പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ ഇ മത്തായി ഓണാട്ടുകരയുടെ കഥാകാരന്‍ എന്നും അറിയപ്പെട്ടിരിന്നു. ചെറുകഥയ്ക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പാറപ്പുറത്തിന്റെ അരനാഴികനേരം, ആകാശത്തിലെ പറവകള്‍, പണിതീരാത്ത വീട്, നിണമണിഞ്ഞ കാല്‍പ്പാടുകള്‍ , അന്വേഷിച്ചു കണ്ടെത്തിയില്ല എന്നീ നോവലുകള്‍ ചലച്ചിത്രങ്ങളായി വെള്ളിത്തിരയിലെത്തി.
കിഴക്കേ പൈനുംമൂട്ടിൽ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായി 1924 നവംബർ 14-ന് മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തിൽ ജനിച്ചു. കുന്നം സിഎംഎസ് എൽപി. സ്കൂൾ, ഗവണ്മെന്റ് മിഡിൽ സ്കൂൾ, ചെട്ടികുളങ്ങര ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1944-ൽ പയനിയർ കോറിൽ ഹവിൽദാർ ക്ലർക്കായി പട്ടാളത്തിൽ ചേർന്നു.
‘പുത്രിയുടെ വ്യാപാരം’ എന്ന ആദ്യ കഥ 1948 ല്‍ പ്രസിദ്ധീകരിച്ചു. ഇരുപതു നോവലുകളും പന്ത്രണ്ട് കഥാസമാഹാരങ്ങളും കൂടാതെ ‘വെളിച്ചം കുറഞ്ഞ വഴികള്‍ ‘ എന്ന നാടകവും ‘മരിക്കാത്ത ഓര്‍മ്മകള്‍ ‘ എന്ന സ്മരണയും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. തിരക്കഥാരചനയിലും അദ്ദേഹം സജീവമായിരുന്നു.
സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1981 ഡിസംബര്‍ 30 ന് അന്തരിച്ചു.
- 1817 views