ഫാമിലി/ഡ്രാമാ/ത്രില്ലർ

എന്റെ

Title in English
Ente-The Movie

വർഷം
2013
റിലീസ് തിയ്യതി
Runtime
113mins
സർട്ടിഫിക്കറ്റ്
അവലംബം
http://entethemovie.com/
കഥാസന്ദർഭം

ലൈംഗിക കച്ചവടത്തിന്റെയും മാനുഷിക മൂല്യങ്ങളിലും വിശ്വാസത്തിലും വരുന്ന തകർച്ചയേയുമൊക്കെ കുടുംബ പശ്ചാത്തലത്തിലും ഒരു പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയും ചർച്ച ചെയ്യുന്ന ചിത്രം.

കഥാസംഗ്രഹം

കേരളത്തിലെ ഒരു അതിർത്തിഗ്രാമമായ അമലാപുരത്തെ ഒരു കർഷകനാണ് ശ്രീനിവാസ്(സിദ്ദിക്ക്) നാട്ടുകാർക്ക് ഉപകാരിയും തന്റെ കുടുംബത്തോട് അതിരറ്റ സ്നേഹവുമുള്ള വ്യക്തിയാണയാൾ. ഗ്രാ‍മത്തിലെ നിരവധി പേരെ അയാൾ ഗൾഫിലേക്ക് പറഞ്ഞയക്കാൻ സൌകര്യം ചെയ്തുകൊടുത്തിട്ടുണ്ട്. ഗ്രാമത്തിലെ കൃഷിക്കു പുറമേ ഹൈദരാബാദ് നഗരത്തിൽ അയാൾക്ക് ബിസിനസ്സുമുണ്ട്. ഭാര്യ(നീനാ കുറുപ്പ്) മകൾ ദുർഗ്ഗ(അഞ്ജലി പാട്ടീൽ)ക്കുമൊപ്പം ഗ്രാമത്തിൽ സന്തോഷത്തോടെ ജീവിക്കുന്നു.

ഗ്രാമത്തിലെ സ്ക്കൂളിൽ പ്ലസ് ടുവിനു ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിയായി ദുർഗ്ഗ ആദരിക്കപ്പെടുന്നു. തന്റെ എല്ലാ വളർച്ചക്കും കാരണം അച്ഛനാണെന്നും ഈ അവാർഡ് അച്ഛനു കൈമാറണമെന്നും ദുർഗ്ഗ ആവശ്യപ്പെടുന്നു. സ്റ്റേജിൽ വെച്ച് ദുർഗ്ഗയും ശ്രീനിവാസും എല്ലാവരാലും ആദരിക്കപ്പെടുന്നു. അച്ഛൻ ശ്രീനിവാസിന്റെ പുരോഗമന ചിന്തയും സാമൂഹ്യപ്രതിബദ്ധതയും മകൾ ദുർഗ്ഗക്കും പകർന്നു കിട്ടിയിട്ടുണ്ട്. ഗ്രാമത്തിൽ നടക്കുന്ന ചെറിയ അനീതികളോടൊക്കെ അവൾ തന്റേതായ രീതിയിൽ പ്രതികരിക്കുന്നുമുണ്ട്. ബിരുദ പഠനത്തിനായി ഹൈദരാബാദിലെ ഒരു കോളേജിലേക്ക് ദുർഗ്ഗ അപ്ലിക്കേഷൻ അയക്കാൻ ശ്രമിക്കുന്നു. എന്നാൽ മകൾ നഗരത്തിൽ പഠിച്ചാൽ തെറ്റുകളിലേക്ക് വീണുപോകുമെന്നും മകളെ പിരിഞ്ഞിരിക്കാൻ വയ്യെന്നുമുള്ള കാരണത്താൽ ശ്രീനിവാസ് അവളുടെ അപ്ലിക്കേഷൻ നശിപ്പിക്കുന്നു. എന്നാൽ മറ്റൊരു അപ്ലിക്കേഷൻ കയ്യിലുണ്ടായിരുന്ന ദുർഗ്ഗ അച്ഛനറിയാതെ പൂരിപ്പിച്ച് കോളേജിലേക്ക് അയക്കുന്നു.

ഇതിനിടയിൽ അവളുടെ കൂട്ടുകാരിയുടെ വിവാഹം ഉറപ്പിക്കുന്നു. അവൾ പഠിക്കാൻ മോശമായതിനാൽ വിവാഹത്തിനു തയ്യാറാവുകയാണ്. എന്നാൽ പഠനത്തിൽ താല്പര്യമുള്ള ദുർഗ്ഗ വിവാഹത്തോട് ഇപ്പോൾ തനിക്ക് താല്പര്യമില്ലെന്നും കൂടുതൽ പഠിക്കണമെന്നും കൂട്ടുകാരികളോട് മനസ്സ് തുറക്കുന്നു. വിവാഹത്തോടനുബന്ധിച്ച് ദുർഗ്ഗയും മറ്റു കൂട്ടുകാരികളും രണ്ടു ദിവസം നേരത്തെ തന്നെ കൂട്ടുകാരിയുടെ വീട്ടിലെത്തുന്നു. അവിടെ വെച്ച് ദുർഗ്ഗ കൂട്ടുകാരിയുടെ സഹോദരൻ വിജയ്(രത്നശേഖർ റെഡ്ഡി)നെ കണ്ടുമുട്ടുന്നു. ആദ്യകാഴ്ചയിൽ ഇരുവർക്കും ഉള്ളിൽ പ്രണയം തോന്നുന്നു. സഹോദരിയുടെ വിവാഹശേഷം വിജയ് മാതാപിതാക്കളോട് അഭ്യർത്ഥിച്ച് ദുർഗ്ഗയെ വിവാഹം ആലോചിക്കുന്നു. വിജയ് വിദ്യാഭ്യാസമുള്ളവനും ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ ജോലിയുള്ളവനുമായതുകൊണ്ട് ശ്രീനിവാസനും ഭാര്യക്കും ഈ ആലോചന ഇഷ്ടപ്പെടുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തുന്നു. ദുർഗ്ഗയുടെ പഠനത്തിനുശേഷം വിവാഹം ആകാമെന്നു ഇരുകൂട്ടരും തീരുമാനിക്കുന്നു.

ജോലി സംബന്ധമായി ശ്രീനിവാസ് ഹൈദരാബാദിലേക്ക് പോകുന്നു. ആ സമയത്തു തന്നെ ദുർഗ്ഗക്ക് ഹൈദരാബാദിലെ കോളേജിൽ നിന്നും ഇന്റർവ്യൂ കാർഡ് വരുന്നു രണ്ട് ദിവസത്തിനുള്ളിൽ ഇന്റർവ്യൂവിനു എത്തണമെന്നായിരുന്നു അതിലെ നിർദ്ദേശം. അതുകൊണ്ട് ഹൈദരാബാദിലേക്ക് ഒറ്റക്ക് പോകുവാൻ ദുർഗ്ഗ തയ്യാറാകുന്നു. അവിടെ അച്ഛനുണ്ടെന്നതും രാവിലെ സ്വീകരിക്കുവാൻ റയിൽ വേ സ്റ്റേഷനിലെത്തുമെന്നതുമാണ് ദുർഗ്ഗക്കും അമ്മക്കും ആശ്വാസം. ഈ വിവരം പറയാൻ ദുർഗ്ഗയും അമ്മയും ഒരുപാട് പ്രാവശ്യം ശ്രീനിവാസനെ മൊബൈലിൽ വിളിക്കുന്നുവെങ്കിലും ജോലിത്തിരക്ക് ആയതുകൊണ്ട് അയാളെ മൊബൈലിൽ കിട്ടുന്നില്ല. അതുകൊണ്ട് ശ്രീനിവാസിനെ അറിയിക്കാതെ തന്നെ ദുർഗ്ഗ ഹൈദരാബാദിലേക്ക് ട്രെയിൻ കയറുന്നു. അന്ന് തന്നെ രാത്രി ശ്രീനിവാസ് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ഭാര്യ ഈ വിവരമെല്ലാം അറിയിക്കുന്നത്. മകളെ ഒറ്റക്ക് ഹൈദരാബാദിലേക്ക് പറഞ്ഞയച്ചത് ശ്രീനിവാസിനു ഇഷ്ടപ്പെടുന്നില്ല. ആ കാര്യത്തിൽ അയാൾ ഭാര്യയെ വഴക്കു പറയുന്നു.

പിറ്റേന്ന് രാവിലെ ഹൈദരാ‍ബാദിലെത്തിയ ദുർഗ്ഗയെ ശ്രീനിവാസ് സ്വീകരിക്കുന്നു. മകളേയും കൊണ്ട് അയാൾ ഹോട്ടലിലേക്ക് പോകുന്നു. കോളേജിലേക്ക് പോകുവാൻ ദുർഗ്ഗയോട് തയ്യാറായിക്കൊള്ളാൻ പറഞ്ഞിട്ട് ശ്രീനിവാസ് ജോലി സംബന്ധമായി പുറത്തേക്ക് പോകുന്നു. എന്നാൽ അല്പസമയത്തിനുശേഷം സംഭവിച്ചത് അപ്രതീക്ഷിതമായിരുന്നു. നഗരത്തിലെത്തിയ ദുർഗ്ഗ ചില ചതിക്കുഴികളിലേക്ക് വീണുപോകുകയും രക്ഷപ്പെടാൻ സാധിക്കാതെ വരികയും ചെയ്യുന്നു. മകളെ അന്വേഷിച്ച് ശ്രീനിവാസ് നഗരത്തിലെങ്ങും അലയുന്നു. തുടർന്ന് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്നു.

വെബ്സൈറ്റ്
http://entethemovie.com/
അനുബന്ധ വർത്തമാനം

ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകയായ സുനിതാ കൃഷ്ണനാണ് ഈ സിനിമയുടെ നിർമ്മാതാവും ആശയ ഉപദേഷ്ടാവും.

Cinematography
ഓഡിയോഗ്രാഫി
വസ്ത്രാലങ്കാരം
Submitted by Kiranz on Sun, 01/06/2013 - 23:52

ഔട്ട്സൈഡർ

Title in English
Outsider
വർഷം
2012
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഇരട്ടക്കുട്ടികളുള്ള ഒരു കുടുംബത്തിലെ അച്ഛനായ ശിവൻ കുട്ടി (ശ്രീനിവാസൻ) എന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ആകസ്മികമായി ഒരു ക്രിമിനൽ കടന്നുവരികയും അയാളുടെ ജീവിതത്തെ അപകടകരമാംവിധം മാറ്റിമറിക്കുകയും ചെയ്യുന്നു. ഒരു സൈക്കോ ത്രില്ലർ-ഫാമിലി ഡ്രാമ സിനിമ

കഥാസംഗ്രഹം

തേക്കടി ടൂറിസ്റ്റ് തടാകത്തിലെ ബോട്ട് ഡ്രൈവറാണ് ശിവൻ കുട്ടി (ശ്രീനിവാസൻ) തന്റെ മകളോടൊപ്പം സാധാരണ ജീവിതം നയിക്കുന്ന ശിവൻ കുട്ടിക്ക് പക്ഷേ വേദനിപ്പിക്കുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു. മഞ്ചുവും മായയും എന്ന ഇരട്ടക്കുട്ടികളായിരുന്നു ശിവൻ കുട്ടിക്ക്. നഗരത്തിലെ പോലീസ് ക്വാർട്ടേഴ്സിലെ പോലീസ് ഉദ്യോഗസ്ഥരുടെ വസ്ത്രങ്ങൾ അലക്കുകയും ഇസ്തിരിയിടുകയും യൂണിഫോം തയ്ക്കുകയും ചെയ്യുന്ന ഒരു ടൈലർ ആയിരുന്നു പണ്ട് ശിവൻ കുട്ടി. ആയിടക്കാണ് കൊമ്പൻ ലോറൻസ് (പശുപതി) എന്ന ക്രിമിനൽ പോലീസ് വലയം ഭേദിച്ച് രക്ഷപ്പെടുന്നത്. കൊമ്പൻ ലോറൻസിന്റെ ഒളിത്താവളത്തിൽ ശിവൻ കുട്ടിയുടെ മകൾ മായ അകപ്പെടുകയും ലോറൻസ് ആ കുട്ടിയെ തടവിലാക്കുക്കയും ചെയ്യുന്നു. മകളെ അന്വേഷിച്ചെത്തിയ ശിവൻ കുട്ടിക്ക് ലോറൻസിന്റെ ഭീഷണിയും മർദ്ദനവും ഏൽക്കുന്നു. ആസ്ത്മ രോഗിയായ മകൾ ലോറൻസിന്റെ താവളത്തിൽ വെച്ച് മരണപ്പെടുന്നു. താവളത്തിലേക്ക് പോലീസിന്റെ മിന്നലാക്രമണമുണ്ടാകുകയും രക്ഷപ്പെടാൻ ലോറൻസ് ശ്രമിക്കുകയും ചെയ്യുന്നു. മകൾ മരണപ്പെട്ടതിൽ വേദനിച്ച ശിവൻ കുട്ടി ലോറൻസിനെ പിന്തുടർന്ന് വെടിവെച്ചിടുന്നു. സർക്കിൾ ഇൻസ്പെക്ടർ ബാലഗോപാലന്റെ (സായ് കുമാർ) നിർദ്ദേശപ്രകാരം മരണപ്പെട്ട മകളടക്കം ശിവൻ കുട്ടി നാടുവിടുന്നു. വർഷങ്ങൾ കഴിഞ്ഞ് ടൂറിസ്റ്റ് തടാകക്കരയിൽ ശാന്ത ജീവിതം നയിക്കുന്ന ശിവൻ കുട്ടിയുടെ ജീവിതത്തിലേക്ക് ജയിൽ ജീവിതം പൂർത്തിയാക്കി ലോറൻസ് തിരികെയെത്തുന്നു. പ്രതികാരദാഹിയായ ലോറൻസിന്റെ ലക്ഷ്യം തന്നെ വെടിവെച്ചു വീഴ്ത്തിയ ശിവൻ കുട്ടിയെ കണ്ടുമുട്ടുക എന്നതായിരുന്നു.

അനുബന്ധ വർത്തമാനം

"ആത്മകഥ” എന്ന ചിത്രത്തിനുശേഷം സംവിധായകൻ പ്രേം ലാലിന്റെ രണ്ടാമത്തെ സിനിമ

ശ്രീനിവാസൻ, പശുപതി, ഇന്ദ്രജിത് എന്നിവർ മുഖ്യകഥാപാത്രങ്ങളായി ആദ്യമായി ഒരുമിക്കുന്നു.

തമിഴ് നടൻ പശുപതി വീണ്ടും വില്ലൻ വേഷത്തിൽ

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ചാലക്കുടി, ആതിരപ്പിള്ളി, തേക്കടി
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by nanz on Thu, 03/15/2012 - 14:17

നമ്പർ 66 മധുര ബസ്സ്

Title in English
No 66 Madhura Bus
വർഷം
2012
ലെയ്സൺ ഓഫീസർ
കഥാസന്ദർഭം

തന്നേയും തന്റെ കുടുംബത്തേയും തകർത്ത തന്റെ ഉത്തമ സുഹൃത്തിനോട് പ്രതികാരത്തിനിറങ്ങുന്ന വരദരാജന്റെ പ്രണയവും പ്രതികാരവും നിറഞ്ഞ ജീവിത കഥയാണ് മുഖ്യപ്രമേയം.

കഥാസംഗ്രഹം

കൊല്ലം കെ എസ് ആർ ടി സി സ്റ്റാൻഡിലെ നിന്ന് എല്ലാ ദിവസവും പുലർച്ചെ 5 മണിക്ക് തമിഴ് നാട്ടിലെ മധുരയിലേക്ക് ഒരു ഫാസ്റ്റ് പാസഞ്ചർ ബസ്സ് പുറപ്പെടുന്നുണ്ട്. പുനലൂർ, ചെങ്കോട്ട, തെങ്കാശി വഴി പുറപ്പെടുന്ന മധുര ബസ്സിലേക്ക് പുനലൂർ സ്റ്റാൻഡിൽ നിന്ന് വരദരാജൻ (പശുപതി) എന്നൊരാൾ കയറുന്നു. ബസ് സ്റ്റാൻഡിൽ വെച്ച് തന്നെ ആ ബസ്സിൽ യാത്ര ചെയ്യേണ്ടിവരുന്ന ഒരു പെൺകുട്ടിയെ അയാൾ ശ്രദ്ധിക്കുന്നുണ്ട് കാരണം ആ പെൺകുട്ടിയും അവളെ യാത്രയാക്കാൻ വന്ന അച്ഛനും ആരെയോ ഭയപ്പെടുന്ന പോലെ വരദരാജനു തോന്നി. ബസ്സ് പുനലൂരിൽ നിന്നും പുറപ്പെട്ട് കുറച്ച് കഴിയുമ്പോൾ അപ്രതീക്ഷിതമായി ചില ഗുണ്ടകൾ ഈ പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചത് വരദരാജൻ ഇടപെട്ട് പരിഹരിക്കുന്നു. പതിയ വരദരാജനോട് സൌഹൃദം പ്രാപിക്കുന്ന പെൺകുട്ടി തന്റെ പേര് സൂര്യപത്മം(പത്മപ്രിയ) ആണെന്നും ചില പ്രത്യേക സാഹചര്യങ്ങളാൽ തന്റെ ചിത്തിയുടെ നാടായ മധുരയിലേക്ക് പോകുകയാണെന്നും വെളിപ്പെടുത്തുന്നു. സംസാരത്തിനിടക്ക് ഇരുവർക്കും തങ്ങൾ ജയിലിലായിരുന്നു എന്ന് പരസ്പരം മനസ്സിലകുന്നു. സൂര്യപത്മം താൻ ജയിലിൽ പോകാനിടയായ സാഹചര്യവും മറ്റും വിശദമായി വരദരാജനോട് പറയുന്നു. ശേഷം വരദരാജനോട് തന്റെ ജീവിത കഥപറയാൻ ആവശ്യപ്പെടുന്നു. വരദരാജൻ തന്റെ ചെറുപ്പം മുതലേ വിശദമായി കഥപറയാൻ തുടങ്ങുന്നു.
 
തമിഴ് നാട്ടിലെ മായാണ്ടികുപ്പത്തുനിന്നും കേരള തമിഴ് നാട് അതിർത്തിപ്രദേശമായ തെന്മലയിലേക്ക് വളരെ ചെറുപ്പത്തിലെ വന്നെത്തിയതായിരുന്നു കുട്ടികളായ വരദരാജനും സഞ്ജയനും ഭാവയാമിയും. തെന്മലപ്രദേശത്തെ എസ്റ്റേറ്റ് മുതലാളിയും കഞ്ചാവും കള്ളവാറ്റു ബിസിനസ്സുമുള്ള വേട്ടക്കാരൻ വർക്കി (തിലകൻ) യുടെ എസ്റ്റേറ്റിൽ ജോലിക്ക് കൊണ്ടുവന്നതായിരുന്നു ഈ മൂന്നു കുട്ടികളേയും. ഭാവയാമി(മല്ലിക) വർക്കിയുടെ വീട്ടിലെ അടുക്കള ജോലിക്കാരിയായും, സഞ്ജയൻ (മകരന്ദ് ദേശ്പാണ്ഡേ) വർക്കിയുടെ കഞ്ചാവു തോട്ടത്തിലുമായി ജോലിക്ക് നിന്നു. പക്ഷെ സത്യസന്ധനായ വരദൻ പല ജോലികൾ ചെയ്തും പഠനം നടത്തിയും തെന്മല കാട്ടിലെ ഒരു ടൂറിസ്റ്റ് ഗൈഡാകുന്നു. ചെറുപ്പം മുതലേ ഭാവയാമിയും വരദരാജനും ഇഷ്ടത്തിലായിരുന്നു. അവരുടെ പ്രണയത്തിനോട് പക്ഷെ സഞ്ജയനു അത്ര താല്പര്യമുണ്ടായിരുന്നില്ല. സഞ്ജയൻ ചെറുപ്പത്തിലേ തന്നെ തെറ്റുകളിലേക്ക് കടന്നു വന്നിരുന്നു. ഒരു ദിവസം വരദരാജൻ തന്റെ വിദേശ ടൂറിസ്റ്റുകളെ കാട് കാണിച്ചു കൊണ്ടിരുന്നപ്പോളാണ്  ഒരു കൊമ്പനാനയുടെ ചിന്നം വിളി കേട്ടത്. ഫോറസ്റ്റ് ഓഫീസറെ(ലിഷോയ്) ഒരു ഒറ്റയാൻ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ട വരദരാജൻ അദ്ദേഹത്തെ ആനയുടെ മുന്നിൽ നിന്നും രക്ഷപ്പെടുത്തുന്നു. തന്റെ ജീവൻ രക്ഷിച്ചതിനു പ്രത്യുപകാരമായി വരദരാജനെ ഫോറസ്റ്റ് ഗാർഡായി ജോലി തരപ്പെടുത്തിക്കൊടുക്കുന്നു. എന്നാൽ വരദന്റെ സുഹൃത്ത് സഞ്ജയൻ വരദനു എന്നും തലവേദനയായിരുന്നു. കഞ്ചാവ് കടത്തിയും കള്ളവാറ്റ് നടത്തിയും അയാൾ പലപ്പോഴും നിയമത്തിന്റെ മുന്നിൽ പെടുമ്പോൾ അവിടെ നിന്ന് രക്ഷപ്പെടുത്തിയെടുക്കേണ്ടത് വരദരാജന്റെ ഉത്തരവാദിത്വമായി. ഇതിനിടയിൽ വേട്ടക്കാരൻ വർക്കിയുടെ വീട്ടിൽ ജോലിക്ക് നിന്ന ഭാവയാമിയുടെ ജീവിതം നരകതുല്യമായി. അവളെ അവിടെ നിന്നും രക്ഷിച്ച് വിവാഹം കഴിക്കാൻ വരദൻ ആഗ്രഹിച്ചു. അതിനു വേണ്ടി വരദൻ സഞ്ജയന്റെ സഹായം തേടി. പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഭാവയാമിയും വരദനും വിവാഹിതരാകുന്നു. പക്ഷെ, സഞ്ജയനു ചില ഗൂഡലക്ഷ്യങ്ങളുണ്ടായിരുന്നു. അത് വരദരാജനു അറിയില്ലായിരുന്നു. സഞ്ജയനുമായുള്ള അടുപ്പം വരദന്റെ ജീവിതം അടിമുടി തകർക്കാൻ പോന്നതായിരുന്നു. സഞ്ജയന്റെ ചില ചതിപ്രയോഗങ്ങളിൽ‌പ്പെട്ട് വരദരാജൻ ഒരു കൊലപാതകക്കേസിൽ നിയമത്തിന്റെ പിടിയിലാകുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ വരദരാജനായില്ല. വരദരാജൻ ജയിലിലേക്ക് പോയി. പുറത്ത് ഭാവയാമിയുടെയും മകന്റേയും ജീവിതം നരകതുല്യമായി. ജയിലിൽ നിന്നും പുറത്തുവന്നാൽ തന്നെയും തന്റെ കുടുംബത്തേയും തകർത്ത സഞ്ജയന്റെ ജീവനെടുക്കുക എന്നതായിരുന്നു വരദന്റെ ലക്ഷ്യം. ജയിൽ വെല്ഫയർ ഓഫീസർ റീത്താ മാമ്മൻ( ശ്വേതാമേനോൻ) വരദരാജനോട് കരുണയോടെ പെരുമാറുന്നു. മൂന്നു ദിവസത്തെ പരോൾ അനുവദിച്ചു കിട്ടിയ വരദരാജൻ ഒരു കാലത്ത് തന്റെ സുഹൃത്തായിരുന്ന സഞ്ജയനെ കാണുക എന്ന ലക്ഷ്യത്തോടേയാണ് മധുര ബസ്സിൽ യാത്രയാകുന്നത്.

തുടർന്ന് അത്യന്തം സസ്പെൻസ് നിറഞ്ഞ സംഭവ മുഹൂർത്തങ്ങൾ.

വെബ്സൈറ്റ്
http://www.madhurabus.com/
അനുബന്ധ വർത്തമാനം
  • “വൈരം“ എന്ന ചിത്രത്തിനു ശേഷം പ്രശസ്ത തമിഴ് നടൻ പശുപതി നായകനാകുന്ന മറ്റൊരു മലയാള ചിത്രം.
  • പ്രശസ്ത ഹിന്ദി നടനും,സംവിധായകനും, ഡ്രാമാ ആർട്ടിസ്റ്റുമായ മകരന്ദ് ദേശ് പാണ്ഡേ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.മലയാളസിനിമയിൽ മകരന്ദിന്റെ ആദ്യ വേഷമാണിത്.
  • മുല്ലപ്പെരിയാർ പ്രശ്നത്തിന്റെ പേരിൽ തമിഴ് നാട്ടിലെ തെങ്കാശിയിൽ വെച്ച് ഈ സിനിമയുടെ ഷൂട്ടിങ്ങ് എം ഡീ എം കെ പ്രവർത്തകർ തടസ്സപ്പെടുത്തുകയുണ്ടായി.
  • പഴയകാല നടികളായിരുന്ന ജയലളിത (ഉപ്പ് ഫെയിം), സുലക്ഷണ എന്നിവർ ഈ ചിത്രത്തിലൂടെ മലയാളത്തിൽ സജീവമാകുന്നു.
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
പുനലൂർ ,തെന്മല ,തെങ്കാശി എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം.
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Kiranz on Tue, 02/21/2012 - 21:46

ഈ അടുത്ത കാലത്ത്

Title in English
Ee Adutha Kaalathu (Malayalam Movie)
വർഷം
2012
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഒരു നഗരത്തിൽ ജീവിക്കുന്ന, പരസ്പരം ബന്ധമില്ലാത്ത ഉപരി-മധ്യ-കീഴാള വിഭാഗങ്ങളിലെ ചില കഥാപാത്രങ്ങൾ തങ്ങളുടെ ജീവിതാവസ്ഥകളിൽ ഒരുമിച്ച് കണ്ടുമുട്ടേണ്ടിവരികയും പരസ്പരം കൊടുക്കൽ വാങ്ങലുകൾക്ക് വിധേയമാകേണ്ടിവരികയും ചെയ്യുന്നതാണ് സിനിമയുടെ മുഖ്യപ്രമേയം. 

ദുരൂഹത നിറഞ്ഞ സാമൂഹിക പശ്ചാത്തലത്തിൽ അടൂത്ത കാലത്തുണ്ടായ സംഭവവികാസങ്ങളിലൂടെ ആറ് വ്യത്യസ്ത വ്യക്തിത്വങ്ങളുടെ കഥ പറയുന്നു.

കഥാസംഗ്രഹം

നഗരത്തിലെ തോപ്പിൽ ശാലയെന്ന മാലിന്യ നിക്ഷേപത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ പെറുക്കിയെടുത്ത് ചില കൌതുകവസ്തുക്കളുണ്ടാക്കി കടപ്പുറത്ത് കൊണ്ടു നടന്ന് വിൽക്കുന്ന വെറുമൊരു സാധാരണക്കാരനാണ് വിഷ്ണു, ഭാര്യ രമണിയും രോഗിയായ അമ്മയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന ദരിദ്ര കുടുംബമാണയാളുടേത്. മുൻപ് പലിശക്കാശിനാൽ ഓട്ടോയെടുത്തെങ്കിലും അത് ഫലവത്തായില്ല മുതലും പലിശയുമായി രണ്ട് ലക്ഷത്തിലധികം തുക നഗരത്തിലെ പലിശക്കാരനും ഗുണ്ടാനേതാവുമായി വാട്ട്സണു കൊടുക്കാനുമുണ്ട്. നഗരത്തിനടുത്തുള്ള അഗ്രഹാരത്തെരുവിലെ സുന്ദര സ്വാമിയുടെ വാടകവീട്ടിലാണ് വിഷ്ണുവും കുടുംബവും താമസിക്കുന്നത്. കുറച്ചു നാളുകളായി നഗരത്തിൽ വലിയൊരു കൊലപാതക പരമ്പര തന്നെ സംഭവിക്കുന്നു. നഗരത്തിൽ ഒറ്റക്ക് താമസിക്കുന്ന വൃദ്ധരെ കേന്ദ്രീകരിച്ചായിരുന്നു കൊലപാതകവും മോഷണവും. ഈ കേസുകളുടെ ചുമതല സിറ്റി പോലീസ് കമ്മീഷണർ ടോം ചെറിയാൻ ആയിരുന്നു. പക്ഷെ സ്കോട്ട് ലാന്റിലെ പോലീസ് പരിശീലനം ഉള്ള ടോമിനു കേസിനു തുമ്പുണ്ടാക്കാൻ കഴിയുന്നില്ല.

നഗരത്തിലെ ഒരു ആശുപത്രിയുടെ ഉടമയായ അജയ് കുര്യൻ പ്രത്യേക മാനസികാവസ്ഥയുള്ളയാളാണ്. ബോളിവുഡിൽ മുൻ ബി ഗ്രേഡ് ചിത്രങ്ങളിലഭിനയിച്ച ഭാര്യ മാധുരിയുമായി അയാൾ സ്വരച്ചേർച്ചയിലല്ല. മകനെയോർത്ത് മാധുരി അയാളുടെ എല്ലാ പീഡനങ്ങളും സഹിച്ച് കഴിയുന്നു. മാധുരിക്ക് തന്റെ വിഷമങ്ങൾ പറയാൻ സാധിക്കുന്നത് മുംബൈയിലെ തന്റെ പഴയ സുഹൃത്തും ഫെമിനിസ്റ്റുമായ ടി വി റിപ്പോർട്ടർ രൂപയോടാണ്. ഇതിനിടയിൽ മാധുരിയുടെ മൊബൈലിലേക്ക് പലപ്പോഴും ഒരു ചെറുപ്പക്കാരൻ വിളിക്കുന്നു. ഉത്തരേന്ത്യക്കാരനായ ആ ചെറുപ്പക്കാരനു മാധുരിയുമായി ബന്ധം സ്ഥാപിക്കാനാണു ആഗ്രഹം. പക്ഷെ മാധുരി ആദ്യമൊക്കെ അതിനെ എതിർത്തു നിൽക്കുന്നു. ഒടുവിൽ തന്റെ സ്വാതന്ത്ര്യം തടവിലാക്കിയ ഭർത്താവിനോടുള്ള പ്രതികാരത്തിൽ അവനുമായി ഫോണിലൂടെ ചങ്ങാത്തം ആരംഭിക്കുന്നു. അവൻ വിടുകയാണെന്നും അതിനു മുന്നേ മാധുരിക്കൊപ്പം ഒരു ഡിന്നർ കഴിക്കണമെന്നും അയാൾ പറയുന്നു. ആദ്യം മടിക്കുന്നുവെങ്കിലും പിന്നീട് മാധുരി അതിനു സമ്മതിക്കുന്നു. ഒടുവിൽ തന്റെ അമ്മയുടെ വീട്ടിൽ വച്ച് കാണാമെന്ന് അവൾ അവനെ അറിയിക്കുന്നു. ഇതിനിടയിൽ വാട്ട്സന്റെ ഗുണ്ടകൾ പണത്തിനുവേണ്ടി വിഷ്ണുവിനെ ഉപദ്രവിക്കാൻ തുടങ്ങി. തന്റെ എല്ലാ സാമ്പത്തിക ബാദ്ധ്യതയും  തീർക്കാൻ വേണ്ടി എങ്ങിനേയും പണമുണ്ടാക്കാൻ ശ്രമിക്കുന്നു. ഒരു വൃദ്ധ ഒറ്റക്ക് താ‍മസിക്കുന്ന വീട്ടിൽ മോഷണത്തിനു കയറുന്ന വിഷ്ണു എത്തിപ്പെടുന്നത് മാധുരിയുടെ അമ്മ താമസിക്കുന്ന വീട്ടിലാണ്.

അപ്രതീക്ഷിക്തമായി  വിഷ്ണു കടന്നു വരുമ്പോൾ ആ ചെറുപ്പക്കാരനും വിഷ്ണുവും തമ്മിൽ പിടിവലിയുണ്ടാകുന്നു. ഒരു പ്രതിമ തലയിൽ വീണ് അയാൾ മരിക്കുന്നു. ആ ചെറുപ്പക്കാരനെ വാട്ട്സണൊപ്പം കണ്ടിട്ടുള്ള വിഷ്ണു, തിരച്ചിലിനിടയിൽ മാധുരിയുടെ മുറിയിൽ നിന്ന് ഒരു ഒളിക്യാമറ കണ്ടെത്തുന്നു. മോഷ്ടിക്കാൻ വന്നതാണു താനെന്ന് തുറന്നു പറയുന്ന വിഷ്ണു, ആ ശവശരീരം തോപ്പിൽ ശാലയിൽ മറവ് ചെയ്യാൻ മാധുരിയെ സഹായിക്കുന്നു. അതേ ദിവസം തന്നെ മാധുരിയുടെ അമ്മയുടെ വീടിനടുത്ത വീട്ടിൽ ഒരു കൊലപാതകം സംഭവിക്കുന്നു. അതോടെ ടോം ചെറിയാന്റെ മുകളിൽ സമ്മർദ്ദമേറുന്നു.  എന്നാൽ ആ ചെറുപ്പക്കാരന്റെ മരണത്തിന്റെ പേരിൽ മാധുരിയുടെ മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങുന്നു. സംഭവിച്ചതെല്ലാം അവൾ രൂപയോട് പറയുന്നു. അവൾ രൂപയുടെ വീട്ടിൽ ചെല്ലുന്ന സമയം ടോം അവിടെ ഉണ്ടായിരുന്നുവെങ്കിലും അയാൾ ഒന്നും അറിയുന്നില്ല. അജയിന്റെ സുഹൃത്തു കൂടിയായ ടോം വീട്ടിൽ ഡിന്നറിനായി എത്തുന്നു. താൻ രൂപയെ വിവാഹാം ചെയ്യുന്ന കാര്യം ടോം ഡിന്നറിനിടയിൽ പറയുന്നതോടെ മാധുരി ആകെ അങ്കലാപ്പിലാകുന്നു. 

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

ബംഗാളി മോഡലും തിയ്യറ്റർ ആർട്ടിസ്റ്റുമായ തനുശ്രീ ഘോഷ് ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു.

നിർമ്മാണ നിർവ്വഹണം
കഥാവസാനം എന്തു സംഭവിച്ചു?

വാട്ട്സൻ ആ ചെറുപ്പക്കാരന്റെ മുറി കുത്തിത്തുറന്ന് പരിശോധിക്കുന്നതിനിടയിൽ അയാളാൽ ചതിക്കപ്പെട്ട സ്തീകളുടെ ഫോട്ടോകളും വീഡിയോകളും കാണുന്നു. മാധുരിയുടെ വീടിന്റെ മേൽവിലാസം വാട്ട്സന് അവിടെ നിന്നും ലഭിക്കുന്നു. മാധുരിയുടെ തന്റെ അമ്മയുടെ വീട്ടിലെ വാച്ചറായി വിഷ്ണുവിനെ നിയമിക്കുന്നു. അജയ് നിരന്തരമായി മാനസിക പീഡനത്തിനിരയാക്കുന്ന ഒരു ഹോസ്പിറ്റൽ ജീവനക്കാരി  തന്റെ സഹോദരൻ 'തീ' രാമചന്ദ്രനോട് കാര്യങ്ങൾ പറയുന്നു. അജയുടെ ഡോക്ടറിൽ നിന്നും അയാളുടെ പൂർവ്വകാല ചരിത്രവും അയാൾ ലൈംഗിക ശേഷിയില്ലാത്ത ആളാണെന്നും രാമചന്ദ്രൻ മനസിലാക്കുന്നു. ഇനി ഹോസ്പിറ്റൽ ജീവനക്കാരിയെ ഉപദ്രവിച്ചാൽ തന്റെ പത്രത്തിൽ അയാളുടെ ചരിത്രമെഴുതി നാറ്റിക്കുമെന്ന് രാമചന്ദ്രൻ അജയിയെ ഭീഷണിപ്പെടുത്തുന്നു. മാധുരി രൂപയോട് ടോമുമായുള്ള കല്യാണക്കാര്യത്തെക്കുറിച്ച് ചോദിക്കുന്നു. അവൾ ചതിക്കുമോ എന്ന് മാധുരിക്ക് സംശയമാകുന്നു. മാധുരി വിഷ്ണുവിനെ പണം നൽകി സഹായിക്കുന്നു. ആ പണം കൊണ്ട് അയാൾ കടങ്ങളെല്ലാം വീട്ടിന്നു. മാധുരിയുടെ വീട് തേടി വാട്ട്സൻ വരുന്നെങ്കിലും ചില ഗുണ്ടകൾ അയാളെ കൊലപ്പെടുത്തുന്നു.

തീയെന്ന മഞ്ഞപത്രത്തിൽ തുടർച്ചയായി ടോമിനെയും രൂപയും ചേർത്ത് വാർത്തകൾ വരുന്നു. കല്യാണം ഉടനടി നടത്തണമെന്ന് രൂപ ആവശ്യപ്പെടുന്നു. എന്നാൽ സീരിയൽ കില്ലറുടെ കേസോ അല്ലെങ്കിൽ പ്രമാദമായ മറ്റൊരു കേസോ തെളിയിക്കാതെ കല്യാണം നടക്കില്ല എന്ന് ടോം പറയുന്നു. മാധുരിയും വിഷ്ണുവും കൂടി ഒളിപ്പിച്ച കൊലപാതകം ടോമിനോട് പറഞ്ഞാലോ എന്ന് രൂപ ആലോചിച്ചു തുടങ്ങുന്നു. ആ രാത്രി മാധുരിയുടെ അമ്മയുടെ വീട്ടിൽ ആ സീരിയൽ കില്ലർ എത്തുന്നു. വിഷ്ണു അയാളെ പിന്തുടർന്ന്, തീ രാമചന്ദ്രന്റെ സഹായത്തോടെ അയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുന്നു. മാധുരിയുടെ കാര്യം പറയുവാൻ രൂപ ടോമിനെ വിളിക്കുന്നു. അപ്പോൾ സീരിയൽ കില്ലർ പിടിയിലായ വിവരം ടോം പറയുന്നു. കില്ലർ ഒളിപ്പിച്ച ശവശരീരം കണ്ടെടുക്കാൻ പോലീസ് തോപ്പിൽ ശാലയിൽ എത്തുന്നു. എന്നാൽ അവിടെ നിന്ന് വിഷ്ണുവും മാധുരിയും മറവ് ചെയ്ത ശവശരീരവും ലഭിക്കുന്നു. മാധുരിയെയും വിഷ്ണുവിനെയും അത് വിഷമത്തിലാക്കുന്നു. എന്നാൽ പോലീസ് അതും കില്ലർ നടത്തിയതാണെന്ന് വിശദീകരിക്കുന്നതോടെ അവർ ആശ്വസിക്കുന്നു. രൂപയും ടോമും വിവാഹിതരാകുന്നു. കല്യാണത്തിന്റെ വിരുന്നിനിടയിൽ രൂപയുടെ മുംബൈയിലെ കാമുകനുമൊത്തുള്ള ഫോട്ടോ അവളെ കാണിച്ച് അത് തന്റെ കയ്യിൽ സുരക്ഷിതമായിരിക്കുമെന്ന് പറയുന്നു.

Associate Director
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
പ്രധാനമായും തിരുവനന്തപുരം നഗരം
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
Submitted by Kiranz on Wed, 02/15/2012 - 02:16

സെവൻസ്

Title in English
Sevens
വർഷം
2011
റിലീസ് തിയ്യതി
കഥാസന്ദർഭം

കോഴിക്കോട് നഗരപ്രാന്തത്തിലെ സെവ്ന്‍സ് ഫുട്ബോള്‍ പ്ലയേര്‍സ് ആയ ഏഴു സുഹൃത്തുക്കള്‍. ഒരു സെവന്‍സ് മാച്ചില്‍ വെച്ച്  എതിര്‍ ടീമില്‍ ഒരു കളിക്കാരനു ഇവര്‍ മൂലം അബദ്ധത്തില്‍ മാരകമായ മുറിവേല്‍ക്കുന്നു. ആളുമാറി ചെയ്തതാണെന്ന് മനസ്സിലായ ഇവര്‍ അപകടത്തിലായ ഈ കളിക്കാരന്റെ ആശുപത്രി ചിലവിനു പണം കണ്ടെത്താന്‍ വേണ്ടി ഒരു ബ്രോക്കര്‍ മുഖേന ക്വട്ടേഷന്‍ ജോലി ഏറ്റെടുക്കുന്നു. കുടുംബ-സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ഒന്നു രണ്ടു ക്വൊട്ടേഷനുകള്‍ ഏറ്റെടുക്കുന്ന ഇവര്‍ പണത്തിനു വേണ്ടിഅവസാനമായി ഒരു ക്വട്ടേഷന്‍ പണി ചെയ്യുന്നു. പക്ഷെ ഇവര്‍ പ്രതീക്ഷിക്കാതെ ആ വ്യക്തി കൊല്ലപ്പെടുന്നു. കൊല ചെയ്തത് ഇവര്‍ ഏഴുപേരുമാണെന്ന് അധികാരികളും മീഡിയയും തെറ്റിദ്ധരിക്കുന്നു. വില്ലന്മാരുടെ തോക്കിന്‍ മുനയില്‍ നിന്നു രക്ഷപ്പെടാനും നിയമത്തിന്റെ മുന്നില്‍  തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതിനുമായി ഈ ഏഴു യുവാക്കള്‍ മുന്നിട്ടിറങ്ങുന്നു.

Direction
കഥാസംഗ്രഹം

കോഴിക്കോട് നഗരപ്രാന്തത്തിലെ ഫുട്ബോള്‍ കളിക്കാരായ ഏഴു സുഹൃത്തുക്കളാണ് ശ്യാം (കുഞ്ചാക്കോ ബോബന്‍) ആസിഫ് അലി (സൂരജ്) നിവിന്‍ പോളി (ഷൌക്കത്ത്) വിജേഷ് (സന്തോഷ്)‌ രജിത് മേനോന്‍ (ശരത്) അജു (അരുണ്‍) സ്റ്റേറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടാതെ പോയ ഇവരുടെ മുന്നിലേക്ക് ഫുട്ബോള്‍ ട്രെയിനറൂം സിറ്റി ട്രൈക്കേഴ്സ് ഉടമസ്തരുമായ ഉസ്മാന്‍ കോയ(മാമുക്കോയ)യും, കണാരനും (വിജയന്‍ കാരന്തൂര്‍) ഫൈനല്‍ ദിവസം ഒരു ആവശ്യവുമായി വരുന്നു. ഫൈനലില്‍ വരുന്ന എതിര്‍ ടീമിലെ പതിനൊന്നാം നമ്പര്‍ കളിക്കാരന്‍ കളിക്കിടെ തങ്ങളുടെ ടീമിലെ പലരേയും ആക്രമിക്കുന്നുവെന്നും അതുകൊണ്ട് അവനെ പ്രതിരോധിക്കാന്‍ ഈ ഏഴുപേരും ഫൈനല്‍ കളിക്കണമെന്നും. തങ്ങള്‍ ഏഴു പേരുടേ ഡിമാന്റ് അംഗീകരിച്ചതുകൊണ്ട് ഫൈനല്‍ ഇറങ്ങുന്ന ഈ ഏഴു ആത്മാര്‍ത്ഥസുഹൃത്തുക്കളെ കണ്ട് എതിര്‍ ടീമിലെ 11ആം നമ്പര്‍ കളിക്കാരന്‍ ജസ്ഴി മറ്റൊരു പുതുമുഖ കളിക്കാരന്‍ അരവിന്ദനു (വിനീത് കുമാര്‍) കൈമാറി കളിക്കളത്തില്‍ നിന്നും പിന്മാറുന്നു. ഇവരുടെ നീക്കം അറിയാത്ത ഈ ഏഴു സുഹൃത്തുക്കളും കളിക്കിടെ പതിനൊന്നാം നമ്പര്‍ ഫുട്ബോളറെ ആക്രമിക്കുന്നു. ഗ്രൌണ്ടില്‍ തലയടിച്ച് വീണ്‍ ഗുരുതരമായി പരിക്കേറ്റ് പുതുമുഖ കളിക്കാരന്‍ അരവിന്ദന്‍ ആശുപത്രിയിലാവുന്നു. തങ്ങള്‍ ചെയ്തത് ആളുമാറിയാണെന്ന് തിരിച്ചറിഞ്ഞ ഈ ഏഴുപേരും പശ്ചാത്താപം കൊണ്ട് ദരിദ്രനായ അരവിന്ദന്റെ ചികിത്സാ ചിലവിനു വേണ്ടി പണം സമ്പാദിക്കാന്‍ വേണ്ടി തുനിഞ്ഞിറങ്ങുന്നു. ഇവരുടേ അവസ്ഥകണ്ട് സഹായിക്കാന്‍ എത്തിയ ബ്രോക്കര്‍ ഹബീബ് (മണിയന്‍ പിള്ള രാജു) ഒരു ക്വൊട്ടേഷന്‍ പണി ഏല്‍പ്പിക്കുന്നു. ഇതിനോട് താല്പര്യമില്ലാത്ത ഈ ഏഴുപേരും ആദ്യം അതിനു തയ്യാറായില്ലെങ്കിലും പണത്തിന്റെ ആവശ്യം കൊണ്ട് അത് ചെയ്യുന്നു.

ഇതിനിടയില്‍ ഒരു ഷൂ സ്റ്റോഴ്സിലെ സെയിത്സ് ഗേള്‍ ഗൌരി(ഭാമ)യുമായി പ്രണയത്തിലാകുന്നു ശ്യാം. പക്ഷെ ഒരു ഗുണ്ടയായ അവളുടേ സഹോദരന്‍ (മിഥുന്‍) ശ്യാമിനെ ശാരീരികമായി ആക്രമിക്കുന്നു.

വീണ്ടും ഒരു സാമ്പത്തികാവശ്യത്തിനായി ഈ ഏഴു പേരും ഹബീബ് പറഞ്ഞതനുസരിച്ച് മറ്റൊരു ക്വട്ടേഷന്‍ ജോലിക്കിറങ്ങുന്നു. അത്തവണ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബേപ്പൂര്‍ പ്രഭാകരന്റെ അനിയനും സംഘത്തിനും നേരെയായിരുന്നു. ശേഷം മറ്റൊരു ക്വട്ടേഷന്‍ ജോലിയുമായി ഹബീബ് വരുന്നുവെങ്കിലും അവര്‍ അത് സ്വീകരിക്കുന്നില്ല. പക്ഷെ നല്ല ഒരു തുക ഓഫര്‍ ആയതുകൊണ്ടും സാമ്പത്തികമായി ആവശ്യമുള്ളതുകൊണ്ടും ഈയൊരു പ്രാവശ്യം കൂടി ഇത് ചെയ്ത് അവസാനിപ്പിക്കാം എന്ന തീരുമാനത്തില്‍ അവര്‍ ആ ജോലി ചെയ്യാന്‍ തയ്യാറാവുന്നു. വാഹന വില്പന കേസില്‍ കള്ളത്തരം ചെയ്ത ഒരു വ്യക്തിയെ ഒരു ഗ്യാങ്ങിനു ഏല്‍പ്പിച്ച് കൊടുക്കുക എന്നതായിരുന്നു ക്വട്ടേഷന്‍.  ഒരു റെയില്‍ വേ ഗേറ്റില്‍ വെച്ച് അവരത് ഭംഗിയായി ചെയ്യുന്നെങ്കിലും അപ്രതീക്ഷിതമായി ആ വ്യക്തി കൊല ചെയ്യപ്പെടുന്നു. ഏഴംഗ സംഘം അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ കൊലപാതകത്തില്‍ ഈ ഏഴംഗസംഘം കുറ്റാരോപിതരാക്കുന്നു. തങ്ങളുടേ നിരപരാധിത്വം വെളിപ്പെടുത്താനും കൊലപാതകികളില്‍ നിന്ന് രക്ഷപ്പെടാനും അവര്‍ സിറ്റി പോലീസ് കമ്മീഷണര്‍  അമല വിഷ്ണുനാഥിനെ (നാദിയാ മൊയ്തു) സമീപിക്കുന്നു. പോലീസ് അധികാരികളും മീഡിയയും ഈ ഏഴുപേരാണ് കൊലപാതകികള്‍ എന്ന് ആരോപിക്കുന്നു. അത് മൂലം അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാക്കുന്നു.

നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by m3db on Tue, 08/30/2011 - 15:51

മണിച്ചിത്രത്താഴ്

Title in English
Manichithrathazhu (Malayalam Movie)

മണിച്ചിത്രത്താഴ്
മണിച്ചിത്രത്താഴ്
വർഷം
1993
റിലീസ് തിയ്യതി
Runtime
169mins
സർട്ടിഫിക്കറ്റ്
Executive Producers
കഥാസന്ദർഭം

പ്രേതബാധക്കു പേരുകേട്ട മാടമ്പള്ളിത്തറവാട്ടിൽ താമസിക്കാനെത്തുന്ന നകുലന്റേയും (സുരേഷ് ഗോപി) ഭാര്യ ഗംഗയുടേയും (ശോഭന) ജീവിതത്തിൽ കടന്നു വരുന്ന ചില അത്യപൂർവ്വമായ സംഭവങ്ങളും  അമേരിക്കയിൽ നിന്നു വരുന്ന നകുലന്റെ സുഹൃത്ത്  ഡോ.സണ്ണി ജോസഫ് (മോഹൻ ലാൽ) ഈ അപൂർവ്വ സംഭവങ്ങളുടെ ചുരുളഴിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

Direction
ഓഫീസ് നിർവ്വഹണം
കഥാസംഗ്രഹം

പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മാടമ്പള്ളി തറവാട്ടിലേക്ക് താമസത്തിനു വരുന്ന യുവദമ്പതികളാണു നകുലനും (സുരേഷ് ഗോപി) ഗംഗയും (ശോഭന). അതു വരെ അവിടത്തെ കാര്യങ്ങൾ അന്വേഷിച്ചിരുന്നത് നകുലന്റെ കുഞ്ഞമ്മയായ ഭാസുരയുടെ (കെപി‌എസി ലളിത) ഭർത്താവ് ഉണ്ണിത്താനായിരുന്നു (ഇന്നസെന്റ്). സഹോദരനായ തന്നെ ഏല്‍പ്പിക്കാതെ ബന്ധുവായ ഉണ്ണിത്താനെ കാര്യങ്ങൾ നകുലന്റെ അമ്മ ഏല്‍പ്പിച്ചതിൽ  അമ്മാവനായ തമ്പിക്ക് (നെടുമുടി വേണു) വിഷമമുണ്ട്. അതു പോലെ തമ്പിയുടെ മകളും നകുലന്റെ മുറപെണ്ണുമായ ചൊവ്വാ ദോഷമുള്ള ശ്രീദേവിയെ (വിനയ പ്രസാദ്) നകുലനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ കരുതിയിരുന്നെങ്കിലും നകുലന്റെ അമ്മയുടെ എതിർപ്പിനാൽ അത് നടന്നിരുന്നില്ല. എങ്കിലും വിവാഹത്തിനു ശേഷം ആദ്യമായി നാട്ടിലേക്ക് വരുന്ന നകുലനേയും ഗംഗയേയും എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുന്നു. പ്രേതബാധയുള്ള മാടമ്പള്ളിയിൽ താമസിക്കേണ്ടെന്ന താക്കീത് വില വെക്കാതെ നകുലനും ഗംഗയും അവിടെ താമസമാരംഭിക്കുന്നു.
 
തമ്പിയുടേയും ഭാസുരയുടേയും മകളായ അല്ലിക്ക് (രുദ്ര) കോളേജ് അധ്യാപകനും അറിയപ്പെടുന്ന എഴുത്തുകാരനുമായ മഹാദേവനുമായി (ശ്രീധർ) വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. മാടമ്പള്ളിയുടെ അടുത്തുള്ള മഹാദേവന്റെ വീട് മഹാദേവന്റെ കൃതികളെ ഇഷ്ടപെടുന്ന ഗംഗക്ക് അല്ലി കാണിച്ചു കൊടുക്കുന്നു. തന്റെ പുസ്തകങ്ങൾ സൂക്ഷിക്കാനായി മുറി അന്ന്വേഷിക്കുന്ന ഗംഗ കണ്ടെത്തുന്ന് മന്ത്രവിധികളാൽ പൂട്ടിയിരിക്കുന്ന തെക്കിനിയാണ്. പരേതാത്മാക്കൾ വസിക്കുന്ന അവിടം തുറക്കരുതെന്ന തമ്പിയുടെ ഉപദേശം അവഗണിച്ച് ഗംഗ അല്ലിയുടേയും തമ്പിയുടെ മകനായ ചന്തുവിന്റേയും(സുധീഷ്) സഹാ‍യത്തോടെ മറ്റൊരു താക്കോൽ പണിയിച്ച് അത് തുറന്ന് അവിടം വൃത്തിയാക്കുന്നു. തെക്കിനി തുറന്നതോടെ പല അനർത്ഥങ്ങളും സംഭവിക്കാനാരംഭിക്കുന്നു. ഇതറിഞ്ഞ ശ്രീദേവി ചന്തുവുമായി നിർബന്ധമായി തന്നെ മാടമ്പള്ളിയിലേക്ക് താമസം മാറ്റുന്നു. തമ്പി മന്ത്രവാദിയായ കാട്ടുമ്പറമ്പനും (കുതിരവട്ടം പപ്പു) ദാസപ്പൻ‌കുട്ടിയും (ഗണേഷ്) ചേർന്ന് രാത്രിയിൽ തെക്കിനി വീണ്ടും പൂട്ടാൻ വരുന്നെങ്കിലും അവിടെ നിന്നിറങ്ങി വരുന്ന നാഗവല്ലിയുടെ പ്രേതത്തിനെ ഭയന്ന് ഓടി രക്ഷപ്പെടുന്നു.
 
വർഷങ്ങൾക്കു മുമ്പ് മാടമ്പള്ളിയിലെ ഒരു കാ‍രണവർ തമിഴ് നാട്ടിൽ നിന്നു കൊണ്ടുവന്ന ഒരു നൃത്തക്കാരിയാണ് നാഗവല്ലി. പക്ഷേ, നാഗവല്ലി ഇപ്പോൾ മഹാദേവൻ താമസിക്കുന്ന വീട്ടിൽ താമസിച്ചിരുന്ന നർത്തകനായ രാമനാഥനുമായി അടുപ്പത്തിലാകുന്നു. ഇതറിയുന്ന കാരണവർ നാഗവല്ലിയേയും രാമനാഥനേയും വധിക്കുന്നു. നാഗവല്ലിയുടെ പ്രേതം കാരണവരെ വധിക്കാൻ ശ്രമിക്കുന്നെങ്കിലും കാരണവർ മന്ത്രവാദികളെ ഉപയോഗിച്ച് നാഗവല്ലിയെ തെക്കിനിയിൽ ബന്ധിക്കുന്നു. എങ്കിലും കാരണവർ പിന്നീട് ഒരപകടമരണത്തിലൂടെ കൊല്ലപ്പെടുന്നതു കൊണ്ട് കാരണവരുടെ പ്രേതത്തേയും തെക്കിനിയിൽ ബന്ധിച്ചിരിക്കുകയാണ്. പഴങ്കഥകളെ ഇഷ്ടപ്പെടുന്ന ഗംഗ ഈ കഥകളെല്ലാം ഭാസുരകുഞ്ഞമ്മയിൽ നിന്നും അറിയുന്നു.
 
മാടമ്പള്ളിയിൽ നടക്കുന്ന പല അനർത്ഥങ്ങൾക്കും കാരണമായി എല്ലാവരുടേയും സംശയത്തിന്റെ മുന നീളുന്നത് ശ്രീദേവിയിലേക്കാണ്. അവിവാഹിതയായ ശ്രീദേവി ഇത്രയും നാൾ പുറത്തിറങ്ങാതെ വീട്ടിൽ തന്നെയിരുന്നിട്ട് പെട്ടെന്ന് കാര്യങ്ങളിൽ ഇടപെടുന്നത് എല്ലാവരിലും സംശയം ജനിപ്പിക്കുന്നു. പാത്രങ്ങൾ തകരുക, അല്ലിയെ ശ്വാസം ലഭിക്കാത്ത മുറിയിൽ പൂട്ടിയിടുക, ഗംഗയുടെ സാരിക്കു തീ പിടിക്കുക തുടങ്ങിയ പല പല സംഭവങ്ങൾ നടക്കുന്നതോടെ നകുലൻ സുഹൃത്തായ മനശാസ്ത്രജ്ഞൻ സണ്ണിയെ അമ്മാവന്റെ എതിർപ്പോടെയാണെങ്കിലും വരുത്താൻ തീരുമാനിക്കുന്നു. മനശസ്ത്രത്തിൽ പ്രശസ്തമായ ധാരാളം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള സണ്ണി അമേരിക്കയിലെ പ്രശസ്ത മനശാസ്ത്രജ്ഞനായ ബ്രാഡ്‌ലിയുടെ ശിഷ്യനുമാണ്. നകുലന്റെ ആവശ്യപ്രകാരം സണ്ണി മാടമ്പള്ളിയിൽ എത്തുന്നു. തന്റേതായ രീതിയിൽ അന്ന്വേഷണം ആരംഭിക്കുന്ന സണ്ണിയെ നകുലനും ഗംഗക്കും ഒഴികെ ആർക്കും തന്നെയിഷ്ടപ്പെടുന്നില്ല.

പി ആർ ഒ
അനുബന്ധ വർത്തമാനം
  • മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണിത്. സംവിധായകൻ ഫാസിലിന്റെ മാസ്റ്റർപീസ് ആയി ഇതു കണക്കാക്കപ്പെടുന്നു.
  • മണിചിത്രത്താഴ് അഞ്ചു ഭാഷകളിൽ പുനർനിർമ്മിച്ചു - ആപ്തമിത്ര (കന്നഡ), ചന്ദ്രമുഖി (തമിഴ് & തെലുങ്ക്) ഭൂൽ ഭുലയ്യ (ഹിന്ദി) & രാജ് മൊഹൽ (ബംഗാളി).
  • മലയാളത്തിലും കന്നഡയിലും തമിഴിലും നായികാ കഥാപാത്രം അവതരിപ്പിച്ചവര്‍ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചു - ശോഭന (മലയാളം), സൗന്ദര്യ (കന്നഡ) ജ്യോതിക (തമിഴ്). ഈ ഭാഷകളിലെല്ലാം തന്നെ നായികാ കഥാപാത്രത്തിന്റെ പേരു ഗംഗയെന്നായിരുന്നു.
  • കന്നഡയിലും തെലുങ്കിലും യഥാക്രമം ആപ്തരക്ഷക, നാഗവല്ലി എന്നീ പേരുകളിൽ ഇതിന്റെ രണ്ടാം ഭാഗവുമിറങ്ങി.
  • 365 ദിവസത്തില്‍ കൂടുതല്‍ റിലീസിംഗ് സെന്ററിൽ പ്രദർശിപ്പിച്ച മലയാളസിനിമകളില്‍ ഒന്നാണിത്.
  • കന്നടയിലും, തമിഴിലും കഥയുടെ ക്രെഡിറ്റ്‌ മധു മുട്ടത്തിന് നൽകിയില്ല; തമിഴില്‍ ക്രെഡിറ്റ്‌ ഡയറക്ടര്‍ പി വാസുവിന് ആണ് നൽകിയിരുന്നത്. മധുമുട്ടം കോടതിയിൽ ഇതിന്റെ അവകാശവാദം ഉന്നയിച്ച് ഹർജി സമർപ്പിച്ചതും വിവാദമായിരുന്നു.
  • ഗംഗയെന്ന കഥാപാത്രത്തിന് ഭാഗ്യലക്ഷ്മിയും നാഗവല്ലിയുടെ കഥാപാത്രത്തിന് തമിഴ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ദുർഗ്ഗയുമാണ് ശബ്ദം കൊടുത്തത്. ഭാഗ്യലക്ഷ്മി "നാഗവല്ലിയുടെ ശബ്ദം" എന്ന പേരിൽ പ്രസിദ്ധയായി.
  • സിനിമയിൽ ശോഭനയുടെ കഥാപാത്രം പറയുന്ന "വിടമാട്ടേ" എന്ന സംഭാഷണം വളരെ പ്രശസ്തമായി. ഇതു പല സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും സ്കിറ്റുകളിലുമെല്ലാം ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
  • ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായി പ്രവർത്തിച്ചത് പ്രശസ്തരായ സംവിധായകരായിരുന്നു - പ്രിയദർശൻ, സിബി മലയിൽ, സിദ്ധീഖ്, ലാൽ എന്നിവർ.
  • മദ്ധ്യതിരുവിതാംകൂറിലെ ആലുംമൂട്ടിൽ തറവാട് എന്ന കുടുംബത്തിൽ നടന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒരു സംഭവത്തിനെ ആധാരമാക്കിയാണു ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.
  • മണിച്ചിത്രത്താഴ് ഇറങ്ങിയ സമയത്ത് മലയാളത്തിൽ ബോക്സോഫീസിൽ ഏറ്റവുമധികം വിജയം നേടിയ ചിത്രമായിരുന്നു.
  • ഈ ചിത്രത്തിലെ ഗംഗ / നാഗവല്ലി എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു.
  • ഡോ. സണ്ണിയുടെ റോളിലേക്ക് ആദ്യം മമ്മൂട്ടിയെ പരിഗണിച്ചിരുന്നെങ്കിലും ഹാസ്യത്തിനു കൂടിയുള്ള പ്രധാന്യം കണക്കിലെടുത്ത് ഫാസിൽ മോഹൻലാലിനെ തിരഞ്ഞെടുക്കുകയായിരുന്നു.
  • ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ശോഭനയുടുക്കുന്ന ഒരു സാരി മണിചിത്രത്താഴ് ശോഭന സാരി എന്ന പേരിൽ വിപണിയിലിറങ്ങിയിരുന്നു.
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
കഥാവസാനം എന്തു സംഭവിച്ചു?

വരുന്ന ആദ്യ ദിവസം തന്നെ ശ്രീദേവിയല്ല പ്രശ്നമുണ്ടാക്കുന്നതെന്ന് സണ്ണി തിരിച്ചറിയുന്നു. മറ്റു പലരേയും സംശയിക്കുന്ന സണ്ണി ഒടുക്കം രാത്രി തെക്കിനിയിൽ നൃത്തം ചെയ്യുന്ന ഗംഗയെ കണ്ടെത്തുന്നു. ഗംഗക്ക് അസുഖം ബാധിക്കാനുണ്ടായ യഥാർത്ഥ കാരണം കണ്ടെത്താൻ വേണ്ടി ഗംഗ ബാല്യ കാലം ചിലവഴിച്ച നാട്ടിലും സ്കൂളിലുമെല്ലാം ചന്തുവിനോടൊപ്പം പോകുന്നു. അമ്മൂമ്മക്കഥകൾ കേട്ടു വളർന്ന ഗംഗ പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് വിളിക്കാൻ വരുന്ന അച്ഛനമ്മമാരുടെ കൂടെ പോകാൻ ഇഷ്ടപ്പെടാതിരുന്ന കാലത്ത് മാനസികാസ്വാസ്ത്യം കാണിച്ചിട്ടുണ്ടെന്ന് സണ്ണി മനസ്സിലാക്കുന്നു. തനിക്ക് രോഗമുണ്ടെന്ന് ഗംഗ തൽക്കാലം തിരിച്ചറിയരുതെന്ന് കരുതുന്ന സണ്ണി നകുലനെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചെന്ന കാരണം പറഞ്ഞു ഗംഗയാണു അതു ചെയ്തതെന്ന് മനസ്സിലാക്കുന്നെങ്കിലും ശ്രീദേവിയെ മുറിയിൽ പൂട്ടിയിടുന്നു. ഗംഗയാണ് രോഗിയെന്ന് സണ്ണിയിൽ നിന്നും മനസ്സിലാക്കുന്ന ശ്രീദേവി സണ്ണിയോട് സഹകരിക്കാൻ തയ്യാറാകുന്നു. നാഗവല്ലിയാകുന്ന ഗംഗയോട് സംസാരിക്കുന്ന സണ്ണിക്ക് ദുർഗാഷ്ടമി നാളിൽ നകുലനെ പഴയ കാരണവരായി കണക്കാക്കുന്ന നാഗവല്ലിക്ക് വധിക്കാനാണ് പദ്ധതിയെന്ന് തിരിച്ചറിയുന്നു. ഇതിൽ നിന്നും നകുലനോ ഗംഗയോ ഒരാൾ കൊല്ലപ്പെടുമെന്ന് സണ്ണി മനസ്സിലാക്കുന്നു. ഇതിനിടെ തമ്പി പ്രശസ്ത മന്ത്രവാദിയായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ (തിലകൻ) വരുത്തുന്നു. സണ്ണിയേയും സണ്ണിയുടെ കഴിവുകളേയും കുറിച്ച് നേരത്തേയറിയാവുന്ന നമ്പൂതിരിപ്പാടുമായി ഒത്തു ചേർന്ന് സണ്ണി ഗംഗയേയും നകുലനേയും രക്ഷപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്നു. അതനുസരിച്ച് അല്ലിക്ക വിവാഹാഭരണമെടുക്കാൻ പോകണമെന്നുള്ള ഗംഗയുടെ ആഗ്രഹത്തെ നകുലൻ തടയുമ്പോൽ ഗംഗയിൽ സംഭവിക്കുന്ന മാറ്റം നകുലനും ഗംഗയും തിരിച്ചറിയുന്നു. പൂർണ്ണമായും നാഗവല്ലിയായി മാറുന്ന ഗംഗയെ മഹാദേവന്റെ സഹായത്തോടെ സണ്ണി നമ്പൂതിരിപ്പാട് തയ്യാറാക്കിയ മന്ത്രക്കളത്തിനടുത്തെത്തിക്കുന്നു. കാരണവരായ നകുലനെ വധിക്കാൻ സഹായിച്ചാൽ ഗംഗയെ വിട്ടുപോയിക്കൊള്ളാമെന്നുള്ള ഉറപ്പു നൽകുന്ന നാഗവല്ലിക്ക് നകുലനെ വധിച്ചതായുള്ള പ്രതീതി സണ്ണിയും നമ്പൂതിരിപ്പാടും ചേർന്ന് സൃഷ്ടിച്ചെടുക്കുന്നു. ഇതിനെ തുടർന്ന് ബോധം നഷ്ടപ്പെടുന്ന ഗംഗയെ സണ്ണി ഹിപ്നോട്ടൈസ് ചെയ്തു ഭേദമാക്കുന്നു. എല്ലാവരുടേയും പ്രശംസക്ക് പാത്രമായ സണ്ണി പോകുന്നതിനു മുമ്പ് ശ്രീദേവിയോട് തന്റെ പ്രണയം വെളിപ്പെടുത്തുന്നു.

പ്രൊഡക്ഷൻ മാനേജർ
Film Score
Assistant Director
റീ-റെക്കോഡിങ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവനന്തപുരം കന്യാകുമാരിക്ക് അടുത്തുള്ള പത്മനാഭപുരം പാലസിലാണ് കൂടുതൽ രംഗങ്ങളും ഷൂട്ട് ചെയ്തത്. കുറച്ചു ഭാഗങ്ങൾ തൃപ്പൂണിത്തുറ ഹിൽപാലസിലും ചിത്രീകരിച്ചു
നിശ്ചലഛായാഗ്രഹണം
ഗാനലേഖനം
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
Submitted by Vinayan on Sat, 02/14/2009 - 23:33