ശങ്കുണ്ണി നായരുടെ മക്കളായ ഗോവിന്ദൻ നായർക്കും ഭവാനിയ്ക്കും കുഞ്ഞുലക്ഷ്മി അമ്മയുടെ മക്കളായ യശോദയും എൻ. പി. പിള്ളയുമായി ഒത്തുമാറ്റക്കല്യാണം തീരുമാനിച്ചു. എൻ. പിള്ള ഭവാനിയെ വിവാഹം ചെയ്തു. യശോദയുടെ നല്ലഭാവി ഒന്നുമാത്രം ഓർത്താണ് എൻ. പി. പിള്ള അമേരിക്കയ്ക്ക് പ്രത്യേക പരിശീലനത്തിനുള്ള പോക്ക് മാറ്റി വച്ചത്. യശോദയുടെ കല്യാണത്തലേന്നാണ് ഗോവിന്ദൻ നായർക്ക് സഹപ്രവർത്തകയായ ശ്രീദേവിയുമായി ബന്ധം ഉണ്ടായിരുന്നു എന്നും ഗർഭിണിയായ ശ്രീദേവിയുമായുള്ള വിവാഹം നടന്നു കഴിഞ്ഞു എന്നും അറിഞ്ഞത്. യശൊദയ്ക്ക് മാനസികവിഭ്രാന്തിയായി. വിശ്വാസവഞ്ചകരായ ഭാര്യവീട്ടുകാരോടുള്ള പക കാരണം പിള്ള സ്വന്തം ഭാര്യ ഭവാനിയേയും മകൻ ഓമനക്കുട്ടനേയും കാണാതെ അമേരിക്കയ്ക്കു തിരിച്ചു. കുഞ്ഞിനോടൊപ്പം യശൊദയെ കാണാൻ ചെന്ന ഭവാനിയെ അമ്മായിമ്മ തുരത്തി. കുഞ്ഞുലക്ഷ്മിയമ്മയുടെ ശവസംസ്കാരച്ചടങ്ങിനെത്തിയ ശങ്കുണ്ണിയെ മറുനാട്ടിൽ നിന്നും തിരിച്ചെത്തിയ പിള്ള ആക്ഷേപിച്ചയച്ചു. സ്കൂളിലും വീട്ടിലും അച്ഛനില്ലായമയുടെ വിഷമങ്ങൾ ഭവാനിയുടെ മകൻ ഓമനക്കുട്ടനെ തീരെ വിഷമിപ്പിച്ചു. അവൻ കടുത്ത പനി ബാധിച്ച് മരണ ശയ്യയിലായി. അവസാനമെന്നപോലെ അവൻ മൊഴിഞ്ഞ വാക്കുകൾ പിള്ളയുടെ ഹൃദയം തണുപ്പിച്ചു. യശോദയുടെ ചിത്തഭ്രമവും വിട്ടുമാറി.
‘നരകവൈരിയാം അരവിന്ദാക്ഷന്റെ” എന്നു തുടങ്ങുന്ന പഴയ കീർത്തനം കഷണിച്ച് ‘ ‘കണികാണുന്നേരം കമലനേത്രന്റെ’ ആക്കി മാറ്റിയത് വളരെ പോപ്പുലർ ആണ്. പി. ലീലയും രേണുകയും പാടുന്ന ഈ പാട്ട് രാഗമാലികയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ‘ആകാശഗംഗയുടെ കരയിൽ’ പി. സുശീലയും എ. എം. രാജായും പാടുന്നത് പ്രസിദ്ധി നേടി.ദേവരാജൻ യേശുദാസിന് അത്രകണ്ട് പ്രാധാന്യം കൊടുത്തു തുടങ്ങിയിട്ടില്ല.
ജഡിലവ്യവസ്ഥകളോട് പൊരുതിയാണ് പപ്പു ജീവിച്ചു പോന്നത്. ഒരിക്കൽ അയാൾ അറിയാതെ ഓടയിൽ വീഴിച്ച ലക്ഷ്മി എന്ന പെൺകുട്ടി അയാളൂടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. അമ്മമാത്രമുള്ള ലക്ഷ്മി പപ്പുവിനെ അമ്മാവൻ എന്നു വിളിച്ച് സ്നേഹിച്ചു. കഠിനാധ്വാനം മൂലം പപ്പു ക്ഷയരോഗി ആയിത്തീർന്നു. കോളേജ് പ്രായത്തിൽ വെറും റിക്ഷാക്കാരനായ പപ്പുവിനോട് അവൾക്കും അമ്മ കല്യാണിക്കും അകൽച്ച തോന്നി. ത്യാഗസമ്പന്നനായ പപ്പുവിന്റെ മഹത്വം അവർ തിരിച്ചറിയുമ്പോഴേയ്ക്കും അയാൾ പോയിക്കഴിഞ്ഞിരുന്നു.
"ഉസ്മാൻ വഹീദയെ കല്യാണം കഴിച്ചപ്പോൾ അയാൾക്ക് പ്രായം കുറച്ചായെങ്കിലും സന്തുഷ്ടരാണവർ. ഉസ്മാന്റെ അനുജൻ കബീറിനു വഹീദയെ ഇല്ലാത്ത അമ്മയുടെ സ്ഥാനത്ത് പ്രതിഷ്ഠിയ്ക്കാനും സന്തോഷമേ ഉള്ളു. പൂട്ടുകച്ചവടക്കാരി ആമിനയുടെ മകൻ നിരക്ഷരനായ മമ്മേനിഫയ്ക്ക് വഹീദയുടെ അനുജത്തി വിദ്യാസമ്പന്നയായ ലൈലയെ കെട്ടാൻ മോഹം. ആമിന ഇക്കാര്യം വഹീദയോട് പറഞ്ഞപ്പോൾ അവൾ ഇത് പാടേ നിരാകരിച്ചു. രോഷാകുലയായ ആമിന ഉസ്മാനെ തെറ്റിദ്ധരിപ്പിച്ചു, വഹീദയും കബീറുമായി അവിഹിത ബന്ധമാണെന്ന്. വാസ്തവത്തിൽ കബീറിന്റെ പ്രേമഭാജനം ലൈലയാണ്. പ്രസവത്തോടെ വഹീദ മരിച്ചു. കബീറ് പട്ടാളത്തിൽ ചേർന്ന് നാടും വിട്ടു. വഹീദയുടെ കുഞ്ഞിനെ നോക്കാൻ ലൈലയെത്തി. അവളുടെ വാപ്പാ ആവശ്യപ്പെടുന്നത് കബീറിനു എന്തെങ്കിലും ആപത്ത് പറ്റിയെങ്കിൽ ഉസ്മാൻ അവളെ ഏറ്റെടുക്കണം എന്നാണ്. മമ്മനിഫ അലക്കുകാരി മാധവിയിൽ ആകൃഷ്ഠനായി നാൾ നീക്കി. നിക്കാഹിനു അവധിയിൽ വന്ന കബീറിനു ചൈനാ യുദ്ധരംഗത്തേക്ക് ഉടൻ തിരിക്കേണ്ടി വന്നു. നിക്കാഹ് മാറ്റി വയ്ക്കപ്പെട്ടു. ഏറെ നാൾ കഴിഞ്ഞില്ല, കബീറിനെ കാണാനില്ല എന്ന കമ്പി സന്ദേശം എത്തി. ഉസ്മാനുമായി ലൈലയുടെ വിവാഹകർമ്മം കഴിയാറായപ്പോൾത്തന്നെ കബീർ സ്ഥലത്തെത്തി. വികലാംഗനായ അനുജനെക്കണ്ടതോടെ ഉസ്മാൻ ഹൃദയം തകർന്ന് മരിച്ചു. കബീർ-ലൈല വിവാഹം നടന്നു."
ധനാഢ്യയായ ജാനകിയമ്മയുടെ മകൻ ഗോപി, അവരുടെ ഡ്രൈവർ കുമാരപിള്ളയുടെ മകൻ വേണു, വേലക്കാരി ജാനകിയമ്മയുടെ മകൾ രാധ എന്നിവർ ഒരുമിച്ച് പഠിച്ച് വളർന്നവരാണ്. മകൻ വേണുവിനെ ഡോക്ടറാക്കി രാധയെ വിവാഹം കഴിപ്പിക്കാനാണു കുമാരപിള്ളയുടെ മോഹം.പഠിത്തത്തിൽ തോറ്റ ഗോപി രാധയുടെ പിന്നാലെ നടന്നു, അമ്പലത്തിൽ വച്ച് മാലയുമിട്ടു. കാര്യസ്ഥൻ കിട്ടുപിള്ളയും ഭാർഗ്ഗവിയമ്മയും കൂടി ഗോപിയെ തെറ്റിദ്ധരിപ്പിച്ചു,രാധ വേണുവിന്റെ കാമുകിയാണെന്ന്. അമ്മയുടെ നിർബ്ബന്ധത്താൽ ഗോപി പണിക്കരുടെ മകൾ വാസന്തിയെ വിവാഹം ചെയ്തു, അവൾക്ക് രമേശൻ എന്നൊരു കാമുകൻ ഉണ്ടെന്നറിഞ്ഞത് വിവാഹശേഷമാണ്. അവരുടെ വിവാഹജീവിതം താളം തെറ്റി. രാധ ഗോപിയുടെ കുഞ്ഞിനെ പ്രസവിച്ചു ഇതിനിടെ. അനാഥാലയത്തിലാണ് അവൾ മകൻ അപ്പുവിനോടൊപ്പം. വാസന്തി ഗോപിയുടെ കണ്ണിൽ മരുന്നു തെറ്റി ഒഴിച്ചതുമൂലം ഗോപിയുടെ കാഴച നഷ്ടപ്പെട്ടു. ഡോക്ടറായ വേണു കണ്ണു ശസ്ത്രക്രിയക്ക് തയാറായി. വാസന്തി കണ്ണു ദാനം ചെയ്യാൻ വിസമ്മതിച്ചപ്പോൾ രാധ അതിനു തയാറായി. കാഴ്ച്ച കിട്ടിയ ഗോപി മാപ്പുപറഞ്ഞ് രാധയേയും അപ്പുവിനേയും സ്വീകരിച്ചു. വാസന്തി രമേശിനോടൊപ്പം പോയി.
ക്യാൻസർ ചികിത്സയ്ക്കു പോയ മാധവനുണ്ണിത്താൻ മകൻ സുഗതനെ ഭാസ്കരപിള്ളയെ ഏൽപ്പിച്ചു. തിരിച്ചു വന്നപ്പോൾ ഭാസ്കർപിള്ള മകനുമായി കടന്നുകളഞ്ഞതായി അറിയുന്നു. പണക്കാരനായ കുട്ടൻ പിള്ളയുടെ മകൾ ഗിരിജയുമായി സുഗതൻ പിന്നീട് പ്രേമത്തിലായി. ഭാസ്കപിള്ളയുടെ മകൻ മധുവിനെ പഠിപ്പിച്ചത് കുട്ടൻ പിള്ളയാണ്, ഗിരിജയെ കല്യാണം കഴിക്കാമന്ന വാഗ്ദാനത്തിന്മേൽ. മധുവിനു പണക്കാരനായ കെ. പി. നായരുടെ മകൾ ഹേമയുമായിട്ടാണ് അടുപ്പം. സുഗതൻ അനാഥനായി അലയുന്നു. മധു കളവിനു പിടിയ്ക്കപ്പെടുന്നു. ഭാസ്കരപിള്ളയുടെ കാൽ ഒടിയുന്നു. ശിക്ഷകൾ കിട്ടിയ അവർ മാപ്പു പറയുന്നു. സുഗതനു വിട്ടുപോയ അച്ഛനെ തിരിച്ചു കിട്ടുന്നു, ഗിരിജയേയും.
കോടിയാട്ട് കുറുപ്പിന്റെ മക്കളാണു രാജനും വേണുവും. ചെറിയ തെറ്റിനു വലിയ ശിക്ഷ കിട്ടിയ വേണു ഒളിച്ചോടി, പിന്നീട് പോക്കറ്റടിക്കാരൻ മിന്നൽ രാമുവായാണ് അവനെ കാണുന്നത്. രാജൻ ജോലി കിട്ടി മദ്രാസിനു പോയപ്പോൾ ഭാര്യ ലക്ഷ്മിയേയും കൊച്ചുമകനേയും കൊണ്ടുപോയില്ല. അവിടെ അയാൾ മാധവൻ എന്ന കുടിലന്റേയും വിലാസവതിയായ അയാളുടെ പെങ്ങളുടേയും ദൂഷിത വലയത്തിലായി. പഴയ സർക്കസ്സുകാരനായ ടൈഗർ ആശാൻ നർത്തകിയായ മകൾ രാധയുമായി തെരുവിലാണ്. രാമുവിന്റെ സ്നേഹിതർ
രാധ അവന്റെ കാമുകിയും. രാജനെ അന്വേഷിച്ച് മദ്രാസിലെത്തിയ ലക്ഷ്മിയും മകനും ഗുണ്ടകൾക്കിടയിൽ അകപ്പെട്ടപ്പോൾ രക്ഷിച്ചത് രാമുവാണ്. ലക്ഷ്മിയും കുഞ്ഞും രാജന്റെ അടുത്ത് എത്തിയെങ്കിലും വാസന്തിയെ പേടിച്ച് അയാൾ അവരെ തള്ളിപ്പറഞ്ഞു. മാധവൻ രാജന്റെ സ്വത്ത് കൈക്കലാക്കാൻ മുതിരവേ രാമു അവിടെ പ്രത്യക്ഷപ്പെട്ട് അതു മുടക്കി. മാധവൻ തോക്ക് പ്രയോഗിച്ചെങ്കിലും വെടിയേറ്റു മരിച്ചത് വാസന്തിയാണ്. രാജൻ പശ്ചാത്തപിച്ച് ലക്ഷ്മിയോട് ചേർന്നു. രാമു അനുജൻ വേണുവാണെന്ന് മനസ്സിലാക്കി. വേണു രാധയെ കല്യാണം കഴിച്ചു.
ഗവേഷണക്കാരനായ മോഹന്റെ മുഖം പരീക്ഷണശാലയിലെ പൊട്ടിത്തെറിയിൽ വിരൂപമായതോടെ പ്രേയസി രമ അവനെ വിട്ട് ഇംഗ്ലണ്ടിൽ നിന്ന് എത്തിയ വേണുവിന്റെ തോഴിയായി. അനാഥാലയത്തിലെ അന്ധയായ അമ്മിണിയുടെ പാട്ട് കേട്ട് മോഹൻ അവളിൽ ആകൃഷ്ടനായി, അവരുടെ കല്യാണവും കഴിഞ്ഞു. കടപ്പാടുള്ള വേണു ശസ്ത്രക്രിയയിലൂടെ അമ്മിണിക്ക് കാഴ്ച്ച നൽകി, മോഹന്റെ മുഖവൈകൃതം കണ്ട് ഞെട്ടി നിലം പതിച്ചു. എന്നാൽ ബാഹ്യരൂപത്തിൽ തനിക്ക് പരാതിയില്ലെന്ന് തുറന്നു പറഞ്ഞു. മോഹന് അപകർഷതാബോധമുണ്ട്. അമ്മിണിയുടെ സ്നേഹിതൻ മാത്രമായ വാസു , വേണു പുറം തള്ളിയ രമയോടൊപ്പം വീട്ടിൽ എത്തിയപ്പോൾ മോഹൻ തെറ്റിദ്ധരിച്ച് തോക്കെടുത്ത് വെടി വച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നു. അമ്മിണി വീണ്ടും യാചകവേഷം ധരിച്ച് അനാഥാലയത്തിലേക്ക് പോകാൻ തയാറാകുന്നു. കരളുരുകിയ മോഹൻ അവളെ സ്വീകരിക്കുന്നു.
വൈദ്യരംഗത്തെ അഴിമതികളേയും പൊതുജനവിരുദ്ധമായ രീതികളേയും തുറന്നുകാട്ടുന്നതാണ് കഥാ തന്തു. പട്ടണത്തിലെ പ്രധാന ആശുപത്രിയിൽ ആർ. എം. ഓ ആയെത്തുന്ന ഡോക്റ്റർ രാജേന്ദ്രന് സീനിയർ ഡോക്റ്റരുടെ ജനവിരുദ്ധനടപടികളോട് എതിർപ്പുണ്ട്. സീനിയർ ഡോക്റ്ററുടെ മകൾ ജയശ്രീയും ഡോ. രാജേന്ദ്രന്റെ നിലപാടുകളോട് അനുഭാവമുള്ളവളാണ്. സീനിയർ ഡോക്ക്റ്ററുടെ മകൻ വേണു തളർവാതം പിടിച്ച് വൈദ്യപഠനം പാതിവഴിയിൽ ഉപേക്ഷിച്ചയാളാണ്. അയല്പക്കത്തെ നെയ്ത്തുകാർ കുടുംബത്തിലെ നർത്തകിയായ സീതയുമായി വേണു പ്രണയത്തിലുമാണ് സിതാർ വായനയിൽ ആനന്ദം കൊണ്ടാണ് വേണു ജീവിതം തള്ളിനീക്കുന്നത്. മന്ത്രിമാരുടെ സ്വാധീനമുള്ള അലക്സ് എന്ന രാഷ്ട്രീയപ്രവർത്തകൻ അഴിമതികൾക്ക് ഒത്താശ ചെയ്യുന്നവനാണ്. ഡോ. രാജേന്ദ്രന്റെ പ്രതിരോധങ്ങൾ വിജയത്തിലെത്തുകയാണ് അവസാനം. പക്ഷേ വേണുവിന്റേയും സീതയുടേയും ജീവിതം ഇല്ലാതാവുകയുമാണ്.
മമ്മത്ക്കായുടെ കോട്ട് ‘കണ്ടം ബെച്ച”താണ് - പല തുണിക്കഷണങ്ങൾ തുന്നിപ്പിടിപ്പിച്ചതാണ്. പണ്ടേ കിട്ടിയ കോട്ടാണ് ഇതു നാട്ടിലു മുഴുവൻ പാട്ടാണ്. ധനാഢ്യനായ ഹാജിയാരുടെ മകനും പാവപ്പെട്ടവളായ കുഞ്ഞീബിയുമായുള്ള വിവാഹം പല കടമ്പകൾ കടന്ന് ശുഭാന്ത്യത്തിലെത്താറായെങ്കിലും ഉചിതമായ സ്ത്രീധനം എന്ന കടമ്പയിൽ തട്ടി തടഞ്ഞു വീഴുന്നു. മമ്മത്ക്കാ തന്റെ കോട്ടിലെ ‘കണ്ടങ്ങൾ’ അഴിച്ചെടുക്കുന്നു. ഹജ്ജിനു പോകാൻ മാത്രം ജീവിതകാലം മുഴുവൻ പലപ്പോഴായി മിച്ചം പിടിച്ച നോട്ടുകളാണ് അവയിൽ. വിശാലമനസ്കനായ മമ്മത്‌ക്കാ ഈ പണം കുഞ്ഞീബിയുടെ സ്ത്രീധനമായി നൽകാൻ തയാറാവുന്നു. മമ്മത്ക്കായുടെ ഈ സന്മനസ്സ് കണ്ടറിഞ്ഞ നാട്ടുകാർ പണം പിരിച്ച് അദ്ദേഹത്തെ ഹജ്ജിനയയ്ക്കുന്നു.
നാട്ടിൽ വന്ന് തമ്പടിച്ച സർക്കസ്സുകാർക്ക് പൈതൽ നായരുടെ ഹോട്ടലിലാണു ഭക്ഷണം. നായരുടെ മകൾ തങ്കവും ട്രപ്പീസു കളിക്കാരനായ ചന്ദ്രനും പ്രണയബദ്ധരാകുന്നു. മറ്റൊരു ചായക്കടക്കാരൻ കുറുപ്പിന് സർക്കസ്സുകാാരുടെ ഇടപാടുകിട്ടാത്തതിൽ അമർഷമുണ്ട്. അയാളുടെ സിൽബന്തിയായ കൊച്ചുണ്ണിയ്ക് തങ്കത്തിൽ ഒരു കണ്ണുണ്ട്. പോലീസിൽ നിന്നും പിരിച്ചയക്കപ്പെട്ട് നാട്ടിലെ ചട്ടമ്പിയായ ഗോപിയ്ക്കുമുണ്ട് തങ്കത്തിൽ അഭിനിവേശം. ചന്ദ്രനോടൊപ്പം ട്രപ്പീസ് വേല ചെയ്യുന്ന ലളിതയ്ക്ക് ചന്ദ്രനോട് പ്രേമമുണ്ട്. അമ്പലത്തിൽ വച്ച് ഗോപിയുമായി അടികലശലിൽ ചന്ദ്രനു പരിക്കേറ്റ കാരണം ട്രപ്പീസ് കളി മുടങ്ങിയതും കനത്ത മഴയും കാരണം ബിസിനസ് മോശമായ സർക്കസ്സുടമ നായർക്ക് കടബാധിതനായതിനാൽ കടുവയും സിംഹവുമുൾപ്പെടെ മൃഗങ്ങളെ അവിടെ പണയം പോലെ നൽകിയിട്ടു പോകുന്നു. മൃഗങ്ങളെ തീറ്റിപ്പോറ്റി നായർ അവശനായി മാറുന്നു. നായരെനശിപ്പിക്കാൻ കുറുപ്പ് ഗോപിയ്ക്ക് പണം നൽകിയിട്ടുണ്ട്, തങ്കത്തിനെ ലഭിയ്ക്കാൻ ഒത്താശ ചെയ്യാൻ കൊച്ചുണ്ണിയും ഗോപിയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്. നായരുടെ സഹായി എന്നു നടിച്ച ഗോപിയ്ക്ക് മൃഗങ്ങളെക്കൊണ്ട് അവശനായ നായർ തങ്കവുമായി കല്യാണം ഏർപ്പാടാക്കാൻ തയാറാകുന്നു. കടം വീട്ടാനുള്ളതുകയുണ്ടാക്കുവാനായി ചന്ദ്രൻ വലയില്ലാത്ത സാഹസ ട്രപ്പീസ് കളിയ്ക്കാനൊരുങ്ങി. അസൂയ മൂത്ത ലളിത ട്രപ്പീസ് കയർ മുറിച്ചു വച്ചിരുന്നെങ്കിലും ചന്ദ്രൻ ആപത്തില്ലാതെ രക്ഷപെടുന്നു. പശ്ചാത്താപവിവശയായ ലളിത ആത്മഹത്യ ചെയ്യുന്നു. തങ്കവുമായി ഗോപിയുടെ വിവാഹത്തിൽ മനം നൊന്ത് കൊച്ചുണ്ണി ഒരു പുലിയെ കൂടുതുറന്നുവിടുകയും ചന്ദ്രൻ സാഹസികമായി പുലിയെ കൂട്ടിലാക്കുകയും ചെയ്തു. കൂട്ടിൽ അകപ്പെട്ട ഗോപിയെ പുലി കൊന്നിരുന്നു, ചന്ദ്രൻ പുലിയെ കൊല്ലുന്നതിനു മുൻപേ. അരിശം തീരാത്ത കൊച്ചുണ്ണി സിംഹത്തിന്റെ കൂട് തുറക്കാൻ യത്നിക്കുമ്പോൾ പോലീസെത്തി തോക്കു ചൂണ്ടിയിട്ടും വഴങ്ങുന്നില്ല. തങ്കം സ്നേഹനിർഭരമായി കെഞ്ചിയപ്പോൾ അയാൾ താഴെയിറങ്ങി പൊലീസിനു കീഴടങ്ങി.ചന്ദ്രനും തങ്കവും വിഘ്നങ്ങളൊഴിഞ്ഞ് വിവാഹിതരാകുന്നു.
സർക്കസ് നിറഞ്ഞു നിൽക്കുന്ന ആദ്യത്തെ സിനിമയായിരുന്നു ഇത്. റ്റി. വാസുദേവന്റെ രണ്ടാമത്തെ സിനിമയും. പിന്നീട് ‘ജയ്മാരുതി പ്രൊഡക്ഷൻസ്’ എന്നപേരിൽ പ്രശസ്തിയാർജ്ജിച്ചു . വാഹിനിയിലും മൊഡേൺ തിയേറ്റെഴ്സിലും വച്ച് സിനിമാ നിർമ്മാണം. സർക്കസ് പ്രദർശനം കഴിഞ്ഞുമാത്രം ഷൂട്ടിംഗ് സാദ്ധ്യമായതിനാൽ ഏറെ രാത്രിയായിട്ടാണ് പല സീനുകളും എടുത്തത്. ഫിലിമിന്റെ ഒരു ഭാഗം മാസ്ക് ചെയ്തിട്ട് മറുഭാഗം വേറേ ഷൂട് ചെയ്ത് രണ്ടും സംയോജിപ്പിക്കുക എന്ന പുതിയ ട്രിക്ക് മലയാളത്തിൽ ആദ്യം പരീക്ഷിച്ചത് ഈ സിനിമയിലാണ്. മൃഗങ്ങളുമായി അടുത്തു പെരുമാറുന്നു എന്ന തോന്നലുണ്ടാക്കാനായിരുന്നു ഈ ട്രിക്ക്. ജി. കെ. പിള്ള ഈ സിനിമയോടെ എറ്റവും ശോഭിയ്ക്കുന്ന വില്ലൻ എന്ന പ്രശസ്തി നേടി. ഉദയഭാനു ആദ്യമായി സിനിമയിൽ പാടിയതു ഇതിലെ ‘വെളുത്തപെണ്ണേ” എന്ന പാട്ടാണ്. തിരുവിതാംകൂർ സഹോദരിമാരിൽ ഒരാൾ എന്ന നിലയ്ക്ക് അക്കാലത്ത് രാഗിണിയ്ക്ക് എറ്റവും കൂടുതൽ പ്രതിഫലം കിട്ടിയിരുന്നു. അവർക്ക് 50.000 രൂപ യും സത്യനു 25,000 രൂപയും. സത്യനു അന്ന് 15,000 ഏ പ്രതിഫലം കൊടുക്കാറുണ്ടായിരുന്നെങ്കിലും രാഗിണിയ്ക്കു കൊടുക്കുന്നതിന്റെ പകുതിയെങ്കിലും കൊടുക്കണമെന്ന സന്മനസ്സ് ശ്രീ വാസുദേവന് ഉണ്ടായിരുന്നെന്ന് അദ്ദേഹം പിന്നീട് ഈ സിനിമയുടെ അൻപതാം വർഷാഘോഷത്തിൽ പറയുകയുണ്ടായി. സഹസംവിധായകനായിരുന്ന കെ. സുകുമാരൻ പിന്നീട് പല ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കൊച്ചുണ്ണിയുടെ വേഷം ചെയ്ത കൊച്ചപ്പൻ പിന്നീറ്റ് ‘പുലിവാൽ കൊച്ചപ്പൻ’ എന്ന് അറിയപ്പെട്ടു. കൊച്ചപ്പൻ അക്കാലത്തെ പല സിനിമകളിലും വേഷമിട്ടിട്ടുണ്ട്. തമിഴിലും തെലുങ്കിലും മൊഴിമാറ്റം ചെയ്ത് ഇറക്കിയിരുന്നു, ‘നായരു പിടിച്ച പുലിവാല്. വടക്കൻ കേരളത്തിൽ ‘നായർ’ എന്ന സംബോധന സ്വൽപ്പം ബഹുമാനസൂചകമാണെന്നതിനാൽ സിനിമാപ്പേരിനു കുഴപ്പമില്ലായിരുന്നു. തെക്കൻ കേരളത്തിൽ ഇത് നായന്മാരെ ആക്ഷേപിക്കാനുണ്ടാക്കിയ സിനിമാപ്പേരെന്ന് വിവാദമുണ്ടാവുകയും സിനിമാപോസ്റ്റർ കീറിക്കളയുന്ന തരത്തിലുള്ള പ്രകടനങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്തു.