കൊല്ലം ജില്ലയിലെ ആശ്രാമത്തു സദാശിവൻ ഭാഗവതരുടേയും ബി. കെ. നളിനിയുടേയും അഞ്ചുമക്കളിൽ നാലാമത്തെ കുട്ടിയായിരുന്നു ലതിക. സംഗീത പാരമ്പര്യമുള്ള കുടുംബം. അച്ഛൻ തന്നെയായിരുന്നു ലതികയുടേ ആദ്യഗുരു. അഞ്ചാം വയസ്സിൽ തന്നെ ലതിക ഗാനമേളകളിൽ പാടിത്തുടങ്ങി. ഇന്നത്തെ സംഗീത സംവിധായകൻ ശരതിന്റെ അമ്മാവൻ രാജൻലാലാണു അതിനു വഴിതെളിയിച്ചത്. അതോടെ കാര്യമായി സംഗീതത്തെ ഗൌരവത്തോടെ കണ്ടു തുടങ്ങി. മങ്ങാട് നടേശൻ ആയിരുന്നു പിന്നീട് ഗുരു. സഹോദരൻ എസ് രാജേന്ദ്രബാബു കീ ബോർഡ്, ഹാർമോണിയം വായനാ വിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായ കണ്ണൂർ രാജന്റെ നാടകത്തിൽ ലതികക്ക് പാടാൻ അവസരം കിട്ടി. പത്താം ക്ലാസ്സ് പഠനത്തിനിടയിലാണു ഈ അവസരം വന്നു ചേർന്നത്. കണ്ണൂർ രാജന്റെ ആ നാടക ഗാനം സിനിമാ സംവിധായകൻ ഐ വി ശശി കേൾക്കുകയും തന്റെ അടുത്ത സിനിമയിൽ കണ്ണൂർ രാജനെ സംഗീത സംവിധായകനാക്കാം എന്നു തീരുമാനിക്കുകയും ചെയ്തുവെങ്കിലും മറ്റു ചില സാങ്കേതിക കാരണങ്ങളാൽ അതു നടന്നില്ല. പിന്നീട് ഐ വി ശശിയുടെ ‘അഭിനന്ദനം’(1976) എന്ന സിനിമയിൽ കണ്ണുർ രാജൻ സംഗീതം ചെയ്യുകയും ഒരു യുഗ്മഗാനം യേശുദാസിനൊപ്പം ആലപിക്കാൻ ലതികയ്ക്ക് അവസരം കൊടുക്കുകയും ചെയ്തു. ‘അഭിനന്ദന’ത്തിലെ ‘പുഷ്പതല്‍പ്പത്തില്‍ നീ വീണുറങ്ങീ സ്വപ്നമായ് നിദ്രയില്‍ ഞാന്‍ തിളങ്ങീ..” എന്ന ഗാനം ലതികയുടേ ആദ്യഗാനമായി മാറി.
ഗായകൻ ജയചന്ദ്രനുമായുള്ള പരിചയം ലതികയ്ക്കും സഹോദരൻ എസ് രാജേന്ദ്രബാബുവിനും ഗാനമേളയിൽ നിരവധി അവസരങ്ങൾ നൽകി. ചെന്നെയിലേക്ക് മാറിയ ഇരുവർക്കും മലേഷ്യ വാസുദേവൻ, പി. ബി ശ്രീനിവാസ്, യേശുദാസ്, ജയചന്ദ്രൻ എന്നിവരൊത്ത് നിരവധി ഗാനമേളകളിൽ പാടാൻ സാധിച്ചു. ചെന്നെയിലെ അക്കാലത്താണു സംഗീത സംവിധായകൻ രവീന്ദ്രനെ പരിചയപ്പെടുന്നത്. രവീന്ദ്രനും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം രവീന്ദ്രന്റെ ആദ്യ സിനിമയായ ‘ചൂള’യിലേക്ക് അവസരമൊരുക്കി. യേശുദാസിനൊപ്പം ഒരു ഹമ്മിങ്ങ് മാത്രമേ അതിൽ ആലപിച്ചുള്ളു. രവീന്ദ്രനുമായുള്ള ബന്ധം സംവിധായകൻ ഭരതനെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ ‘ചാമരം’ സിനിമയിൽ പാടാനും അവസരമൊരുക്കി. പിന്നീട് ഭരതന്റെ നിരവധി ചിത്രങ്ങളിൽ ലതിക പാടി.
ഗായകൻ യേശുദാസിന്റെ നിർബന്ധം മൂലം ചെന്നൈ മ്യൂസിക് അക്കാദമിൽ ചേർന്നു സംഗീത പഠനം തുടർന്നു. അവിടെ നിന്ന് ഒന്നാം റാങ്കോടെ സംഗീത വിദ്വാൻ പാസ്സായ ലതിക സിനിമയിൽ അവസരങ്ങൾ നിൽക്കുമ്പോൾ തന്നെ സിനിമയിൽ സജ്ജീവമാകാതെ പാലക്കാട് സംഗീത കോളേജിൽ സംഗീതാദ്ധ്യാപികയായി ജോലിക്ക് കയറി(1989ൽ) അതിനുശേഷമായിരുന്നു രാജേന്ദ്രനുമായുള്ള വിവാഹം.
സിനിമയിൽ ലതിക ഇപ്പോൾ അത്ര സജ്ജീവമല്ലെങ്കിലും തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിൽ അദ്ധ്യാപികയാണ്. ഒപ്പം ഗാനമേളകളിലും പങ്കെടുക്കുന്നു.
മലയാളത്തിലും തമിഴിലും തെലുങ്കിലുമടക്കം മുന്നൂറിലേറേ ഗാനങ്ങൾ പാടി. രവീന്ദ്രൻ, ഔസേപ്പച്ചൻ, രാജാമണി, എസ്.പി വെങ്കിടേഷ് തുടങ്ങിയവരുടെ ആദ്യ സംഗീത സംവിധാനത്തിൽ പാടാനും ലതികക്ക് സാധിച്ചു. വന്ദനം സിനിമയിലെ പശ്ച്ചാത്തല ശബ്ദത്തിൽ പലപ്പോഴും ആവർത്തിക്കുന്ന ഹമ്മിങ്ങ് പാടിയിരിക്കുന്നത് ലതികയാണു.
ഭർത്താവ്: രാജേന്ദ്രൻ
മകൻ: രാഹുൽ രാജ്