മലയാള സിനിമയിലെ ആദ്യകാല ഗായകൻ. കഴിഞ്ഞ അൻപതിലധികം വർഷങ്ങളായി ശ്രോതാക്കളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗായകൻ. "ആത്മവിദ്യാലയമേ","ഈശ്വരചിന്തയിതൊന്നേ" എന്ന ഗാനങ്ങൾ ആസ്വദിക്കുമ്പോൾ ഒരു ശ്രോതാവിനും കമുകറ എന്ന ഗായകനെ സ്മരിക്കാതിരിക്കാനാവില്ല.
1930ല്‍ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി ജനിച്ചു. ഏഴാം വയസ്സില്‍ തിരുവട്ടാര്‍ കൃഷ്ണപിള്ളയില്‍നിന്ന് സംഗീതം അഭ്യസിച്ചു തുടങ്ങി. പതിമൂന്നാം വയസില്‍ അരങ്ങേറ്റം നടത്തി.1953 ല്‍ നീലാ പ്രൊഡക്ഷന്റെ 'പൊന്‍കതിര്‍' എന്ന ചിത്രത്തില്‍ പാടിയാണ് കമുകറ പിന്നണിഗായകനായത്. നൂറ്റിയിരുപത്തഞ്ചോളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. 1955ല്‍ ഹരിശ്ചന്ദ്ര എന്ന ചിത്രത്തിനായി പാടിയ ആത്മവിദ്യാലയമേ എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടുകളില്‍ ഒന്നാണ്. 1983ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. നിരവധി ബഹുമതികള്‍ നേടിയ കമുകറ, സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി ജൂറിയായും പ്രവര്‍ത്തിച്ചു. 1947 മുതല്‍ ആദ്യത്തെ തിരുവിതാംകൂര്‍ പ്രക്ഷേപണ നിലയത്തിലും തുടര്‍ന്ന് ഓള്‍ ഇന്ത്യാ റേഡിയോയിലും ശാസ്ത്രീയ സംഗീതപരിപാടികളും ലളിതഗാനങ്ങളും അവതരിപ്പിച്ചു. ആകാശവാണിയില്‍ മൂവായിരത്തിലധികം ലളിതഗാനങ്ങള്‍ പാടിയിട്ടുണ്ട്.
തിരുവട്ടാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാനേജരും ഹെഡ്മാസ്റ്ററുമായി 35 വര്‍ഷം സേവനമനുഷ്ഠിച്ചു.തമിഴ്നാട് സര്‍ക്കാരിന്റെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാര്‍ഡ് നേടി.പ്രസിദ്ധ സംഗീതജ്ഞ ലീല ഓംചേരി സഹോദരിയാണ്.1995 മേയ് 26ന് മരണം.