നൂൽപ്പാലം
നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുള്ള സിന്റോ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'നൂൽപ്പാലം'. ആതിര മൂവി ലാന്റിന്റെ ബാനറിൽ ടെന്നി അഗസ്റ്റിനാണ് ചിത്രം നിർമ്മിക്കുന്നത്. ടി ജി രവി, മാള അരവിന്ദൻ, കലാശാല ബാബു,എം ആർ ഗോപകുമാർ തുടങ്ങിയവർ അഭിനയിക്കുന്നു. മാള അരവിന്ദൻ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രമാണ് നൂൽപ്പാലം.
പുല്ലേറ്റിങ്കര ഗ്രാമത്തിലെ ഒരുപാട് ജീവിതങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് നൂല്‍പ്പാലത്തിന്റെ ഇതിവൃത്തം.
ഒരു പുഴക്കിരുവശമുള്ള ഗ്രാമങ്ങളാണ് പുല്ലേറ്റിങ്കരയും തൃപ്പാളൂര്‍ ഗ്രാമവും. തൃപ്പാളൂര്‍ ഗ്രാമത്തിലെ പ്രഗത്ഭനാണ് കഥകളിക്കാരനായ തൃപ്പാളൂര്‍ ആശാന്‍. കഥകളി വേദിയിലെ നിറസാന്നിധ്യമായിരുന്ന തൃപ്പാളൂര്‍ ആശാന്‍ ഒരുനാള്‍ കളിത്തട്ടില്‍ തളര്‍ന്നുവീഴുന്നു. ആശാന്‍ കിടപ്പിലാവുന്നു. ആശാന്റെ കളിച്ചെണ്ട കൊട്ടുന്ന ആളായ ഹരിഗോവിന്ദന്‍ ഒരുനാള്‍ തൃപ്പാളൂര്‍ ആശാനെ കാണാനെത്തുന്നു. ഹരിഗോവിന്ദനെ കാണുന്നതോടെ ആശാന്റെ മുഖത്ത് നവരസങ്ങള്‍ നിറയുന്നു. ഭയാനകവും ബീഭത്സവും ശാന്തവും ഉള്‍പ്പെടെയുള്ള ഒമ്പതു ഭാവങ്ങള്‍ക്ക് അനുയോജ്യമായ കഥാപാത്രങ്ങള്‍ പിറവിയെടുക്കുന്നതോടെയാണ് നൂല്‍പ്പാലം വ്യത്യസ്‌തമായ തലത്തിലൂടെ യാത്ര തുടരുന്നത്.
ഇനി വര്‍ത്തമാന കാലത്തിലൂടെ നൂല്‍പ്പാലം കടന്നുപോകുമ്പോള്‍ ഇന്നത്തെ ജീവിതത്തിന്റെ പല ഭാവങ്ങളിലുള്ള കഥാപാത്രങ്ങള്‍ പിറവിയെടുക്കുന്നു. ഗ്രാമത്തിലെ നാടകക്കാരനായിരുന്ന നാരായണന്‍ വെളിച്ചപ്പാട് ഒരുനാള്‍ നാടുവിട്ട് പോകുന്നു. നാരായണന്‍ വെളിച്ചപ്പാടിന്റെ മകന്‍ ശങ്കരന്‍ യുക്‌തിവാദിയാണ്. ആത്മസംഘര്‍ഷങ്ങളില്‍ പെട്ട ശങ്കരന്‍ ഒടുവില്‍ അച്‌ഛന്റെ പള്ളിവാളും ചിലമ്പുമായി ആവേശത്തോടെ തുള്ളുന്നു. യുക്‌തിവാദിയായ ശങ്കരന്‍ കോമരമായി ഉറഞ്ഞുതുള്ളുന്നത് ഗ്രാമത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറുന്നു. ജോസൂട്ടി മാഷ് ഗ്രാമത്തിലെ എല്ലാവരുടെയും ആശ്രയമാണ്. ജോസൂട്ടി മാഷിനും ഭാര്യ ലിസാമ്മയ്‌ക്കും വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ഒരു കുഞ്ഞുണ്ടാവുന്നത്. മകന്‍ അലക്‌സ്. ഉന്നതമായ വിദ്യാഭ്യാസം ലഭിക്കാന്‍ മാഷ് മകനെ ബാംഗ്ലൂരിലേക്ക് പഠിക്കാനയയ്‌ക്കുന്നു. എന്നാൽ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അടിമയായാണ് അലക്‌സ് നാട്ടിലേക്ക് തിരികെയെത്തുന്നത്. അതോടെ ജോസൂട്ടി മാഷിന്റെ സകല പ്രതീക്ഷകളും തെറ്റുന്നു. ഗ്രാമത്തിലെ നല്ലൊരു പാട്ടുകാരി കൂടിയായ പുള്ളുവന്റെ മകളെ അലക്‌സ് പീഡിപ്പിച്ച് കൊലപ്പെടുത്തുന്നു.
ഗ്രാമത്തിലെ എല്ലാവിധ ചര്‍ച്ചകള്‍ക്ക് വിധേയമാവുന്നത് അവിടുത്തെ ലോന ചേട്ടന്റെ ചായക്കടയിലാണ്. ലോന ചേട്ടന്‍ എന്നും സത്യത്തിന്റെ പക്ഷത്താണ്. നവരസ ഭാവങ്ങളിലുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനുള്ള നൂല്‍പ്പാലത്തിലൂടെയുള്ള യാത്ര ഓരോരുത്തരെയും വ്യത്യസ്‌തമായ തലങ്ങളിലെത്തിക്കുന്നതോടെ നൂല്‍പ്പാലത്തിന്റെ കഥ വേറിട്ട വഴികളിലൂടെയാണ് കടന്നുപോകുന്നത്.
- നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുള്ള സിന്റോ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പ്രഥമ ചിത്രമാണ് നൂൽപ്പാലം
- നടൻ മാള അരവിന്ദന്റെ അവസാന സിനിമയാണ് നൂല്‍പ്പാലം.
- Read more about നൂൽപ്പാലം
- 528 views