒപ്പം അവരുടെ സെക്രട്ടറി എന്നു തോന്നിക്കുന്ന സ്ത്രീയുമുണ്ടായിരുന്നു. കാറിൽ സഞ്ചരിക്കവേ സെവ്യർ വിനയിനെ ഭീഷണിപ്പെടുത്തുന്നു. തനിക്ക് ഒരാളെ കൊല്ലാൻ ഉദ്ദേശമുണ്ടെന്നും വിനയ് അത് ചെയ്തു തരണമെന്നും അലെങ്കിൽ വിനയിന്റെ ഒപ്പമുള്ളപയ്യനെ കൊന്നു കളയുമെന്നും സേവ്യർ ഭീഷണിപ്പെടുത്തുന്നു. മറ്റു മാർഗ്ഗമില്ലാതെ വിനയിനു അത് സമ്മതിക്കേണ്ടിവരുന്നു. കൊല്ലേണ്ട ആളുടെ ഫോട്ടോയും വിവരങ്ങളും അവർ താമസിക്കുന്ന ഹോട്ടലും സേവ്യർ പറഞ്ഞു കൊടുക്കുന്നു. തന്നെ ഈ പരിചയമില്ലാത്ത ജോലിയിൽ നിന്നും മാറ്റണമെന്നും തിരിച്ചയക്കണമെന്നും വിനയ് കരഞ്ഞു പറഞ്ഞെങ്കിലും ക്രൂരനായ സേവ്യർ അതിനു സമ്മതിക്കുന്നില്ല. മറ്റു മാർഗ്ഗമില്ലാതെ വിനയ് ഹോട്ടലിലേക്ക് കൊലപാതകം നടത്താൻ പോകുന്നു.
അവിടെ ചെന്നപ്പോഴാണ് വിനയ് അറിയുന്നത് താൻ കൊല്ലാൻ പോകുന്നത് ഇന്ത്യൻ വിദേശ കാര്യ മന്ത്രിയായ രേവതിമേനോനെ (ഖുശ്ബു) ആണെന്ന്. അതിൽനിന്നും പിന്തിരിയാനും വിവരം മന്ത്രിയെ ധരിപ്പിക്കാനും വിനയ് ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നു.മാത്രമല്ല സേവ്യർ ആരാണെന്നും മന്ത്രിയുമായി എന്താണ് ബന്ധമെന്നും വിനയ് അപ്പോഴാണറിയുന്നത്. സേവ്യറിന്റെ ചാരന്മാർ നിറഞ്ഞ ആ ഹോട്ടലിൽ വെച്ച് തന്നിൽ നിർബന്ധിതമായ ഉദ്യമത്തിൽ നിന്നും പിന്തിരിയാൻ വിനയിനു ആകുമായിരുന്നില്ല
മുംബൈ പോലീസിലെ എൻ കൌണ്ടർ സ്പെഷലിസ്റ്റാണ് മലയാളിയായ മാധവൻ നായർ ഡി സി പി. (മോഹൻലാൽ) മാഡി എന്നാണ് ഇയാൾ സഹപ്രവർത്തകർക്കിടയിലും ശത്രുക്കൾക്കിടയിൽ അറിയപ്പെടുന്നത്. തീവ്രവാദികളേയും കൊടും കുറ്റവാളികളേയും അവരുടെ സങ്കേതങ്ങളിൽ കടന്ന് ചെന്ന് വിചാരണക്കിടം കൊടുക്കാതെ കൊന്നു കളയുന്നു. എതിരാളികൾ അതുകൊണ്ട് തന്നെ ‘മാഡ് മാഡി’ എന്നാണ് ഇയാളെ വിളിക്കുന്നത്.
മുംബൈ നഗരത്തിലെ ഒരു കൊടും കുറ്റവാളിയെ ഇയാൾ അത്യാധുനിക തോക്കുപയോഗിച്ച് തെരുവിൽ വെടിവെച്ചു കൊന്നു. മുംബൈ പോലീസിന്റെയും പോലീസ് കമ്മീഷണറുടേയും അറിവോടും സമ്മതത്തോടും കൂടിയുള്ള ഓപ്പറേഷനായിരുന്നു അത്.
നഗരത്തിലെ ഒരു സായാഹ്നത്തിൽ ഒരു സ്ക്കൂൾ വിദ്യാർത്ഥിനിയെ ചിലർ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നു. നഗരത്തിലെ ഒരു ഓഫീസിൽ ജോലി ചെയ്യുന്ന ആരതി (ആശാ ശരത്)യുടെ മകൾ ദിയ ആയിരുന്നു ആ പെൺകുട്ടി. അമ്മയുമൊരുമിച്ച് പുറത്തുപോകാനുള്ള പ്ലാനിൽ അമ്മയെ കാത്തു നിൽക്കുകയായിരുന്നു ദിയ. തട്ടിക്കൊണ്ടു പോയ വിവരം മുംബൈ പോലീസ് അറിയുന്നു. മാഡിയും സംഘവും പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിന്റെ സങ്കേതത്തിൽ അന്വേഷണം തുടങ്ങുന്നു. അവിടെ നിന്നും കൌമാരക്കാരികളെ ലൈംഗികമായി ഉപയോഗിക്കുന്ന ചന്ദ്രാജി (കലിംഗ ശശി) എന്ന വൃദ്ധനെ പിടികൂടുന്നു. അയാളിൽ നിന്നും പെൺകുട്ടിയെ കേരളത്തിലേക്ക് കടത്തിയതായി മനസ്സിലാക്കുന്നു. ചന്ദ്രാജിയെ മാഡി വെടിവെച്ചു കൊല്ലുന്നു.
കേസന്വേഷണത്തിനുവേണ്ടി മാഡി കേരളത്തിലേക്ക് പുറപ്പെടുന്നു. തന്റെ വള്ളുവനാട്ടിലെ തറവാട്ടിലേക്ക് മാഡി ചെല്ലുന്നു. അവിടെ തന്റെ അമ്മയുടെ സ്നേഹവും വാത്സല്യവും കൂടുതൽ അനുഭവിക്കാൻ നിൽക്കാതെ കേസന്വേഷണത്തിനു പുറപ്പെടുന്നു. അതേ സമയം തിരുവനന്തപുരം നഗരത്തിലൊരിടത്ത് മറ്റൊരു പെൺകുട്ടിയെക്കൂടി കാണാതാവുന്നു. ബീച്ചിൽ പാട്ടുകൾ പാടിയിരുന്ന ഒരു ബാന്റിലെ മനോജ് (ബിനേഷ് കൊടിയേരി) എന്ന ചെറുപ്പക്കാരന്റെ അനിയത്തിയെയാണ് കാണാതായത്. മനോജീന്റെ സഹോദരൻ സി ഐ ബാലചന്ദ്രൻ (മുകേഷ്) ഇതിനെപ്പറ്റി തിരക്കുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നില്ല. മനോജിന്റെ സഹോദരിക്ക് ഒരു മൊബൈൽ ലഭിച്ചതിനുശേഷം മൊബൈലിലൂടെ ഏതോ ചെറുപ്പക്കാരനുമായി ബന്ധമുണ്ടായിരുന്നു എന്ന് മനോജും കൂട്ടുകാരും അറിയുന്നു. അവർ ആ വഴിക്കു അന്വേഷണം തുടങ്ങുന്നു.
മാഡി കേരളത്തിലെത്തിയപ്പോൾ പഴയ സുഹൃത്തും ഇപ്പോൾ അസി. കമ്മീഷണർ ഓഫ് പോലീസുമായ നന്ദൻ (സയ്കുമാർ) സഹായിക്കാനെത്തുന്നു. എന്നാൽ കേരള ഐ. ജി (മജീദ്)യിൽ നിന്നു അനുകൂലമായ സഹായങ്ങൾ കിട്ടാത്തതുകൊണ്ട് മാഡി ഒറ്റക്ക് അന്വേഷണത്തിനിറങ്ങുന്നു. നന്ദൻ തനിക്കു കഴിയാവുന്ന രീതിയിൽ മാഡിയെ സഹായിക്കുന്നു. എങ്കിലും മാഡിയുടെ ഈ തന്നിഷ്ടത്തിൽ അതൃപ്തി തോന്നിയ നന്ദൻ അതു മാഡിയോട് തുറന്നു പറയുന്നു. അപ്പോഴാണ് മാഡി ആ സത്യം വെളിപ്പെടൂത്തുന്നത്. മുംബൈയിൽ നിന്നും കാണാതായ പെൺകുട്ടീ ആരാണെന്ന സത്യം.
തുടർന്ന് മാഡ് മാഡിയുടെ അതി സാഹസികമായ അന്വേഷണങ്ങളും പോരാട്ടങ്ങളും
നാട്ടുകാർക്ക് സർവ്വസമ്മതനും ആശ്രിതനുമായ ചന്ദ്രഗിരി മാധവനും (സായ് കുമാർ) അയാളുടെ ശത്രുക്കളും തമ്മിലുള്ള പോരാട്ടവും അതിനിടയിൽ അച്ഛൻ മാധവനെ രക്ഷിക്കാൻ പുതിയ രക്ഷകനാകുന്ന മകൻ അച്ചു എന്ന അർജ്ജുന്റെ(പൃഥീരാജ്) ശ്രമങ്ങളും
ചന്ദ്രഗിരിയിലെ മാധവൻ (സായ് കുമാർ) നാട്ടൂകാർക്ക് പ്രിയപ്പെട്ട തമ്പ്രാനാണ്. നാട്ടിലെ ഏതു പ്രശ്നവും പരിഹരിക്കുന്നത് മാധവനാണ്. ഭരണകക്ഷിയിലെ മൂന്ന് എം എൽ എ മാർ കൂറൂമാറുമെന്ന് വന്നപ്പോൾ ഭരണകക്ഷിയേയും മുഖ്യമന്ത്രിയേയും മാധവൻ രക്ഷിക്കുന്നു. അതിനു പകരം കൂറുമാറുമായിരുന്ന ഒരു എം എൽ എക്ക് മന്ത്രി സ്ഥാനം വാങ്ങിച്ചു കൊടൂക്കുക കൂടീ ചെയ്തു മാധവൻ.
മാധവന്റെ മകൻ അച്ചു എന്ന അർജ്ജുൻ (പൃഥീരാജ്) ബാംഗ്ലൂരിൽ പഠിക്കുന്നു. നാട്ടിലെ ഉത്സവത്തിനു നാട്ടിലെത്താൻ അച്ഛൻ നിർബന്ധിച്ചതുകൊണ്ട് അർജുൻ നാട്ടിലെത്തുന്നു. ചന്ദ്രഗിരി തറവാടിനോടും മാധവനോടും പണ്ടേ പകയുള്ളതാണ് ചെറിയപ്പിള്ളി തറവാട്ടിലെ മുകുന്ദനും (ജയകുമാർ) സദാനനന്ദനും. അവർ മാധവനെ പരാജയപ്പെടുത്തുവാൻ പല വഴികളും നോക്കുന്നു. മാധവൻ സഹായിച്ച റവന്യൂ മന്ത്രി കുരുവിളാ ജോർജ്ജിനെ (രാമു) കൂട്ടുപിടീച്ച് അവർ ഗ്രാമത്തിൽ പുതിയ ബിസിനസ്സ് തുടങ്ങാൻ സ്ഥലങ്ങൾ വാങ്ങുന്നു. അതിൽ കിടപ്പാടം നഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി മാധവൻ കുരുവിളയുമായി സംസാരിക്കുന്നുവെങ്കിലും ചെറിയപ്പിള്ളിക്കാരുടേ സപ്പോർട്ട് മൂലം കുരുവിള മാധവനെതിരെ തിരിയുന്നു.
മാധവനു ശത്രുക്കൾ കൂടിയപ്പോൾ മകൻ അർജ്ജുൻ ഉത്സവത്തിനു ശേഷം ബാംഗ്ലൂരിലേക്ക്ക് തിരികെ പോകാൻ മടി കാണിക്കുന്നു. മകനെ അപകടത്തിൽ പെടുത്താൻ മാധവനു വിഷമവും. ഇതിനിടയിൽ മാധവനെ അതിരറ്റ് സ്നേഹിക്കുന്ന തറവാട്ടിലെ ആശ്രിതയായ ലച്ചു എന്ന ലക്ഷ്മി (വന്ദന) ക്ക് അർജ്ജുന്റെ ഒപ്പം വന്ന പട്ടണത്തിലെ കൂട്ടുകാരെ തീരെ ഇഷ്ടപ്പെടുന്നില്ല. അർജ്ജുന്റെ കാമുകിയായ നന്ദയുമായി ലച്ചു പലപ്പോഴും വഴക്ക് കൂടുന്നുണ്ട്.
ഇതിനിടയിൽ നാട്ടിൽ അന്നപൂർണ്ണ ഗ്രൂപ്പ് എന്നൊരു ബിസിനസ്സ് സംഘം വരുന്നു. ചെറിയപ്പിള്ളിക്കാരും ഭരണകൂടവുമായി അവർ ചില ബിസിനസ്സുകൾ നാട്ടിൽ തുടങ്ങാൻ ശ്രമിക്കുന്നു. എങ്കിലും അവരുടേ ലക്ഷ്യം മാധവൻ ആയിരുന്നു. മാധവനും ഈ പുതിയ ശത്രുക്കളുമായി കൊമ്പു കോർക്കുന്നു. മാധവനെ കള്ളക്കേസിൽ കുടൂക്കാൻ അവർ സ്ഥലം എസ് പിയുമായി പദ്ധതിയിടുന്നു. മാധവൻ അറസ്റ്റിലാകുന്നു.
അച്ഛനു ശത്രുക്കളുടെ ഭീഷണിയും അപകടത്തിലാവുകയും ചെയ്തപ്പോൾ മകൻ അർജ്ജുൻ അച്ഛനെ രക്ഷിക്കാൻ രംഗത്തിറങ്ങുന്നു. പിന്നെ അർജ്ജുനനും ശത്രുക്കളുമായുള്ള നേർക്ക് നേർ പോരാട്ടങ്ങളാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശുദ്ധീകരണത്തിനും കണ്ണൂരിന്റെ വികസനത്തിനും പുതിയ മുഖത്തിനും സഖാവ് ജയകൃഷ്ണന്റെ(അനൂപ് മേനോൻ) നേതൃത്വത്തിൽ നടത്തുന്ന പുതിയ യുവ മുന്നേറ്റം
രാഷ്ട്രീയ സംഘട്ടനങ്ങൾക്കൊണ്ട് കലാപ കലുഷിതമായ കണ്ണൂർ ജില്ലയിലേക്ക് ഇടതു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി മാടായി സുരേന്ദ്രന്റെ (ശിവജി ഗുരുവായൂർ) മകൻ ജയകൃഷ്ണൻ ജെ എൻ യു വിലെ വിദ്യാഭ്യാസവും ജോലിയും കഴിഞ്ഞ് ഡൽഹിയിൽ നിന്ന് തിരിച്ചു വരുന്നത്. തന്റെ സ്വദേശമായ കണ്ണുരിന്റെ മാറ്റം ജയകൃഷ്ണനെ വല്ലാതെ ഉലച്ചു കളഞ്ഞു. താൻ വിശ്വസിക്കുന്ന പാർട്ടിയുടെ മാറ്റവും ജനങ്ങളുടെ ചേരിത്തിരിവും വികസനമില്ലായ്മയും ജയകൃഷ്ണനെ അസ്വസ്ഥനാക്കുന്നു. പാർട്ടി സെക്രട്ടറിയുടെ മകനായതു കാരണം എതിർപ്പാർട്ടിക്കാരുടെ ആക്രമണം വന്ന ദിവസം തന്നെ ജയകൃഷ്ണനു സംഭവിക്കുന്നു. ജില്ലാ നേതാക്കളായ സഖാവ് സുഗുണന്റേ(ടിനി ടോം)യും, ശിവാനന്ദന്റേ(ഇർഷാദ്)യും നിർദ്ദേശപ്രകാരം ജയകൃഷ്ണൻ ഒളിവിൽ താമസിക്കുന്നു. ഒരു മുസ്ലീം ഫാമിലിയിലായിരുന്നു ജയകൃഷ്ണന്റെ താമസം. പക്ഷെ ശത്രുക്കൾ ജയകൃഷ്ണനെ തിരിച്ചറിഞ്ഞ് ആ വീട്ടിൽ വെച്ചു തന്നെ ആക്രമിക്കുന്നു. ശത്രുവിന്റെ ബോംബാക്രമണത്തിൽ ആ വീട്ടിലെ ജിസ്ന എന്ന കൊച്ചു പെൺകുട്ടിക്ക് അപകടം സംഭവിക്കുകയും ഒരു കാൽ നഷ്ടപ്പെടുകയും ചെയ്യുന്നു. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗത്തിൽ വെച്ച് ഇരു പാർട്ടിക്കാരും ചേരി തിരിഞ്ഞ് പ്രസംഗിക്കുമ്പോൾ മാനവീകതയുടെ വക്താവായി ജയകൃഷ്ണൻ കാൽ നഷ്ടപ്പെട്ട കുട്ടിയുമായി രംഗപ്രവേശം ചെയ്യുന്നു. ജയകൃഷ്ണന്റെ ഓരോ ചോദ്യങ്ങൾക്കും ഇരു പാർട്ടി നേതാക്കന്മാർക്കും മറുപടിയില്ലായിരുന്നു. കണ്ണൂരിന്റെ അക്രമ രാഷ്ട്രീയം നിർത്തലാക്കാനും വികസനത്തിന്റെ പുതിയൊരു കണ്ണുർ സൃഷ്ടിക്കാനും ജയകൃഷ്ണൻ സമാന മനസ്കരുമായി പുതിയൊരു മുന്നേറ്റം നടത്തുന്നു. അതിനു വേണ്ടി യുവാക്കൾ സജ്ജീവമായ സോഷ്യൽ നെറ്റ് വർക്കുകളിലും മറ്റും ന്യൂ കമ്മ്യൂണിസ്റ്റ്, കണ്ണൂർ എന്ന പേരിൽ പ്രവർത്തനം തുടങ്ങുന്നു. നിരവധി ആളുകൾ ജയകൃഷ്ണന്റെ മുന്നേറ്റത്തിനു പിന്നണികളാകുന്നു.
കണ്ണൂർ ജില്ലയുടെ 13 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ടെക്സ്റ്റൈൽ കമ്പനിക്ക് വേണ്ടി ‘ഫാബ്രിക് കോറിഡോർ’ എന്ന പദ്ധതിയുമായി രഞ്ജൻ നമ്പ്യാർ (രാജീവ് പിള്ള) കണ്ണുരിൽ വരുന്നു. ഇടതുപക്ഷം ആ പദ്ധതിയെ എതിർക്കുന്നു. പക്ഷെ കണ്ണൂരിന്റെ വികസനത്തിനു വേണ്ടി ജയകൃഷ്ണൻ ആ പദ്ധതിക്കു വേണ്ടി അനുകൂലിക്കുന്നു. ഇത് പാർട്ടി സെക്രട്ടറികൂടിയായ അച്ഛനെ അരിശം കൊള്ളിച്ചു. തന്റെ തീരുമാനങ്ങളെ ധിക്കരിക്കുന്ന മകനെ അയാൾ പുറത്താക്കുന്നു. വീട്ടിൽ നിന്നും പുറത്തായ ജയകൃഷ്ണൻ പഴയ സഖാവായ ജർമ്മൻ കുഞ്ഞികൃഷ്ണൻ നായരുടെ(അഗസ്റ്റിൻ) വീട്ടീൽ താമസിക്കുന്നു. ഇപ്പോഴും ആദർശം ഉള്ളിലേറ്റി ജീവിക്കുന്ന എന്നാൽ പാർട്ടിയുമായി നല്ല അടുപ്പമില്ലാത്ത സഖാവ് രവിയേട്ടനും (നന്ദു ലാൽ) കുഞ്ഞികൃഷ്ണൻ നായരും മറ്റു സഖാക്കളുമായി ജയകൃഷ്ണൻ ഫാബ്രിക് കോറിഡോർ പദ്ധതിയുമായി മുന്നോട്ട് പോകുന്നു. ഇതിനിടയിലാണ് തന്റെ പഴയ പ്രണയിനിയായ ജേർണലിസ്റ്റ് രാധിക(സന്ധ്യ) യെ വീണ്ടും കണ്ടു മുട്ടൂന്നതും പ്രണയം തുടരുന്നതും, രാധികയുടെ അച്ഛൻ താൻ എതിർക്കുന്ന പാർട്ടിയുടെ നേതാവ് ദിവാകരൻ (റിസബാവ) ആയിരുന്നുവെങ്കിലും ജയകൃഷ്ണന്റെ പ്രണയത്തിനു മാറ്റമൊന്നുമുണ്ടായില്ല. ഇതിനിടയിൽ രഞ്ജൻ നമ്പ്യാരുടെ പദ്ധതിയെ തകർക്കാൻ കണ്ണൂരിൽ പുതിയ ബിസിനസ്സ് തുടങ്ങാൻ വേണ്ടി വിക്ടർ ജോർജ്ജ് പടമാടൻ (ഷിജു) എന്നൊരാൾ വരുന്നു. അയാളുടെ നീക്കം രജ്ഞൻ നമ്പ്യാർക്കെതിരെയായിരുന്നു. ഇടതുപാർട്ടിയുടേ പിന്തുണയും അയാൾ നേടുന്നു. അയാളുടെ പദ്ധതിക്ക് ജയകൃഷ്ണനെ തകർക്കാതെ രക്ഷയില്ലെന്ന് വന്നപ്പോൾ വിക്ടർ ജോർജ്ജ് ജയകൃഷ്ണനെ തകർക്കാൻ കരുക്കൾ നീക്കുന്നു. ജയകൃഷ്ണന്റെ ക്ലീൻ ഇമേജ് നഷ്ടപ്പെടുത്താൻ അയാൾ പല വഴികളും തേടുന്നു അതിനു വേണ്ടി സഖാവ് സുഗുണന്റേയും ശിവാനന്ദന്റേയും സഹകരണം തേടുന്നു. പിന്നീട് ജയകൃഷ്ണനും ശത്രുക്കളും നേർക്ക് നേർ നിന്ന് പോരാടുകയാണ്.
നഗരത്തിൽ കൊലപാതകങ്ങൾ നടത്തുന്ന സീരിയൽ കില്ലറെ പിടികൂടാൻ മെട്രോ ക്രൈം സ്റ്റോപ്പർ സെൽ തലവൻ ചന്ദ്രശേഖർ (മോഹൻലാൽ) നടത്തുന്ന ബുദ്ധിപരമായും സാഹസികമായുമുള്ള അന്വേഷണങ്ങളും, തകർന്നു പോയ അദ്ദേഹത്തിന്റെ ദാമ്പത്യബന്ധത്തിന്റെ അസ്വാരസ്യങ്ങളും ആക്ഷൻ ഡ്രാമാ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.
നഗരങ്ങളിലെ കുറ്റകൃത്യങ്ങൾ കുറക്കുന്നതിനു സംസ്ഥാന പോലീസ് വകുപ്പ് പ്രത്യേകമായി തുടങ്ങിയ മെട്രോ ക്രൈം സ്റ്റോപ്പർ സെൽ (എം സി എസ് സി) ന്റെ തലവനായി നിശ്ചയിക്കുന്നത് ചന്ദ്രശേഖറിനെ(മോഹൻലാൽ)യാണ്. ചെസ് കളിയിൽ വളരെ തൽപ്പരനായ ചന്ദ്രശേഖർ എതിരാളിയുടെ 64 നീക്കങ്ങൾ നേരത്തെ മനസ്സിലാക്കുന്ന ഗ്രാന്റ് മാസ്റ്റർ എന്നു വിശേഷിപ്പിക്കാവുന്നത്ര കൂർമ്മ ബുദ്ധിക്കാരനാണ്. സർവ്വീസിലിരിക്കെ പ്രമാദമായ പല കേസുകളും വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ കുറച്ച് വർഷങ്ങളായി ചന്ദ്രശേഖർ ജോലിയിൽ അലസനും മടിയനുമാണ് അതിന്റെ കാരണം തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച പാകപ്പിഴകളാണ്. ഭാര്യയുമായി വേർപിരിഞ്ഞ് ഒറ്റക്ക് ജീവിക്കുന്ന ചന്ദ്രശേഖർക്ക് കോടതി ഉത്തരവുപ്രകാരമുള്ള ദിവസങ്ങളിലാണ് സ്ക്കൂൾ വിദ്യാർത്ഥിനിയായ മകൾ ദാക്ഷയണിയെ കാണാനും വാത്സല്യം പ്രകടിപ്പിക്കാനും സാധിക്കുന്നത്. ചന്ദ്രശേഖറിന്റെ മുൻ ഭാര്യ ദീപ്തി (പ്രിയാമണി) നഗരത്തിലെ അറിയപ്പെടുന്ന അഭിഭാഷകയാണ്.
എം സി എസ് സിയിലേക്ക് പബ്ലിക്കിൽ നിന്നും എഴുത്തായും മെയിലായും നിരവധി പരാതികൾ വരുന്നുണ്ട്. പലപ്പോഴും തെറ്റിദ്ധാരണജനകമായ വിവരങ്ങളാണെങ്കിലും ഒരു കത്ത് ചന്ദ്രശേഖറിന്റെ ശ്രദ്ധയാകർഷിക്കുന്നു. ചന്ദ്രശേഖറിന്റെ അഭിസംബോധന ചെയ്ത കത്തിന്റെ ഉള്ളടക്കത്തിൽ ഒരു കില്ലർ നടത്താൻ പോകുന്ന കൊലപാതകങ്ങളെക്കുറിച്ചായിരുന്നു. ഇതൊരു ഗെയിമായി കാണാനും പങ്കെടുക്കാനും കില്ലർ ചന്ദ്രശേഖറിനെ ക്ഷണിക്കുന്നു.
കില്ലർ പറഞ്ഞ തിയതിയിലും സമയത്തും ആദിത്യപുരം എന്ന സ്ഥലത്ത് ആലീസ് എന്ന കഫേ നടത്തിപ്പുകാരി കൊല്ലപ്പെടുന്നു. മൃതദേഹത്തിനടുത്തു നിന്ന് ഒരു അക്ഷരമാലാ പുസ്തകം കിട്ടുകയും അതിൽ എ ഫോൾ ആപ്പിൾ എന്നുള്ളിടത്ത് എ ഫോർ ആലീസ് എന്ന് തിരുത്തിയെഴുതിയിരിക്കുന്നതും കാണുന്നു. അക്ഷരമാലാ ക്രമത്തിൽ കൊലപാതകം നടത്താനുള്ള കില്ലറുടെ പദ്ധതിയിൽ അടൂത്തത് ബി എന്ന അക്ഷരമായിരിക്കുമെന്നും ചന്ദ്രശേഖർ മനസ്സിലാക്കുന്നു. അടുത്ത കൊലപാതകത്തിനുമുൻപ് ചന്ദ്രശേഖറും സംഘവും വേണ്ട തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും നഗരത്തിലെ പ്രമുഖ ബാന്റിലെ സിങ്ങർ ബീന (റോമ)യും കൊല്ലപ്പെടുന്നു. ഈ കൊലപാതകങ്ങൾക്ക് തമ്മിൽ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെടുക്കാൻ കഴിയാത്തത് ചന്ദ്രശേഖറിനെ കുഴക്കുന്നു എന്ന് മാത്രമല്ല. ഈ കൊലപാതകങ്ങളിൽ കില്ലർ എന്തുകൊണ്ട് തന്റെ ഇൻ വോൾവ് ചെയ്യിക്കുന്നു എന്നതും ചന്ദ്രശേഖറിനു മനസ്സിലാകുന്നില്ല. കൂടുതൽ അന്വേഷണങ്ങളിലേക്ക് പോകുമ്പോൾ ചന്ദ്രശേഖറിനു എല്ലാം വ്യക്തമാകുന്നു. ഈ കൊലപാതക പരമ്പരക്ക് തന്റെ ജീവിതവുമായി എന്തോ ബന്ധങ്ങളുണ്ടെന്ന്, അതുകൊണ്ടാണ് ഈ സീരിയൽ കില്ലിങ്ങിലേക്ക് തന്നേയും വലിച്ചിഴക്കുന്നതെന്ന്.
കൊലപാതകിയെ പിടികൂടാൻ ചന്ദ്രശേഖർ തന്റെ ബുദ്ധിയുപയോഗിച്ച് ഇറങ്ങിത്തിരിക്കുന്നു.