കോയമ്പത്തൂരിൽ ഷെയർ ബ്രോക്കറായ ഉണ്ണികൃഷ്ണൻ, ഭാര്യ ലത, മകൾ ലച്ചു. കോയമ്പത്തൂരിനെ നടുക്കിയ സ്ഫോടനങ്ങൾ നടന്ന ഒരു ദിവസം ഉണ്ണിയെ അന്വേഷിച്ച് അയാളുടെ ഒരു പഴയ സുഹൃത്ത് എത്തുന്നു. സ്കൂളിൽ ഉണ്ണിക്കൊപ്പം പഠിച്ചയാളാണെന്ന് പറഞ്ഞു അയാൾ വീട്ടിലേക്ക് കടന്നു വരുന്നു. ഉണ്ണിക്ക് അയാളെ മനസ്സിലാവുന്നില്ല, പക്ഷേ അയാൾ പാടിയ പാട്ട് ഉണ്ണിക്ക് നല്ല പരിചിതമായിരുന്നു. തന്റെ പഴയ സഹപാഠി തന്നെയാണിയാൾ എന്ന് വിശ്വസിക്കുന്ന ഉണ്ണിയോട് അയാൾ സ്വയം ജോസ് എന്ന് പരിചയപ്പെടുത്തുന്നു. അത്യാവശ്യമായി ചെന്നൈക്ക് പുറപ്പെടാൻ തുടങ്ങുന്ന ഉണ്ണിക്കൊപ്പം അയാളും ഇറങ്ങുന്നു. റെയിൽ വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടയിൽ പോലീസ് പരിശോധനയിൽ ഉണ്ണിയേയും ജോസിനെയും തടയുന്നു. അയാൾ കാരണം കുറെ സമയം നഷ്ടപ്പെടുന്നതിനാൽ ഉണ്ണിക്ക് അയാളോട് നീരസം തോന്നുന്നുവെങ്കിലും, ആ താമസം കാരണം റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ നിന്നും ഉണ്ണി രക്ഷപ്പെടുന്നു. യാത്ര മുടങ്ങുന്നതോടെ അവർ ബാറിൽ കയറി മദ്യപിക്കുന്നു. തിരികെ അയാളെ വീട്ടിൽ കൊണ്ടു വരുന്നത് ലതക്ക് ഇഷ്ടപ്പെടുന്നില്ല. അയാൾ ആ രാത്രി അവിടെ താമസിക്കുന്നു. പിറ്റെ ദിവസം അയാൾ ഉണ്ണിയോട് എന്തോ കാര്യമായി സംസാരിക്കാനുണ്ട് എന്ന് പറയുന്നു. വൈകിട്ട് സംസാരിക്കാം എന്ന് പറഞ്ഞ് ഉണ്ണി ഓഫീസിലേക്ക് പോകുന്നു. ഉണ്ണി തന്റെ ബാല്യകാല സുഹൃത്ത് ഡോ അലക്സിനോട് സംസാരിക്കുന്നു. അലക്സിനും ജോസിനെ ഓർമ്മ വരുന്നില്ല. എന്നാൽ ഇയാൾക്ക് കയ്യിൽ എഴുതുന്ന ശീലമുണ്ടെന്ന് ഉണ്ണി പറയുന്നതോടെ അത് ശിവൻ കുട്ടിയാണെന്ന് അലക്സ് ഉറപ്പിച്ചു പറയുന്നു. അയാൾ ഒരു തട്ടിപ്പുകാരനാകാമെന്നും സൂക്ഷിക്കണമെന്നും ഉണ്ണി ലതയെ വിളിച്ചു പറയുന്നു. അയാൾ വീണ്ടും ഉണ്ണിയുടെ വീട്ടിലെത്തുന്നു. ഉണ്ണി അയാളെ ചോദ്യം ചെയ്യുമ്പോൾ അയാൾ ശിവൻ കുട്ടിയാണെന്ന് അയാൾ സമ്മതിക്കുന്നു. തന്നെ പുറത്താക്കാൻ ശ്രമിച്ചാൽ ഉണ്ണിയുടെ കുടുംബമാകും തകരുക എന്ന് അയാൾ പറയുന്നു.
സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഉണ്ണിയും സുഹൃത്തുക്കളും ചേർന്ന് അവരുടെ ഒരു സഹപാഠി അമ്പിളിയെ കുളത്തിൽ തള്ളിയിടുന്നു. ആ കുട്ടി മരണപ്പെടുന്നു. ഉണ്ണിയും കൂട്ടരും ആ കുറ്റം ശിവൻ കുട്ടിയുടെ മേൽ കെട്ടിവയ്ക്കുന്നു. 7 വർഷം ജയിൽ വാസം അനുഭവിച്ച് തിരികെയെത്തിയ ശിവൻ കുട്ടി കൊലപാതകി ഹൈറേഞ്ചിൽ പോയി വിഷ്ണു എന്ന പേരിൽ കഴിയുകകായിരുന്നു. അതിനിടയിൽ ജയയെ കല്യാണം കഴിച്ച് ഒരു കുട്ടിയുമുണ്ട്. ഒരു കല്യാണത്തിനിടയിൽ ജയ അറിയുന്നു വിഷ്ണു ശിവൻ കുട്ടിയാണെന്നും കൊലപാതകിയാണെന്നും. അവർ ശിവൻ കുട്ടിയിൽ നിന്നും അകലുന്നു. താൻ വന്നത് ഉണ്ണിയെ കൊണ്ടുപോയി അവരോട് സംസാരിച്ച് ശിവൻ കുട്ടി നിരപരാധിയാണെന്ന് തെളിയിക്കാനാണെന്ന് ഉണ്ണിയോട് അയാൾ പറയുന്നു. ആലോചിക്കുവാനായി ഒരു രാത്രി സമയവും നൽകുന്നു. ഉണ്ണി അലക്സിനോട് ഈ കാര്യങ്ങൾ പറയുന്നു. അടുത്ത ദിവസം ശിവൻ കുട്ടി ലച്ചുവിന്റെ സ്കൂളിൽ പോകുകയും ഉണ്ണിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നു. അയാൾക്കൊപ്പം ചെല്ലാൻ അയാൾ ഉണ്ണിയെ നിർബന്ധിക്കുന്നു. പണം തരാം എന്ന് ഉണ്ണി പറയുന്നുവെങ്കിലും ശിവൻ കുട്ടി സമ്മതിക്കുന്നില്ല. ഒടുവിൽ അയാൾക്കൊപ്പം പോകാമെന്ന് ഉണ്ണി സമ്മതിക്കുന്നു. അവർ ഉണ്ണിയുടെ നാട്ടിലേക്ക് യാത്രയാകുന്നു. വഴിയിൽ ശിവൻ കുട്ടിയുടെ മറ്റും ഭാവവും കണ്ട് ഉണ്ണി ഭയപ്പെടുന്നു. അയാൾ അലക്സിനെ വിളിച്ചു വരുത്തുന്നു. അലക്സ് ശിവൻ കുട്ടിയോട് സംസാരിക്കുന്നുവെങ്കിലും അയാൾ വഴങ്ങുന്നില്ല. അവർ ഒന്നിച്ച് ശിവൻ കുട്ടിയുടെ നാട്ടിലേക്ക് യാത്ര തുടങ്ങുന്നു. യാത്രയിൽ ശിവൻ കുട്ടി സംസാരിച്ചത് തന്റെ മകളെക്കുറിച്ച് മാത്രമായിരുന്നു. ആ യാത്ര അവർ തമ്മിലുള്ള സംഘട്ടനത്തിലെത്തുന്നു. അതിനിടയിൽ പരിക്കേൽക്കുന്ന അലക്സിനെ ശിവൻ കുട്ടി ഹോസ്പിറ്റലിൽ എത്തിക്കുന്നു. സ്നേഹം നിറഞ്ഞ അയാളുടെ പെരുമാറ്റം കണ്ട് അവർ ശിവൻ കുട്ടിയുടെ ഭാര്യയോടും മകളോടും സത്യം ഏറ്റു പറയാം എന്നവർ സമ്മതിക്കുന്നു. അവർ സംഭവിച്ചതെന്തെന്ന് ശിവൻ കുട്ടിയോട് പറയുന്നു. അവർ ശിവൻ കുട്ടിയുടെ മകൾക്ക് ഒരു സമ്മാനവും വാങ്ങി പുറപ്പെടുന്നു.
വീട്ടിലെത്തുന്ന അവർ ശിവൻ കുട്ടിയുടെ ഭാര്യയും മകളും മരിച്ചു പോയതായി മനസ്സിലാക്കുന്നു. ശിവൻ കുട്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് അലക്സിനോടും ഉണ്ണിയോടും എല്ലാം അവരോട് തുറന്നു പറയാൻ ആവശ്യപ്പെടുന്നു. ശിവൻ കുട്ടിയുടെ ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് അവർ മനസ്സിലാക്കുന്നു. ശിവൻ കുട്ടിയുടെ അളിയൻ അവരോട് എത്രയും വേഗം അവിടെ നിന്ന് പോകുവാൻ പറയുന്നു. അയാൾ അവരെ അവിടെ നിന്നും കൊണ്ടുപോകുന്നു. എന്നാൽ ശിവൻ കുട്ടി അവരെ പിന്തുടർന്ന് ചെന്ന് അവരെ തടയുന്നു. അവരെ കൊല്ലാനാണ് താൻ അവരെ ഇവിടെ കൊണ്ടുവന്നത് എന്ന് അയാൾ പറയുന്നു, പക്ഷേ അവരെല്ലാം ഏറ്റു പറഞ്ഞതിനാൽ അവരെ പോകാൻ അയാൾ അനുവദിക്കുന്നു. ഉണ്ണിയുടെ മകൾ ലച്ചുവിന് സമ്മാനമായി തന്റെ മകൾക്ക് പ്രിയപ്പെട്ട പട്ടിക്കുട്ടിയെ നൽകി അയാൾ പോകുന്നു.
ഈ ജീവിതമൊരു പാരാവാരം
എന്തെന്തപാരം
അലറും തിരമാലകൾ
അടിയിൽ വൻ ചുഴികൾ
തിരമുറിച്ചെന്നും മറുതീരം തേടി
തുഴയുന്നു ഞാനേകനായ്
ഈ വിശ്വതലത്തിലെ സമരാങ്കണത്തിലെ
അതിധീര യോദ്ധാക്കൾ നമ്മളെല്ലാം
ഒരു യുദ്ധസമയം അടുക്കുമ്പോൾ പലരും
ഒളിക്കാം പടവെട്ടി മരിച്ചു പോകാം (2)
പ്രതിബന്ധമെല്ലാം (2)
എനിക്കാത്മശക്തി പൊരുതുന്നു ഞാനേകനായ് (ഈ ജീവിതമൊരു...)
കുങ്കുമ സന്ധ്യകളോ നിന്റെ കവിൾപ്പൂവിൽ
ചന്ദനഗന്ധികളോ നിന്റെ ഇളം മെയ്യിൽ
നിന്റെ ഇളം മെയ്യിൽ ചന്ദനഗന്ധികളോ
നിന്റെ കവിൾപ്പൂവിൽ കുങ്കുമസന്ധ്യകളൊ
പ്രേമവിപഞ്ചികയിൽ രാഗമരാളം നീ
പ്രേമവിപഞ്ചികയിൽ രാഗമരാളം നീ
മാദകരാവുകളിൽ മാരവിനോദം നീ
(കുങ്കുമസന്ധ്യകളോ...)
മുല്ലപ്പൂപന്തലിലെ നാലുനില പൂംപ്പന്തലിലെ (2)
കതിർമണ്ഡപം വരവേൽക്കുമ്പോൾ(2)
കവിളിണയിൽ നാണവുമായ് അഴകിൽ മുങ്ങി വാ
നിന്റെ ഇളം മെയ്യിൽ ചന്ദനഗന്ധികളോ
നിന്റെ കവിൾപ്പൂവിൽ കുങ്കുമസന്ധ്യകളൊ
കുങ്കുമ സന്ധ്യകളോ നിന്റെ കവിൾപ്പൂവിൽ
ചന്ദനഗന്ധികളോ നിന്റെ ഇളം മെയ്യിൽ