5 സുന്ദരികൾ
അഞ്ച് സംവിധായകരുടെ ഹ്രസ്വചിത്രങ്ങൾ കോർത്തിണക്കിയ ഒരു ആന്തോളജി ചിത്രമാണിത്. അഞ്ചു സ്ത്രീകളുടെ (അമ്മ, മകൾ, കാമുകി, ഭാര്യ, നടി) കഥ പറയുന്ന ഹ്രസ്വചിത്രങ്ങൾ ഒരുക്കുന്നത് അൻവർ റഷീദ്, അമൽ നീരദ്, ആഷിഖ് അബു, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരാണ്. ഹ്രസ്വചിത്രങ്ങളുടെ വിവരങ്ങൾ താഴെ:
|

നായികമാർക്ക് പ്രധാന്യമുള്ള വ്യത്യസ്തമായ അഞ്ച് കഥകൾ ചേരുന്ന അന്തോളജി സിനിമ. "സേതുലക്ഷ്മി, ഇഷ, ഗൗരി, കുള്ളന്റെ ഭാര്യ, ആമി" എന്നീ വ്യത്യസ്ഥ കഥാ-പരിസര-പശ്ചാത്തലങ്ങളിലൂടെ അഞ്ച് കൊച്ചു സിനിമകൾ.
സേതുലക്ഷ്മി-
വർഷങ്ങൾക്ക് മുൻപത്തെ കാലഘട്ടത്തിൽ സംഭവിക്കുന്ന കഥയായാണ് പശ്ചാത്തലം. പ്രൈമറി സ്ക്കൂൾ വിദ്യാർത്ഥികളായ സേതുലക്ഷ്മിയും അവളുടെ കൂട്ടുകാരന്റേയും സ്ക്കൂൾ ജീവിതത്തിൽ സംഭവിക്കുന്ന ഒരു ദുരന്തമാണ് കഥ. സേതുലക്ഷ്മിയുടെ കൂട്ടുകാരൻ പയ്യൻ ഊർജ്ജസ്വലനാണ്. ചില മാജിക്കുകളൊക്കെ കാണിച്ച് സ്ക്കൂൾ കുട്ടികൾക്കിടയിൽ അവൻ മിടുക്കനാകുന്നു. സേതുലക്ഷ്മിക്ക് ഒരു ഹോബിയുണ്ട് അച്ഛൻ വായിക്കുന്ന പത്രത്തിൽ നിന്നു 'ഇന്നു വിവാഹിതരാകുന്നു' എന്നപരസ്യം വെട്ടിയെടുത്ത് തന്റെ നോട്ടുബുക്കിൽ സൂക്ഷിക്കുന്ന കൗതുകകരമായ ഹോബി. ഒരുദിവസം അവൾ അതു കൂട്ടുകാരനോടു പറയുകയും പുസ്തകം കാണിച്ചു കൊടുക്കുകയും ചെയ്യുന്നു.. അവനത് വളരെ ഇഷ്ടപ്പെടുന്നു. ഇരുവർക്കും ചേർന്ന് അങ്ങിനെ ഒരു ഫോട്ടോ എടുത്താലോ എന്ന അവന്റെ നിർദ്ദേശം ഇഷ്ടപ്പെടുന്ന സേതുലക്ഷ്മി കൂട്ടുകാരന്റെ ഒപ്പം ടൗണിലെ ഫോട്ടോസ്റ്റുഡിയോയിൽ ചെന്ന് വിവാഹ ഫോട്ടോയുടെ മാതൃകയിൽ ഒരു ഫോട്ടോ എടുക്കുന്നു. 25 രൂപയുമായി വരാൻ ഫോട്ടോഗ്രാഫർ ആവശ്യപ്പെടുന്നു. ദരിദ്രരായ അവർക്ക് അത് സാധിക്കുന്നില്ല. അത് സേതുലക്ഷ്മിയുടെ കൊച്ചു ജീവിതത്തിൽ വലിയൊരു ദുരന്തമായി കലാശിക്കുന്നു.
ഇഷ-
ഒരു ന്യൂ ഇയർ രാത്രിയിൽ ഒരു സമ്പന്ന കൂടുംബത്തിൽ വെച്ച് അപരിചിതരായ രണ്ടു പേർ പരിചയപ്പെടുന്നതും ചില ആകസ്മിക സംഭവങ്ങളിലേക്ക് അവരുടെ ബന്ധം വളരുന്നതുമാണ് പ്രധാന പ്രമേയം. ഇഷ(ഇഷ ഷെർവാണി) എന്ന സമ്പന്ന പെൺകുട്ടി മാതാപിതാക്കളുമായി കലഹിച്ചു ന്യൂ ഇയർ പാർട്ടിക്ക് പോകുന്നില്ല. ആ സമയത്താണ് അവിടേക്ക് സാന്തയുടെ വേഷത്തിൽ ജിനു(നിവിൻ പോളി) എന്ന മോഷ്ടാവ് കടന്നു വരുന്നതും ഇഷയെ ബന്ധിതയാക്കി മോഷണശ്രമം തുടങ്ങുന്നതും. എന്നാൽ ഇഷ മോഷ്ടാവുമായി സൗഹൃദത്തിലാകുകയും തന്നോടൊപ്പം ന്യൂ ഇയർ രാവ് ആഘോഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഗൗരി -
വീട്ടുകാരെ ധിക്കരിച്ച് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജോനതൻ ആന്റണിയും (ബിജുമേനോൻ) ഗൗരിലക്ഷ്മിയും(കാവ്യ മാധവൻ) വിവാഹശേഷം ഇരുവരും നഗരത്തിൽ നിന്നു വളരെയകലെ ഒരു വനമ്പ്രദേശത്ത് ഒറ്റക്ക് താമസിക്കുന്നു. ഗൗരി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. ഒരുദിവസം ജോനതന്റെ സുഹൃത്ത് ജയേഷും (ടിനിടോം) ഭാര്യ(റിമി ടോമി)യും അതിഥികളായി വരുന്നു. ഒരു കുഞ്ഞിന്റെ അമ്മയായ ജയേഷിന്റെ ഭാര്യ അത്തരമൊരു സന്തോഷ നിമിഷത്തെക്കുറിച്ച് ഗൗരിയോട് സംസാരിക്കുന്നു. ഗൗരിയും ഒരു അമ്മയാകാൻ ആഗ്രഹിക്കുന്നു. പ്രണയപൂർണ്ണമായ ഒരു രാത്രിക്കുശേഷം പുലർച്ചെ ജോനതനെ ഗൗരി കണ്ടില്ല പകരം ജോനതന്റെ ഒരു കുറിപ്പ് കാണുന്നു. അന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും അതിനു ജോനതൻ ഗൗരിക്കു കൊടുക്കുന്ന പ്രിയപ്പെട്ട സമ്മാനത്തെക്കുറിച്ചുമുള്ള കുറിപ്പുമായിരുന്നു. ജോനതൻ കൊണ്ടുവരുന്ന ആ സർപ്രൈസ് ഗിഫ്റ്റിനു വേണ്ടി ഗൗരി അണിഞ്ഞൊരുങ്ങി നിന്നു.
കുള്ളന്റെ ഭാര്യ-
അപകടത്തിൽപ്പെട്ട് വീൽചെയറിയിലായ ഒരു സിനിമാ പ്രവർത്തകന്റെ കഥപറച്ചിലിൽടെയാണ് കഥ വികസിക്കുന്നത്. സിനിമാപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ യുവാവ് (ദുൽഖർ സൽമാൻ) വലിയൊരു അപ്പാർട്ട്മെന്റിലെ തന്റെ ഫ്ലാറ്റിൽ ഒറ്റക്കാണ് താമസം. വീട്ടുജോലികൾക്കായി ഒരു സ്ത്രീ ദിവസവും വരുന്നുണ്ട്. തന്റെ മുറിയിലെ ജാലകത്തിലൂടേ അപ്പാർട്ട്മെന്റിൽ കാണുന്ന പലവിധത്തിലുള്ള താമസക്കാരുടെ ജീവിതനിരീക്ഷണത്തിൽ നിന്നാണ് അയാൾ കഥപറയുന്നത്. താഴെയുള്ള ഒരു ഫ്ലാറ്റിലേക്ക് ഒരു ദിവസം പുതിയ താമസക്കാരെത്തി. പൊക്കംകുറഞ്ഞ ഒരു പുരുഷനും (ജിനു ബെൻ) അയാളുടെ ഉയരമുള്ള ഭാര്യ(റിനു മാത്യൂസ്)യുമായിരുന്നു അവർ. അവരെ കണ്ടതുമുതൽ കോളനിയിലെ പലരും രഹസ്യമായി അവരെ കളിയാക്കാൻ തുടങ്ങി'കുള്ളനും ഭാര്യയും" എന്ന്. കുള്ളനേയും ഭാര്യയേയും ഓരോരുത്തർ എങ്ങിനെ നോക്കിക്കാണുന്നു, അവരുടെ കാഴ്ചപ്പാടുകൾ, സംസാരങ്ങൾ എന്നിവ നിരീക്ഷിക്കലായിരുന്നു യുവാവിന്റെ വിനോദം. കുള്ളനോടും ഭാര്യയോടും അവിടത്തെ മറ്റു താമസക്കാർ അടുപ്പം കാണിക്കുന്നില്ലെന്നുമില്ല അവർ തമ്മില് ഉടനെ പിരിയുമെന്നും കരുതുന്നു. എന്നാൽ ഒരു ദിവസം താമസക്കാരെ ഞെട്ടിച്ചുകൊണ്ട് കുള്ളന്റേയും ഭാര്യയുടേയും ജീവിതത്തിൽ ചിലത് സംഭവിക്കന്നു.
ആമി -
മലബാറി യുവാവായ അജ്മൽ(ഫഹദ് ഫാസിൽ) റിയൽ എസ്റ്റേറ്റ് ബിസിനസ്സ്കാരനാണ്. അടുത്തിടെ കൊച്ചിയിൽ നടത്തിയ ഡീലിൽ അയാൾ വാങ്ങാൻ ഉദ്ദേശിച്ച് അഡ്വാൻസ് കൊടുത്ത സ്ഥലത്തിന്റെ ഉടമ ചന്ദ്രൻ (വിനായകൻ) സ്ഥലം കൊടുക്കില്ലെന്ന തീരുമാനത്തിലേക്ക് മാറിയത് നേരിട്ട് സംസാരിച്ച് തീർക്കാനും സ്ഥലം വാങ്ങിച്ചെടുക്കാനുമാണ് അജ്മൽ ഒരു രാത്രി മലബാറിൽ നിന്ന് കൊച്ചിയിലേക്കെത്തുന്നത്. യാത്രയിൽ അയാൾ ഉറങ്ങാതിരിക്കാൻ അയാളുടെ ഭാര്യ ആമി (അസ്മിത സൂദ്) അയാളെ മൊബൈലിൽ വിളിച്ച് സംസാരിക്കുന്നുണ്ട്. ആമി കടംകഥകൾ ചോദിക്കുകയും യാത്രയിൽ അയാൾ അവൾക്ക് ഉത്തരം കൊടുക്കുകയുമാണ്. അവളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അയാൾക്ക് കിട്ടൂന്നത് യാത്രയിൽ താൻ കാണുന്ന ദൃശ്യങ്ങളിൽ നിന്നുമാണ്. തന്റെ ഇടനിലക്കാരൻ ജോഷി(ചെമ്പൻ വിനോദ് ജോസ്) യുമായി ചന്ദ്രനെ കാണുന്ന അയാൾ അവിചാരിതമായി ചില പ്രശ്നങ്ങളിൽ പെടുന്നു. ഇതിനിടയിൽ നഗരത്തിൽ വെച്ച് അജ്മൽ തന്റെ പഴയ കാമുകിയെ കണ്ടുമുട്ടുന്നുണ്ട്. എന്നാൽ ആമിയുടെ നിരന്തരമായ ഫോൺ വിളികൾ അയാളെ പല തെറ്റുകളിൽ നിന്നു പിന്തിരിപ്പിക്കുകയും മടക്ക യാത്രക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു.
*ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികവും അണിയറപ്രവർത്തകരുടെ സൗഹൃദത്തിന്റെ രണ്ടു പതിറ്റാണ്ടും ആഘോഷിക്കുന്ന ചിത്രം
* ക്യാമറമാൻ ഷൈജു ഖാലിദ് ആദ്യമായി സംവിധായകനാകുന്നു
* ഗായിക റിമി ടോമി പ്രധാനമായൊരു വേഷം ചെയ്യുന്നു.
* 2011 ഫെമിന മിസ് ഇന്ത്യ സുന്ദരി ‘അസ്മിദാ സൂദ്’ ആദ്യമായി മലയാള സിനിമയിൽ
* നർത്തകിയും മോഡലും ബോളിവുഡ് നടിയുമായ ‘ഇഷാ ഷെർവാണി‘ ആദ്യമായി മലയാളസിനിമയിൽ
- Read more about 5 സുന്ദരികൾ
- 1621 views