അമ്പലപ്രാവ്
- Read more about അമ്പലപ്രാവ്
- Log in or register to post comments
- 3095 views
മക്കളുടെ പഠനത്തിനായി വീടും പറമ്പും മണുക്കുക്കമ്മത്തിനു (എസ് പി പിള്ള) പണയപ്പെടുത്തേണ്ടി വരുന്നു ഗോവിന്ദന് (മുത്തയ്യ). മൂത്തമകൾ ദേവകി (അംബിക) സ്കൂൾടീച്ചറാണ്, സഹാദ്ധ്യാപകൻ ശേഖരൻ മാസ്റ്റർ (മുരളി)അവളെ സ്നേഹിക്കുന്നു. അനിയൻ പ്രഭാകരനു (പ്രേം നസീർ) ജോലി കിട്ടും വരെ ഇരുവരും കാത്തിരിക്കുന്നു. ഇളയവൾ ശാരദയുടെ പഠിത്തത്തിനും പണമില്ലാതെ വിഷമിക്കുകയാണു ആ കുടുംബം. ചായക്കടക്കാരൻ ബീരാൻ (പി എ തോമസ്) സഹായിക്കുന്നു. ബീരാന്റെ മകൾ ആയിഷയും (ഷീല) പ്രഭാകരനും പ്രേമത്തിലാകുന്നു. നാട്ടുകാരെ പറ്റിച്ചു നടക്കുന്ന പണിക്കരുടെ (അടൂർ ഭാസി) ഏഷണി കാരണം മണക്കു കമ്മത്ത് കിട്ടാനുള്ള സംഖ്യക്ക് കേസു കൊടുത്ത് വിധി സമ്പാദിക്കുന്നു. ജപ്തി ഒഴിവാക്കാൻ ബീരാൻ മകളുടെ കല്യാണത്തിനു സൂക്ഷിച്ചിരുന്ന പണം നീട്ടി ഗോവിന്ദനെ സഹായിക്കുന്നു. അപ്പോഴേയ്ക്കും പ്രഭാകരൻ ഒരു ബാങ്കിൽ നിന്നും പണം മോഷ്ടിച്ച് എത്തിയിരുന്നു. ദേവകി ഇതിനിടെ ക്ഷയരോഗി ആയിത്തീരുന്നു . താമസിയാതെ മരിക്കുകയും ചെയ്യുന്നു. പ്രഭാകരനെ പോലീസ് അറസ്റ്റു ചെയ്യാനെത്തുന്നു. ദേവകിയുടെ ശവസംസ്കാരത്തിനു ഏർപ്പാടാക്കാൻ എത്തിയ ശേഖരൻ മാസ്റ്ററെ ശാരദയെ ഏൽപ്പിക്കുന്നു പ്രഭാകരൻ.
എസ് എൽ പുരത്തിന്റെ പ്രസിദ്ധ നാടകത്തിന്റെ സിനിമാ ആവിഷ്കാരമാണിത്. സിനിമയ്ക്കു വേണ്ടി ചില മാറ്റങ്ങൾ വരുത്തി. ജോബ് ആദ്യമായാണ് ഒരു ചിത്രത്തിലെ എല്ലാ പാട്ടുകൾക്കും സംഗീതം നൽകിയത്. പി എ തൊമസ് ഇതോടെ സംവിധായകനിർമ്മാതാവുമായി. ജി ശങ്കരക്കുറുപ്പിന്റെ കവിതകൾ ഉൾപ്പെടുത്തിയ മറ്റൊരു സിനിമയുമാണിത്.
ഹോം നേഴ്സായ സൂസി (രാഗിണി) കോൺവെന്റിൽ നിന്നും ബാബുവിനെ (മധു) ശുശ്രൂഷിക്കാൻ അയാളുടെ വീട്ടിലെത്തുമ്പോൾ പണ്ട് അവളെ ഉപേക്ഷിച്ച പോയ കാമുകൻ ജോസിന്റെ (സത്യൻ) വീടാണത് എന്നറിയുന്നു. ജോസിന്റെ അനുജനാണ് ബാബു എന്നും. മണവാട്ടി വേഷം ധരിക്കാൻ ആശിച്ച സൂസി ബാബുവിന്റെ അഭ്യർത്ഥന പ്രകാരം അയാളെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നു. അവധിയ്ക്കു ഭാര്യക്കൊപ്പം വീട്ടിലെത്തിയ ജോസും സൂസിയും തമ്മിലുള്ള സംഭാഷണങ്ങൾ ഭാര്യ ഷീലയിൽ (കെ ആർ വിജയ) സംശയം ജനിപ്പിക്കുന്നു. ബാബുവിന്റെ അസുഖം ഒരു ഓപറേഷൻ കൊണ്ട് ഭേദമായെങ്കിലും അയാൾക്ക് വൈവാഹികജീവിതം നിഷിദ്ധമാണെന്നാണ് ഡോക്ടരുടെ തീർപ്പ് കൽപ്പിക്കുന്നു. ഹതാശയായ സൂസി മണവാട്ടിവേഷം ധരിച്ച് തിരിച്ച് കോൺവെന്റിലേക്ക് യാത്രയാകുന്നു.
സിനിമ തുടങ്ങുമ്പോഴുള്ള “ഇടയകന്യകേ പോവുക നീ” തന്റെ ഗാനമേളകളിൽ ആദ്യം പാടി ആ ഗാനത്തിനു വ്യത്യസ്ത പരിവേഷം യേശുദാസ് നൽകി.
മലയാളത്തിൽ ആദ്യമായി ഒരു വനിത തിരക്കഥ എഴുതുന്നത് ഈ ചിത്രത്തിനു വേണ്ടിയാണ്.
ഡോക്ടർ ചന്ദ്രശേഖരന്റെ (കൊട്ടാരക്കര ശ്രീധര മേനോൻ) സഹായം ലഭിക്കാതെ രാമുവിന്റെ (മുത്തയ്യ) മകനും ഭാര്യയും മരിക്കുന്നു. ഡോക്ടറുടെ മകൻ എന്നു കരുതി മരുകമൻ മോഹനെ (പ്രേം നസീർ) രാമു തട്ടിക്കൊണ്ടു പോകുന്നു. പിന്നീട് മദ്രാസിൽ ഡോക്ടറാകാൻ പഠിയ്ക്കുന്ന മോഹൻ ചന്ദ്രശേഖരന്റെ കുടുംബവുമായി അടുക്കുകയും മകൾ സുമതിയെ (അംബിക) പ്രേമിയ്ക്കുകയും ചെയ്യുന്നു. ചന്ദ്രശേഖരന്റെ മകൻ രവി (കെടാമംഗലം സദാനന്ദൻ) മോഹന്റെ സ്നേഹിതനാണ്. ഒരു കൃഷ്ണവിഗ്രഹം സ്വയംഭൂവാണെന്നു ധരിച്ച നാട്ടുകാർ നിർമ്മിച്ച അമ്പലത്തിൽ കഴകക്കാരനായ രാമു മകന്റെ നാണക്കേട് ഭയന്ന് റിക്ഷായോടിക്കുന്നവനാകുന്നു. മോഹൻ കണ്ണുഡോക്ടറാകുന്നു. നാട്ടിലെ ഉദാരമതിയായ തമ്പി (തിക്കുറുശ്ശി) മോഹനു ആശുപത്രി പണിതുകൊടുക്കുന്നു. അയാളുടെ മകൾ വിജയ (ശാന്തി) മോഹനിൽ അനുരക്തയാകുന്നു. ഒരു ഉല്ലാസയാത്രയിൽ വിജയയെ രക്ഷിക്കാനുള്ള ശ്രമത്തിൽ മോഹന്റെ കാലൊടിയുന്നു. പിന്നീട് ആ കാൽ മുറിച്ചു മാറ്റേണ്ടിയും വരുന്നു. മോഹനു കണ്ണ് ശസ്ത്രക്രിയയ്ക്കുള്ള ആത്മവിശ്വാസം അതോടെ നഷ്ടപ്പെടുന്നു. രാമു സ്വന്തം കണ്ണ് കുത്തിപ്പൊട്ടിച്ച് മോഹനോട് അതു ശസ്ത്രക്രിയ ചെയ്യാൻ ആവശ്യപ്പെടൂന്നു. മോഹനു അതു ചെയ്യേണ്ടി വരുന്നു. തന്മൂലം പോയ ആത്മവിശ്വാസം വീണ്ടു കിട്ടുന്നു. വിജയയെ മോഹനു വിവാഹം ചെയ്തു കൊടുക്കാൻ തമ്പി തീരുമാനിച്ചപ്പോൾ സുമതിയെ അവൻ സ്നേഹിക്കുന്ന വസ്തുത വെളിപ്പെടുത്തുന്നു. സുമതിയ്ക്ക് വേറേ കല്യാണം തീരുമാനിച്ച അച്ഛനിൽ നിന്നും അവളെ മാറ്റിയ രവി വിജയ-മോഹൻ ബന്ധം സഹൊദര നിർവ്വിശേഷമെന്ന് എല്ലാവരേയ്യും ബോദ്ധ്യപ്പെടുത്തുന്നു. മോഹൻ സുമതിയേയും രവി വിജയയേയും കല്യാണം കഴിച്ചപ്പോൾ രാമു മോഹൻ സുമതിയുടെ സഹൊദരൻ ആണെന്നു വെളിപ്പെടുത്തി. മകനെ അല്ല, മരുമകനെ ആണ് പണ്ട് തട്ടിക്കൊണ്ട് പോയതെന്ന് ചന്ദ്രശേഖരൻ രാമുവിനെ ബോധ്യപ്പെടുത്തുന്നു.
“നാഗരാദി എണ്ണയുണ്ട്’ എന്ന പാട്ട് ദക്ഷിണാമൂർത്തി തന്നെയാണ് പാടുന്നത്.
ആനച്ചാൽ മലയോരഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റ് അവറാച്ചനും ഭാര്യ അന്നമ്മയ്ക്കും കുടിയനും തെമ്മാടിയുമായ മകൻ കുഞ്ഞുകുട്ടി തലവേദനയാണ്. മേരിക്കുട്ടി അയാളെ കെട്ടില്ലെന്നു തീർത്തു പറഞ്ഞു. കുര്യാച്ചന്റെ മകൾ ഗ്രേസിയെ നിർബ്ബന്ധമായി കുഞ്ഞുകുട്ടിക്ക് വിവാഹം ചെയ്തു കൊടുത്തു. ഒരു കുഞ്ഞുണ്ടായിട്ടു പോലും ദുർന്നടത്ത തുടർന്ന കുഞ്ഞൂട്ടിയോട് അച്ഛനമ്മമാർ കയർത്തതോടെ അയാൾ താമസം വേറെയാക്കി. മേരിക്കുട്ടിയ്ക്ക് ഗ്രാമസേവികയായി ജോലി കിട്ടിയത് ആനച്ചാലിലാണ്. കുഞ്ഞുകുട്ടി അവളെ പാട്ടിലാക്കാൻ കിണഞ്ഞു ശ്രമിച്ചു. അവൾക്ക് താമസിക്കേണ്ടി വന്നത് കറിയാച്ചന്റെ വീട്ടിലാണ്. ആനച്ചാലിന്റെ മുഖച്ഛായ മേരിക്കുട്ടിയുടെ സേവനങ്ങളാൽ മാറിക്കൊണ്ടിരിക്കെ കുഞ്ഞുകുട്ടിയുടെ അനുജൻ പാപ്പച്ചൻ സിംഗപ്പൂരിൽ നിന്നെത്തി, അയാളുമായി മേരിക്കുട്ടി അടുപ്പത്തിലുമായി. ഗർഭിണിയും രോഗഗ്രസ്ഥയുമായ ഗ്രേസിയെ മേരിക്കുട്ടി സ്വന്തം ആഭരണം പണയപ്പെടുത്തി ചികിത്സിക്കാനൊരുങ്ങി.
തടിമോഷണം തരപ്പെടാതെ മടങ്ങുന്ന കുഞ്ഞുകുട്ടി കാട്ടാനയെ ഭയന്ന് ബോധരഹിതയായ മേരിക്കുട്ടിയെ രക്ഷിക്കാനിടയായതോടെയാണ് അവളുടെ ത്യാഗത്തിന്റെ വ്യാപ്തി അയാൾക്ക് മനസ്സിലായത്. കുഞ്ഞുകുട്ടി പതുക്കെ മാറിത്തുടങ്ങി. കൂട്ടുകാരുമായി ഇടയേണ്ടി വന്ന കുഞ്ഞുകുട്ടി സ്നേഹിതരുടെ ആക്രമണത്താൽ ആശുപത്രിയിലായപ്പോൽ ചികിത്സിക്കാൻ മേരിക്കുട്ടി തയാറായി. ഗ്രേസിക്ക് ഇത് തെറ്റിദ്ധാരണ ഉളവാക്കി. മേരിക്കുട്ടിയുടെ പരിചരണത്താൽ ഗ്രേസി സുഖം പ്രാപിക്കുകയും ഒരു പെൺ കുഞ്ഞിനെ പ്രസവിക്കുകയും തെറ്റിദ്ധാരണകൾ മാറുകയും ചെയ്തു. പാപ്പച്ചനോട് അകന്നു നിന്നിരുന്ന മേരിക്കുട്ടി അയാളെ കല്യാണം കഴിക്കാൻ തീരുമാനിച്ച് ആനച്ചാലിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു.
‘മുടിയനായ പുത്രനു‘ ശേഷം തെമ്മാടിയായ നായകനെ സത്യൻ അവതരിപ്പിച്ചു ഈ സിനിമയിൽ. ഒപ്പത്തിനൊപ്പം നിന്നു കെ. ആർ. വിജയയുടെ ഗ്രാമസേവിക. നിമിഷകവിയായ കൃഷ്ണനാശാന്റെ റോൾ അടൂർ ഭാസി പൊടിപ്പനാക്കി, പാട്ടുകൾ സ്വയം പാടി അവതരിപ്പിക്കുകയും ചെയ്തു.
ജോലി നഷ്ടപ്പെട്ട രവിയ്ക്ക് (സത്യൻ) അയൽക്കാരനായ ഉണ്ണിത്താന്റെ (മാധവൻ) സഹായത്തോടെ സിംഗപ്പൂരിൽ ജോലി കിട്ടി. സഹോദരി സുശീല (മിസ് കുമാരി) ജന്മനാ അന്ധയാണ്. അവളെ വിവാഹം ചെയ്യാമെന്നേറ്റയാൾ വിട്ടുകളഞ്ഞപ്പോൾ ഉണ്ണിത്താന്റെ മകൻ ചന്ദ്രൻ (പ്രേംനസീർ) സുശീലയെ വിവാഹം ചെയ്തു. പക്ഷെ അധികം താമസിയാതെ ചന്ദ്രൻ സുശീലയുടെ പണവുമെടുത്ത് ജോലി തേടി സ്ഥലം വിടുകയാണുണ്ടായത്. രവിയുടെ ഇളയച്ചൻ ശങ്കുണ്ണി മേനോൻ ( തിക്കുറുശ്ശി) ചന്ദ്രനു ജോലി നൽകി, മകൾ നളിനി (അംബിക) ചന്ദ്രനിൽ അനുരക്തയായ്തോടെ അവരെ മേനോൻ പുറത്താക്കി. ചന്ദ്രൻ നളിനിയോടൊപ്പം താമസം തുടങ്ങി, സുശീല ഭർത്താവിനേയും കാത്തിരിപ്പായി.നാട്ടിലെത്തിയ രവി കാര്യങ്ങളറിഞ്ഞു, സുശീലയെ കണ്ടുമുട്ടി, അവളുടെ കാഴ്ച വീണ്ടുടുക്കാൻ സഹായിച്ചു. ചന്ദ്രനു ഒരു കുഞ്ഞ്നെ സമ്മാനിച്ച് നളിനി പരലോകം പൂകി, കുഞ്ഞിനെ ചന്ദ്രൻ അനാഥാലയത്തിലാക്കി. സുശീലയും രവിയും ആ കുഞ്ഞിനെ ദത്തെറ്റുത്ത് വളർത്തി. ഒരിക്കൽ അലഞ്ഞുതിരിയുന്ന ചന്ദ്രനെ രവി വീട്ടിലേക്ക് കൊണ്ടു വന്നു. ചന്ദ്രൻ മാപ്പുപറഞ്ഞെങ്കിലും രവിയുമായി അടിപിടിയായി. ഈ ബഹളത്തിൽ കോണിപ്പടിയിൽ കൂടെ ഉരുണ്ടു വീണ സുശീലയ്ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു. എങ്കിലും നളിനി-ചന്ദ്രൻ മാരുടെ കുഞ്ഞിനെയും വളർത്തി സസുഖം നാൾ നീക്കാൻ അവൾ തീരുമാനിച്ചു.
വള്ളത്തോളിന്റെ ‘ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി’ എന്ന കവിത നൃത്തനാടകമായി അവതരിക്കപ്പെടുന്നുണ്ട് ഈ ചിത്രത്തിൽ. ഉദയഭാനു, പി ബി ശ്രീനിവാസ്, പ്രഭ എന്നിവർ പാടി ഇത്. ഒരേപാട്ട് ,ഒരു താരാട്ട്, എം എൽ വസന്തകുമാരിയും, പി സുശീലയും പാടുന്നുണ്ടെന്നുള്ള പ്രത്യേകതയും ഉണ്ട്.
വരൾച്ചയിൽ പൊറുതിമുട്ടിയ മുളങ്കാവിലെ അനക്കെട്ടിനു പത്തടി ഉയരം കൂട്ടാനും ഒരു തുരങ്കം പണിത് വെള്ളച്ചാട്ടമുണ്ടാക്കി ഗ്രാമത്തിനു വൈദ്യ്തി നൽകാനുമുള്ള പദ്ധതിയുമായാണ് എഞ്ചിനീയർ സുകുമാരൻ അവിടെ എത്തിയത്. ഭാര്യ ഉഷയുടെ അച്ഛൻ സീനിയർ എഞ്ചിനീയർ തോട്ടം ഉടമയോട് കൈക്കൂലി വാങ്ങിച്ചിട്ടുണ്ട് അനക്കെട്ടിന്റെ പൊക്കം കുറയ്ക്കാൻ. സ്വന്തം ശ്വശുരൻ തന്നെ തന്റെ പ്ലാനുകൾക്ക് വിഘാതമാകുന്നുവെന്നത് സുകുമാരനെ വലയ്ക്കുന്നു. പണിതു വരുന്ന ടണലിനു ബോംബ് വയ്ക്കാനാണ് തോട്ടം ഉടമ ജോൺസന്റെ ഉദ്ദേശം. ഇതറിഞ്ഞ ഉഷ ഭർത്താവിനേയും പണിക്കാരേയും രക്ഷിയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ബോംബ് പൊട്ടി മുപ്പത്തിയേഴോളം പേർ മരിച്ചു. പോലീസ് പിടിയിൽ നിന്നും കുതറിയോടാൻ ശ്രമിച്ച ജോൺസൺ കാർ മറിഞ്ഞ് മരിച്ചു. പശ്ചാത്താപവിവശനായ ശ്വശുരൻ മാപ്പു ചോദിച്ചു പോലീസിനു സ്വയം കീഴടങ്ങി. മാരകമായ പരിക്കു പറ്റിയ സുകുമാരൻ അണെക്കെട്റ്റിന്റേയും ടണലിന്റേയും പണി ഏതാണ്ട് പൂർത്തിയാകുന്നതു വരേയേ ജീവിച്ചുള്ളു. കൊച്ചുമകൻ സുകുമാരന്റെ പ്രതിമയിൽ പൂക്കളർപ്പിയ്ക്കുമ്പോൾ പുതിയ അണക്കെട്ടിന്റെ ഉദ്ഘാടനം നടക്കുന്നു.
നുറുങ്ങുകൾ: തോപ്പിൽ ഭാസിയുടെ പ്രശസ്ത നാടകത്തിന്റെ സിനിമാ ആവിഷ്കാരം തന്നെ ഇത്. നാടകത്തിൽ ചെയ്ത റോൾ തന്നെ കോട്ടയം ചെല്ലപ്പൻ സിനിമയിലും ചെയ്തു. കെ. പി. എ. സി ലീലയും. സിനിമയിൽ ആളെ ചേർക്കുന്നെന്ന വ്യാജേന തട്ടിപ്പ് നടത്തുന്ന ഗോപകുമാറ് (ബഹദൂർ) ഉം സിനിമാ മോഹവലയത്തിൽ പെട്ട് നശിയ്ക്കുന്ന യുവതി (ലീല)യുമൊക്കെ ഉപകഥകൾ. “പണ്ട് പണ്ട് നമ്മുടെ പേരു ചങ്കരച്ചാര് ഇന്നു വന്നു നമ്മുടെ പേര് ഗോപകുമാറ്’ എന്ന മെഹ്ബൂബിന്റെ പാട്ട് ശ്രദ്ധനേടിയിരുന്നു.