രവീന്ദ്രൻ

Submitted by admin on Tue, 01/27/2009 - 23:03
Name in English
Raveendran
Date of Birth
Date of Death
Alias
രവീന്ദ്രൻ മാസ്റ്റർ
കുളത്തൂപ്പുഴ രവി
Raveendran Master
സംഗീതസംവിധായകൻ,ഗായകൻ,ഡബ്ബിംഗ് ആർട്ടിസ്റ്റ്   കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ 1943 നവംബർ 9ന് വേലായുധൻ മാധവന്റേയും പാർവ്വതി ലക്ഷ്മിയുടേയും മകനായി ജനിച്ചു. ചെറുപ്പത്തിൽത്തന്നെ രവി സംഗീതത്തിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. കുളത്തൂപ്പുഴ ഗവണ്മെന്റ് സ്കൂൾ, എരൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. യുവജനോത്സവങ്ങളിൽ അദ്ദേഹം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വീട്ടിലെ കഷ്ടപ്പാട് കാരണം ഹൈസ്കൂൾ പഠനത്തിനു ശേഷം മകനെ പട്ടാളത്തിലയക്കാനായിരുന്നു പിതാവിന്റെ തീരുമാനം. എന്നാൽ സംഗീതത്തോടുള്ള തന്റെ പ്രണയം രവി വീട്ടുകാരെ അറിയിച്ചു. സംഗീതം പഠിക്കാൻ വിട്ടില്ലെങ്കിൽ വീടുവിട്ടുപോകുമെന്നുവരെ ഭീഷണിപ്പെടുത്തി. ഒടുവിൽ 1960ൽ തിരുവനന്തപുരം സംഗീതക്കോളേജിൽ ചേർന്നു. സംഗീതത്തിന്റെ ബാലപാഠങ്ങൾ മാത്രം അഭ്യസിച്ചിരുന്ന രവിയെ ഇന്റർവ്യൂ ചെയ്തത് സാക്ഷാൽ ശെമ്മാങ്കുടി ശ്രീനിവാസയ്യർ ആയിരുന്നു. സംഗീതക്കോളേജിലെ ജീവിതമായിരുന്നു അദ്ദേഹത്തിലെ സംഗീതജ്ഞനെ രുപപ്പെടുത്തിയെടുത്തത്. ഇവിടെ വെച്ചായിരുന്നു യേശുദാസുമായി പരിചയപ്പെടുന്നത്. ശ്രീ നെയ്യാറ്റിൻകര വാസുദേവൻ രവിയ്ക്കു സംഗീതത്തിൽ റ്റ്യൂഷൻ നൽകിയിരുന്നു. അടുത്തുള്ള അമ്പലങ്ങളിൽ വില്ലടിച്ചാൻ പാട്ടിനും മറ്റും പോയായിരുന്നു ചെറിയ വരുമാനം കണ്ടെത്തിയിരുന്നത്. 1968ൽ തിരുവന്തപുരത്തുവെച്ചു നടത്തിയ കലാപരിപാടിയിൽനിന്നും കിട്ടിയ പണവുമായി അന്ന് മലയാളസിനിമയുടെ ആസ്ഥാനം എന്നറിയപ്പെട്ടിരുന്ന മദിരാശി (ഇന്നത്തെ ചെന്നൈ)യിലേക്കു വണ്ടി കയറി.   1974 ഏപ്രിൽ മാസത്തിൽ ശോഭനയെ വിവാഹം കഴിച്ചു.  സാജൻ,നവീൻ, രാജൻ എന്നിവരാണ് മക്കൾ.   ശശികുമാറിന്റെ സംവിധാനത്തിൽ "ചൂള" എന്ന ചിത്രത്തിനുവേണ്ടി സംഗീതം ചെയ്യാൻ കുളത്തൂപ്പുഴ രവിയെ ശുപാർശ ചെയ്യുന്നത് കെ ജെ യേശുദാസാണ്. പാട്ടുകൾ നിങ്ങൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ സ്വന്തംചെലവിൽ വേറെപാട്ടുകൾ ചെയ്തുതരാം എന്ന ഉറപ്പോടുകൂടിയായിരുന്നു അത്. അങ്ങനെ, സത്യൻ അന്തിക്കാടിന്റേയും പൂവച്ചൽ ഖാദറിന്റേയും വരികളെ സ്വരപ്പെടുത്തിക്കൊണ്ട് ആ പ്രതിഭ സിനിമയുടെ രജതദീപ്തിയിലേക്കു പ്രവേശിക്കുകയായിരുന്നു. അതുവരെ കുളത്തൂപ്പുഴ രവി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിനോട് രവീന്ദ്രൻ എന്ന പേരുമതിയെന്നു നിർദ്ദേശിച്ചതും യേശുദാസായിരുന്നു.   സ്വന്തം രചനയിൽ ഗാനരചയിതാക്കൾ മുദ്ര ചാർത്തുന്നതു പോലെ, ഈണം പകർന്ന ഗാനങ്ങളിലെല്ലാം തന്റേതായ മുദ്രപതിപ്പിച്ച് കടന്നുപോയ സംഗീതസംവിധായകനാണ്‌ രവീന്ദ്രൻ മാസ്റ്റർ. ആകാശത്തെ തൊട്ട് അജയ്യത തെളിയിച്ച്, തൊട്ടടുത്ത നിമിഷം ഭൂമിയെച്ചുംബിച്ച് വിനയം കാണിക്കുന്ന പാട്ടുകളാൽ സമ്പന്നമാണ്‌ രവീന്ദ്രൻ മാസ്റ്ററുടെ ഗാനപ്രപഞ്ചം. ഹൈ-പിച്ചും ലോ-പിച്ചും പരമാവധി ഉപയോഗിച്ച് നിർവചനങ്ങൾക്കപ്പുറത്തേക്ക് സ്വന്തം സംഗീതത്തെ ആ പ്രതിഭാശാലി കൊണ്ടെത്തിച്ചൂ . യേശുദാസ് എന്ന ഗായകന്റെ ആലാപനശേഷിയെ എത്രമാത്രം പ്രയോജനപ്പെടുത്താം എന്നു തിരിച്ചറിഞ്ഞ് അദ്ദേഹമൊരുക്കിയ പലഗാനങ്ങളും അനശ്വരങ്ങളായി മാറി. നിരവധി മലയാളം-തമിഴ് ചിത്രങ്ങൾ, ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങൾ,  ഉത്സവഗാനങ്ങൾ എന്നിവയ്ക്ക് ഈണങ്ങൾ ഒരുക്കി.   1992ൽ ഭരതത്തിന്റെ സംഗീതത്തിന് ദേശീയ സ്പെഷ്യൽ ജൂറി അവാർഡും സംസ്ഥാന അവാർഡും, 2002ൽ നന്ദനത്തിലെ സംഗീതത്തിന് സംസ്ഥാന അവാർഡും നേടി.  2005 മാർച്ച് 3ന് ചെന്നെയിൽ അന്തരിച്ചു.   Profile photo drawing by : നന്ദൻ

രവീന്ദ്രന്‍, കിഴക്കുണരും  പക്ഷി എന്ന ചിത്രത്തില്‍ മ്യൂസിക്‌ ഡയറക്ടര്‍ ആയി ഒരു രംഗത്ത്  അഭിനയിച്ചിട്ടുണ്ട് ( അതിഥി വേഷം )

നന്ദി.. 
ആദര്‍ശ് കുറുവത്ത്