ഗായത്രി

Submitted by Kiranz on Sat, 02/14/2009 - 18:07
Name in English
Gayathri
Date of Birth
Alias
ഗായത്രി അശോകൻ
Gayathri Asokan

ഡോ.പി യു അശോകന്റെയും ഡോ.കെ എസ് സുനിധിയുടെയും മകളായി 1978ൽ തൃശൂരിൽ ജനിച്ചു. ചെറുപ്പകാലത്ത് തന്നെ സംഗീതം അഭ്യസിച്ച് തുടങ്ങി. മുത്തശ്ശി അമ്മുക്കുട്ടി  കർണ്ണാടക സംഗീതടീച്ചറായിരുന്നു. നെടുമങ്ങാട് ശശിധരൻ നായർ ആണ് കർണാടക സംഗീതത്തിലെ ആദ്യ ഗുരു. തുടർന്ന് മങ്ങാട് നടേശൻ, വാമനൻ നമ്പൂതിരി എന്നിവരുടെ കീഴിലും സംഗീതം തുടർന്ന് അഭ്യസിച്ചു. സ്കൂൾ-കോളേജ് തലത്തിൽ ലളിതഗാനത്തിനും വെസ്റ്റേൺ മ്യൂസിക്കിനുമൊക്കെ നിരവധി സമ്മാനങ്ങൾ നേടി. ബി എ ബിരുദത്തിന് പഠിക്കുന്നതിനിടെയാണ് സുഹൃത്തും ഗസൽ ഗായകനും തബലിസ്റ്റുമായിരുന്ന ഫിലിപ്പ് വി ഫ്രാൻസിസിന്റെ സംഗീത പരിപാടികൾ ഗായത്രിയെ ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് അടുപ്പിക്കുന്നത്. തുടർന്ന് പൂനെയിൽ എത്തിയ ഗായത്രി, അൽക മരുൾകർ എന്ന പ്രശസ്തയായ ഹിന്ദുസ്ഥാനി സംഗീതജ്ഞയുടെ ശിഷ്യയായി മാറുകയും ഗുരുകുല സമ്പ്രദായത്തിലൂടെ ചിട്ടയായി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുകയും ചെയ്തു.

ക്കാലയളവിലെ ഒരു വെക്കേഷനിലാണ് ഗായത്രിക്ക് രവീന്ദ്രൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്ത് തുടക്കം കുറിക്കുവാൻ സാധിക്കുന്നത്. ലോഹിതദാസിന്റെ “അരയന്നങ്ങളുടെ വീടെ”ന്ന സിനിമയിലെ “ദീന ദയാലോ രാമാ” എന്ന ഗാനം ആലപിച്ച് കൊണ്ടാണ് ഗായത്രി മലയാള സിനിമയിൽ തുടങ്ങുന്നത്. തുടർന്ന് നിരവധി  സംഗീത സംവിധായകരോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞു. ഗായത്രിയുടേതായി ഹിറ്റ് പാട്ടുകൾ നിരവധി പുറത്തിറങ്ങി. 2003ലെ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന അവാർഡ് ഗായത്രിക്ക് ലഭിച്ചു. സസ്നേഹം സുമിത്ര എന്ന ചിത്രത്തിൽ ഔസേപ്പച്ചൻ സംഗീതം ചെയ്ത “എന്തേ നീ കണ്ണാ” എന്നുള്ള ഗാനത്തിനായിരുന്നു അവാർഡ്. മികച്ച ഗായികക്കുള്ള 2011ലെ  അമൃത ഫെഫ്ക അവാർഡ് പ്രാഞ്ചിയേട്ടൻ & ദ സെയിന്റെന്ന ചിത്രത്തിലെ “കിനാവിലെ” എന്ന ഗാനത്തിനർഹയായി.

ആകാശവാണിയുടെ ഹിന്ദുസ്ഥാനി ക്‌ളാസിക്കൽ വിഭാഗത്തിൽ ഹൈ ഗ്രേഡ് ബി കരസ്ഥമാക്കിയിട്ടുള്ള ഗായികയാണ് ഗായത്രി. ഇംഗ്‌ളീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം ഉള്ള ഗായത്രി ഹിന്ദുസ്ഥാനി സംഗീതജ്ഞയെന്നാണ് കൂടുതലും അറിയപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗത്തും സംഗീത പരിപാടികളും ഗസലുകളും അവതരിപ്പിച്ചു. 1995 മുതൽ ആർട്ട് ഓഫ് ലിവിംഗിന്റെ ഭാഗമായി ശ്രീ ശ്രീ രവിശങ്കറിന്റെ സംഘത്തിൽ ഭജനുകളും ഗാനങ്ങളുമൊക്കെയായി പല രാജ്യങ്ങളും സഞ്ചരിച്ചു. ചാരിറ്റിക്കു വേണ്ടി "അനഹട, വിശുദ്ധി, സ്മരൺ, സങ്കീർത്തൻ" തുടങ്ങി നാലോളം ആത്മീയ ആൽബങ്ങളും ഗായത്രി പുറത്തിറക്കിയിട്ടുണ്ട്.  ജുഗൽബന്ദി, ഫ്യൂഷൻ സംഗീതം തുടങ്ങി സംഗീതത്തിലെ തന്നെ വ്യത്യസ്ത മേഖലകൾ കൈകാര്യം ചെയ്തു. ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികൾക്കും റിയാലിറ്റി ഷോകൾക്കും ജഡ്ജായും പ്രവർത്തിച്ചു. പണ്ഡിറ്റ് ജസ്‌രാജ്, ഹരിപ്രസാദ് ചൗരസ്യ തുടങ്ങിയ പ്രമുഖർക്കൊപ്പം കാസറ്റുകൾ പുറത്തിറക്കി.

ഗായത്രി പാടിയ മലയാളം പാട്ടുകളിൽ മിക്കതും മറക്കാനാവാത്തതാണെങ്കിലും,മകൾക്ക് എന്ന ചിത്രത്തിലെ "ചാഞ്ചാടിയാടി ", നരനിലെ "തുമ്പിക്കിന്നാരം" , മുല്ലവള്ളിയും തേന്മാവും എന്ന സിനിമയിലെ "താമരനൂലിനാൽ.." , പ്രാൻഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലെ " കിനാവിലെ... "  എന്ന ഗാനങ്ങൾ മികച്ചു നില്ക്കുന്നു.

സഹോദരൻ ഗണേഷ് ടെക്നോപാർക്കിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നു.

വിവരങ്ങൾക്ക് അവലംബം :- ഗായത്രിയുടെ