മലയാളത്തിലെ ചതുർമൂർത്തികളിൽ ആദ്യം രംഗത്തെത്തിയ സംഗീതസംവിധായകൻ.ഹിന്ദി-തമിഴ് പാട്ടുകളുടെ ഈണങ്ങൾക്കൊപ്പിച്ച് വാക്കുകൾ എഴുതപ്പെടുന്ന പ്രക്രിയയ്ക്ക് വഴങ്ങേണ്ടി വന്ന കാലമായിരുന്നു അതെങ്കിലും സ്വതന്ത്രമായി ഈണം നൽകുവാൻ ലഭിച്ച സന്ദർഭങ്ങൾ പാഴാക്കിക്കളയാതെ കയ്യിൽ കിട്ടിയ ഗാനങ്ങളെ ശാസ്ത്രീയസംഗീതത്തിന്റെ സത്തെടുത്ത് സന്നിവേശിപ്പിച്ച് ആ ഗാനങ്ങളെ ആഴവും ഗൌരവവും ലാളിത്യവുമുള്ളവയാക്കിയെടുത്തു. ശാസ്ത്രീയസംഗീതം അദ്ദേഹത്തിനു കൈവന്ന കലയാണ്.ശാസ്ത്രീയസംഗീതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇന്ന് ആ രംഗത്തെ പ്രഥമസ്ഥാനീയനായിരുന്നേനെ ഇദ്ദേഹം.
ആശാദീപം, കാവ്യമേള, ചന്ദ്രോത്സവം എന്നീ ചിത്രങ്ങളിൽ അതിഥിതാരമായെത്തി ഇദ്ദേഹം. ദേവാലയം എന്ന ചിത്രത്തിലെ ‘നാഗരാദി എണ്ണയുണ്ട്’ എന്ന ഹാസ്യഗാനം സ്വയം ആലപിച്ചതാണ്. ഉമ്മിണിത്തങ്കയിലെ “ജയജഗദീശഹരേ’ (എസ് ജാനകി) ദക്ഷിണാമൂർത്തി തന്നെ രചിച്ചതാണ്. 1980ൽ ചോറ്റാനിക്കര അമ്മയെക്കുറിച്ച് ഒരു ഭക്തിഗാനമാലിക സ്വയം എഴുതി സംഗീതം നൽകി എൽ പിറെക്കോർഡ് ആയി പുറത്തിരങ്ങിയിട്ടുണ്ട്. ശിഷ്യ കല്യാണി മേനോനാണ് ആലാപനം. 1992 ൽ തമിഴിൽ ഒരു അയ്യപ്പഭക്തിഗാന കസ്സെറ്റ് ഇറക്കിയിരുന്നു അദ്ദേഹം. എം ജി ശ്രീകുമാറാണ് പാടിയത്. 1968ൽ ഇറങ്ങിയ മലയാളത്തിലെ ആദ്യത്തെ അയ്യപ്പഭക്തിഗാന കസ്സെറ്റും ദക്ഷിണാമൂർത്തിയുടേതാണ്. കലാനിലയത്തിന്റെ മിക്ക നാടകങ്ങളുടേയും സംഗീതം നിർവ്വഹിച്ച് ഇദ്ദേഹം 15 കൊല്ലം ആ സപര്യ തുടർന്നിട്ടുണ്ട്. വിവിധ ആരാധനമൂർത്തികളെ പ്രകീർത്തിയ്ക്കുന്ന “ആത്മദീപം” എന്നൊരു പുസ്തകത്തിന്റെ രചയിതാവുമാണ് ദക്ഷിണാമൂർത്തി.
പുതുഗായികമാരെ ധാരാളം പരിചയപ്പെടുത്തിയിട്ടുണ്ട് ദക്ഷിണാമൂർത്തി. പി ലീല, കവിയൂർ രേവമ്മ, വസന്തകോകിലം, കല്യാണി മേനോൻ, ശ്രീലത (ഹാസ്യനടി), ഈശ്വരി പണിക്കർ എന്നിവരെല്ലാം ഇദ്ദേഹത്തിന്റെ ശിഷ്യകളായിരുന്നു. യേശുദാസ് പാടി ആദ്യം ജനങ്ങൾ കേട്ട പാട്ട് (വേലുത്തമ്പി ദളവ യിലെ “പുഷ്പാഞ്ജലികൾ..” എന്ന പാട്ട്. 1962 ഫെബ്രുവരി 23 നു റിലീസ് ആയി) ദക്ഷിണാമൂർത്തിയുടേതായിരുന്നു. കാൽപ്പാടുകൾ യേശുദാസിന്റെ ആദ്യ സിനിമ ആയിരുന്നെങ്കിലും വേലുത്തമ്പി ദളവയാണ് ആദ്യം റിലീസ് ആയത്. എല്ലാ പ്രധാന ഗായകരും ദക്ഷിണാമൂർത്തിയുടെ പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും മാധുരി അദ്ദേഹത്തിന്റെ ‘കാട്ടിലെപ്പൂമരമാദ്യം തളിർക്കുമ്പോൾ” ( ചിത്രം-മായ) എന്ന ഒരേ ഒരു പാട്ടേ പാടിയിട്ടുള്ളു. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്കാണ് കൂടുതൽ സംഗീതം നൽകിയിട്ടുള്ളത്.
1992ൽ സംസ്ഥാന ഫിലിം അവാർഡ് ജൂറിമെമ്പർ ആയിരുന്നിട്ടുണ്ട്.
ബഹുമതികൾ:
സംസ്ഥാന അവാർഡ് 1971 –വിലയ്ക്കു വാാങ്ങിയ വീണ, മറുനാട്ടിൽ ഒരു മലയാളി, മുത്തശ്ശി.
മദ്രാസ് ഫിലിം ഫാൻസ് അസ്സൊസിയേഷൻ അവാർഡ്- 1968, 1974, 1979.
കേരളാ ഫിലിം ക്രിറ്റിക്സ് അസ്സൊസിയേഷൻ-ചലച്ചിത്ര പ്രതിഭ- 1987
ജെ. സി ഡാനിയൽ അവാർഡ്- 1998
കമുകറ അവാർഡ്- ആദ്യത്തേത്.
കേരള സംഗീത നാടക അക്കാഡമി അവാർഡ്.
92-ആം വയസ്സിലും ചില റിയാലിറ്റി ഷോകളിൽ ജഡ്ജായി തന്റെ സാന്നിദ്ധ്യമറിയിച്ച ശ്രീ വി. ദക്ഷിണാമൂർത്തി 94 ആം വയസ്സിൽ 2013 ആഗസ്ത് മാസം 2 ആം തീയതി വൈകിട്ട് 6.30 നു മൈലാപ്പൂർ ഉള്ള സ്വവസതിയിൽ വച്ച് ഈ ലോകത്തോടു വിടപറഞ്ഞു. അടക്കം 3 ആം തീയതി പൊതുസ്മശാനത്തിൽ നടന്നു. ഭാര്യ- കല്യാണി ഒരു മകനും രണ്ട് പെൺമക്കളും.