കെ രാഘവൻ

Submitted by mrriyad on Sat, 02/14/2009 - 18:16
Name in English
K Raghavan
Date of Birth
Date of Death

തലശ്ശേരിയിലെ താലായില്‍ കൃഷ്ണന്‍ - നാരായണി ദമ്പതിമാരുടെ മകനായി 1914 ഡിസംബര്‍
2 നു രാഘവന്‍ മാഷ്  ജനിച്ചു.സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം
ചെറുപ്രായത്തിലെ ഔപചാരിക വിദ്യാഭ്യാസത്തോടു വിട പറയുന്നതിനു  കാരണമായി.തലശ്ശേരി
തിരുവങ്ങാട് പി എസ് നാരായണ അയ്യരുടെ ശിഷ്യത്വം സ്വീകരിച്ച്  സംഗീത പഠനം
ആരംഭിച്ചു.മികച്ച ഒരു ഫുട് ബാള്‍ കളിക്കാരനും ആയിരുന്ന മാഷിനു പ്രൊഫഷണല്‍
കളിക്കാരനാകാന്‍ ക്ഷണം കിട്ടിയതാണു.എന്നാല്‍ സംഗീതത്തോടുള്ള ഭ്രമം കാരണം മികച്ച
ശമ്പളം കിട്ടുമായിരുന്ന ആ ജോലി അദ്ദേഹം രണ്ടാമൊതൊന്നാലോചിക്കാതെ തന്നെ
നിരസിച്ചു.

1940 ല്‍  തംബുരു ആര്‍ട്ടിസ്റ്റായി മദ്രാസ് ആകാശവാനിയില്‍ ജോലിയില്‍
പ്രവേശിച്ചു.2 വര്‍ഷം കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലേക്കു മാറ്റമായി.1950 ല്‍
കോഴിക്കോടു നിലയം സ്ഥാപിച്ചപ്പോള്‍ അവിടെക്കും പോന്ന മാഷ് റിട്ടയര്‍ മെന്റു വരെ
അവിടെ തുടര്‍ന്നു.

ആകാശവാണിയില്‍  ജോലി ചെയ്തു പോന്ന അദ്ദേഹത്തിന്റെ കരിയറില്‍ ഒരു
വഴിത്തിരിവുണ്ടായത് പി ഭാസ്കരനേ പരിചയപ്പെട്ടതോടെ ആണു.നീലക്കുയിലിനു വേണ്ടി
ഗാനങ്ങള്‍ എഴുതിയത് ഭാസ്കരന്‍ മാഷ് ആയിരുന്നു.അദ്ദേഹത്തിന്റെ നിര്‍ബന്ധത്താല്‍
ആ പാട്ടുകള്‍ക്ക് സംഗീതം കൊടുക്കാന്‍ രാഘവന്‍ മാഷിനു അവസരം ലഭിച്ചു..അങ്ങനെ
ഗാനങ്ങള്‍ക്ക് സംഗീതം കൊടുത്തപ്പോള്‍: നിര്‍മാതാവ് പരീക്കുട്ടിയുടെ നിര്‍ബന്ധം
കാരണം അതിലെ ഒരു പാട്ട് " കായലരികത്ത് വലയെറിഞ്ഞപ്പോള്‍ "  അദ്ദേഹത്തിനു
പാടേണ്ടി വന്നു.അങ്ങനെ ആദ്യ ചിത്രത്തില്‍ സംഗീത സംവിധായകനും ഗായകനും ആയി
അദ്ദേഹം തിളങ്ങി !വാസ്തവത്തില്‍ നീലക്കുയിലിനു മുന്നേ മാസ്റ്റര്‍ ചലച്ചിത്ര
രംഗത്തു തുടക്കം കുറിച്ചിരുന്നു.കതിരു കാണാക്കിളി,പുള്ളിമാന്‍ എന്നിവക്കു
വേണ്ടി ആയിരുന്നു അത്.രണ്ടു ചിത്രങ്ങളും പുറത്തിറങ്ങാത്തതിനാല്‍ ഫലത്തില്‍
അരങ്ങേറ്റം നീലക്കുയില്‍ വഴി ആയി !

1973 ല്‍ നിര്‍മാല്യം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതിനു ആദ്യ
സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.4 വര്‍ഷത്തിനു ശേഷം പൂജക്കെടുക്കാത്ത പൂക്കളിലെ
ഗാനങ്ങളിലൂടെ വീണ്ടും സംസ്ഥാന  അവാര്‍ഡ് കിട്ടി.1986 ല്‍ പാഞ്ചാലി എന്ന
നാടകത്തിലെ സംഗീത സംവിധാനത്തിനും അവാര്‍ഡ് കിട്ടി.കേരള സംഗീത നാടക അക്കാദമി
ഫെല്ലോഷിപ്പും കമുകറ പുരുഷോത്തമന്റെ പേരിലുള്ളതും  ബാബുരാജിന്റെ പേരിലുള്ള
അവാര്‍ഡും അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. 1997 ല്‍ സംസ്ഥാന സര്‍ക്കാര്‍
ചലച്ചിത്ര രംഗത്തെ ഏറ്റവും ഉയര്‍ന്ന പുരസ്ക്കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡ്
നല്‍കി മാസ്റ്ററെ ആദരിച്ചു.

 ബാല്യകാലസഖി എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം ഒടുവില്‍ ഈണം
പകര്‍ന്നത്.2013 ഒക്ടോബർ 19 ന് അന്തരിച്ചു.

പ്രിയപ്പെട്ട ഗാനങ്ങളില്‍ ചിലത്

1. മഞ്ജുഭാഷിണീ ( കൊടുങ്ങല്ലൂരമ്മ)
2.മഞ്ഞണിപ്പൂനിലാവ് ( നഗരമേ നന്ദി)
3. ശ്യാമ സുന്ദര പുഷ്പമെ ( യുദ്ധകാണ്ഡം)
4. മാനത്തെ മഴമുകില്‍ (കണ്‍നപ്പനുണ്ണി)
5.അപ്പോളും പറഞ്ഞില്ലേ (കടമ്പ)
6.. പാര്‍വണെന്ദുവിന്‍ (തുറക്കാത്ത വാതില്‍ )
7. നീലമലപൂങ്കുയിലേ ( പൊന്നും പൂവും)
8.ശ്രീ മഹാദെവന്‍ തന്റെ ( നിര്‍മാല്യം )
9.എങ്ങനെ നീ മറക്കും കുയിലേ (നീലക്കുയില്‍)
10കായലരികത്ത്  (നീലക്കുയില്‍ )

രാഘവന്‍ മാസ്റ്ററുടെ രംഗപ്രവേശം മലയാള ചലചിത്ര ഗാനരംഗത്ത് പുതിയൊരു ശൈലിക്കു തുടക്കം കുറിച്ചു.മറുനാടന്‍ ഭാഷകളുടെ ഈണം അതേ പടി പകര്‍ത്തുന്ന രീതിയില്‍  നിന്നു മലയാളിയുടെ തനതു സംഗീതം ഉപയോഗിച്ചു തുടങ്ങിയത് അദ്ദേഹം ആണെന്ന്  പറയാം.നാടന്‍ പാട്ടുകളും പുള്ളുവന്‍ പാട്ടുകളും മാപ്പിളപ്പാട്ടുകളും അദ്ദേഹം  പ്രയോജനപ്പെടുത്തി.