രഞ്ജി പണിക്കർ

Submitted by danildk on Thu, 10/14/2010 - 19:35
Name in English
Renji Panicker

മലയാള ചലച്ചിത്ര തിരക്കഥാ കൃത്ത്, അഭിനേതാവ്. കേശവ പണിക്കരുടെയും ലീലാമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ ജനിച്ചു. ആലപ്പുഴ എസ് ഡി കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദവും കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽനിന്നും ജേർണ്ണലിസത്തിൽ മാസ്റ്റർ ബിരുദവും നേടി. ഒരു പത്ര പ്രവർത്തകനായാണ് രഞ്ജി പണിയ്ക്കർ തന്റെ തൊഴിൽ മേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. ചിത്രഭൂമിയിൽ ജോലി ചെയ്തിരുന്ന കാലത്ത് രഞ്ജി പണിയ്ക്കർ സംവിധായകൻ ഷാജി കൈലാസിനെ പരിചയപ്പെട്ടു. അവർ തമ്മിലുള്ള സൗഹൃദം രഞ്ജിയെ സിനിമയിലെത്തിച്ചു.

ഷാജികൈലാസിന്റെ സംവിധാനത്തിൽ 1990-ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് രഞ്ജി പണിയ്ക്കർ സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ഷാജി - രഞ്ജി കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ബോക്സോഫീസിൽ ചരിത്രം കുറിച്ചു. പൊളിറ്റിക്കൽ ആക്ഷൻ ചിത്രങ്ങളായിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്നത്. ഇവർക്കൊപ്പം സുരേഷ് ഗോപി കൂടി ചേർന്നതോടെ ആക്ഷ്ൻ സിനിമകൾക്ക് പുതിയ ഒരു അദ്ധ്യായം തുടങ്ങുകയായിരുന്നു. രഞ്ജി പണിയ്ക്കരുടെ തൂലികയിൽ വിടർന്ന തീപ്പൊരി ഡയലോഗുകളായിരുന്നു ഈ സിനിമകളുടെ പ്രധാന ആകർഷണം. സുരേഷ് ഗോപിയെ സൂപ്പർ താര പദവിയിലേയ്ക്കുയർത്തിയതിൽ രഞ്ജി പണിയ്ക്കരുടെ തൂലിക ഒരു പ്രധാന പങ്കു വഹിച്ചു. ഷാജി കൈലാസിനെ കൂടാതെ ജോഷിയ്ക്കുവേണ്ടിയും രഞ്ജി പണിയ്ക്കർ തിരക്കഥകൾ എഴുതി.  

രഞ്ജി പണിയ്ക്കർ രണ്ടു സിനിമകൾ സംവിധാനം ചെയ്യുകയും, രണ്ടു സിനിമകൾ നിർമ്മിയ്ക്കുകയും ചെയ്തിട്ടുണ്ട്. തിരക്കഥാ രചനയിൽ നിന്നും വിട്ടുനിന്ന് ഇപ്പോൾ അഭിനേതാവായിരിയ്ക്കുകയാണ് രഞ്ജി പണിയ്ക്കർ. നിരവധി സിനിമകളിൽ കാരക്ടർ റോളുകൾ അദ്ദേഹം ചെയ്തുവരുന്നു.

രഞ്ജി പണിയ്ക്കരുടെ ഭാര്യ അനീറ്റ മരിയം തോമസ്. 2019 മാർച്ച് 10-ന് അനീറ്റ അന്തരിച്ചു. രണ്ട് കുട്ടികളാണ് അവ്ർക്കുള്ളത് നിതിൻ രഞ്ജി പണിയ്ക്കർ, നിഖിൽ രഞ്ജി പണിയ്ക്കർ. നിഥിൻ ചലച്ചിത്ര സംവിധായകനാണ്.