മലയാളചലച്ചിത്ര സംവിധായകൻ. 1965 ആഗസ്റ്റ്15 ന്ന് ശിവരാമൻ നായരുടെയും,ജാനകിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. 1984 ൽ ബാലുകിരിയത്തിന്റെ സംവിധാനസഹയിയായിട്ടാണ് ഷാജി കൈലാസ് സിനിമയിലെത്തുന്നത്. ആർ സുകുമാറിന്റെ പാദമുദ്രയടക്കം പല സിനിമകളിലും സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 1989 ൽ ന്യൂസ് എന്ന സിനിമയിലൂടെയായിരുന്നു സ്വതന്ത്ര സംവിധായകനായി ഷാജികൈലാസിന്റെ അരങ്ങേറ്റം. രഞ്ജിപണിക്കർ - ഷാജികൈലാസ് കൂട്ടുകെട്ട് മലയാളത്തിന് ധാരാളം സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചു, രഞ്ജിപണിക്കരുടെ തിരക്കഥയിൽ ഷാജികൈലാസ് സംവിധാനം ചെയ്ത, സുരേഷ്ഗോപി നായകനായ തലസ്ഥാനം ആയിരുന്നു ഷാജികൈലാസിന്റെ കരിയർബ്രേയ്ക്ക് ആയചിത്രം. അദ്ദേഹം സംവിധാനം ചെയ്ത ഏകലവ്യൻ, മാഫിയ, കമ്മീഷണർ, എന്നീ സിനിമകളാണ് സുരേഷ്ഗോപിയെ സൂപ്പർതാര പദവിയിലെത്തിച്ചത്. ഷാജികൈലാസ് - രഞ്ജിപണിക്കർ സിനിമയായ "കിംഗ്" മമ്മൂട്ടിയുടെ ഏറ്റവുംവലിയ ഹിറ്റ്സിനിമകളിൽ ഒന്നായിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജികൈലാസ് സംവിധാനം ചെയ്ത ആറാംതമ്പുരാൻ, നരസിംഹം എന്നിവ വൻവിജയമായ മോഹൻലാൽ സിനിമകളായിരുന്നു. ഷാജികൈലാസ് മൂന്നു സിനിമകൾക്ക് കഥ എഴുതുകയും രണ്ട്സിനിമകൾ നിർമ്മിയ്ക്കുകയും ചെയ്തിട്ടുണ്ട്. 1993 ൽ മികച്ചസംവിധായകനുള്ള (മലയാളം) അവാർഡ് അദ്ദേഹത്തിന് ഏകലവ്യൻ എന്നസിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിൾ, തെലുങ്കു ഭാഷകളിലും ഷാജികൈലാസ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു തെലുങ്കു സിനിമയും മൂന്നു തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്രതാരം ആനി(ചിത്ര)യാണ് ഷാജികൈലാസിന്റെ ഭാര്യ. ജഗന്നാഥൻ, ശരണ, റോഷൻ എന്നിവർ മക്കളാണ്.
- 2198 views