ഗിരീഷ്

Name in English
Gireesh
Date of Birth
Artist's field
Alias
ഗിരീഷ് (നി കൊ ഞ ച)
ഗിരീഷ് മനോ

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ പേരുകളിൽ ഒന്ന് ചിലപ്പോൾ ഈ ചെറുപ്പക്കാരന്റെ ചിത്രത്തിന്റേതാകാം- നീ കൊ ഞാ ചാ. .സിനിമയുടെ കഥാതന്തുവുമായി ഏറെ ഇണങ്ങുന്ന  ഈ പേരിലെ പുതുമ അതിന്റെ കഥാതന്തുവിനെ ഏറ്റവും വിദഗ്ദ്ധമായി സംവദിക്കുന്നു  എന്ന് പറയുന്നൂ ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ്. എയിഡ്സ് എന്ന മാരകരോഗം ഉണർത്തുന്ന ഭീതിയും എയിഡ്സ് ബാധിതർക്ക് തങ്ങളുടെ അരക്ഷിത ബോധത്തിൽ നിന്നും ലോകത്തിനോടു മൊത്തമായുണ്ടാകുന്ന നിരാശ കലർന്ന പകയും സിനിമയുടെ പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് നമുക്കു മുൻപിൽ വെളിപ്പെടുന്നു. പുതിയ ചെറുപ്പക്കാരുടെ പുതിയ സിനിമയായി വന്ന നി കൊ ഞാ ചാ യുടെ സംവിധായകനാകട്ടെ എന്നാൽ ചലച്ചിത്രലോകത്തു വന്നിട്ട് ഏതാണ്ട് ഒരു പതിറ്റാണ്ടിലേറെയായിരിക്കുന്നു.

ചരിത്രപ്രസിദ്ധമായ പാലക്കാട് വിക്ടോറിയ കോളേജ്, ചിറ്റൂർ കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം കഴിഞ്ഞ ഗിരീഷ് പഠനകാലത്തു തന്നെ കാർട്ടൂൺ രചനകളിലൂടെ തന്റേതായ ഒരിടം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. സർവ്വാകലാശാലാതലമത്സരങ്ങളിലടക്കം പങ്കെടുത്ത ഈ കാർട്ടൂൺ രചയിതാവിന്റെ ആദ്യ ചിത്രവും, ഒരു കാർട്ടൂൺ പോലെത്തന്നെ സരസവും സരളവുമായ രീതിയിൽ ഗൗരവതരമായ വിഷയത്തെ കൈകാര്യം ചെയ്തതും അതുകൊണ്ടു തന്നെയാകാം.

ബിരുദപഠനത്തിനു ശേഷം ഗിരീഷ് പോയതാകട്ടെ ഹൈദരബാദിൽ അനിമെഷൻ പഠനത്തിനും. രണ്ടു കൊല്ലത്തെ പഠനത്തിനു ശേഷം ഹൈദ്രാബാദിൽത്തന്നെ ജോലിയിൽ പ്രവേശിച്ചു. ആറു മാസത്തോളം കാലം ജോലിയിൽത്തുടർന്നതിനു ശേഷം ഉന്നത പഠനത്തിനായാണ് ഗിരീഷ് കേരളത്തിലേയ്ക്ക് തിരിച്ചു വരുന്നത്. സി-ഡിറ്റിൽ രണ്ടുകൊല്ലത്തെ ബിരുദാനന്തര ബിരുദപഠനകാലത്താണ് സംവിധായകൻ ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. അങ്ങനെ ശ്യാമപ്രസാദിന്റെ അസിസ്റ്റന്റായി ഉള്ളുരുക്കം എന്ന എൻ പി മുഹമ്മദ് കഥയുടെ ഷോർട് ഫിലിം ആവിഷ്കാരമാണ് ഗിരീഷിന്റെ ജീവിതത്തിലെ ആദ്യ സിനിമാപ്രവേശം.

പിന്നീട് ശ്യാമപ്രസാദിന്റെ തന്നെ അരികെ, ഒരേ കടൽ, ഋതു എന്നീ ചിത്രങ്ങളിൽ അസോസിയേറ്റായി പ്രവർത്തിച്ചു. തുടർന്ന് ലാൽ ജോസിനോടൊപ്പം ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ് എന്നീ ചിത്രങ്ങളിലും സഹസംവിധായകനായി. ഇതിനിടയ്ക്ക് പല പരസ്യ ചിത്രങ്ങളും. ഷോർട്ട്/ ഡോക്യുമെന്ററി ചിത്രങ്ങളും സ്വതന്ത്രമായി  സംവിധാനം ചെയ്യാൻ സാധിച്ചു.

ഒരു ദശാബ്ദത്തോളം കാലം ഇൻഡസ്ട്രിയിൽ നിന്നും കിട്ടിയ ഉറച്ച പരിശീലനത്തിന്റെ ബലത്തിലാണ് സ്വന്തമായി രചിച്ച് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള അവസരം ഗിരീഷിനു വന്നു ചേർന്നത്. രണ്ടുകൊല്ലം മുൻപ് ഇതേ സ്ക്രിപ്റ്റുമായി ചെന്നുകണ്ട നിർമ്മാതാക്കൾ പലരും എയ്ഡ്സുകായി ബന്ധപ്പെട്ട കഥ ഇവിടെ ശരിയാവില്ല എന്നു പറഞ്ഞ് ഒഴിവായ അനുഭവം ഓർത്തുകൊണ്ട് ഈ ചെറുപ്പക്കാരൻ പ്രതീക്ഷയോടെ പറയുന്നു- മലയാള സിനിമയിൽ ഇപ്പോൾ പുതിയ ഇടങ്ങളും പുതിയ സാധ്യതകളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതു പോലെ ധാരാളം പുതിയ സിനിമകളും. ന്യൂ ജെനെറേഷൻ സിനിമാ എന്ന ബ്രാൻഡിംഗിനോട് ഒട്ടും തന്നെ താല്പര്യമില്ലാത്ത ഗിരീഷ് എന്നാൽ പുതിയ തലമുറയുടെ മാറി വരുന്ന താല്പര്യങ്ങളെ ഏറെ സൂക്ഷ്മതയോടു കൂടിത്തന്നെ ശ്രദ്ധിക്കുന്നുമുണ്ട്.

അച്ഛൻ : മനോഹരൻ, അമ്മ : മീനു

Gireesh Mano