‘നരകവൈരിയാം അരവിന്ദാക്ഷന്റെ” എന്നു തുടങ്ങുന്ന പഴയ കീർത്തനം കഷണിച്ച് ‘ ‘കണികാണുന്നേരം കമലനേത്രന്റെ’ ആക്കി മാറ്റിയത് വളരെ പോപ്പുലർ ആണ്. പി. ലീലയും രേണുകയും പാടുന്ന ഈ പാട്ട് രാഗമാലികയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ‘ആകാശഗംഗയുടെ കരയിൽ’ പി. സുശീലയും എ. എം. രാജായും പാടുന്നത് പ്രസിദ്ധി നേടി.ദേവരാജൻ യേശുദാസിന് അത്രകണ്ട് പ്രാധാന്യം കൊടുത്തു തുടങ്ങിയിട്ടില്ല.
കഥാസംഗ്രഹം
ശങ്കുണ്ണി നായരുടെ മക്കളായ ഗോവിന്ദൻ നായർക്കും ഭവാനിയ്ക്കും കുഞ്ഞുലക്ഷ്മി അമ്മയുടെ മക്കളായ യശോദയും എൻ. പി. പിള്ളയുമായി ഒത്തുമാറ്റക്കല്യാണം തീരുമാനിച്ചു. എൻ. പിള്ള ഭവാനിയെ വിവാഹം ചെയ്തു. യശോദയുടെ നല്ലഭാവി ഒന്നുമാത്രം ഓർത്താണ് എൻ. പി. പിള്ള അമേരിക്കയ്ക്ക് പ്രത്യേക പരിശീലനത്തിനുള്ള പോക്ക് മാറ്റി വച്ചത്. യശോദയുടെ കല്യാണത്തലേന്നാണ് ഗോവിന്ദൻ നായർക്ക് സഹപ്രവർത്തകയായ ശ്രീദേവിയുമായി ബന്ധം ഉണ്ടായിരുന്നു എന്നും ഗർഭിണിയായ ശ്രീദേവിയുമായുള്ള വിവാഹം നടന്നു കഴിഞ്ഞു എന്നും അറിഞ്ഞത്. യശൊദയ്ക്ക് മാനസികവിഭ്രാന്തിയായി. വിശ്വാസവഞ്ചകരായ ഭാര്യവീട്ടുകാരോടുള്ള പക കാരണം പിള്ള സ്വന്തം ഭാര്യ ഭവാനിയേയും മകൻ ഓമനക്കുട്ടനേയും കാണാതെ അമേരിക്കയ്ക്കു തിരിച്ചു. കുഞ്ഞിനോടൊപ്പം യശൊദയെ കാണാൻ ചെന്ന ഭവാനിയെ അമ്മായിമ്മ തുരത്തി. കുഞ്ഞുലക്ഷ്മിയമ്മയുടെ ശവസംസ്കാരച്ചടങ്ങിനെത്തിയ ശങ്കുണ്ണിയെ മറുനാട്ടിൽ നിന്നും തിരിച്ചെത്തിയ പിള്ള ആക്ഷേപിച്ചയച്ചു. സ്കൂളിലും വീട്ടിലും അച്ഛനില്ലായമയുടെ വിഷമങ്ങൾ ഭവാനിയുടെ മകൻ ഓമനക്കുട്ടനെ തീരെ വിഷമിപ്പിച്ചു. അവൻ കടുത്ത പനി ബാധിച്ച് മരണ ശയ്യയിലായി. അവസാനമെന്നപോലെ അവൻ മൊഴിഞ്ഞ വാക്കുകൾ പിള്ളയുടെ ഹൃദയം തണുപ്പിച്ചു. യശോദയുടെ ചിത്തഭ്രമവും വിട്ടുമാറി.