ഗണേശ് സുന്ദരം

Name in English
Ganesh Sundram
Date of Birth
Artist's field
Alias
ഗണേഷ് സുന്ദരം

തൃപ്പൂണിത്തുറ സ്വദേശി, മിലിട്ടറി ഉഗ്യോഗസ്ഥനായ എന്‍. എസ്‌ ചെട്ടിയാരുടേയും മീനാക്ഷി യുടേയും മകനായി ജനനം. അച്‌ഛന്റെ സംഗീത പാരമ്പര്യമാണ്‌ ഗണേശിലേക്ക് പകര്‍ന്നു കിട്ടിയത്‌. അത് കൊണ്ടു തന്നെ ചെറുപ്പകാലത്ത് തന്നെ സംഗീതം അഭ്യസിച്ചു. ആദ്യമായി സംഗീതം അഭ്യസിച്ചത് വീടിനടുത്തുള്ള ലൈലു ടീച്ചറിന്റെ അടുത്തു നിന്നുമാണ്. മ്യൂസിക് ലോവർ എന്ന കോഴ്സ് പാസായി. സംഗീതരംഗത്തേക്ക് കടന്നു വരാനുള്ള പ്രചോദനം ചെറിയച്ഛൻ മുരുകേഷായിരുന്നു. അദ്ദേഹത്തിന്റെ നിബന്ധത്തിനു വഴങ്ങിയാണ് ആദ്യ കാലങ്ങളിൽ ഗണേശ് സ്കൂൾ മത്സരവേദികളിൽ എത്തിയിരുന്നത്. തൃപ്പൂണിത്തുറ ആര്‍ട്‌സ് കോളജില്‍ നിന്നും പ്രിഡിഗ്രീ, പിന്നീട്  ഏറ്റുമാനൂര്‍ ഗവ. ഐ.റ്റി.ഐ യില്‍ അതിനു ശേഷം എറണാകുളം മഹാരാജാസ്‌ കോളജിലാണ്‌ കൊമേഴ്സിൽ ബിരുദം. കോളേജിലുമൊക്കെ മത്സരങ്ങളില്‍ സജീവമായിരുന്നു ഗണേശ്. ബിരുദത്തിനു പഠിക്കുന്ന സമയത്താണ് സംഗീതത്തെ ഗൗരവമായി എടുക്കുന്നത്. അങ്ങനെ ഒരു ജോലി എന്ന ആത്യന്തികമായ ലക്ഷ്യത്തെ വെടിഞ്ഞ് ഒരു പ്രൊഫഷണൽ ഗായകനായി മാറുകയായിരുന്നു അദ്ദേഹം. ഇന്ദിര ടീച്ചര്‍, കാഞ്ഞങ്ങാട്‌ ശ്രീനിവാസന്‍, കാവാലം ശ്രീകുമാര്‍, എസ്‌.കെ സുബ്രഹ്‌മണ്യം, ടോമി തോമസ് എന്നിവരാണ് മറ്റു ഗുരുക്കന്മാർ.

1989 ൽ ആൾ ഇന്ത്യ റേഡിയോയുടെ ഒഡീഷൻ പാസായ അദ്ദേഹം നിരവധി ലളിതഗാനങ്ങൾ റേഡിയോയിൽ പാടിയിട്ടുണ്ട്. സർവ്വകലാശാല മത്സരവേദികളിൽ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. 1994 ൽ ലളിതഗാനത്തിനു ഒന്നാം സമ്മാനം അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു. ആ കാലഘട്ടത്തിൽ ഗാനമേളകളിലും അദ്ദേഹം സഹകരിച്ചിരുന്നു. സിനിമയിലേക്ക് എത്തുന്നതിനു മുന്നേ അദ്ദേഹം ഭക്തിഗാനങ്ങളും ആൽബങ്ങളിലുമാണ് കൂടുതൽ പാടിയിട്ടുള്ളത്. 1999 ൽ ഇറങ്ങിയ ഗുരുതിപൂജ എന്ന ഭക്തിഗാന ആല്‍ബത്തില്‍ അമ്മേ നാരായണ എന്ന ഗാനം കരിയറിലെ വഴിത്തിരിവായി. ആ കാലഘട്ടത്തിൽ ദേവരാജൻ മാഷ്‌, രവീന്ദ്രൻ മാഷ്‌, അർജ്ജുനൻ മാഷ്‌, ദക്ഷിണാമൂർത്തി സ്വാമികൾ എന്നിവർക്കൊപ്പമൊക്കെ അദ്ദേഹം വിവിധ ആൽബങ്ങൾക്കായി അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. വിവിധ ഭാഷകളിലായി 4000 ൽ അധികം ഭക്തിഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.

2002-ല്‍ പുറത്തിറങ്ങിയ കായംകുളം കണാരനാണ് ആദ്യ ചിത്രം. അതിലെ ഒച്ചയുരുക്കി എന്ന ഗാനമാണ് ആദ്യം ആലപിച്ചത്. ഗണേശിന്റെ ചെറിയച്ഛന്റെ സുഹൃത്തായിരുന്നു ആ ചിത്രത്തിന്റെ സംവിധായകൻ നിസ്സാർ. അങ്ങനെയാണ് അദ്ദേഹത്തിനു പാടാൻ അവസരം ലഭിക്കുന്നത്. പിന്നീട് മിന്നാമിന്നിക്കൂട്ടം, വയലിന്‍, വെനീസിലെ വ്യാപാരി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പറങ്കിമല തുടങ്ങി നിരവധി ചിത്രങ്ങളിൽ പാടി. അടുത്ത സുഹൃത്തുകൂടിയായ ബിജിബാലിന്റെ സംഗീതത്തിൽ ഇറങ്ങിയ സിബി മലയിലിന്റെ വയലിന്‍ എന്ന ചിത്രത്തിലെ ഹിമകണം അലിയും എന്ന ഗാനം വളരെയധികം ശ്രദ്ധയാകർഷിച്ചു. നൂറോളം നാടകഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹത്തിനു 2006 ൽ സംസ്ഥാന സംഗീത നാടക അക്കാദമിയുടെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു.

തൃപ്പൂണിത്തുറ പാവംകുളങ്ങരയിൽ കുടുംബസമേതം താമസം. ഭാര്യ സ്മിത. മക്കള്‍ ശങ്കര്‍, ശ്രീധര്‍.  സഹോദരന്‍ സോമ സുന്ദരം ഒരു അനുകരണ കലാകാരനാണ്‌.